തിരക്കുകള്‍ക്കു വിരാമമിട്ടുകൊണ്ടു ഇടയ്ക്കിടെ ഒരു ധ്യാനത്തിലേക്കു പ്രവേശിക്കാനാണ് വിശുദ്ധ ആഗസ്തീനോസ് നമ്മെ ഉപദേശിക്കുന്നത്. നമ്മുടെ ബാറ്ററികള്‍ റീചാര്‍ജു ചെയ്യണം, സ്വയം നവീകരിക്കണം. ബെനഡിക്ട് 16-ാമന്‍ പാപ്പായും ക്രിസ്തുവിനെ കേന്ദ്രബിന്ദുവാക്കിയുള്ള ധ്യാനത്തിന്റെ പ്രാധാന്യം അടിവരയിടുന്നുണ്ട്.
താന്‍ നിറഞ്ഞുനില്‍ക്കുന്ന ഇടങ്ങളില്‍നിന്നു പെട്ടെന്ന് അപ്രത്യക്ഷനായാല്‍ തന്റെ സ്ഥാനമാനങ്ങള്‍ നഷ്ടമാകും, സ്വാധീനങ്ങള്‍ കുറയും, പ്രവര്‍ത്തനമേഖലകളില്‍ തന്റെ നിയന്ത്രണം ഇല്ലാതാകും എന്നൊന്നും അര്‍ഥശൂന്യമായി ഭയപ്പെടേണ്ടതില്ല. പിന്‍വാങ്ങലിനു പൊതുജീവിതത്തില്‍ ഒരു നെഗറ്റീവായ പര്യാവരണമാണു ചിലര്‍ നല്‍കുക. പലരും ഇതിനെ ഒരു വലിയ അബദ്ധമായിക്കാണുന്നു. തോല്‍വിയുടെയും പരാജയത്തിന്റെയും ഒരു ധ്വനി അതുയര്‍ത്തുന്നുണ്ട്. എന്നാല്‍, പിന്‍വാങ്ങുന്നത് വാസ്തവത്തില്‍ കരുത്താര്‍ജിക്കാനാണ്, മറ്റൊരിടത്തു പോയി സ്വയം നവീകരിക്കാനാണ്. അതൊരു തോറ്റോടലല്ല; മറിച്ച്, നമ്മുടെ ആധ്യാത്മികവും ബൗദ്ധികവുമായ പുനരുജ്ജീവനത്തിനുള്ള ഉപാധിയാണ്.
കുറെനേരം വെറുതെ ഇരിക്കുന്നതോ ടിവി കാണുന്നതോ പത്രം വായിക്കുന്നതോ അല്ല യഥാര്‍ഥവിശ്രമം. വിശ്രമത്തിന്റെ അന്തസ്സത്ത എന്നു പറയുന്നത്, സത്യത്തിന്റെയും ഈശ്വരന്റെയും അന്വേഷണമാണ്, നിശ്ശബ്ദതയെ തേടുകയും അദ്ഭുതകരമായ ധ്യാനത്തിലേക്കു മനസ്സിനെ ഉയര്‍ത്തുകയുമാണ്. വിശുദ്ധ ആഗസ്തീനോസിന്റെ 'സിറ്റി ഓഫ് ഗോഡ്' എന്ന പുസ്തകത്തില്‍ വിവരിക്കുന്നത് ഇത്തരം ഒരു സത്യാന്വേഷണത്തെപ്പറ്റിത്തന്നെയാണ്. വിശ്രമവേളകള്‍ നമുക്ക് ഏറെ പ്രിയങ്കരമാണെങ്കിലും ഇന്നത്തെക്കാലത്ത് യഥാര്‍ഥമായ വിശ്രമം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായ ജോലിത്തിരക്കുകളുടെയും പിരിമുറുക്കങ്ങളുടെയും ഇടയില്‍, ക്രിയാത്മകമായി ഒന്നും ചെയ്യാനാവാതെ നാം അസന്തുഷ്ടാവസ്ഥയിലേക്കു വീഴുന്നു.
എളുപ്പത്തില്‍ എത്തിച്ചേരാനാകാത്ത തലങ്ങളിലേക്കു മനുഷ്യമനസ്സിനെ ഉയര്‍ത്തി ദൈവികസത്യങ്ങളെ ഉള്‍ക്കൊള്ളലാണ് ധ്യാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുകൊണ്ടാണു ദാര്‍ശനികര്‍ ധ്യാനത്തെ മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായി വിലയിരുത്തുന്നത്. പ്രപഞ്ചസത്യങ്ങളെ ഉള്‍ക്കൊണ്ടു മനസ്സിനെ പ്രപഞ്ചസ്രഷ്ടാവിനോടു ചേര്‍ത്തുപിടിക്കാന്‍ ഇതാണു മാര്‍ഗം.
നീ എന്തിനാണ് ഈ ലോകത്തേക്കു വന്നതെന്ന് തത്ത്വശാസ്ത്രജ്ഞന്‍ അനകസ ഗോറസിനോട് ആരോ ചോദിച്ചപ്പോള്‍ ഉടനടി മറുപടി കിട്ടി: 'ദൈവത്തെ ദര്‍ശിക്കാന്‍.' ഇതുതന്നെയാണ് ഓരോ മനുഷ്യനെ സംബന്ധിച്ചുമുള്ള സത്യം. ദൈവത്തെ ദര്‍ശിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുക. സങ്കീര്‍ത്തനങ്ങളില്‍ 'പരമപിതാവിന്റെ തിരുമുഖം ദര്‍ശിക്കുവാന്‍' എന്നു പാടുന്നുണ്ട്. ധ്യാനത്തിലൂടെ നാം അവിടുത്തെ സ്‌നേഹത്തോടു സ്‌നേഹം ചേര്‍ക്കുമ്പോള്‍ ആന്തരികസമാധാനവും സന്തുഷ്ടിയും കൈവരും.
ബെര്‍ട്രാന്‍ഡ് റസ്സല്‍ പറയുന്നു: ''ലോകത്തില്‍ ഒട്ടുവളരെ കാര്യങ്ങള്‍ മനുഷ്യര്‍ ചെയ്തുതീര്‍ത്തിട്ടുണ്ട്. അധ്വാനം ധര്‍മമാണെന്ന് ഉപദേശിച്ചാല്‍ അതിരില്ലാത്ത ഉപദ്രവമായിരിക്കും ഫലം. ആധുനികവ്യവസായരാഷ്ട്രങ്ങളില്‍ ഇതിനു വിപരീതമായതാണു സത്യത്തില്‍ പഠിപ്പിക്കേണ്ടത്.''
സൃഷ്ടിയുടെ ദിവസങ്ങള്‍ക്കുശേഷം ദൈവം നോക്കിക്കണ്ടു, എല്ലാം നല്ലത്, വളരെനല്ലത് എന്ന്. ഒരു ആഘോഷത്തിന്റെ പ്രതീതിയോടെ സൃഷ്ടിയുടെ മഹത്ത്വത്തെ അറിഞ്ഞ് അതേക്കുറിച്ചു ധ്യാനിച്ച് അവിടുന്നു വിശ്രമിക്കുന്നതു നമുക്കറിയാം. നമ്മുടെ വിശ്രമവും അതുപോലൊരു ധ്യാനത്തില്‍ ചെന്നുചേരണം; ദൈവത്തില്‍ കണ്ണു ചേര്‍ക്കണം. സത്യം ദൈവത്തില്‍ മാത്രമേയുള്ളൂ എന്ന തിരിച്ചറിവിലൂടെ നാം ധ്യാനിക്കുമ്പോള്‍മാത്രമാണ് ഈ സമൂഹത്തിനു വിശ്രമം സാധ്യമാകൂ എന്നാണ് സെന്‍ തെരേസ ബെനെഡിക്റ്റ ഓഫ് ദി ക്രോസ് ഓര്‍മിപ്പിക്കുന്നത്. ആദ്യം വേണ്ടത് സ്വന്തം ഇലക്ട്രോണിക് സാമഗ്രികളുടെ വിലങ്ങുകള്‍ മാറ്റിവച്ച് ശരിയായ ധ്യാനത്തിലേക്കു വരികയെന്നതാണ്.
നിശ്ശബ്ദത വിശ്രമത്തിനു പോഷകമാകും; സ്വയം പരിശോധനയ്ക്കും ഒരു തുറവിലേക്കും അതു നയിക്കും. സ്വയം മനസ്സിലാക്കി ചുറ്റിലുമുള്ള ലോകത്തെ അറിയാന്‍ അതു സഹായിക്കും. നാം ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്നതുപോലെ സ്വയം വിട്ടുകൊടുക്കണം. ഒന്നും നിയന്ത്രിക്കാന്‍ നോക്കാതെ നമുക്കു ചുറ്റിലുമുള്ള സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് ദൈവത്തിന്റെ കൃപയ്ക്കായി മനസ്സു തുറക്കണം. ഈ തുറവു കൈവരുമ്പോള്‍ നമുക്കു സമാധാനം ലഭിക്കാന്‍ തുടങ്ങുന്നു. വിശ്രമം അതിന്റെ ശരിയായ അര്‍ഥത്തില്‍ നമുക്കുള്ളില്‍ സമാധാനം നിറയ്ക്കും. മനുഷ്യന്‍ അവനോടുതന്നെ പൊരുത്തപ്പെടുമ്പോള്‍, ഐക്യപ്പെടുമ്പോള്‍മാത്രമാണ് ദൈവത്തിന്റെ സമാധാനം കരഗതമാകുക.
വിയന്നയിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ 2007 ല്‍ പോപ്പ് ബെനഡിക്ട് നടത്തിയ പ്രസംഗത്തില്‍ ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ധ്യാനത്തെക്കുറിച്ചും വിശ്രമാവസ്ഥയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പരാമര്‍ശിച്ചു. നമ്മുടെ ഏകാന്തവേളകളില്‍ നമുക്കു നമ്മുടെ ശ്രദ്ധ പൂര്‍ണമായും ഫോക്കസ് ചെയ്യാനാകുന്നില്ലെങ്കില്‍, ചിന്തകള്‍ ശരിയായ ദിശയിലല്ലെങ്കില്‍, ആത്യന്തികമായി ഇത് വെറും സമയത്തിന്റെ ദുര്‍വ്യയമായി പരിണമിക്കും. യേശു തന്റെ ശിഷ്യന്മാരെല്ലാം ക്ഷീണിതരായിരിക്കുന്നു എന്നു കണ്ടപ്പോള്‍ എന്താണു ചെയ്തത്? അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: വിജനമായ ഒരു സ്ഥലത്തേക്കു നമുക്കു പോകാം എന്നിട്ട് അല്പം വിശ്രമിക്കാം. ആള്‍ക്കൂട്ടങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും നടുവില്‍നിന്നു വിട്ടുമാറി നിശ്ശബ്ദരാകാനും വിശ്രമിക്കാനും ആയിരുന്നു യേശു വിളിച്ചത്. ക്രിസ്തുമാത്രമാണ് നമുക്കു യഥാര്‍ഥമായ വിശ്രമം തരുന്നത്.
അവസാനമില്ലാത്ത ജോലിത്തിരക്കുകളുടെ വലകള്‍ക്കുള്ളില്‍ക്കിടന്നു ഞെരുങ്ങുകയാണോ; നാം നമ്മെത്തന്നെ ദ്രോഹിക്കുകയാണോ? അങ്ങനെയെങ്കില്‍ ശരിയായ വിശ്രമത്തിന്റെ പ്രാധാന്യം നാം വിസ്മരിക്കുകയാണ്. വിശ്രമിക്കുക യെന്നാല്‍, ജീവിതത്തിന് ആവശ്യകമായ എല്ലാ വിഭവങ്ങളും ഒരിടത്തു സ്വരൂപിച്ചു കര്‍മപരിപാടികള്‍ ഉപേക്ഷിച്ചു വെറുതെ ആസ്വാദനജീവിതം നടത്തുക എന്നല്ല അര്‍ഥം. യഥാര്‍ഥ വിശ്രമാവസ്ഥയിലുള്ള ആളുകള്‍ ധ്യാനത്തില്‍ വിശ്വസിക്കുന്നവരാണ്. സര്‍വേശ്വരന്‍ ഒരുക്കുന്ന പറുദീസയുടെ രൂപം ഇപ്പോള്‍ത്തന്നെ ദര്‍ശിക്കുന്നവരാണ്. അപ്പോഴാണ് നാം പൂര്‍ണമായും വിശ്രമാവസ്ഥയിലാകുന്നതും നമ്മുടെയും സമൂഹത്തിന്റെയും സാംസ്‌കാരികോന്നമനത്തിലേക്കു പ്രവേശിക്കുന്നതും.
വിശുദ്ധനായ ആഗസ്തീനോസ് വിവേചനത്തോടെ നിഷ്‌ക്രിയമായ ആലസ്യത്തെ വേര്‍തിരിക്കുന്നുണ്ട്. 'അലസമായ ജീവിതത്തോടുള്ള ആകര്‍ഷണം നിഷ്‌ക്രിയത്വത്തിനുള്ള അവസരമാക്കാതെ അന്വേഷണത്തിനുള്ള അവസരമാക്കണം. ആവിഷ്‌കരണത്തിനും വെളിപാടിനും അതു വഴിയൊരുക്കണം' എന്നാണ് വിശുദ്ധന്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.