നവംബര്‍ 25 - സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേയുള്ള അന്താരാഷ്ട്രദിനം.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ രാഷ്ട്രീയപ്രവര്‍ത്തകരായ മൂന്ന് മിറാബല്‍ സഹോദരിമാരുടെ 1960 ലെ ക്രൂരമായ കൊലപാതകത്തെ അനുസ്മരിച്ചുകൊണ്ട് യു.എന്‍. നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്രദിനമായി പ്രഖ്യാപിച്ചു. ഡൊമിനിക്കന്‍ സ്വേച്ഛാധിപതിയായ റാഫേല്‍ ട്രൂജില്ലോയ്‌ക്കെതിരേ, അവകാശങ്ങള്‍ക്കായി പോരാടിയതിന്റെ പേരില്‍ 1960 നവംബര്‍ 25 നാണ് മിറാബല്‍ സഹോദരിമാര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. 1993 ല്‍, ഐക്യരാഷ്ട്ര പൊതുസഭ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രമേയം 48/104 അംഗീകരിച്ചു,
പുരുഷാധിപത്യമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച്, രാജ്യത്ത് ഓരോ 78 മണിക്കൂറിലും ഒരു സ്ത്രീധനമരണവും, ഓരോ 59 മിനിറ്റിലും ഒരു ലൈംഗികപീഡനവും, ഓരോ 34 മിനിറ്റിലും ഒരു ബലാത്സംഗവും, ഓരോ 12 മിനിറ്റിലും ഒരു പീഡനവും, ഓരോ മൂന്നു മിനിറ്റിലും ഒരു പീഡനവും നടക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിനിരയാവുന്നത് ക്രമാതീതമായി വര്‍ധിച്ചുവരികയാണ്.
പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നവളും ആശ്രിതയും ദുര്‍ബലയും ചൂഷണം ചെയ്യപ്പെടുന്നവളുമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലും ക്രൂരമായ അസമത്വം നേരിടുന്നുമുണ്ട്.
രാജ്യത്തിന്റെ തെരുവുകളിലും ഉള്‍ഗ്രാമങ്ങളിലും നഗരങ്ങളിലും ഓരോ ദിവസവും ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെ കണക്കു ഞെട്ടിക്കുന്നതാണ്. പ്രായം ഇവിടെ ഒരു ഘടകമാവുന്നതേയില്ല. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോജനങ്ങള്‍ വരെ ക്രൂരതകള്‍ക്കിരയാകുന്നു.
സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കേണ്ടത് പരിഷ്‌കൃതസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. നിര്‍ഭാഗ്യന്നെു പറയട്ടെ, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്.