•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

നാല്പതാംവെള്ളിയാചരണവും കുരിശുമലകയറ്റവും

മ്പതുനോമ്പിനോടനുബന്ധിച്ച് അറുന്നൂറ്റിമംഗലം സെന്റ് തോമസ് പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന നാല്പതാം വെള്ളിയാചരണവും കുരിശുമലകയറ്റവും ഈ വര്‍ഷവും ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

നോമ്പുകാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളത്തിനു വെളിയില്‍നിന്നുമായി പതിനായിരങ്ങളാണ് പശ്ചാത്താപത്തിന്റെയും പ്രാര്‍ഥനയുടെയും അരൂപിയില്‍ ഈ തീര്‍ഥാടനകേന്ദ്രത്തിലെത്തി അനുഗ്രഹങ്ങള്‍ പ്രാപിച്ചുമടങ്ങുന്നത്. 

വ്യാഴം, വെള്ളി ദിവസങ്ങളില്‍ മലയടിവാരംമുതല്‍ മലമുകള്‍വരെ കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ഥനാഗാനാലാപനത്തോടെ തീര്‍ഥാടകസംഘങ്ങള്‍ മല കയറുന്നു. മല നീന്തിക്കയറുന്നവരും കല്ലു ചുമന്നുകൊണ്ടു മല കയറുന്നവരും ഉരുളുനേര്‍ച്ച നടത്തുന്നവരും നോമ്പുനോറ്റു കാല്‍നടയായിവന്നു മല കയറുന്നവരും ധാരാളം. 
നാല്പതാംവെള്ളിയാഴ്ചയുടെ തലേദിവസംമുതല്‍ ഇവിടെ മലകയറ്റം ആരംഭിക്കുന്നു. വിശുദ്ധ കുരിശിന്റെ തിരുശ്ശേഷിപ്പ് വ്യാഴാഴ്ച രാവിലെ ആഘോഷമായി പള്ളിയില്‍നിന്നു മലമുകളിലെത്തിച്ചു പ്രതിഷ്ഠിക്കുന്നതോടെയാണ് തിരുക്കര്‍മങ്ങളുടെ ആരംഭം. തുടര്‍ന്നു മുടങ്ങാതെ മലമുകളിലും താഴത്തെ പള്ളിയിലും ദിവ്യബലി ഉണ്ടായിരിക്കും. ഈ തീര്‍ഥാടനകേന്ദ്രത്തില്‍നിന്ന് ഉദ്ദിഷ്ടകാര്യങ്ങള്‍ ലഭിച്ചവര്‍, അദ്ഭുതരോഗശാന്തി ലഭിച്ചവര്‍, അസാധ്യകാര്യങ്ങള്‍ നേടിയവര്‍ തുടങ്ങിയവരുടെ നിരവധി അനുഭവങ്ങള്‍ പള്ളിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
  
1920 ല്‍ ബഹുമാനപ്പെട്ട ചേമ്പാലയില്‍ മത്തായി കത്തനാര്‍ വികാരിയായിരുന്ന കാലത്താണ് അറുന്നൂറ്റിമംഗലം കുരിശുമലകയറ്റത്തിന്റെ ആരംഭം. ഒരു ദിവസം മത്തായിയച്ചന്‍ മലമുകളിലൂടെ നടന്നുവരുമ്പോള്‍ ഒരു അശരീരി കേള്‍ക്കാനിടയാ
യത്രേ. അതിപ്രകാരമായിരുന്നു: ''നാല്പതാം വെള്ളിയാഴ്ചദിവസം മലമുകളില്‍ കുരിശു സ്ഥാപിച്ച് എല്ലാ വര്‍ഷവും മലകയറ്റം നടത്തണം.'' അതേത്തുടര്‍ന്ന്, അക്കൊല്ലം നാല്പതാം വെള്ളിയാഴ്ചദിവസം ഒരു വലിയ മരക്കുരിശും തോളിലേന്തി കുരിശിന്റെ വഴിയിലൂടെ, പ്രാര്‍ഥനാമന്ത്രങ്ങളുമായി സ്വന്തം ഇടവകാംഗങ്ങളോടൊപ്പം  മലയടിവാരത്തുനിന്നു മലമുകളിലേക്കു ബഹുമാനപ്പെട്ട മത്തായിയച്ചന്‍ നടന്നുകയറി. അവിടെ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ മരക്കുരിശു സ്ഥാപിക്കുകയും ചെയ്തു. ഇതായിരുന്നു ആദ്യത്തെ മലകയറ്റം. ഇതിനുശേഷം നോമ്പുകാലത്ത് ഒരു ഭക്താനുഷ്ഠാനമെന്ന നിലയില്‍ പള്ളിയുടെ അടിവാരത്തുനിന്നു മലമുകളിലേക്ക് 
'കുരിശിന്റെ വഴി' നടത്തുക പതിവായിത്തീര്‍ന്നു. പള്ളിയുടെ പിന്നിലായി ഉയര്‍ന്നുവിരാജിക്കുന്ന, പ്രകൃതിസൗന്ദര്യംനിറഞ്ഞ ഈ മലമുകളിലെ ആത്മീയചൈതന്യം നിറഞ്ഞ അന്തരീക്ഷം ഇപ്രകാരമൊരു ഭക്തകര്‍മാനുഷ്ഠാനത്തിന് മത്തായിയച്ചനെ പ്രേരിപ്പിച്ചിരിക്കാമെന്നഭിപ്രായപ്പെടുന്നവരുണ്ട്.
അദ്ഭുതമെന്നുപറയട്ടെ, അറുന്നൂറ്റിമംഗലം പള്ളി താമസിയാതെ ഒരു തീര്‍ഥാടനകേന്ദ്രമായി മാറുകയായിരുന്നു. നിരവധിയായ അനുഗ്രഹങ്ങളുടെയും അദ്ഭുതരോഗശാന്തികളുടെയും മായംചേര്‍ക്കാത്ത അനുഭവസാക്ഷ്യങ്ങള്‍ ഭക്തജനങ്ങളെ ഇവിടേക്കു കൂടുതല്‍ ആകര്‍ഷിച്ചു. സനാതനമായ ദൈവികജീവന്റെ നീരുറവ ഒരിക്കലും വറ്റാത്തവിധം പ്രവഹിക്കുന്ന ഒരു പുണ്യസ്രോതസ്സായി കുരിശുമല മാറി.
മല ചവിട്ടാന്‍  വളര്‍ത്തുമൃഗങ്ങളും
1930 മുതലാണ് വളര്‍ത്തുമൃഗങ്ങളെ മലകയറ്റാന്‍ തുടങ്ങിയത്. അന്നു വികാരിയായിരുന്ന ബഹുമാനപ്പെട്ട മത്തായി വട്ടംകണ്ടത്തിലച്ചന് രണ്ടു വണ്ടിക്കാളകളുണ്ടായിരുന്നു. ഇവയ്ക്കു രണ്ടിനും മാരകമായ രോഗം ബാധിക്കുകയും രക്ഷപ്പെടുകയില്ലെന്നു വൈദ്യന്മാര്‍ വിധിക്കുകയും ചെയ്തു. അച്ചന്‍ പ്രാര്‍ഥനയോടെ ഈ വണ്ടിക്കാളകളെ മലകയറ്റി. അദ്ഭുതരോഗശാന്തിയായിരുന്നു ഫലം. വാര്‍ത്ത നാടെങ്ങും പരന്നു. താമസിയാതെ ഭക്തജനങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ മലകയറ്റാന്‍ തുടങ്ങി. രോഗശാന്തിനേടിയ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചുവന്നു. 
അറുന്നൂറ്റിമംഗലത്തിനടുത്തുള്ള മുളക്കുളം സ്വദേശിയുടെ ആനയ്ക്കു മാരകമായ രോഗം ബാധിച്ചു. ആനയുടെ രോഗം മാരകമാണെന്നും രക്ഷപ്പെടുകയില്ലെന്നുമായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. ആനയുടെ ഉടമസ്ഥന്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയും ആനയെ മലകയറ്റാമെന്നു നേര്‍ച്ച നേരുകയും മല കയറ്റുകയും ചെയ്തു. ആനയ്ക്ക് അദ്ഭുതരോഗശാന്തിയുണ്ടായി. 
ആനയുടെ ഉടമസ്ഥന്‍ വര്‍ഷന്തോറും തുടര്‍ച്ചയായി ആനയെ മല കയറ്റി. ഇന്നും അനേകര്‍ രോഗശാന്തിതേടി തങ്ങളുടെ അരുമകളായ വളര്‍ത്തുമൃഗങ്ങളെ മല കയറ്റുന്നു.

മലമുകളിലെ കപ്പേള
1953 ല്‍ മലമുകളിലെ കപ്പേളയുടെ നിര്‍മാണം  പൂര്‍ത്തിയായി. ഈയവസരത്തില്‍ റോമില്‍നിന്നു വിശുദ്ധകുരിശിന്റെ തിരുശ്ശേഷിപ്പു പള്ളിയിലേക്കു ലഭിക്കുകയും എല്ലാ നാല്പതാംവെള്ളിയാഴ്ചയുടെയും തലേദിവസം വ്യാഴാഴ്ച പരസ്യവണക്കത്തിനായി മലമുകളിലെ കപ്പേളയില്‍ തിരുശ്ശേഷിപ്പ് പ്രതിഷ്ഠിക്കുകയും ചെയ്തുവരുന്നു.
1972 ല്‍ മലമുകളിലെ കപ്പേള പുതുക്കിപ്പണിതു. ഇതോടൊപ്പം കുരിശിന്റെ വഴിയിലെ 14 സ്തംഭങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ഫാദര്‍ ജോര്‍ജ് നെടുങ്ങോട്ടില്‍ വികാരിയായിരിക്കുമ്പോഴായിരുന്നു ഈ നിര്‍മാണങ്ങള്‍.
മലമുകള്‍വികസനത്തിനായി കെ. എം. മാത്യു കരികുളം, എന്‍.ഇ. മാത്യു നെടുങ്ങോട്ടില്‍  എന്നിവര്‍ സഹായസഹകരണങ്ങളും സംഭാവനകളും നല്കിയിട്ടുണ്ട്. അതുപോലെതന്നെ ജോര്‍ജ് കുര്യന്‍ ആറാക്കപ്പടവില്‍, വര്‍ക്കി ചാക്കോ കരികുളം പുളിഞ്ചോട്ടില്‍, സീലിയ ചാക്കോ പടിഞ്ഞാറേ മുള്ളന്‍കുഴി തുടങ്ങിയവരുടെ സഹായസഹകരണത്തിലാണ് ഈശോയുടെ ഗദ്‌സമെന്‍ പ്രാര്‍ഥനയുടെയും ഉത്ഥാനത്തിന്റെയും ചിത്രീകരണങ്ങള്‍ നിര്‍മിച്ചത്. 
അറുന്നൂറ്റിമംഗലം ഇടവകസമൂഹമൊന്നാകെ നാല്പതാംവെള്ളിയാചരണത്തിന്റെയും കുരിശുമലകയറ്റത്തിന്റെയും മുന്നൊരുക്കത്തിലാണിപ്പോള്‍. തീര്‍ഥാടകര്‍ക്ക് എല്ലാവിധ സൗകര്യവും ഒരുക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. 2012 മുതല്‍ ഇവിടെ നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്കു പാപസങ്കീര്‍ത്തനം നടത്തുന്നതിനും വിശുദ്ധകുര്‍ബാനയില്‍ സംബന്ധിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും  ഒരുക്കിയിട്ടുള്ളതായി വികാരി ഫാ. അഗസ്റ്റിന്‍ വരിക്കമാക്കല്‍ അറിയിച്ചു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)