സ്ത്രീകളോടു മാന്യമായി പെരുമാറാത്ത സമൂഹത്തെ പരിഷ്‌കൃതമെന്നു പരിഗണിക്കാനാവില്ലെന്നു പറഞ്ഞത് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ്. സ്ത്രീവിരുദ്ധത വാക്കുകളിലും ആംഗ്യങ്ങളിലും ചെയ്തികളിലും പരസ്യമായി പ്രകടിപ്പിക്കുന്ന ആണധികാരത്തിന്റെ രാഷ്ട്രീയമാണു നമുക്കു ചുറ്റുമുള്ളത്. പാര്‍ട്ടിവ്യത്യാസമില്ലാതെ പല രാഷ്ട്രീയനേതാക്കളിലും ആണ്‍കോയ്മയുടെ അടയാളങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞുമുണ്ടെന്നുള്ളത് ജനാധിപത്യത്തിനും ലിംഗസമത്വചിന്തകള്‍ക്കും ഭൂഷണമല്ല. ഇതിന്റെ ബാക്കിപത്രമെന്നോണം, അങ്ങേയറ്റം അധമവും അപലപനീയവുമായ സ്ത്രീവിരുദ്ധതയാണ് ഇക്കഴിഞ്ഞ ദിവസം വടകരപ്രസംഗത്തില്‍ കേട്ടത്. രാജ്യത്തെ പരമോന്നതക്കസേരയില്‍ ഒരു സ്ത്രീതന്നെ അവരോധിക്കപ്പെടുമ്പോഴാണ് സ്ത്രീവിരുദ്ധതയുടെ പുരുഷഭാഷ 'പരിഷ്‌കൃതകേരള'ത്തെ പങ്കിലമാക്കിയത്.
വടകരയിലെ യുഡിഎഫ് യോഗത്തില്‍, ആ ലോകസഭാമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്‌ക്കെതിരേ ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്‍ നടത്തിയ തരംതാണ പ്രയോഗമാണ് രാഷ്ട്രീയകേരളത്തില്‍ വിവാദമായി ആളിക്കത്തിയത്. സമൂഹമനസ്സാക്ഷിയില്‍ അറപ്പുളവാക്കുന്ന സ്ത്രീവിരുദ്ധപരാമര്‍ശത്തിലൂടെ ഒരു വ്യക്തിയെമാത്രമല്ല, സ്ത്രീസമൂഹത്തെയൊന്നാകെയാണ് അദ്ദേഹം ആക്ഷേപിച്ചത്. അവരുടെ സ്വത്വബോധത്തെയും ആത്മാഭിമാനത്തെയുമാണ് ഒറ്റപ്രസംഗത്തിലൂടെ അയാള്‍ തച്ചുടച്ചത്. എതിര്‍പക്ഷത്തെ വനിതാസ്ഥാനാര്‍ഥിയെമാത്രമല്ല, താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ഏക വനിതാ എം.എല്‍.എ.യെ ക്കൂടിയാണ് ഹരിഹരന്‍ അവഹേളിച്ചുവിട്ടത്. മാത്രമല്ല, ഒരു അഭിനേത്രിയെക്കൂടി അപമാനത്തിനിരയാക്കിയപ്പോള്‍ അതു കൂടുതല്‍ നിന്ദ്യവും പരിഹാസ്യവുമായി മാറി.
ഏറെ നാണക്കേടായി തോന്നിയത് പ്രസംഗസമയത്തെ ശ്രോതാക്കളുടെ നിസ്സംഗപ്രതികരണമാണ്. വേദിയിലോ സദസ്സിലോ ഇരിക്കുന്ന ആരില്‍നിന്നും ഒരു തത്ക്ഷണപ്രതികരണവും ഉണ്ടാകാതെപോയത് ഖേദകരമാണ്. അതിലും ദൗര്‍ഭാഗ്യകരമായത് സദസ്യരില്‍ ഒരു വിഭാഗം കൈയടിച്ചും പൊട്ടിച്ചിരിച്ചും ആസ്വദിക്കുന്നതും കാണേണ്ടിവന്നതാണ്. ആര്‍.എം.പി. നേതാവ് കെ.കെ. രമയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമടക്കമുള്ള നേതാക്കള്‍ സ്ത്രീവിരുദ്ധപരാമര്‍ശത്തെ തള്ളിപ്പറഞ്ഞതു സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും, പ്രസംഗകന്‍തന്നെ തെറ്റുസമ്മതിക്കുകയും തിരുത്തുകയും ക്ഷമ ചോദിക്കുകയുമൊക്കെ ചെയ്തതിന്റെ ആത്മാര്‍ഥതയില്‍ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും രാഷ്ട്രീയനാടകമായി ജനം എഴുതിത്തള്ളിയേക്കാം.
തരംതാണ പരാമര്‍ശങ്ങളും വിദ്വേഷപ്രസംഗങ്ങളും പതിവുപോലെ ഇത്തവണയും തിരഞ്ഞെടുപ്പുഗോദയിലും ചാനല്‍ച്ചര്‍ച്ചകളിലും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടുത്തെ പൊതുജനം. സഭ്യതയുടെയും സാമാന്യമര്യാദയുടെയും അതി
രുകള്‍ ലംഘിക്കുന്ന നേതാക്കന്മാരെ നിലയ്ക്കു നിര്‍ത്താന്‍ നിയമവും പൊലീസുമൊന്നുമില്ലേ ഇവിടെ? സ്ത്രീവിരുദ്ധവും അമാന്യവുമായ പ്രസംഗശൈലികളെ പിടിച്ചുകെട്ടാനും ആവര്‍ത്തിക്കാതിരിക്കാനും പാര്‍ട്ടിനേതൃത്വം പരിശ്രമിക്കാത്തതെന്താണ്? വിഷം തുപ്പുന്ന നാവുകള്‍ക്കു കടിഞ്ഞാണിടേണ്ടത് അതതു രാഷ്ട്രീയനേതൃത്വങ്ങള്‍തന്നെയാണ്. നേതൃത്വങ്ങള്‍ക്ക് അതാവുന്നില്ലെങ്കില്‍, ജനം തങ്ങളുടെ വോട്ടധികാരത്തിലൂടെ ജനാധിപത്യപരമായി പ്രതികരിക്കുകയും തിരുത്തല്‍ശക്തിയാവുകയും ചെയ്യുന്നകാലം വിദൂരമല്ലെന്നോര്‍ക്കണം. വ്യക്തിഹത്യയും അസഭ്യപ്രയോഗങ്ങളുംകൊണ്ട് വേദികളിലും ചാനലുകളിലും ഊറ്റം കൊള്ളുന്നവര്‍, സഭ്യതയോടെയും പ്രതിപക്ഷബഹുമാനത്തോടെയും ആശയസംവാദം നടത്താനുള്ള രാഷ്ട്രീയമനസ്സാണു പുലര്‍ത്തേണ്ടത്. അതിനുള്ള വിദ്യാഭ്യാസവും ഇച്ഛാശക്തിയുമാണ് അവര്‍ ആര്‍ജിക്കേണ്ടതും.
സുപ്രീംകോടതി സുപ്രധാനമായൊരു വിധിന്യായം ഈയടുത്തകാലത്തു പ്രഖ്യാപിച്ചിരുന്നു: 'സമൂഹത്തിലെ എല്ലാ തുറകളിലും സ്ത്രീകള്‍ക്കു തുല്യപങ്കാളിത്തം ഉണ്ടാവണമെന്നത് തുല്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത വശമാണ്!'പക്ഷേ, രാഷ്ട്രീയഭരണരംഗത്തും ഉദ്യോഗത്തിലുമടക്കം സ്ത്രീകള്‍ക്കു തുല്യപങ്കാളിത്തത്തിന്റെ അയല്‍പക്കത്തുപോലുമെത്താന്‍ ഇനിയും സാധിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യവും നമ്മെ ലജ്ജിപ്പിക്കണം. ലിംഗപദവിയുടെ വകുപ്പില്‍ പലവിധമായ ചൂഷണവും വിവേചനവും നടക്കുന്ന പുരുഷവാഴ്ച പുലരുന്ന ഈ രാജ്യത്ത്, ലിംഗസമത്വത്തിനുവേണ്ടി പോരാടുന്നതില്‍ ഏറെ മുമ്പോട്ടു പോകാനുണ്ട്. സ്ത്രീയും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറും തുല്യരാണ് എന്ന നിലപാട് ജനാധിപത്യത്തില്‍ പ്രധാനമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനാശയമായ തുല്യനീതിക്കുവേണ്ടിയാണ് മനുഷ്യാവകാശപ്രവര്‍ത്തകരും സ്ത്രീപക്ഷവാദികളുമുള്‍പ്പെടെയുള്ളവര്‍ പോരാടേണ്ടത്.
സമസ്ത ഭരണമേഖലകളിലും സ്ത്രീമുദ്രകള്‍ ആഴത്തില്‍ വേരുറയ്ക്കപ്പെടുമ്പോള്‍, പെണ്മയുടെ മികവുകള്‍ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തുമ്പോള്‍ പെണ്‍സ്വത്വത്തെ ആദരിക്കാനും അവരുടെ മുന്നേറ്റത്തില്‍ അഭിമാനം കൊള്ളാനും ഓരോ ഇന്ത്യന്‍പൗരനുമാകണം. അതിനുള്ള വിശാലമനഃസ്ഥിതി ഉണ്ടാകുമ്പോഴാണ് പുരുഷലോകവും പൊതുസമൂഹവും പക്വത പ്രാപിക്കുന്നത്.