കൊച്ചി: കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ 2023 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. തോമസ് മൂലയില്‍, ഷീല ടോമി, പൗളി വിത്സന്‍, അഭിജിത് ജോസഫ്, ജോര്‍ജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയില്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
കെസിബിസി മീഡിയ സംസ്‌കൃതിപുരസ്‌കാരമാണു ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിനു നല്‍കുന്നത്. നിരൂപകന്‍, വാഗ്മി, അധ്യാപകന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടിലധികമായി മലയാളഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്ത തോമസ് മാത്യു, അനന്യമായ ദാര്‍ശനികഗരിമയുള്ള കാവ്യഭാഷകൊണ്ടു മലയാളത്തെ ഉദാത്തമായ തലങ്ങളിലേക്ക് ഉയര്‍ത്തിയെന്ന് ജൂറി വിലയിരുത്തി.
മലയാളലിപി പാഠ്യപദ്ധതിയില്‍ തിരികെയെത്തിക്കുന്നതുള്‍പ്പെടെ, ഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയാണ് റവ. ഡോ. തോമസ് മൂലയിലിന് കെസിബിസി മീഡിയ ദാര്‍ശനിക - വൈജ്ഞാനികപുരസ്‌കാരം നല്‍കുന്നത്.
കോളജ് പ്രിന്‍സിപ്പലും സാമൂഹിക, സാംസ്‌കാരിക, സഭാപ്രവര്‍ത്തകനുമായ പ്രഫ. തോമസ് കൈമലയില്‍, അരനൂറ്റാണ്ടോളമായുള്ള അരങ്ങിലെ മികവിന് സംസ്ഥാന സംഗീത, നാടക അക്കാദമി അവാര്‍ഡുകള്‍ നേടിയ ജോര്‍ജ് കണക്കശേരി എന്നിവരെ കെസിബിസി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിക്കും.
'വല്ലി' എന്ന നോവലിലൂടെ സാഹിത്യലോകത്ത് മികവടയാളമെഴുതിയ ഷീല ടോമിക്കാണു കെസിബിസി സാഹിത്യ അവാര്‍ഡ്.
നാടക, സിനിമാമേഖലകളില്‍ അഭിനയമികവിന്റെ മുദ്രപതിപ്പിച്ചു സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടിയ നടി പൗളി വിത്സനു കെസിബിസി മീഡിയ അവാര്‍ഡ് നല്‍കും.
സംവിധാനരംഗത്ത് ആദ്യ സിനിമയിലൂടെത്തന്നെ (ജോണ്‍ ലൂഥര്‍) ശ്രദ്ധിക്കപ്പെട്ട അഭിജിത്ത് ജോസഫിനു കെസിബിസി മീഡിയ യുവപ്രതിഭ പുരസ്‌കാരമാണു നല്‍കുന്നത്. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഡിസംബര്‍ ആറിനു പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നു കമ്മീഷന്‍ സെക്രട്ടറി ഡോ. ഏബ്രഹാം ഇരുമ്പിനിക്കല്‍ അറിയിച്ചു.