•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരോ?

  • സില്‍ജി ജെ. ടോം
  • 14 December , 2023

നമ്മുടെ കുട്ടികള്‍ ഓടിനടക്കുന്ന സ്‌കൂള്‍കളിമുറ്റങ്ങളും അവരുടെ പഠനമുറികളും എന്തിന്, വീട്ടകങ്ങള്‍പോലും സുരക്ഷിതമോ?  അച്ഛനമ്മാര്‍ക്കൊപ്പവും അല്ലാതെയുമുള്ള യാത്രാവേളകളിലും, പെരുന്നാള്‍സ്ഥലങ്ങളിലും ഉത്സവപ്പറമ്പുകളിലും  മാളുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും ടൂറിസ്റ്റുകേന്ദ്രങ്ങളിലും തുടങ്ങി കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍  നമുക്ക് ഇത്രയും കരുതല്‍ മതിയോ? കുഞ്ഞുങ്ങള്‍ വിലപ്പെട്ട നിധിയാണ്. വളരെ കരുതലോടെ വളര്‍ത്തിയാലും ചെറിയൊരു അശ്രദ്ധ മതി കാര്യങ്ങള്‍ കൈവിട്ടുപോകാന്‍. കുഞ്ഞുങ്ങളെ നമ്മില്‍നിന്നു തട്ടിയെടുക്കാന്‍ കണ്ണുംനട്ടിരിക്കുന്നവര്‍ ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കുണ്ടാവണം. അബിഗേല്‍ സാറാ എന്ന ആറുവയസ്സുകാരിയുടെ  തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടലില്‍നിന്നു നമ്മള്‍ ഇനിയും മുക്തരായിട്ടില്ലല്ലോ. ഒമ്പതുകാരനെങ്കിലും സാറായുടെ സഹോദരന്‍ ജോനാഥന്റെ അവസരോചിതമായ നീക്കങ്ങളാണ് ആ കുരുന്നിന്റെ ജീവന്‍ രക്ഷിച്ചതില്‍ പ്രധാന പങ്കുവഹിച്ചത്. 

പൊലീസും മാധ്യമങ്ങളും നാട്ടുകാരും സോഷ്യല്‍മീഡിയയും കുട്ടിയെ കണ്ടെത്തുന്നതിനായി ഒരുപോലെ രംഗത്തിറങ്ങിയ സംഭവംകൂടിയായി കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍. 21 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനും തിരച്ചിലിനുമൊടുവില്‍ അബിഗേല്‍ സാറയെ തിരിച്ചുകിട്ടിയെങ്കിലും കുഞ്ഞുങ്ങളെപ്രതി കേരളീയകുടുംബങ്ങളുടെ നെഞ്ചിടിപ്പു വര്‍ധിപ്പിക്കുന്നതായി ഈ സംഭവം. സംഭവത്തിനു പിറ്റേന്ന് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഓരോ മലയാളിക്കും  ആശ്വാസമായത്. 
അടുത്തകാലത്ത് ആലുവയില്‍ അന്യസംസ്ഥാനത്തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സാറായുടെ  തട്ടിക്കൊണ്ടുപോകലില്‍ കേരളം ഏറെ ജാഗ്രത പുലര്‍ത്തി. പൊലീസ്‌സംഘം നടത്തിയ കൃത്യമായ അന്വേഷണമാണ് മുഖ്യപ്രതി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ  തെങ്കാശിയില്‍നിന്നു കുടുക്കിയത്. വാഹനത്തില്‍ വ്യാജനമ്പര്‍പ്ലേറ്റ് ഉപയോഗിച്ചും സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും തന്ത്രപരമായാണ് സംഘം പ്രവര്‍ത്തിച്ചതെന്നു പോലീസ് കണ്ടെത്തി. തട്ടിക്കൊണ്ടുപോകല്‍സംഭവം പുറത്തുവന്ന ഉടനെ മാധ്യമങ്ങള്‍ ആ വിവരം കേരളത്തിലെങ്ങും ലൈവായി  എത്തിച്ചതോടെ ജനങ്ങള്‍  ജാഗ്രതയിലായി. അതുകൊണ്ടുതന്നെ, കുട്ടിയുമായി സംഘത്തിനു നാടുവിടാനുള്ള സാധ്യത അടഞ്ഞു. പിടിപ്പിക്കപ്പെടും എന്ന തിരിച്ചറിവില്‍നിന്നാണ് അവര്‍ കുട്ടിയെ ഉപേക്ഷിച്ചുകടന്നത്. സാറയെയും ജോനാഥനെയും  തട്ടിക്കൊണ്ടുപോകാനാണ് ഇവര്‍ എത്തിയതെങ്കിലും ആണ്‍കുട്ടി ഇവരുടെ ശ്രമം ചെറുത്തുനിന്നു. ആ കുട്ടിയാണ് സംഘത്തിന്റെ പദ്ധതി പൊളിച്ചത്. അന്യസംസ്ഥാനത്തൊഴിലാളികള്‍മാത്രമല്ല അഭ്യസ്തവിദ്യരായ മലയാളികള്‍പോലും പണത്തിനുവേണ്ടി ഇത്തരം ഹീനമായ പ്രവൃത്തികള്‍ ചെയ്യാന്‍ തയ്യാറാകുന്നതു ഗുരുതരമായ സാമൂഹികസാഹചര്യമാണ് കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.
വാഹനത്തിലെത്തുന്ന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അടുത്തനാളില്‍ ത്തന്നെ കോട്ടയം മാങ്ങാനത്ത് വെള്ളനിറത്തിലുള്ള ഇന്നോവ കാറിലെത്തിയ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതിയുണ്ടായി. നടന്നുപോകുന്ന കുട്ടികളുടെ സമീപം കാര്‍ നിര്‍ത്തി വീട്ടിലെത്തിക്കാമെന്നു പറഞ്ഞെങ്കിലും കുട്ടികള്‍ കയറാന്‍ വിസമ്മതിക്കുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനുമടങ്ങിയ സംഘം ദിവസങ്ങളോളം മാങ്ങാനം കേന്ദ്രീകരിച്ചു കറങ്ങുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചെങ്കിലും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണു പോലീസ് പറഞ്ഞത്.  കണ്ണൂര്‍ കക്കാട്-പള്ളിക്കുന്ന് ഭാഗത്തും അടുത്തനാളില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി അറിയുന്നു. കറുത്ത മാരുതിക്കാറിലെത്തിയ മുഖംമൂടി ധരിച്ച നാലംഗസംഘമാണ് സ്‌കൂളിലേക്കു പോകുന്നവഴി കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്കു വലിച്ചുകയറ്റുന്നതിനിടെ കുട്ടി നിലവിളിച്ചു കുതറിയോടുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന  സംഘങ്ങളെക്കുറിച്ചു കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഈ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.
1,341 കേസുകളാണ് 2016 മുതല്‍ 2022 മാര്‍ച്ച് വരെ കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗം കുട്ടികളെയും പിന്നീടു കണ്ടുകിട്ടുകയുണ്ടായി. എന്നാല്‍, നൂറുകണക്കിനു കുട്ടികളുടെ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഭിക്ഷാടനമാഫിയ ആയിരിക്കാം ഈ സംഭവങ്ങള്‍ക്കുപിന്നില്‍ എന്നു  സംശയിക്കണം. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 214 കുട്ടികള്‍ കൊല്ലപ്പെട്ടതായാണു കണക്കുകള്‍. 2016 മുതല്‍ 2023 മേയ് വരെ 31364 കുട്ടികള്‍ക്കെതിരായി അക്രമങ്ങള്‍ ഉണ്ടായെന്നും, 9604 കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പോലീസും ആഭ്യന്തരവകുപ്പും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
തട്ടിക്കൊണ്ടുപോകല്‍മാത്രമല്ല, പല വിധത്തിലും കുട്ടികള്‍ നിലവില്‍ അപകടത്തില്‍ പെടുന്ന സാഹചര്യമുണ്ട്. സ്‌കൂളിലോ സ്‌കൂളിലേക്കുള്ള യാത്രയിലോ വീട്ടില്‍ത്തന്നെയോപോലും കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതും ചിലപ്പോഴെങ്കിലും മരണത്തിനു കീഴടങ്ങുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. റോഡപകടങ്ങളിലും വെള്ളക്കെട്ടിലുമൊക്കെ വീണുണ്ടാകുന്ന അപകടങ്ങളും ആവര്‍ത്തിക്കുന്നു. ഭരണങ്ങാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹെലന്‍ അലക്‌സ് സ്‌കൂളില്‍നിന്നു മടങ്ങവേ തോട്ടില്‍വീണു മരിച്ച സംഭവം നടന്നിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളൂ. വയനാട്  സുല്‍ത്താന്‍ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 2019 നവംബറിലാണ്. ഇങ്ങനെ എത്രയോ സംഭവങ്ങള്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്നു, ശ്രദ്ധക്കുറവുമൂലം വാഹനാപകടങ്ങളില്‍പ്പെട്ടും ഏറെ കുരുന്നുജീവനുകള്‍ നഷ്ടമാകുന്നുണ്ട്. റോഡിനു സമീപമുള്ള വീടുകളിലാണെങ്കില്‍ കൊച്ചുകുട്ടികള്‍ റോഡിലിറങ്ങുന്നത് പലപ്പോഴും അപകടങ്ങള്‍ക്കിടയാകുന്നു.  
ഒറ്റയ്ക്കു വീടിനു പുറത്തേക്കു പോകുന്ന കുട്ടിക്ക് മാതാപിതാക്കളുടെ ഫോണ്‍നമ്പര്‍ മനപ്പാഠമാക്കി കൊടുക്കുക. റോഡുസുരക്ഷാനിയമങ്ങള്‍ വ്യക്തമായി പറഞ്ഞുമനസ്സിലാക്കുക. റോഡിന്റെ അരികുചേര്‍ന്നു നടക്കാന്‍ പറഞ്ഞുകൊടുക്കുക.  ഏതെങ്കിലും വാഹനം അടുത്തേക്കുവന്നു നിര്‍ത്തിയാല്‍ ഒഴിവായിപ്പോകാന്‍ പറയുക.
ചുറ്റുപാടുകളെ നിരീക്ഷിക്കാനും അപകടങ്ങളില്‍നിന്നു സ്വയം രക്ഷിക്കാനും അടിയന്തരസാഹചര്യങ്ങളില്‍ എവിടെനിന്നു സഹായം തേടണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതൊക്കെ സൂചനകള്‍ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. കളിപ്പാട്ടങ്ങളും മിഠായിയുമൊക്കെ നല്‍കാമെന്നു പറഞ്ഞെത്തുന്നവരെ കണ്ടില്ലെന്നു നടിക്കണമെന്നും അവരില്‍നിന്നു മാറിനടക്കണമെന്നും കുട്ടികളെ പഠിപ്പിക്കുക. അപരിചിതരോട് അടുപ്പം കാണിക്കരുതെന്നും അവരുടെ വാഹനത്തില്‍ കയറരുതെന്നും പറഞ്ഞുകൊടുക്കുക.
 കുട്ടികള്‍ നാടിന്റെ സമ്പത്താണ്. അവരെ കരുതലോടെ വളര്‍ത്താനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ട്, അതുകൊണ്ടുതന്നെ ജാഗ്രത കൈവിടാതെ കുഞ്ഞുങ്ങളെ കരുതുക.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)