•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

സീറോ മലബാര്‍ സഭയുടെ പൈതൃകം സംരക്ഷിക്കെപ്പടണം : മാര്‍പാപ്പാ

കൊച്ചി: സീറോമലബാര്‍ സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്‌കാരികപൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പാ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങള്‍ സ്വന്തമായുള്ള സീറോ മലബാര്‍ സഭയ്ക്കു ലഭിച്ചതും സഭ മുന്നോട്ടു കൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തില്‍ സഭാംഗങ്ങളെ ഉറപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പാ പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനില്‍ ഔദ്യോഗികസന്ദര്‍ശനത്തിനെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന റോമിലെ സീറോ മലബാര്‍ സഭാംഗങ്ങളെ വത്തിക്കാന്‍ പാലസിലെ കണ്‍സിസ്റ്ററി ഹാളില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പാ.
സ്വയംഭരണാവകാശമുള്ള ഒരു വ്യക്തിസഭ എന്നുള്ള നിലയില്‍ സീറോ മലബാര്‍ സഭയെ ഈ പൈതൃകസംരക്ഷണത്തില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ മാര്‍പാപ്പാ, സഭ ഇന്നു നേരിടുന്ന വെല്ലുവിളികളെ  ഉത്തരവാദിത്വത്തോടെയും സുവിശേഷാത്മകധൈര്യത്തോടെയും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും സിനഡിന്റെയും നേതൃത്വത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടു നേരിടാനും ഉദ്‌ബോധിപ്പിച്ചു. ഭാരത അപ്പസ്‌തോലനായ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തില്‍ അടിത്തറയിട്ടു രൂപപ്പെട്ട സീറോ മലബാര്‍ സഭ അഭിമുഖീകരിക്കേണ്ടിവന്ന വിവിധ വെല്ലുവിളികളെ അനുസ്മരിപ്പിച്ച മാര്‍പാപ്പാ, പത്രോസിന്റെ സിംഹാസനത്തോട് ഈ സഭ എക്കാലവും പുലര്‍ത്തിയ വിശ്വസ്തതയെ പ്രത്യേകം എടുത്തുപറഞ്ഞു.
എറണാകുളം - അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാനയുടെ ഏകീകൃതഅര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മാര്‍പാപ്പാ, ഈ പ്രശ്‌നപരിഹാരത്തിനായി നല്‍കിയ കത്തുകളെയും വീഡിയോ സന്ദേശത്തെയും പരാമര്‍ശിച്ചു. സഭയില്‍ ഐക്യം നിലനിര്‍ത്തുകയെന്നുള്ളത്  ഒരു ഉപദേശം മാത്രമല്ലെന്നും; മറിച്ച്, അതൊരു കടമയാണെന്നും  അനുസരണം വാഗ്ദാനം ചെയ്ത വൈദികര്‍ക്ക് ആ കടമ നിറവേറ്റുന്നതില്‍ പ്രത്യേകം ഉത്തരവാദിത്വമുണ്ടെന്നും മാര്‍പാപ്പാ ഓര്‍മിപ്പിച്ചു.
മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനൊപ്പം സ്ഥിരം സിനഡംഗങ്ങളും ആര്‍ച്ചുബിഷപ്പുമാരുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പാംപ്ലാനി എന്നിവരും, കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററും സഭയുടെ പ്രൊക്യുറേറ്ററുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)