•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

കുടക്കച്ചിറ മാര്‍ അന്തോണിക്കത്തനാര്‍ക്ക് പ്ലാശനാലില്‍ സ്മൃതിമണ്ഡപം

ഭാരതനസ്രാണിസഭയുടെ അഭിമാനഭാജനവും ഉജ്ജ്വലസഭാസ്‌നേഹിയും സ്വജാതിമെത്രാനെ കിട്ടാന്‍വേണ്ടിയുള്ള പരിശ്രമത്തില്‍ രക്തംചിന്താത്ത രക്തസാക്ഷിയുമായിത്തീര്‍ന്ന യുഗപുരുഷന്‍ കുടക്കച്ചിറ അന്തോണിക്കത്തനാരുടെ സ്മൃതിമണ്ഡപം പ്ലാശനാല്‍ മര്‍ത്ത് മറിയം ദൈവാലയാങ്കണത്തില്‍ സ്ഥാപിച്ചു. സ്മൃതിമണ്ഡപത്തിന്റെ ആശീര്‍വാദകര്‍മം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഏപ്രില്‍ 9 ന് നിര്‍വഹിച്ചു. ഉച്ചകഴിഞ്ഞ് 3 ന് പ്ലാശനാല്‍ പള്ളിയില്‍ ബിഷപ് സുറിയാനി കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കുകയും സിമിത്തേരിയില്‍ പ്രാര്‍ഥനാശുശ്രൂഷകള്‍ക്കു നേതൃത്വം നല്കുകയും ചെയ്തു. തുടര്‍ന്നുനടന്ന അനുസ്മരണസമ്മേളനത്തില്‍ പാലാ രൂപത സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് മലേപ്പറമ്പില്‍ കുടക്കച്ചിറ അന്തോണിക്കത്തനാരെ അനുസ്മരിച്ചു സംസാരിച്ചു. പാരിഷ്ഹാളില്‍ ഇടവകശ്രാദ്ധവും നടന്നു.
പാലാ ഇടവക കുടക്കച്ചിറ കുടുംബാംഗമായ അന്തോണിക്കത്തനാര്‍ 1815 ല്‍ ജനിച്ചു. പാലാ വലിയപള്ളി ഇടവകയില്‍പ്പെട്ട കുന്നേലച്ചന്‍, മുപ്രയിലച്ചന്‍ എന്നിവരുടെ കീഴില്‍ സുറിയാനിപഠനം ആരംഭിച്ച് പൂഞ്ഞാര്‍ പള്ളിയില്‍ വൈദികപരിശീലനം നടത്തിയിരുന്ന ഭരണങ്ങാനം ഇടവകാംഗമായ പൂണ്ടിക്കുളം ഇട്ടി ഐപ്പ് കത്തനാരുടെ കീഴില്‍ സുറിയാനിപഠനം പൂര്‍ത്തിയാക്കി. മാന്നാനം സെമിനാരിയില്‍ പഠിക്കുകയും തുടര്‍ന്ന് കൊച്ചി മട്ടാഞ്ചേരിപ്പള്ളിയില്‍ വിദേശഭാഷകള്‍ പഠിക്കാനായി പോവുകയും ചെയ്തു. മട്ടാഞ്ചേരിപ്പള്ളിയില്‍ താമസിച്ച് ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇറ്റാലിയന്‍ തുടങ്ങിയ വിദേശഭാഷകളില്‍ സാമാന്യ അറിവുനേടി. തുടര്‍ന്ന്, പാലാ കട്ടക്കയം യൗസേപ്പ് മല്പാന്റെ കീഴില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി. വരാപ്പുഴ മെത്രാനായിരുന്ന ലൂദ്‌വീക്കോസ് തിരുമേനിയില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. ഇടവകവൈദികന്‍ എന്ന നിലയില്‍ പാലാ വലിയപള്ളിയില്‍ ശുശ്രൂഷ ചെയ്തുവരവേ, അക്കാലത്ത് പാലായില്‍ പടര്‍ന്നുപിടിച്ച വസൂരിരോഗത്തിന് ഇരയായവര്‍ക്ക് കൂദാശകള്‍ പരികര്‍മം ചെയ്യാനും ശുശ്രൂഷകള്‍ നല്‍കാനും തയ്യാറായി. തുടര്‍ന്ന്, അരുവിത്തുറ പള്ളിവികാരിയായി നിയമിക്കപ്പെട്ടു. പ്ലാശനാലില്‍ പരിശുദ്ധ അമ്മയുടെ നാമത്തില്‍ പള്ളിയും വിശുദ്ധ അന്തോണീസിന്റെ നാമത്തില്‍ ഒരു ദയറായും സെമിനാരിയും ഇതോടൊപ്പം ആരംഭിച്ചു. സ്വജാതിമെത്രാനെ കിട്ടാന്‍ ബാഗ്ദാദിലേക്കു യാത്ര ചെയ്തപ്പോള്‍ പാത്രിയാര്‍ക്കീസ് മാര്‍ യൗസേപ്പ് ഔദോയെ സന്ദര്‍ശിച്ചു. 1857 ല്‍ ഏതാനും വൈദികരോടും സെമിനാരിക്കാരോടുംകൂടെ ബാഗ്ദാദിലേക്ക് രണ്ടാം വട്ടവും യാത്ര ചെയ്തു. ബാഗ്ദാദില്‍വച്ച് 1857 ജൂലൈ 22 ന് കാലം ചെയ്തു.
മാര്‍ അന്തോണിക്കത്തനാരുടെ ഓര്‍മ ശാശ്വതീകരിക്കണമെന്ന പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക താത്പര്യപ്രകാരം, കുടക്കച്ചിറ കുടുംബവും പ്ലാശനാല്‍, അരുവിത്തുറ പള്ളികളും ചേര്‍ന്നാണ് സ്മൃതിമണ്ഡപം നിര്‍മിച്ചിരിക്കുന്നതെന്ന് പ്ലാശനാല്‍പള്ളി വികാരി ഫാ. തോമസ് ഓലിക്കല്‍ പറഞ്ഞു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)