കോപം ഒരു കേവലമനുഷ്യവികാരമാണെങ്കിലും അതുമൂലം മാനസികവ്യഥ അനുഭവിക്കുന്ന ധാരാളം മനുഷ്യര്‍ ലോകത്തിലുണ്ട്. ''കോപം'' പാപത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി അത്യധികമായ കുറ്റബോധം അനുഭവിക്കുന്ന ആളുകളുമുണ്ട്. കോപം മറ്റെല്ലാ മാനുഷികവികാരങ്ങളെയുംപോലെയുള്ള ഒന്നുതന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ തീവ്രതയും അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകളും നിലകൊള്ളുന്നത്. കോപത്തെപ്പറ്റി തിരുവെഴുത്തുകളില്‍ ധാരാളം വിവരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. മനുഷ്യരില്‍ ഏറ്റവും സൗമ്യനെന്നു വിളിക്കപ്പെട്ടിരിക്കുന്ന മോശ കോപിച്ചതിനെപ്പറ്റി പുറപ്പാടുപുസ്തകത്തില്‍ ഇങ്ങനെ വായിക്കുന്നു: മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു. അപ്പോള്‍ മോശയുടെ കോപം ആളിക്കത്തി. അവന്‍ കല്‍പലകകള്‍ വലിച്ചെറിഞ്ഞ് മലയുടെ അടിവാരത്തുവച്ച് അവ തകര്‍ത്തുകളഞ്ഞു. അവന്‍ കാളക്കുട്ടിയെ എടുത്തു തീയിലിട്ടു ചുട്ടു; അത് ഇടിച്ചുപൊടിച്ചു പൊടി വെള്ളത്തില്‍ കലക്കി ഇസ്രായേല്‍ജനത്തെക്കൊണ്ടു കുടിപ്പിച്ചു (പുറ. 32:19, 20). യേശു കോപിക്കുകയും ദൈവാലയത്തെ അശുദ്ധമാക്കുന്ന വാണിജ്യവത്കരണത്തെ അമര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.
മനുഷ്യനു ചിലപ്പോള്‍ കോപം ആവശ്യമാകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാകാം. എന്നാല്‍, അതു നിയന്ത്രണവിധേയവും നന്മയില്‍ വേരൂന്നിയതുമായിരിക്കണമെന്നുമാത്രം. തിന്മയോടുള്ള പോരാട്ടത്തില്‍ വൈരാഗ്യബുദ്ധി പുലര്‍ത്തണമെന്ന് പൗരസ്ത്യപിതാക്കന്മാര്‍ പഠിപ്പിക്കുന്നുണ്ട്. 'മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു' എന്നാണ് വേദവാക്യത്തിന്റെ ആദ്യഭാഗം. വ്യക്തിഗതമായി കോപസ്വഭാവത്തെപ്പറ്റിയുള്ള അവലോകനം അനിവാര്യമാണെന്നതുപോലെ പ്രധാനമാണ് കോപിഷ്ഠനായ ഒരാളോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്നുള്ളത്. സമൂഹബന്ധങ്ങളിലും കുടുംബജീവിതത്തിലും ഒരാള്‍ കോപിഷ്ഠനായിത്തീരുമ്പോള്‍ ആ വ്യക്തിയും ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികള്‍ ഉള്‍പ്പെട്ട ജീവിതാന്തരീക്ഷവും ഒരുപോലെ അസ്വസ്ഥപൂര്‍ണവും ഉത്കണ്ഠാജനകവുമായിത്തീരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ തികച്ചും ആത്മസംയമനത്തോടെയും ഉത്കണ്ഠ കൂടാതെയുമുള്ള മൃദുവായ സമീപനരീതികളായിരിക്കും ആ വ്യക്തിയെ ശാന്തനാക്കുവാന്‍ പര്യാപ്തമായിത്തീരുക. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായി ചിലര്‍ കോപിഷ്ഠനായ വ്യക്തിയെ വിരല്‍ചൂണ്ടി അയാളെ കുറ്റപ്പെടുത്തുകയോ അയാളുടെ കോപത്തിന്റെ അതേ അളവിലോ അല്ലെങ്കില്‍ അതില്‍ കൂടുതലായോ അയാളോടു പ്രതികരിക്കുകയും ചെയ്താല്‍ പ്രസ്തുത ജീവിതാന്തരീക്ഷം തികച്ചും അനാരോഗ്യകരവും അപകടകരവുമയ അവസ്ഥയിലേക്കായിരിക്കും മുന്നോട്ടുനീങ്ങുന്നത്. മനഃശാസ്ത്രപഠനത്തില്‍ ഉത്കണ്ഠാരഹിതമായ സാന്നിധ്യം എന്ന ആശയത്തിന് ഏറെ പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുണ്ട്. കോപത്തിലിരിക്കുന്ന വ്യക്തിയോടോ അല്ലെങ്കില്‍ കോപജന്യമായ സമൂഹത്തിലോ ഉത്തരവാദിത്വപ്പെട്ടവരുടെ അവസ്ഥ ഇത്തരത്തിലാണെങ്കില്‍ അത് അവരുടെ കോപത്തെ ശമിപ്പിക്കാന്‍ പര്യാപ്തമായിരിക്കുമെന്നാണു മനഃശാസ്ത്രപരമായ കണ്ടെത്തല്‍.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള അന്യോന്യ ഇടപെടലുകളിലും സമൂഹത്തെ നയിക്കുന്ന നേതാക്കന്മാരിലും മറ്റ് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവരിലും ഉത്കണ്ഠാരഹിതവും മൃദുത്വമുള്ളതുമായ സമീപനരീതികളാണു പ്രകടമാകേണ്ടത്. കോപത്തെ നിയന്ത്രണവിധേയമാക്കാനുള്ള ധാരാളം പ്രായോഗികമായ പരിശീലനമാര്‍ഗങ്ങള്‍ മനഃശാസ്ത്രപഠനങ്ങളിലൂടെ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇവയെപ്പറ്റി നാം ബോധവാന്‍മാരാകുന്നതോടൊപ്പം 'കോപ'സ്വഭാവമുള്ള വ്യക്തികളോടുള്ള സമീപനമാര്‍ഗങ്ങള്‍കൂടി സ്വായത്തമാക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവവചനം നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ പ്രായോഗികജീവിതത്തിന്റെ സരണികളില്‍ അര്‍ഥപൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ നമുക്കു ശ്രമിക്കാം.