•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ക്രൈസ്തവസ്വത്വം വീണ്ടെടുക്കാന്‍

കേരളത്തിലെ ക്രൈസ്തവജനസംഖ്യ താഴുകയാണ്. അഴിമതി നിറഞ്ഞ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടും അനുഭവിച്ചും മടുത്ത പുതിയ തലമുറ, യൂറോപ്പിലേക്കും അമേരിക്കയിലേക്കും രക്ഷപ്പെടുന്നു.
ക്രൈസ്തവര്‍, കടന്നുചെന്ന ഒരു നാടിനെയും സമ്പന്നമാക്കാതിരുന്നിട്ടില്ല. വിദ്യാഭ്യാസ, കാര്‍ഷിക, വ്യാവസായികമേഖലകളിലെല്ലാം തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കുകയും അഭിമാനകരമായ ആധിപത്യം നേടുകയും ചെയ്തിട്ടുണ്ട്. ക്രൈസ്തവബോധം ശക്തിയുടെ ആഘോഷമല്ല,  അത് ഹൃദയശാന്തതയില്‍ പടര്‍ത്തപ്പെടുന്ന സമാധാനമാണ്. ന്യൂനപക്ഷമെന്ന പേരില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹതപ്പെട്ടതു ലഭിക്കേണ്ടത് ഔദാര്യമല്ല, അവകാശമാണ്.   
അര്‍ഹിക്കുന്ന അവകാശങ്ങള്‍ ക്രൈസ്തവര്‍ക്കു നിഷേധിക്കപ്പെടുന്നു
കുറെ വര്‍ഷങ്ങളായി ന്യൂനപക്ഷസമൂഹം എന്ന നിലയില്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍പോലും ക്രൈസ്തവസമൂഹത്തിനു നിഷേധിക്കപ്പെടുകയാണ്. ഒരുകാലത്ത് എല്ലാ തലങ്ങളിലും മുന്‍പന്തിയില്‍നിന്ന ഒരു സാഹചര്യം വിവിധ ക്രൈസ്തവസമൂഹങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍, പല കാരണങ്ങള്‍കൊണ്ടും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ സാമുദായികമായി ക്രൈസ്തവസമൂഹം വളരെ പിന്നാക്കമായി മാറിക്കൊണ്ടിരിക്കുന്നു.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത് ആരെ സംരക്ഷിക്കാനാണെന്നു  സര്‍ക്കാര്‍ വ്യക്തമാക്കണം. ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി നടപ്പാക്കണമെന്നുള്ളത് ക്രൈസ്തവരുടെ ഏറെ നാളായുള്ള ആവശ്യമാണ്.
നിര്‍ഭാഗ്യവശാല്‍ ക്രൈസ്തവനാമധാരികളായ ഇടതുവലതുകക്ഷികളിലെ സാമാജികന്മാര്‍ തങ്ങള്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ പേറുന്ന കണ്ണടയിലൂടെ ക്രൈസ്തവസഭയെയും സമുദായങ്ങളെയും നോക്കിക്കാണുന്നതല്ലാതെ   ക്രൈസ്തവര്‍ക്കനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരുന്നില്ല.
ക്രൈസ്തവര്‍ ആരുടെയും സ്ഥിരനിക്ഷേപ വോട്ടുബാങ്കല്ല
മതേതരത്വം പ്രസംഗിക്കുകയും അതേസമയം മത തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കു വളരാന്‍ ഇടത്താവളമൊരുക്കുകയും ചെയ്യുന്ന മുന്നണികളെ പിന്തുണയ്ക്കാന്‍ ഒരിക്കലും ക്രൈസ്തവസമുദായത്തിനാകില്ല. കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളിലേക്കുമാത്രമല്ല, പൊതുഭരണ സംവിധാനങ്ങളിലുടനീളം ചില തീവ്രവാദഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി സ്വാധീനവലയം സൃഷ്ടിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. സ്ഥിരനിക്ഷേപവോട്ടുബാങ്ക് എന്നതില്‍നിന്നു മാറിച്ചിന്തിച്ച് സമുദായപക്ഷനിലപാടെടുക്കാന്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവസമൂഹം തയ്യാറാകണം.
രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി നിഷ്പക്ഷമായി കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷവകുപ്പ് മതപ്രീണനത്തിന്റെ ഭാഗമായി കൈമാറിയത് ക്രൈസ്തവരുടെ ആശങ്ക വര്‍ധിപ്പിച്ച സംഗതിയാണ്. തീവ്രവാദത്തോടുള്ള സര്‍ക്കാരിന്റെ മൃദുസമീപനം, രൂക്ഷമായ തൊഴിലില്ലായ്മ, അമിതമായ മയക്കുമരുന്നുകടത്തും ഉപയോഗവും, കാര്‍ഷികമേഖലയുടെ തകര്‍ച്ച, ജപ്തിനടപടികള്‍ നേരിടുന്ന കര്‍ഷകര്‍, കടംകയറി മുടിഞ്ഞിട്ടും ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍, പ്രതീക്ഷ നഷ്ടപ്പെട്ടു രാജ്യംവിട്ടു പോകുന്ന യുവജനത, ദുര്‍ബലമായ പ്രതിപക്ഷം എന്നിവ സമൂഹത്തില്‍ ഉയര്‍ത്തിയ അസംതൃപ്തി പുരോഗമനപരമായി ചിന്തിക്കുന്ന ക്രൈസ്തവരെ ഇന്ന്  ഏറെ നിരാശരാക്കിയിട്ടുണ്ട്.
1956ല്‍ രൂപംകൊണ്ടതുമുതല്‍ നിലനിന്നിരുന്ന കേരളത്തിന്റെ മനോഹരമായ മതേതര, സാംസ്‌കാരിക മുഖം ഇന്ന് എത്രയോ മാറിയിരിക്കുന്നു. ഇടതു-വലതു മുന്നണികള്‍ ചിലരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന അവസ്ഥയാണിന്ന്. യുഡിഎഫിന്റെ കാലത്തെ അഞ്ചാംമന്ത്രിവാദത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിധേയപ്പെട്ടതും അശാസ്ത്രീയമായ സംവരണാനുകൂല്യം നിര്‍ത്തലാക്കിയ കേരള ഹൈക്കോടതിവിധിക്കെതിരേ  ഒരു വിഭാഗത്തെമാത്രം സന്തോഷിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നേരിട്ടു സുപ്രീം കോടതിയില്‍ പോയതുമെല്ലാം ഇടതു-വലതു രാഷ്ട്രീയം അകപ്പെട്ട ഗൂഢമായ സ്വാധീനത്തിന്റെ ഫലമാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഈ അവസ്ഥ തുടര്‍ന്നാല്‍ തങ്ങള്‍ ഗുരുതരമായ പ്രതിസന്ധിയെ നേരിടുമെന്ന ചിന്ത ക്രൈസ്തവരെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
കേരളത്തില്‍ ക്രൈസ്തവവിശ്വാസികള്‍ക്കുണ്ടായിരിക്കുന്ന ആശങ്കകള്‍ ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം ഭരണ-രാഷ്ട്രീയനേതൃത്വങ്ങള്‍ക്കുണ്ട്. പരിഷ്‌കൃതസമൂഹങ്ങളുടെ മുഖമുദ്രയായ സത്യത്തിനും നീതിക്കും സമാധാനത്തിനും സമത്വത്തിനും സാഹോദര്യത്തിനുംവേണ്ടി എക്കാലത്തും എവിടെയും പ്രതിജ്ഞാബദ്ധരായി നില്‍ക്കുന്ന ക്രൈസ്തവസമൂഹം, അതിനു വിഘാതമായി സംഭവിക്കുന്ന ഒന്നിനെയും കൈയും കെട്ടി നോക്കിനില്‍ക്കില്ല എന്ന സന്ദേശമാണ് ഇന്ന് കേരളക്രൈസ്തവസമൂഹം ഉയര്‍ത്തുന്നത്. അതിന്റെ ഭാഗമായി ശക്തമായ തീരുമാനങ്ങളിലേക്കു ക്രൈസ്തവസമൂഹം സംയുക്തമായി നീങ്ങുന്നുവെങ്കില്‍ അതിനു നിദാനമായി ക്രൈസ്തവര്‍ ഉയര്‍ത്തുന്ന വിഷയങ്ങളെ സുബോധത്തോടെയും മതേതരമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടും നിഷ്പക്ഷമായും കൈകാര്യം ചെയ്യാന്‍ ഇടതു, വലതു രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
സ്വത്വബോധം വീണ്ടെടുത്ത് ക്രൈസ്തവര്‍
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കേരളരാഷ്ട്രീയത്തില്‍ ക്രൈസ്തവവിഭാഗം വല്ലാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്ന ബോധം എല്ലാ ക്രൈസ്തവര്‍ക്കും ഇന്നുണ്ട്. പല ഘട്ടങ്ങളിലും ക്രൈസ്തവസഭയും വിവിധ സഭാസംഘടനകളും ഇതു പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്; എന്നാല്‍ ഇടതു- വലതുപാര്‍ട്ടികള്‍ ഇതിനെ മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായില്ല. ക്രൈസ്തവരെ പാരമ്പര്യവോട്ടുബാങ്കുകളായി കണ്ടുകൊണ്ട് തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനു മാത്രമായി ഉപയോഗിക്കുകയും അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ അവരെ തഴയുകയും ചെയ്യുകയായിരുന്നു ഇവര്‍ ചെയ്തത്.
ക്രൈസ്തവപ്രാതിനിധ്യം പൊതുമണ്ഡലത്തിലും രാഷ്ട്രീയത്തിലും കുറയുന്നു എന്നത് ക്രൈസ്തവര്‍ ആശങ്കയോടെ കാണേണ്ട കാര്യമാണ്. എന്നാല്‍ സമുദായസംഘടനകളില്‍ അംഗമാകുന്നവര്‍ക്ക് വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയുമാവാം. ചക്കരക്കുടത്തില്‍ വേണമെങ്കില്‍ കുറച്ചു ക്രിസ്ത്യാനികളും കൈയിടട്ടെ എന്നതല്ല നമ്മുടെ ലക്ഷ്യം. മറിച്ച്, മൂല്യാധിഷ്ഠിതരാഷ്ട്രീയപ്രവര്‍ത്തനം സാധിതമാക്കുകയും ക്രൈസ്തവാവകാശങ്ങള്‍ ന്യായമായി ജനാധിപത്യവേദികളില്‍ പ്രതിഫലിപ്പിക്കുകയുമാകണം ക്രൈസ്തവലക്ഷ്യം. തിരഞ്ഞെടുപ്പിലും ദൈനംദിനരാഷ്ട്രീയ വ്യവഹാരത്തിലും മനുഷ്യരെ ബാധിക്കുന്ന അതീവ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഒളിച്ചുവച്ച്, ചില തത്പര പ്രമേയങ്ങള്‍ മാത്രം ചര്‍ച്ചയ്‌ക്കെടുക്കുന്ന കൗശലം മിക്ക പാര്‍ട്ടികളും കേരളരാഷ്ട്രീയത്തില്‍ പയറ്റുകയാണ്. കൂടുതല്‍ ക്രൈസ്തവരെ സാമുദായികവേര്‍തിരിവ് പുലര്‍ത്താതെ പൊതുരംഗത്തും ഭരണരംഗത്തും കൊണ്ടുവരേണ്ടിയിരിക്കുന്നു.
ക്രൈസ്തവസ്വത്വം വീണ്ടെടുക്കാന്‍  ഉറച്ച നിലപാടുകളുമായി ക്രൈസ്തവര്‍
മാധ്യമങ്ങളുടെയോ, രാഷ്ട്രീയക്കാരുടെയോ, മറ്റു തത്പരകക്ഷികളുടെയോ വിമര്‍ശനങ്ങളുടെമുന്നില്‍ ക്രൈസ്തവര്‍ ഭയന്നു പിന്മാറുമെന്നു വിചാരിക്കേണ്ടാ. ഉറച്ച നിലപാടുകളുമായി മൂന്നോട്ടു നീങ്ങും. പ്രതികരിക്കേണ്ട വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കും. ക്രൈസ്തവര്‍ എങ്ങനെ ജീവിക്കണമെന്നോ എന്തു നിലപാട് സ്വീകരിക്കണമെന്നോ തീരുമാനിക്കേണ്ടത് ക്രൈസ്തവവിരുദ്ധത വിറ്റു ജീവിക്കുന്നവരല്ല. വര്‍ത്തമാന ഇന്ത്യയുടെ മതരാഷ്ട്രീയവെല്ലുവിളികളുടെ സാഹചര്യത്തില്‍ ക്രൈസ്തവസഭകള്‍ തമ്മില്‍ കൂടുതല്‍ യോജിപ്പുണ്ടാകണം. അവകാശനിഷേധങ്ങളുടെയും വിവേചനങ്ങളുടെയും കാലത്ത് സഭകള്‍ ഒരുമിച്ചുനില്‍ക്കണം. എല്ലാ എതിര്‍പ്പുകളെയും നിശേഷം തള്ളിക്കളഞ്ഞ് ക്രൈസ്തവര്‍ കൂടുതല്‍ സംഘടിച്ചു ശക്തരാകേണ്ട കാലമാണിത്. 

(സീറോ മലബാര്‍ സഭയുടെ അല്മായ ഫോറം സെക്രട്ടറിയാണ് ലേഖകന്‍)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)