•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ഉദ്ഘാടനം ചെയ്തു

പാലാ: ചികിത്സയ്‌ക്കൊപ്പം അധ്യാപനം, ഗവേഷണം എന്നിവകൂടി നടത്തുന്ന പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളില്‍ മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണെന്ന് മന്ത്രി വി.എന്‍. വാസവന്‍. മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മധ്യതിരുവിതാംകൂറിലെ ഏറ്റവും ശ്രദ്ധേയമായ ആതുരശുശ്രൂഷാകേന്ദ്രമായി കുറഞ്ഞകാലംകൊണ്ട് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിക്കു മാറാന്‍ സാധിച്ചതായും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
ആരോഗ്യവിദ്യാഭ്യാസമേഖലയില്‍ സമൂഹത്തിനു കുതിപ്പു പകരാന്‍  മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ഉപകരിക്കുമെന്ന് അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മെഡിക്കല്‍ ഉന്നതവിദ്യാഭ്യാസം നേടാന്‍ നേരത്തേ വിദേശരാജ്യങ്ങളിലേക്കു പോകേണ്ട സാഹചര്യമുണ്ടായിരുന്നു. ഡിഎന്‍ബി കോഴ്‌സുകളും പി.ജി, ഡിഗ്രി കോഴ്‌സുകളും ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ ഏറെ പ്രയോജനപ്പെടുന്ന കോഴ്‌സുകള്‍ മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് റിസര്‍ച്ചില്‍ ആരംഭിക്കാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ബിഷപ് പറഞ്ഞു. 
മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാനചുവടുവയ്പായി മാറുകയാണ് ഗവേഷണത്തിനുകൂടി പ്രാധാന്യം നല്‍കുന്ന മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെ പ്രവര്‍ത്തനമെന്ന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. 
ഡോക്ടര്‍മാര്‍ക്കായി നാഷനല്‍ ബോര്‍ഡിന്റെ ഡിഎന്‍ബി കോഴ്‌സുകളില്‍ വിവിധ വകുപ്പുകളില്‍ 16 സീറ്റുകളും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പില്‍ രണ്ടു സീറ്റുകളും, ഫെലോഷിപ്പിനും മറ്റു സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും മൂന്നു സീറ്റുകളും മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് റിസര്‍ച്ചില്‍ ഉണ്ട്. കൂടാതെ, വിദ്യാര്‍ഥികള്‍ക്കായി ഒരു പി.ജി.കോഴ്‌സും, ആറു ഡിഗ്രി കോഴ്‌സുകളും, രണ്ടു സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്.  
അക്കാഡമിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.ടി.തോമസ് മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന്‍ ബാബു, അക്കാഡമിക്‌സ് അസി. ജനറല്‍ മാനേജര്‍ ഡോ. മനോജ് എം.ടി. എന്നിവര്‍ പ്രസംഗിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)