•  29 Feb 2024
  •  ദീപം 56
  •  നാളം 50
ബാലനോവല്‍

മിഠായി

ശ്രീകാന്ത് ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ അച്ഛന്‍ പ്രഭാതനടത്തം കഴിഞ്ഞു വന്നിട്ടില്ല. കൂട്ടുകാരുമായി വര്‍ത്തമാനം പറഞ്ഞ് വല്ല ചായക്കടയിലും ഇരിക്കുന്നുണ്ടാവും. അമ്മ എണീറ്റു സ്‌കൂളില്‍പ്പോകാന്‍ റെഡിയായിത്തുടങ്ങി. 

''എവിടെ പൊന്നുമോളും ചക്കരക്കുട്ടനും?''

''ചക്കരക്കുട്ടാ.'' ശ്രീകാന്ത് വിളിച്ചു.

''ഞങ്ങളിവിടെ ഉണ്ടച്ഛാ.'' പൊന്നുമോളാണു മറുപടി പറഞ്ഞത്.

''മോനെന്തിയേ മോളൂ...?''

''അവന്‍ ബാത്ത്‌റൂമിലാ അപ്പിയിടാന്‍...''

''അയ്യേ...''

പിന്നെ അകത്തുനിന്നു കേട്ടത് ഒരു കിലുങ്ങിച്ചിരിയാണ്. മായയുടെയും പൊന്നുമോളുടെയും അമ്മയുടെയും... 

രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്നവരാണു മക്കള്‍. ആവണിയും അച്യുതും.

അപ്പോഴേക്കും ശിവശങ്കരന്‍ സാര്‍ നടത്തം കഴിഞ്ഞുവന്നു. കിതച്ചുകൊണ്ടു വരാന്തയിലിരുന്നു. 

''ഇതാ ചായ കുടിക്കൂ, കിതപ്പുമാറട്ടെ.'' ഭാനുമതിട്ടീച്ചര്‍ ഭര്‍ത്താവിനു ചായ കൊടുത്തു.

''സ്‌കൂളീപ്പോകാറായോ ടീച്ചറേ...''

''അപ്പൂപ്പനെ അമ്മൂമ്മ പഠിപ്പിച്ചിട്ടുണ്ടോ?'' ആവണിമോള്‍ അപ്പൂപ്പനോടു ചോദിച്ചു.

''അതെന്താ മോളേ, അങ്ങനെ ചോദിച്ചേ.''

''അല്ല എപ്പഴും അമ്മൂമ്മയെ ടീച്ചറേ ടീച്ചറേ എന്നു വിളിക്കുന്നതു കേട്ടു ചോദിച്ചതാ.''

''ചക്കരക്കുട്ടീ ഓരോരുത്തരുടെ സ്ഥാനം നോക്കിവേണം സംബോധന ചെയ്യാന്‍.'' അപ്പൂപ്പന്‍ പറഞ്ഞു.

''ആവണീ റെഡിയാക്, സമയം പോകുന്നു. സ്‌കൂള്‍ ബസ് ഇപ്പോ വരും.'' മായ ഓര്‍മപ്പെടുത്തി.

''ഹൊ മണി എട്ടേമുക്കാല്. ഞാനും ഒന്നും പല്ലു തേച്ചു കുളിക്കട്ടെ. വല്ലാത്ത വിശപ്പ്... ഇന്നെന്താ മോളെ കാപ്പിക്ക്?'' ശിവശങ്കരന്‍സാറു ചോദിച്ചു.

''ദോശ ചട്ട്ണി. ഒരു കഷണം ഏത്തപ്പഴം പുഴുങ്ങിയത്. ഏത്തപ്പഴം ഒരു പകുതിയാണേ. കഷണമെന്നു പറഞ്ഞതുകൊണ്ട് അച്ഛന്‍ പേടിക്കണ്ട.'' മായ ചിരിച്ചുകൊണ്ടു പറഞ്ഞു.

''മതിമതി ധാരാളം. ശിവശങ്കരന്‍സാറ് ബാത്ത്‌റൂമിലേക്കു പോയി.

''അച്ഛനിന്നു നല്ല ഉഷാറിലാണല്ലോ അമ്മേ.'' ശ്രീകാന്ത് പറഞ്ഞു.

''പാവം സന്തോഷിക്കട്ടെടാ. ഒരുപാടു കഷ്ടപ്പെട്ട മനുഷ്യനാ. ജീവിതകാലം പകുതിയും സ്വന്തം കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ടു. നാലു പെങ്ങമ്മാരെ കെട്ടിച്ചയച്ചു. വീടു പണിയിച്ചു...''

''അതിനിടെ അമ്മയെ പ്രേമിച്ചു കല്യാണം കഴിച്ചു...'' ശ്രീകാന്ത് ടീച്ചറെ ഓര്‍മപ്പെടുത്തി.

''ശരിയാ മോനേ. ഇദ്ദേഹത്തിനു പണ്ടേ എന്നോടൊരു താത്പര്യമുണ്ടായിരുന്നു.''

''അമ്മയ്‌ക്കോ... അച്ഛനെ ഇഷ്ടമായിരുന്നോ?'' ശ്രീകാന്ത് ചോദിച്ചു.

ഭാനുമതിട്ടീച്ചര്‍ ഒന്നു പുഞ്ചിരിച്ചിട്ട് അകത്തേക്കു പോയി ബാഗു തോളിലിട്ടുകൊണ്ടു വന്നു.

''മായക്കുട്ടീ, ഞാന്‍ പോകുവാ കുട്ടികളെ സ്‌കൂളിലയച്ചിട്ടല്ലേ നിങ്ങളു പോകൂ.''

''അതെയമ്മേ.''

ടീച്ചര്‍ ഇറങ്ങിനടന്നു.

അപ്പോള്‍ സാറു കുളിച്ചിറങ്ങി വന്നു.

''ടീച്ചര്‍ പോയോ മോനേ.''

''പോയല്ലോ അച്ഛാ...''

''എന്നോടൊരു യാത്രപോലും പറയാതെ...''

''വൈകിട്ട് ഇങ്ങോട്ടുതന്നെയല്ലേ വരുന്നത്.... അച്ഛനല്പം ക്ഷമിക്ക്.'' ശ്രീകാന്ത് ചാവിയുമായി കാറിനടുത്തേക്കു പോയി.

''നിക്കു ശ്രീയേട്ടാ. ഞാനും ആ ഓഫീസിലേക്കുതന്നെയല്ലേ...'' മായ വിളിച്ചു പറഞ്ഞു.

''ഒന്നു വാടീ വേഗം.''

''ഒരു പത്തുമിനിറ്റു വെയിറ്റു ചെയ്യ് മോളെ ബസ്സില്‍ക്കയറ്റി വിടാം.''

''മോനൊരുരുങ്ങിയോ?''

''അച്ചു റെഡി.'' മായ പറഞ്ഞു.

''അച്ഛാ ഞാനോക്കെ...'' അച്ചുമോന്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് ടൈയൊക്കെക്കെട്ടി റെഡിയായി നിന്നു.

''ദേ സ്‌കൂള്‍ ബസു വന്നു.'' ശ്രീകാന്ത് വിളിച്ചു പറഞ്ഞു. ആവണി ഓടിച്ചെന്നു ബസ്സില്‍ക്കയറി.

''അമ്മേ, അച്ഛാ, അച്ചൂ റ്റാറ്റാ...''

''മോളേ, റ്റാറ്റാ അപ്പൂപ്പനില്ലേ...?''

''വൈകുന്നേരം തരാം.''

ബസ് മെല്ലെ മുന്നോട്ടു പാഞ്ഞു.

''അച്ഛാ കാപ്പി എടുത്തു കഴിച്ചൂടേ.''

''കഴിച്ചോളാം മോള്‍ പൊയ്‌ക്കോ.'' ശിവശങ്കരന്‍ സാറ് പറഞ്ഞു.

മായ അച്ചൂനേം കൂട്ടി കാറില്‍ക്കയറി. പോകുന്നവഴിയാണ് അച്ചൂന്റെ സ്‌കൂള്. അവനെ അവിടെ ഇറക്കണം. ചക്കരക്കുട്ടനെ അവന്റെ സ്‌കൂളിലിറക്കിയിട്ട് ശ്രീകാന്ത് തന്റെ ഓഫീസിലേക്കു കാറോടിച്ചുപോയി.

കാര്‍ താഴെ പോര്‍ച്ചില്‍ നിര്‍ത്തി ശ്രീകാന്തും ഭാര്യയും ഇറങ്ങി.

''ഇന്നു നമ്മളല്പം വൈകിയോ മായേ...''

''ഒരഞ്ചുമിനിറ്റു വൈകി.''

അവരെക്കണ്ട് ഓഫീസിലെ ചില സഹപ്രവര്‍ത്തകര്‍ ഗുഡ്‌മോണിങ് പറഞ്ഞു.

തന്റെ തൊട്ടടുത്ത സീറ്റിലിരുന്നു വര്‍ക്കു ചെയ്യുന്ന നന്ദനാ രാജഗോപാല്‍ എന്ന സുന്ദരി ശ്രീകാന്തിനെ നോക്കി പുഞ്ചിരിച്ചു.

''ഗുഡ്‌മോണിങ് സാര്‍...''

''ഗുഡ്‌മോണിങ് നന്ദന...''

 

(തുടരും)

 
മിഠായി
Login log record inserted successfully!