അമ്മയില്‍നിന്നുമകലാന്‍ കഴിയാത്ത
ആ നല്ല ബാല്യമങ്ങകലത്തിലാകുമ്പോള്‍
അകറ്റിനിര്‍ത്തുവാനാദ്യം പഠിക്കുന്നു
അമ്മതന്‍ സ്‌നേഹസാരോപദേശങ്ങളെ.
അച്ഛന്‍ മരിച്ചൊട്ടുനാളുകള്‍ കഴിയവേ
അമ്മയ്ക്കു നല്കിയ വാഗ്ദാനക്കൊഞ്ചലില്‍
അമ്മയന്നേകിയ ഉമ്മതന്‍ മാധുര്യം
അശേഷമന്യമായ് തീരുന്നു സ്മൃതിയിലും
ആത്മാര്‍ഥസ്‌നേഹിതരായ് വന്നുചേര്‍ന്നവര്‍
ആനന്ദമേകാന്‍ തുറന്നിട്ട പാതയില്‍
ആദ്യസഞ്ചാരത്തിലാശ്ചര്യം നിറയവേ
ആസ്വദിക്കാന്‍ വീണ്ടും വ്യഗ്രതയേറുന്നു.
അമ്മതന്‍ സ്‌നേഹത്തിനര്‍ഥമില്ലെന്നൊരു
ആശയമുള്ളില്‍ പിടഞ്ഞു പിറക്കുന്നു
അമ്മതന്‍ സാമീപ്യം മെല്ലെ വെറുക്കുന്നു
അമ്മതന്‍ ചെയ്തിക്കു കുറ്റം വിധിക്കുന്നു.
അമ്മതന്‍ അദൃശ്യസ്‌നേഹച്ചരടുകള്‍
അറക്കുവാന്‍ വാക്കിനാലായുധം തീര്‍ക്കുന്നു
ആയിരം താരാട്ടുപാട്ടുകള്‍ കേട്ടൊരാ
അമ്മതന്‍ ശബ്ദമിന്നസഹ്യമാകുന്നു.
ആയുസ്സിന്‍ അഗ്രത്തിലവസാനപടിയിലാം
അമ്മയ്ക്കുമുന്നില്‍ മരണം മടിക്കയോ?
അടുത്തൊരു മുറിയിലടച്ചു സൂക്ഷിക്കുന്നു
അപകടകാരിയാം മൃഗത്തിനെയെന്നപോല്‍
അരവയര്‍ നിറയുന്നതൊരുനേരമാകയാല്‍
അടക്കിപ്പിടിച്ചമ്മ വിശപ്പിന്റെ വായ്ത്താരി
അഗ്നിക്കു സമമാം വേനല്‍പകലതില്‍
അരത്തവി ദാഹനീര്‍ രുചിയോര്‍ത്തു പിടയുന്നു.
ആദിത്യകിരണത്തിന്‍ ഇളംചൂടുകമ്പളം
അടച്ചിട്ട വാതിലില്‍ വിരിച്ചിട്ടു മടങ്ങുന്നു
അന്ധകാരം തിങ്ങിനിറയും മുറിക്കുള്ളില്‍
അമ്മതന്‍ തേങ്ങലും മൗനമായ് മാറുന്നു.
കവിത
അകലം
