മേയ് 12 ലോകമാതൃദിനം
ഉണ്ണിക്കുട്ടന്‍ പതിയെ തനിച്ചു നടക്കാന്‍ ശ്രമിക്കുകയാണ്. അമ്മ മായ സമീപത്തുതന്നെയുണ്ട്. പക്ഷേ, ആദ്യശ്രമത്തില്‍ത്തന്നെ, ഒരു ചുവടുവച്ചതും താഴെ വീണു. തോറ്റുതരില്ല എന്ന നിശ്ചയത്തോടെ വീണ്ടും എഴുന്നേറ്റു നടക്കാന്‍ ശ്രമിച്ചു. പക്ഷേ, വീണ്ടും വീണു. നടക്കാനുള്ള ശ്രമവും വീഴ്ചയും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഓരോ വീഴ്ചയിലും നിരാശപ്പെട്ടു പിന്മാറാതെ വീണ്ടും ശ്രമം തുടര്‍ന്ന്, ഒട്ടേറെ ശ്രമങ്ങള്‍ക്കൊടുവില്‍ ഉണ്ണിക്കുട്ടന്‍ തെളിയിച്ചു, തനിക്കു രണ്ടു കാലില്‍ ഒറ്റയ്ക്കു നടക്കാന്‍ സാധിക്കുമെന്ന്. ഓരോ ശ്രമങ്ങളും പല ദിവസങ്ങളായി അമ്മ മായയുടെ കണ്ണുകളില്‍ക്കൂടി കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ആ കാഴ്ച അമ്മയുടെ മനസ്സിലും പുതിയൊരു പാഠം പകര്‍ന്നുനല്‍കി. വീഴ്ചകളില്‍ തളരാതെ, നിരാശപ്പെടാതെ വീണ്ടും വീണ്ടും പരിശ്രമിച്ച് വിജയത്തില്‍ തൊടണമെന്ന പാഠം. മായ വിദേശത്തേക്കു പോകാന്‍ ഒ.ഇ.ടി. (ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്) പാസാകാനുള്ള ശ്രമത്തിലാണ്. മൂന്നു തവണ എഴുതിയിട്ടും വേണ്ട സ്‌കോര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ആകെ നിരാശപ്പെട്ടിരിക്കുന്ന കാലത്താണ് ഉണ്ണിക്കുട്ടന്റെ നടക്കാനുള്ള ശ്രമങ്ങള്‍ അമ്മ മായയ്ക്കു വീണ്ടും വീണ്ടും പരിശ്രമിക്കാനുള്ള പ്രചോദനം നല്‍കിയത്. ആ ഒരു ആവേശത്തില്‍, കുറവുകള്‍ പരിഹരിച്ചുകൊണ്ട് വീണ്ടും ശ്രമിച്ചു. അടുത്ത രണ്ടാംതവണ ഒ.ഇ.ടി. പാസായി. മക്കളും അമ്മയും തമ്മിലുള്ള ബന്ധത്തില്‍, മക്കളെ പഠിപ്പിക്കുക മാത്രമല്ല, മക്കളില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ നവലോകത്ത് അമ്മമാര്‍ക്ക് പഠിക്കാനുമുണ്ട്.
1. മുന്‍വിധിയില്ലാതെ പെരുമാറുക
മനസ്സില്‍ കളങ്കമേല്ക്കാത്ത കുട്ടികള്‍ എല്ലാവരോടും ഒരുപോലെ പെരുമാറുന്നു. അവരുടെയുള്ളില്‍ തോന്നുന്നത് പ്രകടമാക്കുന്നു. എന്നാല്‍, ഓരോ കാര്യത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ലഭ്യമായ പരിമിതമായ അറിവും മുന്‍ അനുഭവവും വച്ചായിരിക്കും പ്രായം കൂടുമ്പോള്‍ പലരും മറ്റുള്ളവരോടു പെരുമാറുന്നത്. മുന്‍വിധികള്‍ എപ്പോഴും ശരിയാകണമെന്നില്ല.
2. വൈകാരികസ്വാതന്ത്ര്യം
ചിരി വന്നാലും കരച്ചില്‍ വന്നാലും ദേഷ്യം വന്നാലുമെല്ലാം കുട്ടികള്‍ മൂടുപടമില്ലാതെ അതു തുറന്നുപ്രകടിപ്പിക്കും. എന്നാല്‍, മുതിര്‍ന്ന പലരും വികാരങ്ങളെ അടക്കിവയ്ക്കുന്നവരാണ്. അതു പല ശാരീരിക-മാനസികപ്രശ്‌നങ്ങളിലേക്കും നയിക്കും. അതേസമയം, വികാരങ്ങള്‍ ശരിയായ രീതിയില്‍ മറ്റുള്ളവരെ മുറിവേല്പിക്കാതെ തുറന്നുപ്രകടിപ്പിക്കുന്നത് വൈകാരികസ്വാതന്ത്ര്യം നല്‍കും.
3. ചിരി മികച്ച ഔഷധം
ഒരു കുട്ടി ഒരു ദിവസം എത്ര തവണ ചിരിക്കുമെന്നു കൃത്യമായി പറയാന്‍ കഴിയില്ല. എന്നാല്‍, മുതിര്‍ന്ന ഒരാള്‍ ഒരു ദിവസം ചിരിക്കുന്നതിന്റെ എണ്ണമെടുത്താല്‍ തുലോം തുച്ഛമായിരിക്കും. ചിരി നമ്മുടെ ആയുസ്സു വര്‍ദ്ധിപ്പിക്കുന്ന മികച്ച ഔഷധം കൂടിയാണ്. മറ്റുള്ളവരെ കാണുമ്പോള്‍ സംസാരിച്ചില്ലെങ്കിലും ചിരിക്കുകയെങ്കിലും ചെയ്യുക. കോമഡി പരിപാടികള്‍ കാണുക. തമാശകള്‍ ആസ്വദിക്കുക. ചിരി വരുമ്പോള്‍ പിടിച്ചു നിര്‍ത്താതെ, ഉള്ളുതുറന്നു ചിരിക്കുക.
4. ലോകത്തെ പുതിയ കണ്ണുകൊണ്ടു കാണുക
ഒരു കൊച്ചുകുട്ടിക്ക് എല്ലാം പുതുമയാണ്. കാഴ്ചകളും ശബ്ദങ്ങളുമെല്ലാം. അതുപോലെ, ഓരോന്നിലും പുതുമ കണ്ടെത്താന്‍ ശ്രമിക്കുക. ചെയ്യുന്ന ജോലിയില്‍, ചിന്തകളില്‍, പെരുമാറ്റത്തില്‍, അഭിപ്രായങ്ങളിലെല്ലാം കാലഹരണപ്പെട്ടതും തെറ്റായതും ഒഴിവാക്കി, നവീനത്വം കൊണ്ടുവരിക.
5. ക്രിയാത്മകത കണ്ടുപഠിക്കാം
വീട്ടില്‍ പുതിയ അതിഥികള്‍ വന്നപ്പോള്‍ കൗമാരക്കാരിയായ മോളുടെ മുറിയിലുമെത്തി. വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു.
അതേസമയം, കൗമാരക്കാരിയുടെ അമ്മയുടെ മുറിയിലെത്തിയപ്പോഴോ, തീര്‍ത്തും അലങ്കോലമായ സ്ഥിതി. ഭര്‍ത്താവു മരിച്ചശേഷം രേഷ്മ ഒറ്റയ്ക്കാണ്. അടുക്കും ചിട്ടയുമില്ലാതെ, വൃത്തിഹീനമായി കിടക്കുന്ന മുറി സൂചിപ്പിക്കുന്നത്, വ്യക്തിത്വത്തിലെ വൈകല്യമാണ്. അതേസമയം, വൃത്തിയായി, മനോഹരമായി മുറിയും മറ്റും സൂക്ഷിക്കുന്നത് ആ വ്യക്തിയുടെ ജീവിതത്തിലും പോസിറ്റിവിറ്റി നിറയ്ക്കും.
6. കണ്ടുപഠിക്കാം കരുണ
നിയാ വീട്ടില്‍ നിരവധി പൂച്ചകളെ വളര്‍ത്തുന്നുണ്ട്. ഒരു ദിവസം അമ്മ റാണിയുടെ ചോദ്യം: ഇവയെ വളര്‍ത്തുന്നതുകൊണ്ട് എന്താ ഗുണം? വല്ല കോഴിയേം വളര്‍ത്തിയാല്‍ മുട്ടയെങ്കിലും കിട്ടും. എന്തു ചെയ്താലും എനിക്കെന്തു ഗുണം കിട്ടും എന്ന സ്വാര്‍ഥചിന്താഗതിയാണ് ഈ ചോദ്യത്തിന് അടിസ്ഥാനം. അതിനുപകരം ആ കുട്ടി സഹജീവികളോടു കാണിച്ച കരുണ അമ്മയ്ക്കും ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയും.
7. അറിയില്ലാത്തതു പഠിക്കാം
അമ്മയുടെ കാലത്ത് നിന്നു സാങ്കേതികവിദ്യ ഏറെ വളര്‍ന്നിരിക്കുന്നു. ഓണ്‍ലൈന്‍ ബാങ്കിങ്, ഓണ്‍ലൈന്‍ ഷോപ്പിങ്, ഗൂഗിള്‍പേ, ഇ-മെയില്‍ ഉപയോഗിക്കുന്ന വിധം, മൊബൈല്‍ ഫോണില്‍ വിവിധ കാര്യങ്ങള്‍ ചെയ്യുന്ന വിധം, വിദേശത്തേക്കു യാത്ര ചെയ്യുന്നതിനു മുമ്പായി ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്യുന്ന വിധം, ചാറ്റ് ജിപിറ്റിയും മറ്റുമുപയോഗിച്ച് വിവിധ അറിവുകള്‍ ശേഖരിക്കുന്ന വിധം, വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന വിധം തുടങ്ങി ആധുനികകാലത്ത് സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ട മേഖലകളില്‍ മക്കള്‍ക്കുള്ള അറിവ് അവരോടു ചോദിച്ച് അമ്മമാര്‍ക്കും സ്വായത്തമാക്കാം.
8. മനസ്സിലാക്കാന്‍ പഠിക്കാം
ഒരു ദിവസം എന്റെ മോള്‍ ദിയ എന്റെയടുത്തുവന്നു ചോദിച്ചു, അപ്പച്ചാ, എന്താ മുഖം വല്ലാണ്ടിരിക്കുന്നെ? കൊച്ചുകുട്ടികള്‍ക്കു മറ്റുള്ളവരുടെ മുഖത്തെ ഭാവവ്യത്യാസം എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. മൊബൈല്‍ ഫോണും ടിവിയും കംപ്യൂട്ടറുമെല്ലാം ആളുകളുടെ സമയം കവര്‍ന്നതോടെ ദിവസം 15 മിനിറ്റെങ്കിലും കുടുംബാംഗങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കണം. പരസ്പരം മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഒന്നും പറയാതെ, കണ്ടറിഞ്ഞു ചെയ്യാന്‍ സാധിക്കും.
9. അപ്രതീക്ഷിതമായവ സ്വീകരിക്കാന്‍
കൊച്ചുകുട്ടികള്‍ കളിക്കുമ്പോഴും മറ്റും ചിലപ്പോള്‍ അപ്രതീക്ഷിതമായ തടസ്സങ്ങള്‍ കടന്നുവരാം. ചിലപ്പോള്‍ പുതിയ വഴിയിലൂടെ പോകേണ്ടിവരും. ഉടനെ, അവരെല്ലാവരും നിരാശപ്പെട്ടു കളി നിര്‍ത്തുകയല്ല; മറിച്ച്, പുതിയ രീതിയില്‍, പുതിയ വഴികളിലൂടെ കളിക്കുന്നു. അതുപോലെ ജീവിതത്തിലും മാറ്റത്തെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാനും പുതിയ വഴികളിലൂടെ പുതിയ രീതിയില്‍ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനും സാധിക്കണം.
10. മികച്ച നിമിഷങ്ങള്‍ സാധാരണ കാര്യങ്ങളാണ്
നമ്മുടെ ജീവിതത്തിലെ മികച്ച നിമിഷങ്ങളായി നമ്മള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നത്, പലപ്പോഴും സാധാരണകാര്യങ്ങളാവും. വലുതെന്നു നമ്മള്‍ കരുതുന്ന പലതിനേക്കാളും സന്തോഷം പകരുന്നത് ചിലപ്പോള്‍ ഒരുമിച്ചുള്ള ഒരു തുറന്ന സംസാരമോ, യാത്രയോ, കാരുണ്യപ്രവൃത്തിയോ ഒക്കെയാവാം. കുട്ടികളെ കണ്ടിട്ടില്ലേ, ഒരു മിഠായി കിട്ടുമ്പോള്‍, ഒരു അഭിനന്ദനവാക്കു കേള്‍ക്കുമ്പോള്‍, കിളികളെയും ഓമനമൃഗങ്ങളെയുമൊക്കെ കാണുമ്പോള്‍ അവര്‍ സന്തോഷിക്കുന്നു. അതുപോലെ, കൊച്ചുകാര്യങ്ങളില്‍ സന്തോഷിക്കാന്‍ ശ്രമിക്കാം.
11. നിങ്ങള്‍ ആരാണെന്ന് അംഗീകരിക്കുക
സമൂഹത്തിനുമുമ്പില്‍ കുറവുള്ളവരെന്നു കരുതപ്പെടുന്ന കുട്ടികള്‍ പലരും വളരെ സന്തോഷത്തോടെ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചുകൊണ്ട് ജീവിതത്തിന്റെ നിറങ്ങള്‍ ആസ്വദിക്കുന്നതു കാണാം. അതുപോലെ, ഓരോരുത്തര്‍ക്കും കുറവുകളും കഴിവുകളുമുണ്ട്. അതു മനസ്സിലാക്കി നമ്മുടെ കുറവുകളെ അംഗീകരിക്കുകയും കഴിവുകളെ ജ്വലിപ്പിക്കുകയും ചെയ്യുക. നാം ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചു പ്രവര്‍ത്തിക്കുക.
അമ്മമാരില്‍നിന്നു മക്കള്‍ ആഗ്രഹിക്കുന്നത്
അമ്മമാര്‍ കുടുംബത്തിന്റെ വിളക്കായിരിക്കണം. എന്നാല്‍, സ്വാര്‍ഥത നിറഞ്ഞ പെരുമാറ്റവും പരദൂഷണവും അഹങ്കാരവുമായി കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ ഒന്നും നിറവേറ്റാതെ ജീവിക്കുമ്പോള്‍ അവിടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നു. ഇവിടെ അമ്മമാരില്‍നിന്നു മക്കള്‍ പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണെന്നു നോക്കാം.
1. എല്ലാവരോടും ഒരുപോലെ
മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും തിരിച്ചുവ്യത്യാസമില്ലാതെ പെരുമാറുക.
2. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക
കൊച്ചുമക്കളെ നോക്കുന്ന കാര്യമാവട്ടെ, ആവശ്യനേരത്തു സഹായിക്കുന്ന കാര്യമാവട്ടെ അതിലെല്ലാം നിസ്വാര്‍ഥപരമായി പ്രവര്‍ത്തിക്കണം.
3. വൃത്തിയായി ജീവിക്കുക
കിടക്കുന്ന മുറിയാകട്ടെ, വീടും പരിസരവുമാകട്ടെ വൃത്തിയായി സൂക്ഷിക്കണം. ജനാലയിലൂടെ പുറത്തേക്കു വേസ്റ്റ് വലിച്ചെറിയുന്നതും തുപ്പുന്നതും അനാരോഗ്യകരമാണെന്നു ചിന്തിക്കുക.
4. സ്‌നേഹം പ്രകടിപ്പിക്കുക
സ്‌നേഹം ഉള്ളിലുണ്ടെന്നു പറയുകയും പെരുമാറ്റത്തിലും വാക്കിലും അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഒരാളുടെ കാപട്യം വിളിച്ചുപറയുന്നു. സ്‌നേഹം പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും പ്രകടിപ്പിക്കുക.
5. തന്നിഷ്ടപ്രകാരം ജീവിക്കാതിരിക്കുക
എനിക്കു പെന്‍ഷനുണ്ട്, ജീവിക്കാന്‍ പണമുണ്ട്, നീയൊന്നുമില്ലെങ്കിലും ഞാന്‍ ഹോംനേഴ്‌സിനെ വയ്ക്കുമെന്നു പറഞ്ഞുകൊണ്ട് പണവും മറ്റും തന്നിഷ്ടത്തിനു ചെലവഴിച്ച് ജീവിക്കുന്ന രീതി ഒഴിവാക്കുക. ഒന്നു കാലിടറിയാല്‍ തീരാവുന്നതേയുള്ളൂ മനുഷ്യജീവിതമെന്നു മനസ്സിലാക്കുക.
6. ബഹുമാനം കൊടുക്കുക
സ്‌നേഹവും ബഹുമാനവും അങ്ങോട്ടു കൊടുക്കാന്‍ കഴിഞ്ഞാലേ ഇങ്ങോട്ടും പ്രതീക്ഷിക്കാവൂ. മക്കള്‍ക്കും മരുമക്കള്‍ക്കും അവര്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തു സംസാരിക്കുക. മക്കളും തന്നോളമായാല്‍ താനെന്നു ചൊല്ലണമെന്നാണല്ലോ പഴമൊഴി.
7. കരുതലുള്ളവരാകണം
അമ്മയുടെ വാത്സല്യവും കരുതലും നല്‍കാന്‍ കഴിയണം. അസുഖം വരുമ്പോഴും മറ്റു പ്രയാസഘട്ടങ്ങളിലും കുടുംബാംഗങ്ങളെ പരിചരിക്കാനും ഒപ്പം നില്‍ക്കാനും കഴിയണം.
8. സ്വാര്‍ഥത വെടിയണം
കുടുംബത്തിലെ മറ്റാരുടെയും കാര്യം ശ്രദ്ധിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന സ്വാര്‍ഥത ഒഴിവാക്കി മറ്റുള്ളവരോടു നിസ്വാര്‍ഥമായി പെരുമാറണം.
9. പരദൂഷണം പറയാതിരിക്കുക
10. ഈശ്വരവിശ്വാസത്തില്‍ ജീവിക്കുക