വിദ്യാലയവര്ഷാരംഭത്തിനായി പള്ളിക്കൂടങ്ങളുടെ പടിവാതിലുകള്‍ തുറക്കുകയായി. ആര്‍പ്പുവിളികളും ആരവങ്ങളും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമായി പ്രവേശനോത്സവങ്ങള്‍ കൊണ്ടാടുന്നു. ഇക്കൊല്ലം അതിനുമപ്പുറം മറ്റൊരു സവിശേഷതയുണ്ട്. അതു മറ്റൊന്നുമല്ല, പുത്തന്‍ പാഠപുസ്തകങ്ങള്‍തന്നെയാണ്.
2023 ല്‍ പ്രസിദ്ധപ്പെടുത്തിയ കേരളപാഠ്യപദ്ധതി ചട്ടക്കൂട് (കേരള കരിക്കുലം ഫ്രെയിംവര്‍ക്ക് കെ.സി.എഫ്.) മുന്‍നിര്‍ത്തിയാണ് പുതിയ പാഠപുസ്തകങ്ങള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്. കെസിഎഫിന്റെ ദാര്‍ശനിക അടിത്തറയിലാണ് പാഠപുസ്തകങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. . ലോകത്താദ്യമായി ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചുകൊണ്ടാണ് കെസിഎഫ് പൂര്‍ത്തീകരിച്ചത്. കുട്ടികള്‍ക്കു പുറമേ അധ്യാപകരും രക്ഷിതാക്കളും സാംസ്കാരികപ്രവര്‍ത്തകരുമൊക്കെ അഭിപ്രായങ്ങള്‍ അറിയിച്ചു. 26 വിഷയമേഖലകളായി തിരിച്ച് വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഫോക്കസ്ഗ്രൂപ്പുകളാണ് ഇതിനു ചുക്കാന്‍പിടിച്ചത്. വിപുലമായ ജനാധിപത്യപ്രക്രിയയിലൂടെയുള്ള ദീര്‍ഘനാളത്തെ അധ്വാനം ഇതിന്റെ പിന്നിലുണ്ട് എന്ന വസ്തുത സര്‍ക്കാര്‍ അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.
കെസിഎഫിന്റെ നന്മകള് പ്രതിഫലിക്കേണ്ടത് പാഠപുസ്തകങ്ങളിലാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളും അധ്യാപകരുമെന്നല്ല, കേരളത്തിലെ പൊതുസമൂഹമൊന്നാകെ പാഠപുസ്തകങ്ങളെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. ഇക്കൊല്ലം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് പുതുതായി നല്‍കുന്നത്. അടുത്ത അധ്യയനവര്‍ഷം രണ്ട്, നാല്, ആറ്, എട്ട്, പത്ത് എന്നീ ക്ലാസുകളില്‍ പുസ്തകങ്ങള്‍ പരിഷ്കരിക്കും. ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളും താത്പര്യങ്ങളുമൊക്കെ പാഠപുസ്തകങ്ങളില്‍ പ്രതിഫലിക്കുന്നതു പുതിയ കാര്യമല്ല. വിവാദങ്ങള്‍ക്കു തിരികൊളുത്തിയ പാഠപുസ്തകങ്ങള്‍ നമ്മുടെ നാട്ടില്‍ ദുര്‍ല്ലഭമല്ല. എന്നാല്‍, ഇത്തവണ കഴിയുന്നത്ര വിവാദരഹിതമായ പാഠപുസ്തകങ്ങള്‍ ഒരുക്കാനാണ് അധികൃതര്‍ ശ്രമിച്ചത് എന്നറിയുന്നു. പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തുമ്പോഴാണ് അവയിലെ തെറ്റും ശരിയും സമൂഹത്തിനു വെളിപ്പെടുന്നത്. ഇവിടെയാണ് പുസ്തകത്തിനായുള്ള കാത്തിരിപ്പിന്റെ പ്രസക്തി.
മൂല്യങ്ങളും മനോഭാവങ്ങളുെമാക്കെ രൂപപ്പെടുത്തുന്നതില്‍ പാഠപുസ്തകങ്ങള്‍ക്കു സാരമായ പങ്കുണ്ട്. അതിനുള്ള പ്രധാന ഉപാധികള്‍ ഭാഷാപാഠപുസ്തകങ്ങളും ചരിത്രപാഠപുസ്തകങ്ങളുമാണ്. വാദവിവാദങ്ങള്‍ക്കു പലപ്പോഴും നിദാനമായിട്ടുള്ളത് ഇതേ പുസ്തകങ്ങള്‍തന്നെയാണ്. മലയാളികളെ സംബന്ധിച്ച് മലയാളഭാഷയും സാഹിത്യവും സംസ്കാരത്തിന്റെ ഭാഗമാണ്. അതില്‍ വന്നുകൂടുന്ന ഏതൊരു വ്യതിയാനവും ശ്രദ്ധാര്ഹമാകുന്നതു സ്വാഭാവികം. ഒന്നുരണ്ടു പതിറ്റാണ്ടുകളായി മലയാളബാലകര് അക്ഷരങ്ങള്‍ പഠിക്കാതെയാണ് മലയാളഭാഷ പഠിച്ചുപാസാകുന്നത് എന്ന ആക്ഷേപം അടുത്തകാലത്തു ശക്തമായി. പാഠപുസ്തകത്തിനു പുറത്താക്കിയ അക്ഷരമാലയെ തിരിയെക്കൊണ്ടുവരാന്‍ സാമൂഹിക - സാംസ്കാരിക - മാധ്യമരംഗത്തെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി സര്‍ക്കാര്‍ സമ്മതിച്ചു. കഴിഞ്ഞവര്‍ഷം ഒന്നും രണ്ടും ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ അക്ഷരമാല ചേര്‍ത്തത് അങ്ങനെയാണ്. പുതിയ ഒന്നാം ക്ലാസ് പാഠപുസ്തകത്തിലും അക്ഷരമാല ചേര്‍ത്തിട്ടുണ്ട്. അതിനപ്പുറം അക്ഷരബോധനത്തിനുള്ള നിര്‍ദേശങ്ങളും അവസരങ്ങളും ഉണ്ട്. അവ യഥോചിതം പ്രായോഗികമാക്കണം. അതിനുള്ള കര്‍മപദ്ധതി ഉണ്ടായാലേ കാര്യമുള്ളൂ.
ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യം, സാമൂഹികനീതി, മതനിരപേക്ഷത, സമത്വബോധം, ശാസ്ത്രബോധം തുടങ്ങിയവയൊക്കെ പ്രതിഫലിക്കുന്ന പാഠഭാഗങ്ങള്‍ - സാഹിത്യകൃതികളും ഇതരരചനകളും - സര്‍ക്കാരിന്റെ പ്രഖ്യാപിതനയമാണ്. അവയ്ക്കനുസൃതമായ പാഠങ്ങള്‍ കുട്ടികളിലേക്കു വിനിമയം ചെയ്യാനുള്ള ബോധനതന്ത്രങ്ങള് അധ്യാപകര്‍ക്കു കരഗതമാകണം. അതിനുതകുന്ന പരിശീലനം നല്‍കിയേ തീരൂ. അവധിക്കാലത്തുതന്നെ അധ്യാപകപരിവര്ത്തിതപരിപാടി എന്ന നിലയ്ക്ക് പഞ്ചദിനപരിശീലനം നല്‍കിക്കഴിഞ്ഞു. എന്നാല്‍, നൂറുകണക്കിന് എയ്ഡഡ് വിദ്യാലയങ്ങളില്‍ വര്‍ഷങ്ങളായി പഠിപ്പിക്കുന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്ക് സര്‍ക്കാരില്‍നിന്നു നിയമനാംഗീകാരം ലഭിക്കാത്തതിനാല്‍ ഈ പരിശീലനങ്ങളില്‍ യഥാസമയം പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. നിര്‍ണയിക്കപ്പെട്ട വിദ്യാഭ്യാസലക്ഷ്യങ്ങള്‍ സാധിച്ചെടുക്കുന്നതില് ഇതു വലിയ തടസ്സം സൃഷ്ടിച്ചേക്കാം.
പാഠപുസ്തകം മികച്ചതാവുക എന്നതു സുപ്രധാനമാണ്. അതിന്റെ വിനിമയം ശരിയായ വിധത്തിലാവുകയെന്നതും പ്രധാനമാണ്. അതിനുള്ള പശ്ചാത്തലമൊരുക്കേണ്ടത് അവധാനതയോടെയാവണം. ഇത്തവണത്തെ ഒരു സവിശേഷത രക്ഷാകര്‍ത്താക്കള്‍ക്കുള്ള കൈപ്പുസ്തകം നല്കുന്നു എന്നതാണ്. പാഠ്യപദ്ധതിയുടെ സവിശേഷതകളും പൊതുവിദ്യാലയങ്ങളുടെ സാമൂഹികപ്രസക്തിയും ബോധ്യപ്പെടുത്തുക, കുട്ടികളുടെ വളര്‍ച്ചയെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമുള്ള സഹായമേകുക എന്നിവയാണ് കൈപ്പുസ്തകം ഉന്നംവയ്ക്കുന്നത്. ഇവയൊക്കെ കേവലം ചടങ്ങുകള്‍ക്കപ്പുറത്ത് കൃത്യവും വ്യക്തവും സമയബന്ധിതവുമായി നടപ്പിലാക്കുന്നിടത്താണ് നാം ലക്ഷ്യം നേടുന്നത്.
ലേഖനം