സ്വതന്ത്രേന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് വ്യക്തിഗതമെഡല്‍ ഗുസ്തിയിലാണ്. 1952 ല്‍ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ജെ.ഡി. ജാദവ് 52 കിലോ വിഭാഗം ഫ്രീസ്റ്റൈലില്‍ നേടിയ വെങ്കലമായിരുന്നു അത്. കഴിഞ്ഞ നാല് ഒളിമ്പിക്‌സിലും ഇന്ത്യയ്ക്കു മെഡല്‍ സമ്മാനിച്ച ഇനമാണു ഗുസ്തി. അതില്‍ത്തന്നെ സുശീല്‍കുമാര്‍ 2008 ലും 2012 ലും മെഡല്‍ നേടി (യഥാക്രമം വെങ്കലവും വെള്ളിയും) ചരിത്രമെഴുതി. 2012 ലും 20 ലും ഗുസ്തിയില്‍ രണ്ടു മെഡല്‍ വീതമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. പക്ഷേ, 2024 ലെ പാരീസ് ഒളിമ്പിക്‌സ് അഞ്ചുമാസം അകലെനില്‍ക്കെ ഏറ്റവും ആശങ്കയിലുള്ളത് നമ്മുടെ ഗുസ്തിതാരങ്ങളാണ്.
സമയത്തിനു തിരഞ്ഞെടുപ്പു നടക്കാത്തതിന്റെ പേരില്‍ രാജ്യാന്തരഗുസ്തിസംഘടന (യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്) റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ 2023 ഓഗസ്റ്റ് 23 ന് സസ്‌പെന്‍ഡു ചെയ്തു.
ഡിസംബര്‍ 21 ന് തിരഞ്ഞെടുപ്പു നടന്നെങ്കിലും ബ്രജ്ഭൂഷന്‍ ശരന്‍സിങ്ങിന്റെ അനുയായി സഞ്ജയ്കുമാര്‍ സിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മുമ്പ് ബ്രിജ്ഭൂഷനെതിരേ സമരം ചെയ്ത ഗുസ്തിതാരങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഒളിമ്പിക് മെഡല്‍ ജേത്രി സാക്ഷി മാലിക് മത്സരരംഗം വിട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന്, റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്ത് മൂന്നംഗസമിതിയെ ഭരണം ഏല്പിച്ചു. ബ്രിജ്ഭൂഷന്റെ അനുയായികള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഫലം സമാന്തരദേശീയചാമ്പ്യന്‍ഷിപ്പുകളും ദേശീയ ക്യാമ്പുകളും സംഘടിപ്പിക്കപ്പെട്ടു. പല താരങ്ങളും രണ്ടു ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു.
വാദപ്രതിവാദങ്ങള്‍ക്കിടയിലും ഒളിമ്പിക്‌സ് തയ്യാറെടുപ്പുകളുമായി താത്കാലികസമിതിയും കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രാലയവും മുന്നോട്ടു പോകുമ്പോഴാണ് ഫെബ്രുവരി 13 ന് രാജ്യാന്തരസംഘടന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. അതോടെ ബ്രിജ്ഭൂഷന്‍ പക്ഷത്തിനു വിജയമായി. ഫെഡറേഷന്റെ സെക്രട്ടറി ജനറല്‍ പ്രേംചന്ദ് ലോച്ചബും സീനിയര്‍ വൈസ് പ്രസിഡന്റ് ദേവേന്ദര്‍ കദിയാനും ഒഴികെ ഭരണസമിതിയില്‍ എല്ലാവരും ബ്രിജ്ഭൂഷന്‍പക്ഷക്കാരാണ്. ബ്രിജ്ഭൂഷനെ ബി.ജെ.പി. നേതൃത്വംതന്നെ നേരിട്ടു വിളിപ്പിച്ച് ഗുസ്തി ഫെഡറേഷന്റെ ഭരണത്തില്‍ ഇടപെടരുതെന്നു താക്കീതു നല്‍കിയെങ്കിലും യു.പി. ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റായി ബ്രിജ്ഭൂഷന്റെ പുത്രന്‍ അന്‍ഭൂഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണമായി.
റെസ്‌ലിങ് ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം അംഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. അംഗീകരിച്ചാല്‍ സമരം പുനരാരംഭിക്കുമെന്ന് സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും പറഞ്ഞുകഴിഞ്ഞു. സാക്ഷി പരിശീലനം പുനരാരംഭിച്ചിട്ടില്ല. ബജ്‌റങ് പുനിയ ഒളിംപിക്‌സ് ഒരുക്കങ്ങളുമായി വിദേശത്താണ്. വിനേഷ് ആകട്ടെ പരിക്കില്‍നിന്നു മോചിതയായി, ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് സ്വര്‍ണം നേടി സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇനി ഒളിമ്പിക്‌സ് ട്രയല്‍സാണു മുമ്പിലുള്ളത്.
ഏഷ്യന്‍തലത്തിലെ ഒളിമ്പിക് യോഗ്യതാമത്സരങ്ങള്‍ ഏപ്രിലില്‍ കിര്‍ഗിസ്ഥാനിലും ആഗോളതലത്തിലത് മേയില്‍ തുര്‍ക്കിയിലുമാണു നടത്തുക. ഇവയില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങളുടെ തിരഞ്ഞെടുപ്പ് താത്കാലികസമിതിയും ദേശീയഫെഡറേഷനും വെവ്വേറെ നിശ്ചയിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഫെഡറേഷന്റെ ട്രയല്‍സ് ആയിരിക്കും രാജ്യാന്തരസംഘടന അംഗീകരിക്കുക. പക്ഷേ, താരങ്ങളുടെ വിദേശപരിശീലനത്തിനും യാത്രകള്‍ക്കുമൊക്കെ സാമ്പത്തികസഹായം ലഭിക്കേണ്ടത് കേന്ദ്രസര്‍ക്കാരില്‍നിന്നാണ്. താരങ്ങള്‍ ശരിക്കും ആശങ്കയിലാണ്. സമരം ചെയ്ത താരങ്ങള്‍ ഫെഡറേഷനെ അനുസരിക്കില്ല, മാത്രമല്ല, അവരോടു വിവേചനം പാടില്ലെന്നു സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ രാജ്യാന്തരസംഘടന വ്യക്തമാക്കിയിട്ടുമുണ്ട്.
പാരീസ് ഒളിമ്പിക്‌സ് ജൂലൈയില്‍ തുടങ്ങുമെങ്കിലും ഗുസ്തിമത്സരങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ഓഗസ്റ്റ് അഞ്ചുമുതലാണ്. ലോകചാമ്പ്യന്‍ഷിപ്പില്‍ 53 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ ആന്റിം പംഗല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്‌ക്വോട്ട നേടിത്തന്നിട്ടുള്ളത്. പുരുഷ-വനിതാവിഭാഗങ്ങളില്‍ 18 ഭാരവിഭാഗങ്ങളില്‍ ഒളിമ്പിക്‌സില്‍ മത്സരമുണ്ട്. അതായത്, 17 ബര്‍ത്തുകള്‍ ബാക്കിയുണ്ട്. (ക്വോട്ട നേടുന്ന ആള്‍തന്നെ മത്സരക്കണമെന്നില്ല.)
ഫെഡറേഷന്‍ പുനെയില്‍ നടത്തിയ ദേശീയചാംപ്യന്‍ഷിപ്പ് അംഗീകരിക്കില്ലെന്നും ജയ്പൂരില്‍ താത്കാലികസമിതി സംഘടിപ്പിച്ച ചാംപ്യന്‍ഷിപ്പാണ് അംഗീകരിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രാനുമതിയോടെ നടത്തിയ മത്സരങ്ങള്‍ സംഘടിപ്പിച്ചത് റെയില്‍വേ സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ ബോര്‍ഡാണ്. ഇതിനെത്തുടര്‍ന്ന് 120 ഗുസ്തിതാരങ്ങളെ പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍, ഗ്രീക്കോ-റോമന്‍, വനിതകള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ (40 വീതം) ദേശീയക്യാപിലേക്കു തിരഞ്ഞെടുത്തു. വിനേഷിനു (55 കിലോ) പുറമേ, അന്‍ഷു മാലിക് (59 കിലോ) സരിതമോള്‍ (59 കിലോ) നിഷാ ദാഹിയ (68 കിലോ) സുനില്‍കുമാര്‍ (87 കിലോ) തുടങ്ങിയവരൊക്കെ ദേശീയചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു.
കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രാലയം രാജ്യാന്തരസംഘടനയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു വേണ്ടത്. സഞ്ജയ്കുമാര്‍ സിങ്ങുമായി ഒത്തുതീര്‍പ്പിനു ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാനാണു സാധ്യത. ഏതു ഗോദയില്‍ ഗുസ്തിപിടിക്കണമെന്നറിയാതെ വിഷമിക്കുകയാണു താരങ്ങള്‍.
ടോക്കിയോ ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ (ഒരു വെള്ളിയും ഒരു വെങ്കലവും) നേടിയ ഇന്ത്യയുടെ പ്രകടനം ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ മെച്ചമല്ലായിരുന്നു. ജക്കാര്‍ത്തയില്‍ രണ്ടു സ്വര്‍ണം നേടിയ ഇന്ത്യയ്ക്ക് ഹാങ്‌ചോയില്‍ സുവര്‍ണവിജയം സാധ്യമായില്ല. സമരങ്ങള്‍ താരങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയതുതന്നെ കാരണം. സമരക്കാരെ കേള്‍ക്കാന്‍ കേന്ദ്രം വേണ്ടതുപോലെ തുനിഞ്ഞില്ല എന്നതു സത്യം. ബ്രിജ്ഭൂഷന്‍ മറ്റൊരു ലോക്‌സഭാതിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ഗുസ്തിതാരങ്ങള്‍ക്ക് ഒളിമ്പിക്‌സിന് ഒരുങ്ങേണ്ടേ? തീരുമാനം വൈകരുത്.