•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

പരിധി വിടുന്ന പ്രതികാരരാഷ്ട്രീയം

ഇന്ത്യയുടെ വര്‍ത്തമാനകാലരാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒരു സന്ധിയിലെത്തിനില്‍ക്കുകയാണ്.  കേന്ദ്രഭരണകൂടം ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങളെ അവര്‍ക്കിഷ്ടത്തിനു തുള്ളുന്ന പാവകളാക്കി മാറ്റിയിരിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്ന കമ്മീഷന്‍ മുതല്‍, സി ബി ഐ, ഇ ഡി, ഇന്‍കം ടാക്സ്, കേന്ദ്ര പോലീസ് സംവിധാനങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ഭരണകൂടത്തിന്റെ ഉത്തരവുകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന്  ഉറപ്പാക്കപ്പെടുന്നു. ''കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോഴെല്ലാം പ്രതിപക്ഷനേതാക്കള്‍ ഇ ഡിയുടെ പരീക്ഷ പാസാകേണ്ട ഗതികേടിലാണെന്ന്'' സമാജ്‌വാദിഇന്ത്യയുടെ വര്‍ത്തമാനകാലരാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒരു സന്ധിയിലെത്തിനില്‍ക്കുകയാണ്.  കേന്ദ്രഭരണകൂടം ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങളെ അവര്‍ക്കിഷ്ടത്തിനു തുള്ളുന്ന പാവകളാക്കി മാറ്റിയിരിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്ന കമ്മീഷന്‍ മുതല്‍, സി ബി ഐ, ഇ ഡി, ഇന്‍കം ടാക്സ്, കേന്ദ്ര പോലീസ് സംവിധാനങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ഭരണകൂടത്തിന്റെ ഉത്തരവുകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന്  ഉറപ്പാക്കപ്പെടുന്നു. ''കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോഴെല്ലാം പ്രതിപക്ഷനേതാക്കള്‍ ഇ ഡിയുടെ പരീക്ഷ പാസാകേണ്ട ഗതികേടിലാണെന്ന്'' സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റോടെ സാധൂകരിക്കപ്പെടുകയാണ്. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് എസ്ബിഐ സുപ്രീംകോടതിയില്‍ നിര്‍ണായകവിവരങ്ങള്‍ സമര്‍പ്പിച്ച ദിവസമാണ് കേജ്‌രിവാള്‍ അറസ്റ്റിലായതെന്നതു  യാദൃച്ഛികംമാത്രമാണെന്നു കരുതാന്‍ കഴിയില്ല.
അടിയന്തരാവസ്ഥക്കാലത്തുപോലും ഒരു മുഖ്യമന്ത്രിയെ ഇന്ത്യയില്‍ അറസ്റ്റു ചെയ്തിരുന്നില്ല.  പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇത്തരം നടപടികള്‍ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച്   ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അമിതാധികാരപ്രയോഗവും സ്വേച്ഛാധിപത്യനിലപാടും പ്രതികാരരാഷ്ട്രീയവുമാണ് ഇത്തരം നടപടികള്‍ക്കു പിന്നിലെന്ന ആക്ഷേപം അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റോടെ ബലപ്പെടുകയാണ്. പ്രതിപക്ഷപ്പാര്‍ട്ടികളെ സാമ്പത്തികമായി കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്ന ആരോപണവും ജനാധിപത്യത്തിന്റെ ശോഭ കെടുത്തുന്നതാണ്. അറസ്റ്റുകളിലൂടെയും സാമ്പത്തികഞെരുക്കത്തിലൂടെയും കേസുകളുടെ ഭീഷണിയിലൂടെയും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂര്‍വകമായ ശ്രമമാണോ എന്ന സംശയംപോലും ഉയര്‍ത്തുന്നുണ്ട്.
പ്രതിപക്ഷത്തെ വേട്ടയാടുന്നു
   മോദിസര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടാനും എതിര്‍ശബ്ദം അടിച്ചമര്‍ത്താനും സിബിഐയെയും ഇഡിയെയും ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷപ്പാര്‍ട്ടികള്‍ കഴിഞ്ഞ മാര്‍ച്ചുമാസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണത്തെ അപേക്ഷിച്ചു മോദിയുടെ ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ക്കെതിരായ ഇ.ഡി. കേസുകളില്‍ നാലിരട്ടി കുതിച്ചുചാട്ടമുണ്ടായതായി പ്രതിപക്ഷപ്പാര്‍ട്ടികള്‍  സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2014 നും 2022 നും ഇടയില്‍ ഇ ഡി റെയ്ഡ് ചെയ്ത 121 രാഷ്ട്രീയനേതാക്കളില്‍ 115 പേരും പ്രതിപക്ഷനേതാക്കളാണെന്നും  യുപിഎയുടെ ഭരണകാലത്ത് മൊത്തം 26 രാഷ്ട്രീയക്കാരെ ഇഡി അന്വേഷിച്ചതില്‍ 14 പേര്‍  പ്രതിപക്ഷനേതാക്കളായിരുന്നുവെന്നും പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആകെയുള്ള കേസുകളില്‍ 95% പ്രതിപക്ഷനേതാക്കള്‍ക്കെതിരെയാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനോടൊപ്പം ശ്രദ്ധേയമായ കാര്യം, ഈ കാലയളവില്‍ ഒരു ബിജെപി നേതാവിനെതിരേയും  ഇ.ഡിയോ സി.ബി.ഐയോ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതാണ്. മഹാരാഷ്ട്രയില്‍നിന്നുള്ള ഛഗന്‍ ഭുജ്ബല്‍, അജിത് പവാര്‍, അശോക് ചവാന്‍; സുവേന്ദു അധികാരി (പശ്ചിമ ബംഗാള്‍), സി. എം. രമേഷ് (ആന്ധ്രപ്രദേശ്) തുടങ്ങിയവര്‍ക്കെതിരേ തെളിവുകള്‍ സഹിതം ആരോപണം ഉയര്‍ന്നിട്ടും ഒരു നടപടിപോലും ഉണ്ടായിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരരാഷ്ട്രീയം
    ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് 2017 ല്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഇഷ്ടക്കാരനായ  നാഗേശ്വര്‍ റാവുവിനെ സിബിഐ. മേധാവിയായി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കു കാരണമായിരുന്നു.  ഇതിനുശേഷം പൂര്‍ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ട കൂട്ടിലടച്ച തത്തയായി സിബിഐ മാറുകയാണു ചെയ്തത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളായ സിബിഐ, എന്‍ഐഎ, ഇഡി, കസ്റ്റംസ്, ഐബി എന്നിവയുടെ നിയന്ത്രണം കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നതാണ് പിന്നീടു കണ്ടത്.  ആഭ്യന്തരമന്ത്രിയെന്ന ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തി അധികാരങ്ങളെല്ലാം തന്നിലേക്കു കേന്ദ്രീകരിച്ചു പ്രതിപക്ഷകക്ഷികളെയും അതിന്റെ നേതാക്കളെയും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കൊണ്ടുവരികയായിരുന്നു അമിത് ഷാ ചെയ്തത്. ഈ വേട്ടയുടെ ഏറ്റവും വലിയ ഇരയായി ആദ്യം  മാറിയത് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരമായിരുന്നു.
സിബിഐയെ ഉപയോഗിച്ച് ഡല്‍ഹി  മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്തു. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനും മായാവതിക്കും എതിരേ പഴയ കേസുകള്‍ ചികഞ്ഞു പുറത്തെടുക്കുകയുണ്ടായി. കോണ്‍ഗ്രസ് മുന്‍അധ്യക്ഷരായ സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ നീക്കവും വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായി.  ആരോപണങ്ങളില്‍ കഴമ്പില്ലെന്നുകണ്ട് 2015 ല്‍ ഇഡിതന്നെ ക്ലീന്‍ ചിറ്റ് നല്‍കുകയും ഡല്‍ഹി ഹൈക്കോടതി സോപാധികം ജാമ്യം നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് മുഖപത്രവും സ്വാതന്ത്ര്യസമരത്തോളം ചരിത്രവുമുള്ള  നാഷണല്‍  ഹെറാള്‍ഡിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലാണ് വീണ്ടും ഇരുവരെയും ഇ ഡി ചോദ്യം ചെയ്തത്. കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, നാഗാലാന്റ് മുന്‍ മുഖ്യമന്ത്രി നെയ്ഫുയ് റിയോ തുടങ്ങിയവരൊക്കെ തുടര്‍ന്ന് ഇ ഡി വേട്ടയ്ക്ക് ഇരയായി.
പിന്നീടുള്ള ഇര  കര്‍ണാടകയിലെ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിനെ രാജ്യസഭാതിരഞ്ഞെടുപ്പില്‍ തോല്പിക്കാന്‍ അമിത് ഷാ നടത്തിയ നീക്കങ്ങള്‍ക്കു തടയിട്ടത് ഡി. കെ. ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. അതിന്റെ പകപോക്കലായിരുന്നു ഇഡിയെയും ആദായനികുതിവകുപ്പിനെയും കരുവാക്കിക്കൊണ്ട് ശിവകുമാറിനെതിരേയുള്ള അറസ്റ്റിനു പിന്നില്‍. കേസുകളില്‍നിന്ന് ഡി കെ ശിവകുമാറിനെ കഴിഞ്ഞയാഴ്ച സുപ്രീംകോടതി മുക്തനാക്കിയിരുന്നു. മഹാരാഷ്ട്രനിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തിനു കാരണക്കാരനായ രാജ്താക്കറെയെ കോഹിനൂര്‍ ബില്‍ഡിങ് കേസില്‍പ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതാണ് അടുത്ത സംഭവം. തുടര്‍ന്ന്, കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ  മരുമകന്‍ രതുല്‍പുരിനാഥിനെ അഗസ്റ്റ വെസ്റ്റ്‌ലാന്റ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കള്ളക്കേസ് ചുമത്തി ഇ.ഡി. അറസ്റ്റ് ചെയ്തു. സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ ഇതൊരു രാഷ്ട്രീയപ്രേരിതകേസാണെന്നു പിന്നീട് കണ്ടെത്തിയിരുന്നു.
കോണ്‍ഗ്രസ്‌നേതാവും  ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന  വീരഭദ്രസിങ്ങിനെ  മകളുടെ വിവാഹദിവസമാണ് അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയില്‍ സിബിഐ റെയ്ഡ് നടത്തി കുടുംബത്തെ അപമാനിച്ചത്. മറ്റൊരു കോണ്‍ഗ്രസ് നേതാവും  ഹരിയാന മുന്‍മുഖ്യമന്ത്രിയുമായ  ഭുപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരേ ഗുരുഗ്രാം ഭൂമിക്കേസില്‍ ക്രമക്കേടാരോപിച്ച് അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുകയുണ്ടായി. 2022 നുശേഷം, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തെലുങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഭാരത് രാഷ്ട്രസമിതി നേതാവ് കെ. കവിത, ജാര്‍ഖണ്ഡ് മുന്‍  മുഖ്യമന്ത്രി ഹേമന്ത് സോറന്‍  തുടങ്ങി നിരവധി രാഷ്ട്രീയനേതാക്കള്‍ ഇ ഡിയുടെ അറസ്റ്റിനു വിധേയരായി.  
ബിജെപി നേതാക്കളെ വെറുതേവിടുന്നു
   എന്നാല്‍, വിരോധാഭാസം എന്നു പറയട്ടെ,  ബിജെപി നേതാക്കളുടെ പേരിലുള്ള അഴിമതിക്കേസുകളില്‍ അന്വേഷണം നടത്താനോ ചോദ്യം ചെയ്യാനോ തുടര്‍നടപടികള്‍  സ്വീകരിക്കാനോ ഈ  കുറ്റാന്വേഷണ ഏജന്‍സികള്‍ ഒരു ധൈര്യവും  കാണിക്കുന്നില്ല. ഉദാഹരണമായി, ബിജെപി നേതാക്കള്‍ പ്രതികളായ കേസുകള്‍ നോക്കുക. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്‌ക്കെതിരേ  ഭൂമിയിടപാടിലും ഖനന അഴിമതിയിലും കുറ്റങ്ങള്‍  തെളിഞ്ഞതാണ്. 2009 ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് മുഖ്യമന്ത്രിയാവാന്‍  ബിജെപി ദേശീയനേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും 1800 കോടി രൂപ നല്കിയെന്നാണ്. എന്നാല്‍, ഈ കേസ് അട്ടിമറിക്കപ്പെടുകയാണുണ്ടായത്. അസം മുഖ്യമന്ത്രിയായ ഹിമാന്ത ബിശ്വ ശര്‍മയ്‌ക്കെതിരേ  ലൂയി ബര്‍ഗര്‍  കേസില്‍ അന്വേഷണം നടന്നുവന്നതാണ്. സര്‍ക്കാര്‍  പ്രോജക്ടുകളുമായി  ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ലൂയി ബര്‍ഗര്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനും ഉദ്യോഗസ്ഥന്മാര്‍ക്കും കൈക്കൂലി കൊടുത്തു എന്നതാണ് കേസ്. ഹിമാന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതോടെ കേസ് അവസാനിച്ചു.
മധ്യപ്രദേശിലെ കുപ്രസിദ്ധമായ വ്യാപം അഴിമതിക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന  ശിവരാജ് സിങ് ചൗഹാന്‍ കുറ്റാരോപിതനായിരുന്നെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്ക് അദ്ദേഹത്തെ ഇതുവരെ തൊടാന്‍പോലും കഴിഞ്ഞിട്ടില്ല. പശ്ചിമബംഗാളിലെ കുപ്രസിദ്ധമായ  ശാരദാ ചിറ്റ് ഫണ്ട് കേസില്‍ പ്രതിപ്പട്ടികയിലായിരുന്ന തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് ബിജെപിയിലേക്കു മാറിയതോടെ കേസും അസ്തമിച്ചു. നാരദ സ്റ്റിങ് ഓപ്പറേഷനില്‍ മുന്‍ ടിഎംസി നേതാക്കളായ സുവേന്ദു അധികാരി, മുകുള്‍ റോയ് എന്നിവര്‍ക്കെതിരായ കേസുകളിലും കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായില്ല. 2017 ലെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിനുമുമ്പ് അധികാരിയും റോയിയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി രമേഷ് പൊഖ്രിയാലിനെതിരായ അഴിമതിക്കേസുകളും അപ്രത്യക്ഷമായി. ശിവസേനയില്‍നിന്നു കോണ്‍ഗ്രസിലെത്തിയ നേതാവ് നാരായണ്‍ റാണയും അഴിമതിക്കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ നേരേ ബിജെപിയില്‍ ചേര്‍ന്നു. അതോടെ അദ്ദേഹത്തിനെതിരായ കേസുകളെല്ലാം അവസാനിച്ചു. കര്‍ണാടക ഖനി വ്യവസായി ഗാലി ജനാര്‍ദന്‍ റെഡ്ഡി, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിങ് തുടങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരേ തെളിവുകള്‍ സഹിതം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ ചെറുവിരല്‍പോലും അനക്കിയില്ല.  
ജനാധിപത്യം തകരുന്നു
   കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളായ സിബിഐ, എന്‍ഐഎ, ഇ ഡി, കസ്റ്റംസ്, ഐ ബി തുടങ്ങിയവയെ നിര്‍ലജ്ജം കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കുകയാണ്. പഴയ ഫാസിസ്റ്റുനാസിസ്റ്റ് ഭരണകൂടങ്ങളെപ്പോലും കവച്ചുവയ്ക്കുന്ന വേട്ടയാണ് മോദിയുടെ ഭരണത്തില്‍ നടക്കുന്നത്. സ്വതന്ത്രമായി ശബ്ദിക്കാന്‍ സാധിക്കുന്ന പ്രതിപക്ഷമില്ലാതെ ജനാധിപത്യം പൂര്‍ണമാകുന്നില്ല. ഭരണകൂടത്തിനെതിരേ പ്രതികരിക്കുന്നവര്‍ എപ്പോള്‍വേണമെങ്കിലും നിശ്ശബ്ദരാക്കപ്പെട്ടേക്കാവുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഏതു മാര്‍ഗം ഉപയോഗിച്ചും പ്രതിപക്ഷത്തെ തളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ഫലത്തില്‍  ജനാധിപത്യത്തെത്തന്നെയാണു ഭരണകൂടം കശാപ്പു ചെയ്യുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)