•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

എവിടെയാണു നമ്മുടെ 'ക്രിസ്റ്റിയാനിറ്റി'?

നാം പല ആഘോഷങ്ങളും നടത്താറുണ്ട്. ക്ഷണിക്കപ്പെടുന്നവരെ ആദരവോടെ സ്വീകരിച്ചു സല്‍ക്കരിക്കാറുമുണ്ട്. എന്നാല്‍, ഈയടുത്ത കാലത്ത് ഒരു മരണവീട്ടില്‍ പോകാന്‍  ഇടയായി. അവിടെ എല്ലാവര്‍ക്കും കയറിച്ചെല്ലാമല്ലോ. സാമാന്യം നല്ല വീടും സൗകര്യങ്ങളും.... കയറിച്ചെന്നപ്പോള്‍ത്തന്നെ മരിച്ചുകിടക്കുന്ന ഗൃഹനാഥന്റെ മക്കള്‍ ആളുകളെ സ്വീകരിക്കാന്‍ മുറ്റത്തുനില്‍ക്കുന്നു. വരുന്ന ആളുകളുടെ ഗ്രേഡ് അനുസരിച്ച് സ്വീകരിച്ച്, മരിച്ചുകിടക്കുന്ന അപ്പന്റെ ശവപ്പെട്ടിക്കടുത്തേക്കു കൊണ്ടുപോകുന്നു. മുകളില്‍ ഞാന്‍ സൂചിപ്പിച്ച ''ഗ്രേഡ്'' എന്നതിന്റെ അര്‍ഥം പണക്കാര്‍, പാവപ്പെട്ടവര്‍ എന്നതാണ്. മൃതദേഹം കിടത്തിയിരിക്കുന്ന മുറി മുഴുവന്‍ പൂക്കള്‍കൊണ്ട് അലംകൃതം. പണം നല്ലപോലെ ചെലവഴിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തം. ഈ ഗൃഹനാഥനെ എനിക്കു നേരിട്ടറിയാം. മണ്ണില്‍ അധ്വാനിച്ചുജീവിച്ച വ്യക്തിയാണ്.  പ്രായമായപ്പോള്‍ 'അപ്പന്‍ ഇനി പണിയണ്ടാ'യെന്ന് മക്കള്‍ ഓര്‍ഡര്‍ നല്‍കി. അതോടെ പണിയൊന്നും ചെയ്യാതായി. രോഗം വന്നു, മരിക്കുകയും ചെയ്തു.
ആര്‍ഭാടങ്ങള്‍ അതിരുകടക്കുന്നുവോയെന്നു നമ്മള്‍ ചിന്തിക്കണം. അപ്പന്‍ ജീവിച്ചിരുന്ന കാലത്തു നല്ല ചികിത്സ നല്‍കിയോ? നല്ലതുപോലെ സംരക്ഷിച്ചോ? വാര്‍ധക്യകാലത്ത്  സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു ശുശ്രൂഷിച്ചോ? ഇതെല്ലാം മക്കള്‍ ആലോചിക്കണം. ഞാന്‍ ചിന്തിക്കുകയായിരുന്നു; ഈ മരിച്ചുകിടക്കുന്ന വ്യക്തിയുടെ പിറന്നാളോ വിവാഹവാര്‍ഷികമോ മക്കള്‍ എന്നെങ്കിലും ആഘോഷിച്ചിട്ടുണ്ടോ? ഒരു പൂവെങ്കിലും സ്‌നേഹത്തോടെ അപ്പന്റെയും അമ്മയുടെയും കൈയില്‍ നല്‍കിയിട്ടുണ്ടോ? പിന്നെന്തിനാണ് ഇപ്പോള്‍ ഒരു മുറി മുഴുവന്‍ പൂക്കള്‍!
നമ്മുടെ പല ചെയ്തികളും വിചിന്തനം ചെയ്യണം. ആഘോഷങ്ങളൊന്നും അതിരുകടക്കരുത്. 'ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തികള്‍ക്കനുസരിച്ചു പ്രതിഫലം നല്‍കപ്പെടു'മെന്നു വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നുണ്ട്. എന്തെല്ലാം 'ഷോ' കാണിച്ചാലും കര്‍ത്താവിനു മനുഷ്യമനസ്സിനെ സൂക്ഷ്മമായി വീക്ഷിക്കാന്‍ കഴിയുമെന്നു മറക്കാതിരിക്കാം. പെട്ടിയില്‍ കിടക്കുന്ന മനുഷ്യന്റെ സഹോദരങ്ങളാരും വീട്ടില്‍ വന്നിട്ടില്ല. എന്തോ പിണക്കമാണെന്ന് എന്നോട് ആരോ പറഞ്ഞു. ചേട്ടന്റെ മക്കള്‍ സഹോദരങ്ങളോടു നേരിട്ടു മരണവിവരം പറഞ്ഞില്ലപോലും! എത്ര അര്‍ഥശൂന്യമായ ന്യായീകരണം! സഹോദരങ്ങളുടെ ചേട്ടനായതിനുശേഷമാണ് മക്കളുടെ അപ്പനായത്. മക്കളോടുള്ള പിണക്കംകൊണ്ട് വീട്ടില്‍ വന്നില്ല; ശവസംസ്‌കാരത്തിന് പള്ളിയില്‍ വന്നു. എന്നാല്‍, സഹോദരങ്ങള്‍ എല്ലാവരും വലിയ ഭക്തരുമാണ്. എല്ലാദിവസവും പള്ളിയില്‍ പോകും, വിശുദ്ധകുര്‍ബാന സ്വീകരിക്കും. എവിടെയാണു നമ്മുടെ 'ക്രിസ്റ്റിയാനിറ്റി' എന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 
മക്കള്‍ക്കു ശരിയായ വിശ്വാസവും കുടുംബസ്‌നേഹവും കൊടുത്തു വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അമ്മയുടെ വീടും അപ്പന്റെ വീടും ഒരുപോലെയാണെന്നും അമ്മയുടെയും അപ്പന്റെയും സഹോദരങ്ങളെയും ബന്ധുക്കളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും പഠിപ്പിക്കണം. നമ്മള്‍ വെറുതെ പാഴാക്കിക്കളയുന്ന പണം മതിയല്ലോ ഇവരെയെല്ലാം വര്‍ഷത്തിലൊരു തവണ വീട്ടിലേക്കു ക്ഷണിക്കാനും ഒരു ചായയും ബിസ്‌കറ്റും അതുവഴി നല്‍കാനും ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും.
പ്രായമായ മാതാപിതാക്കളുടെ ജന്മദിനവും വിവാഹദിനവുമെല്ലാം ചെറുതായെങ്കിലും ആഘോഷിക്കുക. ചിലപ്പോള്‍ മാതാപിതാക്കള്‍ ഇതെല്ലാം മറന്നുപോയിട്ടുണ്ടാവും. പക്ഷേ, മക്കള്‍ മറക്കരുതേ! മരിച്ചുകിടക്കുമ്പോള്‍, നിങ്ങള്‍ ആഘോഷങ്ങള്‍ നടത്തിയാല്‍ മാതാപിതാക്കള്‍ അത് അറിയുന്നില്ലെന്നും ഓര്‍മിക്കുക.
കൊച്ചുമക്കളോട് അപ്പന്റെയും അമ്മയുടെയും നന്മ പറഞ്ഞുകൊടുക്കണം. പ്രായമായവരെപ്പറ്റി മോശം പറഞ്ഞിട്ട് എന്തു നേടാനാണ്? വല്യമ്മച്ചിയുടെയും അപ്പച്ചന്റെയും അടുത്തിരുന്ന് അവരുടെ പഴയ കാര്യങ്ങള്‍ കേള്‍ക്കാന്‍ കൊച്ചുമക്കള്‍ക്കു വലിയ ഇഷ്ടമാണ്. പറയാന്‍ അവര്‍ക്കും ഇഷ്ടമാണ്. ഏതൊക്കെ സിലബസ് അനുസരിച്ച് കുട്ടികള്‍ പഠിച്ചാലും വല്യപ്പനും വല്യമ്മയും കഴിഞ്ഞുള്ള അധ്യാപകരും സിലബസും മാത്രമേയുള്ളൂ എന്നതാണു വാസ്തവം. 
കേരളത്തില്‍നിന്ന് ഉയര്‍ന്ന വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങളില്‍ ചെല്ലുന്ന പലരും ചായക്കടയില്‍ കാപ്പിയെടുക്കുന്നതും തക്കാളിത്തോട്ടങ്ങളില്‍ ജോലിയെടുക്കുന്നതും റോഡു വൃത്തിയാക്കുന്നതുമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. ജോലികളെല്ലാം മാന്യത ഉള്ളതാണ്. എന്നാല്‍, ഈ ജോലികളൊന്നും നമ്മുടെ നാട്ടില്‍ ആയിരിക്കുമ്പോള്‍ ഇവര്‍ ചെയ്യുകയുമില്ല. ആയതിനാല്‍ നാം ആദ്യമേതന്നെ നമ്മുടെ മക്കളെ അവര്‍ക്കു ചെയ്യാവുന്ന പണികളൊക്കെ ചെറുപ്പത്തില്‍ത്തന്നെ ചെയ്തു ശീലിപ്പിക്കണം. സ്വന്തം വല്യപ്പനെയും വല്യമ്മയെയും കുടുംബത്തെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കണം. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)