ഗുരുമുഖത്തുനിന്നു ലഭിക്കുന്ന അറിവിനു പകരം തികച്ചും അപരിചിതമായ ഓണ്‍ലൈന്‍ പഠനരീതി ശീലിക്കേണ്ടിവന്ന ഈ കൊവിഡ് കാലത്ത്, സ്മാര്‍ട്ട് ഫോണിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ച് അമല്‍രാജ് എന്ന പാലാക്കാരന്‍ നേടിയ ഓണ്‍ലൈന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടാല്‍ ആരുമൊന്നമ്പരക്കും; ഒന്നും രണ്ടും നൂറുമല്ല; അമ്പതു ദിവസംകൊണ്ട് 561 സര്‍ട്ടിഫിക്കറ്റുകള്‍.
പാലാ പ്രവിത്താനം തോപ്പില്‍ വീട്ടില്‍ ഹരിദാസിന്റെയും ജയയുടെയും മകനാണ് അമല്‍രാജ്. കോതമംഗലം നങ്ങേലില്‍ ആയുര്‍വേദ കോളജിലെ അവസാനവര്‍ഷ ബി.എ.എം.എസ്. വിദ്യാര്‍ത്ഥിയാണ് ഈ ഇരുപത്തിരണ്ടുകാരന്‍. ടി.കെ മാധവന്റെ ക്ഷയരോഗം ചികിത്സിച്ചു മാറ്റിയ പ്രശസ്ത ആയുര്‍വേദ ഭിഷഗ്വരനായ തോപ്പില്‍ ഭാസ്‌കരന്‍ വൈദ്യന്റെ കൊച്ചുമകനാണ് അമല്‍രാജ്.
ലോക്ഡൗണ്‍ കാലത്ത് തന്റെ ബിരുദപഠനം ഓണ്‍ലൈനിലേക്കു മാറിയതോടെയാണ് അമല്‍ ഓണ്‍ലൈനിലുള്ള മറ്റു പഠനസാധ്യതകളെക്കുറിച്ചു ചിന്തിച്ചത്.
ലോകത്തിലെതന്നെ പ്രമുഖ യൂണിവേഴ്‌സിറ്റികളായ യു.എസ്.എയിലെ ഹാര്‍വാര്‍ഡ്, യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍, യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ്, ഓസ്‌ട്രേലിയയിലെ മര്‍ഡോക്, ഡീക്കിന്‍, മെല്‍ബണ്‍ യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയവ കൂടാതെ, സംഘടനകളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, അന്താരാഷ്ട്ര ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍ നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഫിഫ തുടങ്ങിയവയുടേതാണ് അമല്‍രാജ് പൂര്‍ത്തിയാക്കിരിക്കുന്ന നിരവധി കോഴ്‌സുകള്‍.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയില്‍ കിട്ടുന്ന സമയം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാം എന്ന അന്വേഷണമാണ് ഈ നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ അമല്‍രാജിനെ സഹായിച്ചത്. മാതാപിതാക്കളുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സഹോദരി അമിതയുടെയും പ്രോത്സാഹനം ലഭിച്ചതോടെ അമലിന്റെ ഓണ്‍ലൈന്‍ പഠനത്തിന്റെ വേഗം വര്‍ദ്ധിച്ചു. ഒരുദിവസം 18 മുതല്‍ 20 വരെ മണിക്കൂര്‍ പഠനത്തിനു മാറ്റിവയ്ക്കുന്നുണ്ട് അമല്‍ ഇപ്പോള്‍. സൈക്കോളജി, എന്‍ജിനീയറിംഗ്, മെഡിസിന്‍, സ്‌പോര്‍ട്‌സ് തുടങ്ങിയവയാണ് അമല്‍രാജിന്റെ പാഠ്യവിഷയങ്ങള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ഫ്യൂച്ചര്‍ ലേണ്‍, കോഴ്‌സെറ എന്നിവവഴിയാണ് അമല്‍ മിക്ക കോഴ്‌സുകളും പഠിച്ചത്.
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയ വ്യക്തി എന്ന റിക്കാര്‍ഡ് സ്വന്തമാക്കുന്നതിനായി ലിംക ബുക്‌സ് ഓഫ് റിക്കോര്‍ഡ്‌സിനെ സമീപിക്കാനൊരുങ്ങുകയാണ് അമല്‍ രാജ്.
ഓണ്‍ലൈന്‍ പഠനരീതികളെക്കുറിച്ചും അതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും വാ തോരാതെ ചര്‍ച്ച നടക്കുന്ന കേരളത്തില്‍നിന്നുതന്നെയാണ് ഒരു വിദ്യാര്‍ത്ഥി പല സ്ഥാപനങ്ങളില്‍നിന്ന് വ്യത്യസ്തവിഷയങ്ങള്‍ ഒരേസമയത്തു പഠിച്ച് ഇത്രയേറെ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതെന്നത് ചിന്തോദ്ദീപകമാണ്.