ജനങ്ങള്‍ ജനങ്ങളെ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കുന്ന അവസ്ഥയാണല്ലോ ''ഡെമോസ്'' (ജനം) ''ക്രാസിയ'' (ഭരണം) എന്നീ രണ്ടു ഗ്രീക്കുപദങ്ങളില്‍നിന്നു രൂപംകൊണ്ട ഡെമോക്രസി എന്ന ജനാധിപത്യം. ആശയപരമായും പ്രായോഗികതലത്തിലും ഏറ്റവും ആകര്‍ഷകമായ ഭരണക്രമം. പക്ഷേ, അത് അടിമുടി പാളിപ്പോയിരിക്കുന്നു.
എല്ലാ തലങ്ങളിലും കുറ്റമറ്റ ജനാധിപത്യം ലോകത്തൊരിടത്തും നാളിതുവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകാനും പോകുന്നില്ല. നൂറില്‍ 51 പേരുടെ പിന്തുണ കിട്ടിയാല്‍ അവര്‍ കാര്യക്കാരും നടത്തിപ്പുകാരുമാകുന്നു. ബാക്കി 49 പേര്‍ക്ക് മിണ്ടാന്‍ അവകാശമോ മിണ്ടിയതുകൊണ്ടു പ്രയോജനമോ ഇല്ല. ഇക്കൂട്ടര്‍ക്കു ജനാധിപത്യമെന്നതു ബാലികേറാമലയും അതിന്റെ ആനുകൂല്യങ്ങള്‍ കിട്ടാക്കനികളുമാകുന്നു. അതേസമയം, ഭൂരിപക്ഷത്തിനു ജനാധിപത്യമെന്ന പേരില്‍ എന്തു തോന്ന്യാസവും കാണിക്കാനുള്ള അധികാരമാണ് കരഗതമാകുന്നത്. ബലവത്തായ ഈ ദുര്‍വിനിയോഗം കണ്ടും കേട്ടും മനമിടറുമ്പോള്‍ ഉള്ളിലെ വേദന സഹിക്കവയ്യാതെ പലരും പ്രതികരിക്കുന്നു. അവരില്‍ മിക്കവരും ദുരൂഹസാഹചര്യങ്ങളില്‍ അപ്രത്യക്ഷരാകുകയോ നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്യുന്നു. പോയനാളുകളില്‍ നിളയുടെ കഥാകാരനും മയ്യഴിയുടെ ഭാവഗായകനുമൊക്കെ, പൂജ്യമെന്നു കരുതിപ്പോന്ന ആദര്‍ശങ്ങള്‍ ജനാധിപത്യത്തിന്റെ കപടവേഷം കെട്ടിയ കാവലാളന്മാര്‍ നിര്‍ദയം ചവിട്ടിമെതിക്കുന്നതു കണ്ടപ്പോളുണ്ടായ മനസ്സിന്റെ നീറ്റലില്‍നിന്ന് ഊറിക്കൂടിയ വാക്കുകള്‍ കേട്ടപ്പോള്‍ പലര്‍ക്കും ഉള്ളു പൊള്ളി. അതിന്റെ ചൂടാറുംമുമ്പേ ആ പ്രതികരണം തങ്ങളെപ്പറ്റിയല്ലെന്നു പൊതുവേദികളില്‍ കയറിനിന്നു നാണമില്ലാതെ കലിതുള്ളിയവരുണ്ട്. എത്ര തുള്ളിയാലും സത്യം സത്യമല്ലാതാവില്ലല്ലോ.
ജനാധിപത്യത്തിന്റെയും പൊതുജനസേവനത്തിന്റെയും പേരുപറഞ്ഞ് അധികാരം കൈയാളിയിട്ടുള്ള സകല ശക്തികളും വ്യക്തികളും ക്രമേണ വാഗ്ദാനങ്ങളൊക്കെ വലിച്ചെറിഞ്ഞ് തോന്നിയ വഴിക്കു മുന്നേറിയ ചരിത്രമേ നാളിതുവരെ ഉണ്ടായിട്ടുള്ളൂ. ഇന്നും നാമതു കാണുന്നു, കേള്‍ക്കുന്നു, അനുഭവിക്കുന്നു. നാടിന്റെ മുക്കിലും മൂലയിലും ആവശ്യമായിരിക്കുന്ന നിര്‍മാണങ്ങളും വികസനങ്ങളും പാടേ പരിത്യജിച്ചു തനിക്കുതന്നെയും സ്വന്തക്കാര്‍ക്കും അണികള്‍ക്കും നിയമങ്ങളും ചട്ടങ്ങളും മറികടന്നു വേണ്ടതൊക്കെ ഏര്‍പ്പാടാക്കുന്ന ദുഷിച്ച സംവിധാനമായി ജനാധിപത്യം അധഃപതിച്ചിട്ടു നാളേറെയായി. ഇല്ലാത്ത തെളിവുകളും സാക്ഷിമൊഴികളുമുണ്ടാക്കി കൊലക്കുറ്റം ചെയ്ത പ്രതിയെ വെറുതെ വിടുവിക്കുന്നത് എന്തു ജനാധിപത്യമാണ്? വാളയാറും വണ്ടിപ്പെരിയാറും വിളിച്ചുപറയുന്ന പച്ചയായ സത്യമല്ലേ അത്? ബില്‍ക്കിസ് ബാനുക്കേസും ചണ്ഡിഗഡിലെ മേയര്‍ തിരഞ്ഞടുപ്പുമൊക്കെ ഇവിടെ നിലനില്ക്കുന്ന ഭരണസംവിധാനത്തിന്റെ ഗതി എങ്ങോട്ടാണെന്നല്ലേ ചൂണ്ടിക്കാണിക്കുന്നത്? ഭരണഘടന ഉറപ്പുതരുന്ന മതേതരത്വം അഭംഗുരം തുടരേണ്ട നാട്ടില്‍ പള്ളിയുടെ മുകളില്‍ കാവിക്കൊടി കെട്ടാനും പരിപാവനമായ അള്‍ത്താരയ്ക്കു മുമ്പില്‍നിന്നു ജയ്ശ്രീറാം വിളിക്കാനും എതിര്‍ചേരികള്‍ക്കു പ്രചോദനമാകുന്നത് രോഗാതുരയായി തളര്‍ന്നുകിടക്കുന്ന ജനാധിപത്യത്തിന്റെ കഴിവുകേട് ഒന്നുകൊണ്ടുമാത്രമാണ്. ദശവത്സരങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്ന കെട്ടിടങ്ങളും റോഡുകളും പാലങ്ങളും മറ്റു പദ്ധതികളും പതിനായിരക്കണക്കുണ്ട് നാട്ടിലുടനീളം...?
വേണ്ടതിനും വേണ്ടാത്തതിനും പൊതുജനങ്ങളെ കുത്തിപ്പിഴിഞ്ഞെടുക്കുന്ന നികുതിപ്പണമാണ് ഇങ്ങനെ കിടന്നു മഴ നനഞ്ഞും തുരുമ്പുപിടിച്ചും നശിക്കുന്നത്. ഈ പണംകൊണ്ടു രാജമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും വിരുന്നൊരുക്കാനും വിദേശയാത്ര നടത്താനും ഒരുളുപ്പുമില്ലാതെ തുനിഞ്ഞിറങ്ങുന്നവര്‍ ജനാധിപത്യത്തെ നിര്‍ദയം മാനഭംഗപ്പടുത്തുകയാണ്. നിയമനത്തിനു യോഗ്യതയില്ലെങ്കിലും സ്വന്തം അണികള്‍ക്കു ക്ലീന്‍ ചിറ്റ്. യോഗ്യതയുള്ള എതിരണികള്‍ക്കു നോ ചിറ്റ്...! സ്വന്തക്കാര്‍ അമ്പലം വിഴുങ്ങിയാലും കേസില്ല. മറ്റുള്ളവര്‍ ഏലസിലൊന്നു തൊട്ടാല്‍ ജാമ്യമില്ലാവകുപ്പില്‍ കേസാണ്. വാഗ്ദാനങ്ങളില്‍ മുങ്ങിമയങ്ങി ജനാധിപത്യത്തിനു വോട്ടു ചെയ്തവര്‍ മണ്ടന്മാരാകുന്ന കാഴ്ച..! അനുദിനജീവിതം തള്ളിനീക്കാന്‍ അവര്‍ക്കു ത്രാണിയില്ല. വില്‍ക്കാനുള്ളതിനു വിലയിടിയുന്നു. വാങ്ങാനുള്ളതിനോ തീവില..! നികുതിഭാരംമൂലം നടുവൊടിയുന്നു. ശ്വസിക്കുന്ന വായുവിനുപോലും സമീപഭാവിയില്‍ നികുതി കൊടുക്കേണ്ടിവന്നേക്കാം. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, വറ്റിവരണ്ട ടാപ്പുകള്‍. കുടിക്കാന്‍ കലക്കവെള്ളം; കുളിക്കാന്‍ ചെളിവെള്ളം. വെച്ചുണ്ണാന്‍ പുഴുവരി, ചെള്ളരി, വണ്ടരി തുടങ്ങിയ നോണ്‍വെജ് അരിയിനങ്ങള്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലയോരനഗരങ്ങള്‍പോലും നരഭോജികളും ആളെക്കൊല്ലികളും വിളനാശകരുമായ വന്യമൃഗങ്ങള്‍ കൈയടക്കിയിരിക്കുന്നു. നാട്ടിലാകെ കള്ളന്മാരും കൊള്ളക്കാരും മയക്കുമരുന്നുകാരും കറക്കുകമ്പനിക്കാരും കറങ്ങിനടക്കുന്നു. കുരുന്നുകുഞ്ഞുങ്ങള്‍ക്കുപോലും രക്ഷയില്ലാത്ത പാപശാപത്തിന്റെ ഭാരം പേറുന്ന ദിനരാത്രങ്ങള്‍. ജനാധിപത്യം 'വാഴുക'യാണിവിടെ.
ഈ വൈതരണികളെല്ലാം മറികടന്നു സംശുദ്ധമായ ജനാധിപത്യം നടപ്പിലാകണമെങ്കില്‍ പരസ്പരം പോരടിക്കുന്ന അടി-തട-തട-അടി രാഷ്ട്രീയത്തിന്റെ തടവറയില്‍നിന്നു നാടും നഗരവും നിയമങ്ങളും സമൂഹവും മോചനം നേടിയേ മതിയാവൂ. നാടിന്റെ ആവശ്യങ്ങള്‍ മുന്‍വിധിയോ ചേരിതിരിവുകളോ ഇല്ലാതെ ചര്‍ച്ച ചെയ്തു തീരുമാനിക്കാനും നടപ്പിലാക്കാനും ചങ്കുറപ്പുള്ള ഭരണസമിതികള്‍ പ്രാദേശികതലങ്ങളില്‍ രൂപപ്പെടട്ടെ. അര്‍ഹതയുള്ളത് അര്‍ഹതയുള്ളവനു ലഭിക്കുന്ന അവസ്ഥ സംജാതമാകട്ടെ. അര്‍ഹതയില്ലാത്ത ഒന്നും അതില്ലാത്ത ആര്‍ക്കും കിട്ടുന്നില്ലാത്ത സ്ഥിതി നടപ്പിലാകട്ടെ. അതാണു ജനാധിപത്യം.
കവര്‍സ്റ്റോറി
ജനാധിപത്യത്തിന്റെ മാനം കെടുത്തുന്നവര്‍
