പെണ്ണേ, നിന്നെ ഞാന്‍ സര്‍വസ്വതന്ത്രയാക്കുന്നു
ആവോളം നീയീ കൂട്ടില്‍ നീണാള്‍ വാണുകൊള്‍ക
പെണ്ണേ, നീ വാക്കുകള്‍കൊണ്ടു കൂരമ്പെറിയുക
നാക്കില്‍ ഞാനൊരാണി തറച്ചുകൊള്ളുന്നു
പെണ്ണേ, രാജ്യം മുഴുവന്‍ നീ പറന്നുകൊള്‍ക
ഒരു ചിറകുമാത്രമല്ലേ ഞാന്‍ മുറിച്ചതുള്ളൂ?
പെണ്ണേ, നീ പേറ്റുനോവിന്‍ മധുരം നുള്ളുക
ഒറ്റ ബലാല്‍ക്കാരമല്ലേ ഞാന്‍ ചെയ്തതുള്ളൂ?
പെണ്ണേ, നീയെന്‍ ഹൃദയം കവര്‍ന്നുകൊള്‍ക
നിന്റെ ഹൃദയം എന്റെ ഹൃദയത്തിനുള്ളിലല്ലേ?
പെണ്ണേ, നീയിനിയും സതിയനുഷ്ഠിക്കുക
പുതിയ കാലവും വാക്കും നിനക്കില്ലെന്നതോര്‍ക്കുക
പെണ്ണേ, നീയാണിന്നും നീതിദേവത
നിന്നെ കണ്ണുകെട്ടിയിരുട്ടാക്കിയത്
എന്റെ നിയമപുസ്തകം കാണാതിരിക്കാനത്രേ!
പെണ്ണേ, പൊന്നാണെന്നും നീ ഞങ്ങള്‍ക്ക്
കണ്ണു ഞാന്‍ തുരന്നത് എന്നെ നീ കാണാതിരിക്കാന്‍
പെണ്ണേ, നിനക്കു നേര്‍വഴി, വളഞ്ഞവഴിയത്രയും പുരുഷന്
നിനക്കുള്ള നിയമമെല്ലാം ചിതലെടുത്തെന്നു നീയറിയുക
പെണ്ണേ, എന്റെ നേര്‍ക്കാരോ വിരല്‍ ചൂണ്ടിപ്പറയുന്നു:
പേനയെടുക്കടോ, പെണ്ണിനായ്, പുതിയ നിയമം ചമയ്ക്കടോ കവീ!