•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കഥ

പാതിരാവും പനിനീര്‍ക്കാറ്റും

  • ജോര്‍ജ് നെയ്യശ്ശേരി
  • 9 May , 2024
രാത്രി ഓട്ടം പോവുക എന്നതു വിവേകിനെ സംബന്ധിച്ചു പുതിയ കാര്യമല്ല. പക്ഷേ, കാട്ടുമൃഗങ്ങളുടെ ആക്രമണം പതിയിരിക്കുന്ന പാതയിലൂടെയുള്ള രാത്രിയാത്ര ആദ്യമാണ്. 
കുടുംബത്തിലെ പ്രാരബ്ധങ്ങള്‍ ഓര്‍ത്താണ് പലപ്പോഴും റിസ്‌കുള്ള ഓട്ടം ഏല്ക്കുന്നത്.
വിജനപാതയില്‍ ഡ്രൈവറെ വധിച്ചു കാറുമായി കടന്ന നിരവധി സംഭവങ്ങളുണ്ട്. അതൊന്നും ഓര്‍മിക്കാതെയല്ല ഓട്ടം പോവുന്നത്. 
റോഡിനിരുവശവും നിബിഡവനങ്ങളാണ്. ചീവീടുകളുടെ ശബ്ദം ഒഴിച്ചാല്‍ നിശ്ശബ്ദതയുടെ ആവരണത്തിലാണ് ഹൈവേ. വല്ലപ്പോഴും ചില വാഹനങ്ങള്‍, അതും ഭാരവണ്ടികളാണു കടന്നുപോവുന്നത്.
കോടമഞ്ഞു കാരണം, പാത വ്യക്തമായി കാണാന്‍ സാധിക്കില്ല. ആന നില്പുണ്ടെങ്കിലും അടുത്തുചെല്ലുമ്പോഴേ അറിയൂ. ഒരു ഭയം വന്നു ഗ്രസിക്കുന്നത് വിവേക് അറിഞ്ഞു. അയാള്‍ സാവധാനം ഹെയര്‍പിന്‍ ബെന്‍ഡുകള്‍ ഇറങ്ങിക്കൊണ്ടിരുന്നു. 
വെള്ളസാരിയുടുത്ത ഒരു യുവതി കാറിനു കൈകാണിച്ചു.  അവളുടെ ഒക്കത്തൊരു കൈക്കുഞ്ഞുമുണ്ട്, ഈ പാതിരാത്രിക്ക് ഇവള്‍ എവിടെനിന്നു വന്നു?
യക്ഷിയിലും പ്രേതത്തിലുമൊന്നും വിശ്വാസമില്ലെങ്കിലും വിവേക് പെട്ടെന്ന് ഓര്‍ത്തുപോയി. 
അയാള്‍ കാറിനല്പം വേഗം കൂട്ടി.
ഇനി ഏതെങ്കിലും ട്രാപ്പിലകപ്പെടുത്താന്‍ ഗൂഢസംഘം അവളെ ഇറക്കിയതായിരിക്കുമോ? അവര്‍ എവിടെയെങ്കിലും മറഞ്ഞിരിപ്പുണ്ടാവുമോ?'
ഏതായാലും കാര്‍ നിര്‍ത്താതിരുന്നതു നന്നായി.
ആ മാലാഖക്കുഞ്ഞിനെ നീ ശ്രദ്ധിച്ചോ? നിസ്സഹായാവസ്ഥയില്‍ അകപ്പെട്ട അമ്മയെയും കുഞ്ഞിനെയും കണ്ടിട്ടും കാണാതെ പോന്ന നീ മനുഷ്യനാണോ? അവര്‍ ഏതെങ്കിലും കശ്മലന്‍മാരുടെ കൈയില്‍ അകപ്പെട്ടാലോ? കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളുമുള്ള പാതയില്‍ നീ അവരെ ഉപേക്ഷിച്ചു പോരരുതായിരുന്നു. നാളെ അവരുടെ മരണവാര്‍ത്തയാണ് നിന്നെത്തേടിയെത്തുന്നതെങ്കിലോ?
ചോദ്യങ്ങള്‍ വിവേകിനെ വീര്‍പ്പുമുട്ടിച്ചു.
അയാള്‍ സാഹസികമായി വണ്ടി റിവേഴ്‌സെടുത്തു.
എന്തും വരട്ടെ.
വീട്ടില്‍നിന്ന് ഇറങ്ങുംമുമ്പ് ഭാര്യ എന്നും അയാളുടെ നെറ്റിയില്‍ കുരിശുവരയ്ക്കാറുള്ളത് അയാള്‍ ഓര്‍മിച്ചു. വണ്ടിക്കുള്ളിലെ ഉണ്ണിയേശുവിന്റെ കൊച്ചുരൂപം അയാളെ നോക്കി മന്ദിഹസിച്ചു.
അയാള്‍ തിരിച്ചുചെല്ലുമ്പോഴും അവള്‍ അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് അപ്പോള്‍ കരയുന്നുണ്ടായിരുന്നു.
''എവിടെപ്പോകാനാ?''
വിവേക് ഗ്ലാസ് താഴ്ത്തി ചോദിച്ചു.
''ചേട്ടാ, ഡോര്‍ തുറക്കു വേഗം. ഞാന്‍ കേറിയിട്ടു പറയാം.'' അവള്‍ ഭയചകിതയാണെന്ന് ശബ്ദവും മുഖവും വിളിച്ചോതി.
അയാള്‍ ഡോര്‍ തുറന്നു. അവള്‍ ബാക്കിലെ സീറ്റില്‍ കുഞ്ഞിനെയുംകൊണ്ടു കയറി. വിവേക് വണ്ടി തിരിച്ച് കഴിയുന്നിടത്തോളം വേഗമാര്‍ജിക്കാന്‍ ശ്രമിച്ചു.
അവളുടെ മുഖവും സാരിയും വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. അവള്‍ക്ക് ഏറിയാല്‍ മുപ്പത്, അതില്‍ക്കൂടുതല്‍ മതിക്കില്ല. അവള്‍ സുന്ദരിയാണ്. 
അവള്‍ സാരിത്തലപ്പുകൊണ്ട് വിയര്‍പ്പൊപ്പിയതിനുശേഷം കുഞ്ഞിനു മുലപ്പാല്‍ കൊടുത്തു. കുഞ്ഞ് കരച്ചില്‍ നിറുത്തി. കുഞ്ഞിന് ആറുമാസത്തില്‍ കൂടുതല്‍ പ്രായമായിട്ടില്ല.
''ചേട്ടന്‍ പോയിട്ടെന്താ പിന്നെ തിരിച്ചുവരാന്‍ തോന്നിയത്?'' അവള്‍ ചോദിച്ചു.
''അതുകൊള്ളാം. എനിക്ക് അങ്ങോട്ടു കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. അതിനുശേഷം നീ എന്നോടു ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതി.'' വിവേക് നീരസത്തോടെ പ്രതിവചിച്ചു. 
''നീ ആരാ.... നീയെന്താ ഈ പാതിരാത്രി കുഞ്ഞുമായി ഈ ആനക്കാട്ടില്‍?'' ദേഷ്യമടങ്ങാതെ വിവേക് തിരക്കി.
''ഞാന്‍ അടുത്ത ടൗണില്‍  ഇറങ്ങിക്കോളാം. ഇങ്ങോട്ടു കൂടുതല് ചോദ്യങ്ങളൊന്നും വേണ്ട.''
 അവളുടെ ശബ്ദത്തിന് ഒട്ടും മാര്‍ദവമില്ലായിരുന്നു. 
വിവേക് കാര്‍ നിര്‍ത്തി.
''നീ ആരാ എന്താണെന്ന് അറിഞ്ഞിട്ടേ പോവുന്നുള്ളൂ. പൊലീസ് പട്രോളിങ് ഉള്ള വഴിയാ ഇത്. നീ ആരാന്നു പൊലീസ് ചോദിച്ചാല്‍ ഞാനെന്തു പറയും? എന്റെ പൊന്നുപെങ്ങളേ, എന്നെ എന്തിനാ ചുറ്റിക്കുന്നത്. എനിക്കു ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുള്ളതാ. പറ. ഒള്ള കാര്യം പറ. വരും വരായ്കകളെക്കുറിച്ചു ചിന്തിക്കാതെയാ ഞാന്‍ നിങ്ങളെ കാറില്‍ക്കയറ്റിയത്.''
അവസാനവാചകം പറയുമ്പോള്‍ വിവേകിന്റെ ശബ്ദത്തിന് ഇടര്‍ച്ചയുണ്ടായി.
''സോറി ചേട്ടാ. ഞാന്‍ എല്ലാം പറയാം. ചേട്ടന്‍ ധൈര്യമായി വണ്ടിയെടുത്തോ... പൊലീസ് ചോദിച്ചാല്‍ ഞാന്‍ മറുപടി പറയാം. എന്നേം കുഞ്ഞിനേം രക്ഷിക്കാന്‍ വന്ന കാവല്‍മാലാഖയായിട്ടാ ഞാന്‍ ചേട്ടനെ കാണുന്നത്.''
വിവേക് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
''ചേട്ടന്‍ അറിയാതെയാണെങ്കിലും എന്നെ എന്റെ പൊന്നു പെങ്ങളേ എന്നു വിളിച്ചു. അങ്ങനെ വിളിക്കാനായി എനിക്കു സഹോദരന്‍മാരില്ല. അപ്പനും അമ്മയും മരിച്ചുപോയി.'' 
ഒന്നു തേങ്ങിയതിനുശേഷം അവള്‍ തുടര്‍ന്നു:
''പത്രങ്ങളിലും ടിവിയിലുമെല്ലാം മൂന്നുമാസംമുമ്പ് എന്റെയും കുഞ്ഞിന്റെയും ഫോട്ടോ വന്നിരുന്നു. ആന ചവിട്ടിക്കൊന്ന കര്‍ഷകന്‍ റെജിയുടെ ഭാര്യ ലൗലിയും കുഞ്ഞും എന്ന അടിക്കുറിപ്പോടെ.''
കാറിനുള്ളില്‍ മൂകത തളംകെട്ടി. ആ വാര്‍ത്ത കണ്ടതായി വിവേക് ഞെട്ടലോടെ ഓര്‍മിച്ചു.   രാത്രിയായതുകൊണ്ടാണ് ഇവളുടെ മുഖം തിരിച്ചറിയാന്‍ പറ്റാതെ വന്നത്.
''നല്ല കൃഷിക്കാരനായിരുന്നു റെജിച്ചേട്ടന്‍. ഞാനും ചേട്ടന്റെ കൂടെ എല്ലാ പണിക്കും കൂടുമായിരുന്നു. മുമ്പൊക്കെ വല്ലപ്പോഴുമേ കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങുമായിരുന്നുള്ളൂ. ഈ വര്‍ഷം കൂടുതലായി.
അവള്‍ തേങ്ങിത്തേങ്ങി കരഞ്ഞു.
''റെജിച്ചേട്ടന്‍ ഉള്ളപ്പോ കാട്ടുമൃഗങ്ങളെ പേടിച്ചാ മതിയായിരുന്നു. ചേട്ടന്‍ മരിച്ചതിനുശേഷം നാട്ടിലെ അലമ്പുസെറ്റുകളേം പേടിക്കേണ്ടി വന്നു.
''വാറ്റുചാരായവും കഞ്ചാവും   കിട്ടുന്ന സ്ഥലമാ. രാത്രിയാകുമ്പം വന്ന് കതകില്‍ മുട്ടും. ഇന്നല്ലെങ്കില്‍ നാളെ അവര്‍ വരവു നിര്‍ത്തുമെന്നാ കരുതിയത്. പക്ഷേ, ഇന്നു രാത്രിയിലും അവര്‍ വന്നു. വല്യ ബലമുള്ള കതകൊന്നുമല്ല. അതു തകര്‍ത്ത് അവര്‍ അകത്തുകയറുമെന്നു കരുതി ഞാന്‍ കുഞ്ഞിനെയും എടുത്ത് പിന്നാമ്പുറത്തുകൂടി വനത്തില്‍ കയറി ഓടി.''
വനത്തില്‍ക്കൂടി കുറുക്കുവഴിയുണ്ട് റോഡിലേക്ക്. അവന്‍മാര്‍ പിന്നാലെയുണ്ടെന്നോര്‍ത്ത് ജീവന്‍ കൈയില്‍പ്പിടിച്ചാ ഓടിയത്. ആനയോ കടുവയോ പിടിച്ചുതിന്നെങ്കില്‍ തിന്നട്ടെ എന്നു കരുതി.
അവള്‍ വീണ്ടും കരഞ്ഞു. 
വിവേകിന് അവളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയില്ലായിരുന്നു. 
''ഏതെങ്കിലും നല്ല മനുഷ്യന്റെ വണ്ടിയേല്‍ കേറാന്‍ പറ്റണേ എന്ന പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ. ചേട്ടന്‍ നിറുത്താതെ പോയി. വേറേം ഒന്നുരണ്ടു വണ്ടികള്‍ വന്നു. ആരും നിറുത്തിയില്ല. ചേട്ടന്റെ വണ്ടി തിരിച്ചുവരുന്നതാണെന്ന് ആദ്യം തോന്നിയില്ല. എങ്ങനെയുള്ളവന്മാരാ വണ്ടിയേല്‍ കേറ്റിക്കൊണ്ടുപോവുന്നതെന്ന് അറിയില്ലല്ലോ. അതുകൊണ്ടാ ചേട്ടനോട് ആദ്യം ദേഷ്യത്തിലൊക്കെ സംസാരിച്ചത്.''
''ചേട്ടനെന്താ ഒന്നും മിണ്ടാത്തത്?''  അവള്‍ ചോദിച്ചു. 
''ഞാന്‍ ലൗലി പറയുന്നതു കേട്ടിരിക്കയല്ലേ. എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല.''
അയാളുടെ വാക്കുകളില്‍ ആര്‍ദ്രത നിറഞ്ഞിരുന്നു.
''ചേട്ടന്‍ വരാന്‍ വൈകിയിരുന്നെങ്കീ... ഞാന്‍ തിരിഞ്ഞുനടക്കാന്‍ ഭാവിക്കുമ്പഴാ ചേട്ടന്റെ കാറിന്റെ വെളിച്ചം കണ്ടത്. ഏതായാലും ഇതുംകൂടി നോക്കാമെന്നു വച്ചു. ഈ റോഡിന്റെ അപ്പുറത്തെ വളവില്‍ ഒരു കൊക്കയുണ്ട്. ചെകുത്താന്‍കൊക്കെയെന്നാ അതിന്റെ പേര്. അവിടേക്കു ചാടാനായിരുന്നു.'' അത്രയും പറഞ്ഞവള്‍ വിങ്ങിവിങ്ങിക്കരഞ്ഞു.
വിവേക് അറിയാതെ ബ്രേക്കില്‍ കാലമര്‍ന്നു.
ആത്മസംഘര്‍ഷംകൊണ്ട് അയാള്‍ സ്റ്റീയറിങ്ങിലേക്കു തല ചേര്‍ത്തിരുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞുവന്നു. 
''ഈ മാലാഖക്കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാന്‍ നിനക്കെങ്ങനെ തോന്നി? ഓ! അതിപ്പം ട്രെന്‍ഡാണല്ലോ. ഈ ലോകജീവിതം കുഞ്ഞുങ്ങള്‍ക്കു ദുരിതം സമ്മാനിക്കുമല്ലോ. കഷ്ടം! ഒരമ്മയ്ക്ക് എങ്ങനെ ഇങ്ങനെ ചിന്തിക്കാന്‍ പറ്റുന്നു?''
അവള്‍ തേങ്ങിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
തൊടുപുഴയിലെത്തിയപ്പോള്‍ ലൗലി അയാളോടു വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
''നീ കുഞ്ഞിനേംകൊണ്ട് എങ്ങോട്ടു പോവൂം?'' അയാള്‍ ചോദിച്ചു.
''എങ്ങോട്ടെങ്കിലും. ചേട്ടന്‍ ഇത്രടം കൊണ്ടെത്തിച്ചതിനു നന്ദി.'' അവളുടെ വാക്കുകളില്‍ നിറഞ്ഞ കൃതജ്ഞത ഉണ്ടായിരുന്നു. അയാള്‍ വണ്ടി നിറുത്തിയില്ല.
''നമുക്കാദ്യം എന്റെ വീട്ടിലേക്കു പോകാം. എന്നിട്ടു കാര്യങ്ങള്‍ തീരുമാനിക്കാം.'' വിവേക് പറഞ്ഞു.
''അതു വേണ്ട ചേട്ടാ. ചേട്ടനൊരു നല്ല മനുഷ്യനാ. ഞാന്‍ ചേട്ടന്റെ വീട്ടിലേക്കു വന്ന് ചേട്ടന്റെ കുടുംബത്തിന്റെ സ്വസ്ഥത കെടുത്തുന്നില്ല. എത്ര നല്ല ഭാര്യയാണെങ്കിലും ഭര്‍ത്താവൊരു സ്ത്രീയെയും കുഞ്ഞിനെയുംകൊണ്ട് വീട്ടിലേക്കു വരുന്നത് അംഗീകരിക്കില്ല. ആളുകള്‍ പല കഥകളും മെനഞ്ഞെന്നിരിക്കും. അതുകൊണ്ട് ചേട്ടന്‍ എന്നെ ഇവിടെ ഇറക്കിയേര്.''
ഇല്ല. നിനക്ക് എന്റെ ഭാര്യയെക്കുറിച്ച് അറിയാഞ്ഞിട്ടാ. ഞാന്‍ അറിയാതെയാണെങ്കിലും എന്റെ പൊന്നു പെങ്ങളേ എന്നു വിളിച്ചുപോയില്ലേ. ഇനി നീ നിന്റെ നാത്തൂന്‍ എങ്ങനെയുണ്ടെന്ന് അറിഞ്ഞിട്ടു പോയാല്‍ മതി.''
അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. കൂടെ അവളും ചിരിച്ചു.
''എന്റെ മക്കള്‍ക്ക് കുഞ്ഞിനെ കാണുമ്പം എന്തു സന്തോഷമായിരിക്കും. അതെനിക്ക് ആസ്വദിക്കണം. വീടിനടുത്തുള്ള   കോണ്‍വെന്റില്‍ കൊണ്ടുപോകാം. അവിടെ ചില സംരംഭങ്ങളൊക്കെയുണ്ട്. നിനക്കവിടെ ജോലിക്കൊന്നും ബുദ്ധിമുട്ടുണ്ടാവില്ല. ആരുടെയും ശല്യമില്ലാതെ നിനക്കും കുഞ്ഞിനും കഴിയാനുള്ള സാഹചര്യം അവര്‍ ഒരുക്കിത്തരും.'' സന്തോഷംകൊണ്ട് ലൗലിയുടെ കണ്ണുകള്‍ നിറഞ്ഞുവന്നു. അവള്‍ കുഞ്ഞിന്റെ നെറ്റിയില്‍ മുഖം ചേര്‍ത്തു.
 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)