''ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്'' നവംബര്‍ 17 ന് തിയേറ്ററുകളിലേക്ക്
കൊച്ചി: ഉത്തരേന്ത്യയില്‍ രക്തസാക്ഷിത്വം വരിച്ച മലയാളി സന്ന്യാസിനി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതവും സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ ''ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്'' സിനിമ അതുല്യമായ ചലച്ചിത്രമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനിമയുടെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ആദരിക്കാന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി. 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലസ്' എന്ന സിനിമയുടെ ആവിഷ്‌കാരം സാമൂഹികതിന്മകള്‍ക്കെതിരേയുള്ള ഒരു പോരാട്ടമാണ്. ക്രിസ്തുനാഥന്റെ ത്യാഗസന്ദേശം ലോകമെമ്പാടും എത്തിക്കാന്‍ ഈ സിനിമ ഉപകരിക്കുമെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.
സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച 36 പേര്‍ക്ക് കര്‍ദിനാള്‍ പ്രശംസാഫലകങ്ങള്‍ സമ്മാനിച്ചു. നടന്‍ സിജോയ് വര്‍ഗീസ് സിനിമാ ആസ്വാദനം അവതരിപ്പിച്ചു. ഇന്നത്തെ സാമൂഹികരാഷ്ട്രീയ പശ്ചാത്തലത്തില്‍ മികവുറ്റതും കലാമൂല്യമുള്ളതുമായ സിനിമയാണ് ഇതെന്ന് സിജോയ് വര്‍ഗീസ് അഭിപ്രായപ്പെട്ടു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സഭ പി.ആര്‍.ഒ. ഫാ. ഡോ. ആന്റണി വടക്കേക്കര, സിസ്റ്റര്‍ റാണി മരിയയുടെ വേഷമിട്ട വിന്‍സി അലോഷ്യസ്, സംവിധായകന്‍ ഷെയ്‌സണ്‍ പി. ഔസേപ്പ്, നിര്‍മാതാവ് സാന്ദ്ര ഡിസൂസ റാണ, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രഞ്ജന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
ചാലക്കുടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ പ്രാര്‍ഥനാനൃത്തം അവതരിപ്പിച്ചു.