•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

സസ്യങ്ങളും ജീവിതസമരത്തില്‍ത്തന്നെ

സ്യങ്ങള്‍ ജൈവലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള വര്‍ഗമാണോ? അവയ്ക്കു ചിന്തിച്ചു പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടോ? 
സസ്യങ്ങള്‍ക്കു ബുദ്ധിയും അതിനപ്പുറമുള്ള ബോധവും ഉണ്ടെന്ന് സസ്യശാസ്ത്രഗവേഷകര്‍ അടുത്തകാലത്തു സ്ഥിരീകരിച്ചു. അവയ്ക്കു വേദന അനുഭവപ്പെടുകമാത്രമല്ല, സസ്യങ്ങള്‍ അവയുടെ പരിസ്ഥിതിയെ ഒരുപക്ഷേ, അതിബുദ്ധിമാനായ മനുഷ്യനെക്കാള്‍ സങ്കീര്‍ണമായ രീതിയില്‍ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുവെന്നും കണ്ടെത്തി. ന്യൂറോണുകളോ നാഡീവ്യൂഹമോ ഓര്‍മ സൂക്ഷിക്കാന്‍ തലച്ചോറിനു സമാനമായ കഴിവോ ഇല്ലാത്തതുകാരണം സസ്യങ്ങളെ മനുഷ്യന്‍ ജന്തുക്കളിലും താഴെയായി കാണുന്നു. ഒരുപക്ഷേ, മനുഷ്യന്റെ മസ്തിഷ്‌കബുദ്ധിക്ക് അപ്പുറമാകാം ജന്തുലോകത്ത് സസ്യങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം.
എന്താണു ജീവന്‍? ജീവന്റെ ജീവിതത്തിന്റെ അടിസ്ഥാനതത്ത്വം എന്താണ്? ഇതിന്റെയൊക്കെ അടിസ്ഥാനമെന്താണ്? ജൈവം - അജൈവം, സ്ഥൂലം - സൂഷ്മം, ദ്രവ്യം - പ്രതിദ്രവ്യം, ജന്തു - സസ്യജാലം, മൂലകങ്ങള്‍, അവയുടെ ഖര, വാതക, ദ്രാവകരൂപാന്തരങ്ങള്‍, അടിസ്ഥാന ബലാബലങ്ങള്‍ ഇതൊക്കെ നിര്‍വചിക്കപ്പെടുന്നതും അടിസ്ഥാനപ്പെടുത്തുന്നതും മനുഷ്യബുദ്ധിയുടെയും അറിവിന്റെയും പരിമിതികളില്‍നിന്നുകൊണ്ടുമാത്രമാണ്. മനുഷ്യന്‍ അജൈവം എന്നു കരുതുന്നതു ജൈവം ആയിക്കൂടേ? ദ്രവ്യം അല്ല എന്നു കരുതുന്നത് ദ്രവ്യം ആയിക്കൂടേ? ബുദ്ധിയില്ല എന്നു കരുതുന്നവയ്ക്കു ബുദ്ധി ഉണ്ടായിക്കൂടേ? വൈറസ് ജൈവമോ അജൈവമോ? എന്താണ്  നിര്‍വചനം? കുമിള്‍ സസ്യമോ ജന്തുവോ? കൃത്യമല്ലാത്ത, തൃപ്തികരമല്ലാത്ത ഉത്തരങ്ങള്‍മാത്രമേ ഇവയ്ക്കു തരാന്‍ ശാസ്ത്രത്തിനു കഴിവുള്ളൂവെങ്കില്‍ മനുഷ്യന്റെ അറിവിനും ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ് ജീവന്റെ രഹസ്യം.
ജീവന്‍, പ്രപഞ്ചം, ജീവിതം ഇവയുടെയൊക്കെ അടിസ്ഥാനം മനുഷ്യന്‍ അവന്റെ ഹിതത്തിനും നിലനില്പിനും അനുസരിച്ചു നിശ്ചയിക്കുന്നു. സൃഷ്ടി, സ്ഥിതി, നാശം എന്നീ മൂന്ന് അവസ്ഥകളാണ് എന്തിലും ഏതിലും കാണാന്‍ സാധിക്കുന്നത്. ഏതു ജീവജാലവും അവയുടെ പരമ്പര നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അതിനുള്ള തടസ്സം മറികടക്കാന്‍ പ്രതിരോധങ്ങള്‍ ആര്‍ജിക്കാനും അടുത്ത തലമുറയ്ക്കു കൈമാറാനും ശ്രമിക്കുന്നു. ഒരു ജീവവര്‍ഗ്ഗം മറ്റുള്ളവയുടെ നിലനില്പിന് ആഹാരമോ കാരണമോ ആകുന്നു. സസ്യങ്ങളിലും ജന്തുക്കളിലും ജനിതകരഹസ്യമായി കാലാകാലങ്ങളായി പരിണാമങ്ങളിലൂടെ ജനിതകകൈമാറ്റം ചെയ്യപ്പെട്ട പ്രതിരോധസംവിധാനം നിലനില്‍ക്കുന്നു. അടുത്ത തലമുറയുടെ നിലനില്പിനുവേണ്ടി അവ കൈമാറ്റം ചെയ്തു ജീവിതസമരം നടത്തുന്നു. 
സസ്യങ്ങള്‍ക്കു മസ്തിഷ്‌കം ഇല്ലായിരിക്കാം, പക്ഷേ, അവയ്ക്കും ജീവികള്‍ക്കു സമാനമായ ഒരുതരം നാഡീവ്യവസ്ഥയുണ്ട്. ഒരു ഇല തിന്നുമ്പോള്‍, മൃഗങ്ങളുടെ അതേ സിഗ്‌നലുകള്‍ ഉപയോഗിച്ച് മറ്റ് ഇലകള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. ഒരു ചെടിയുടെ വിവിധ ഭാഗങ്ങള്‍ പരസ്പരം അതിശയകരമായി ആശയവിനിമയം നടത്തുന്നു. 
ഒരു സസ്യത്തിന്റെ ഇലയോ പൂവോ കായോ പറിക്കുകയോ ജീവികള്‍ കടിക്കുകയോ ചെയ്താല്‍ ആക്രമിക്കപ്പെട്ട സസ്യഭാഗം മറ്റ് ഇലകള്‍ക്കും സസ്യഭാഗത്തിനും മുന്നറിയിപ്പു നല്‍കുന്നു. അതേപോലെ പരിസ്ഥിതി, കാലാവസ്ഥാമാറ്റങ്ങള്‍ എന്നിവയെ എല്ലാം നേരിടാനും അതിജീവിക്കാനും ആവശ്യമായ സിഗ്നല്‍ സംവിധാനം സസ്യങ്ങള്‍ക്കുണ്ട്. പിന്നീടുണ്ടാകുന്ന സമാനപ്രതിഭാസങ്ങളെ ചെറുക്കാന്‍ സസ്യങ്ങളെ സിസ്റ്റമിക് സിഗ്‌നലിങ് സഹായിക്കുന്നു.
സിസ്റ്റമിക് സിഗ്‌നലിങ് എന്ന ജൈവരാസപ്രവര്‍ത്തനം  സസ്യകോശങ്ങളില്‍ കാല്‍സ്യ അയോണുകളുടെ വ്യതിയാനം സൃഷ്ടിക്കുകയും തുടര്‍ന്ന് ആര്‍ ഒ എസ് (ഞഛട) എന്ന ഗ്‌ളൂറ്റാമിന്‍ അടിസ്ഥാന എന്‍സൈം നിര്‍മിക്കുകയും ചെയ്യുന്നു. കോശങ്ങളില്‍ അധികമായി ഉണ്ടാക്കുന്ന  ആര്‍ ഒ എസ് കോശങ്ങളില്‍നിന്നു കോശങ്ങളിലേക്ക് അതിവേഗം സഞ്ചരിക്കുകയും സമാനപ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. കാല്‍സ്യം അയോണുകള്‍ ഒരു തരംഗംപോലെ ഒരു കോശത്തില്‍നിന്നു അവസാനകോശംവരെ സഞ്ചരിക്കുന്നു. ആര്‍ ഒ എസ് നിര്‍മാണം എല്ലാ കോശങ്ങളിലും നടക്കുന്നതുവരെ ഇതു തുടരും. ഓരോ ബാഹ്യശക്തിക്കുമെതിരേ ജന്തുജാലങ്ങളിലെ ആന്റിബോഡിക്കു സമാനമായി ആര്‍ ഒ എസ് പ്രവര്‍ത്തിക്കുന്നുവെന്നു പറയാം. സമാനരീതിയില്‍ അമിനോ ആസിഡ് ബേസ് ആയ ഗ്‌ളൂറ്റാമിന്‍തന്നെയാണ് ജന്തുകളിലെ നാഡീവ്യവസ്ഥയില്‍ സിഗ്‌നല്‍ കൈമാറ്റം സാധ്യമാക്കുന്നത്.
സഞ്ചരിക്കുന്ന ജീവജാലങ്ങളെക്കാള്‍ അതിജീവനം നേടേണ്ടതും വംശനാശം വരാതെ നോക്കാന്‍ ബുദ്ധിമുട്ടുള്ളതും സസ്യലോകത്തിനാണ്. വെള്ളപ്പൊക്കം, വരള്‍ച്ച, കാട്ടുതീ, മഴ, മഞ്ഞ്, കീടങ്ങള്‍, സൂക്ഷ്മാണുക്കള്‍, രോഗങ്ങള്‍ തുടങ്ങിയവയെയൊക്കെ ചലിക്കാനാകാത്ത ഒരു ജൈവജാലം എങ്ങനെ നേരിടും? എങ്ങനെ തലമുറ നിലനിര്‍ത്തും? ഇതെല്ലാം സസ്യങ്ങള്‍ക്കു സാധിക്കുന്നു. സസ്യങ്ങളുടെ ബുദ്ധി, ഓര്‍മ, പരസ്പര വിവരവിനിമയ സാങ്കേതികത തുടങ്ങിയവയൊക്കെ ചുരുളഴിയാത്ത രഹസ്യമായി നിലനില്ക്കുന്നു.

(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)