നവംബര്‍ 17 : വിശുദ്ധ എലിസബത്തിന്റെ തിരുനാള്‍
ഫ്രാന്‍സിസ്‌കന്‍ ചൈതന്യത്തിന്റെ മുഖമുദ്രയായ ദാരിദ്ര്യത്തിന്റെയും എളിമയുടെയും വിശുദ്ധിയുടെയും ആള്‍രൂപമായി ലോകത്തിനു പ്രകാശം പകര്‍ന്ന ഒരു സ്ത്രീരത്‌നമാണ് ഹംഗറിയിലെ വിശുദ്ധ എലിസബത്ത്. ഈ മഹാവിശുദ്ധയെയാണ് ഫ്രാന്‍സിസ്‌കന്‍ അല്മായസഭയുടെയും പരോപകാരപ്രസ്ഥാനങ്ങളുടെയും മധ്യസ്ഥയായി കത്തോലിക്കാസഭ തിരഞ്ഞെടുത്തിരിക്കുന്നത്. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചുമരിച്ച ഈ വിശുദ്ധയുടെ പുണ്യജീവിതം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും മനുഷ്യമനസ്സുകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
ഹംഗറിയിലെ ആന്‍ഡ്രൂസ് രണ്ടാമന്‍ രാജാവും പത്‌നി ജല്‍ദ്രൂത് രാജ്ഞിയുമാണ് എലിസബത്തിന്റെ മാതാപിതാക്കള്‍. ഉത്തമക്രൈസ്തവരും ധര്‍മിഷ്ഠരുമായി ജീവിച്ചിരുന്ന ഇവരെ അനപത്യതാദുഃഖം സദാ അലട്ടിക്കൊണ്ടിരുന്നു. അക്കാലത്തു ധാരാളം ക്രൈസ്തവമിഷനറിമാര്‍ ഹംഗറിയില്‍ സുവിശേഷവേല ചെയ്തുകൊണ്ടിരുന്നു. ഒരുനാള്‍ താപസശ്രേഷ്ഠനും സുവിശേഷപ്രസംഗകനുമായ ഒരാളെ കണ്ടെത്തുകയും സംസാരിക്കുകയും ചെയ്യാന്‍ രാജാവിന് അവസരം ലഭിച്ചു. തന്റെ അനപത്യതാദുഃഖത്തെക്കുറിച്ച് അദ്ദേഹത്തോടു രാജാവു സംസാരിച്ചു. താപസന്‍ സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചുകൊണ്ടു രാജാവിനോട് ഇപ്രകാരം പറഞ്ഞു: ''അല്ലയോ രാജാവേ, അവിടുന്നു വ്യസനിക്കേണ്ട. താമസംവിനാ അങ്ങേക്ക് ഒരു പുത്രി ജനിക്കും. അവള്‍ കാലാന്തരത്തില്‍ ധര്‍മിഷ്ഠനായ ഒരു രാജാവിന്റെ പത്‌നീപദം അലങ്കരിക്കുകയും ചെയ്യും.'' രാജാവ് അളവറ്റ സന്തോഷത്തോടെ രാജ്ഞിയെ വിവരമറിയിച്ചു. അവര്‍ ദൈവത്തിനു നന്ദിയും സ്തുതിയുമര്‍പ്പിച്ചു!
1207 ല്‍ ജല്‍ത്രൂദ്‌രാജ്ഞി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. കുഞ്ഞിന് അവര്‍ എലിസബത്ത് എന്നു പേരിട്ടു. കുഞ്ഞിന്റെ ജനനത്തില്‍ ഹംഗറിരാജ്യം മുഴുവന്‍ ആനന്ദത്തില്‍ ആറാടി. അന്തഃപുരത്തിലെ അഴകായി, ആനന്ദമായി വളര്‍ന്നുവന്ന എലിസബത്ത് എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറി. മാതാപിതാക്കളുടെ എല്ലാ സല്‍ഗുണങ്ങളും ദൈവഭക്തിയും എലിസബത്തില്‍ നിറഞ്ഞുനിന്നു. നശ്വരമായ ശരീരത്തിനുള്ളിലെ അനശ്വരമായ ആത്മാവിനെ കൂടും കിളിയുമെന്നപോലെ അവള്‍ ശൈശവത്തില്‍ത്തന്നെ തിരിച്ചറിഞ്ഞു. ജനിച്ചതും വളര്‍ന്നതും രാജകൊട്ടാരത്തിലാണെങ്കിലും ലാളിത്യവും വിനയവും സഹജവാസനകളായി അവളില്‍ വിളങ്ങിനിന്നു. കൊട്ടാരത്തിലെ ചാപ്പലില്‍ പ്രാര്‍ഥനയ്ക്കായി മണിക്കൂറുകള്‍ ചെലവഴിക്കുകയെന്നത് അവളുടെ ഒരു പതിവായിരുന്നു. വേറിട്ടൊരു വ്യക്തിത്വവും അസ്തിത്വവും എലിസബത്തില്‍ പ്രകടമായിരുന്നു.
അന്തഃപുരത്തിനുള്ളിലെ ആഹ്ലാദങ്ങളെക്കാള്‍ അഗതികളെ ശുശ്രൂഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന രാജകുമാരി, ഭക്ഷണവും വസ്ത്രവും മരുന്നും പണവുമായി കൊട്ടാരത്തില്‍നിന്നു പുറത്തേക്കു പോകാന്‍ തോഴിമാരുടെ സഹായം തേടിയിരുന്നു. തന്റെ മഹത്തായ കൃത്യങ്ങള്‍ക്കെല്ലാം ഊര്‍ജം സംഭരിച്ചുകൊണ്ടിരുന്നത് നിരന്തരമായ പ്രാര്‍ഥനയിലൂടെയും തപശ്ചര്യകളിലൂടെയുമായിരുന്നു. എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തുതന്നത്' എന്ന ദൈവവചനം എലിസബത്ത് തന്റെ ഹൃദയരക്തംകൊണ്ടു മനസ്സിന്റെ താളില്‍ കുറിച്ചിട്ടു! ഇഹത്തിലെ സ്ഥാനമാനങ്ങള്‍ക്കോ സമ്പല്‍സമൃദ്ധിക്കോ ആയുരാരോഗ്യങ്ങള്‍ക്കോ ഒന്നും നിലനില്പില്ലെന്നുള്ള ഉള്‍ക്കാഴ്ച നന്നേ ചെറുപ്പത്തില്‍ത്തന്നെ അവളില്‍ വേരൂന്നിയിരുന്നു. ജീവകാരുണ്യപ്രവൃത്തികളായിരുന്നു അവളുടെ ആന്തരികജീവിതത്തിന്റെ അന്തഃസത്ത. ഓരോ രോഗിയിലും അഗതിയിലും ദരിദ്രനിലും എലിസബത്ത് കണ്ടിരുന്നത് വ്രണിതനായ ഈശോയെത്തന്നെയാണ്!
കൗമാരം തളിരിട്ട പതിന്നാലാമത്തെ വയസ്സില്‍ത്തന്നെ എലിസബത്തിന്റെ വിവാഹം നടന്നു. റുബ്ബിയായിലെ രാജാവായിരുന്ന ഹെര്‍മന്റെ മകന്‍ ലൂയി ഗ്രേവ് ആയിരുന്നു വരന്‍. വിവാഹശേഷവും അവള്‍ തന്റെ ജീവകാരുണ്യപ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവളുടെ പരോപകാരതത്പരതയിലും ആതുരശുശ്രൂഷകളിലും ലൂയി രാജാവ് തൃപ്തനായിരുന്നു! രാജ്യത്തിന്റെ പല ഭാഗത്തും ആശുപത്രികളും അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും സ്ഥാപിച്ചു. ഒരുനാള്‍, ദരിദ്രര്‍ക്കായി കുറെ സാധനങ്ങള്‍ മേലങ്കിയുടെ മറവില്‍വച്ച് രാജ്ഞി നടന്നുനീങ്ങുന്നതുകണ്ട് ഭര്‍ത്താവ് രാജ്ഞിയെ തടഞ്ഞുനിര്‍ത്തി ഭാണ്ഡക്കെട്ട് അഴിച്ചുനോക്കി. നിറയെ വെളുത്തതും ചുവന്നതുമായ റോസാപ്പൂക്കള്‍ കണ്ട ലൂയി വിസ്മയഭരിതനായി ഒരെണ്ണമെടുത്തുകൊണ്ട് രാജ്ഞിയെ സന്തോഷത്തോടെ വിട്ടയച്ചു. ഇതുപോലുള്ള ദൈവത്തിന്റെ ശക്തമായ ഇടപെടലുകള്‍ പല തരത്തിലുമവള്‍ക്കു ലഭ്യമായിട്ടുണ്ട്.
എലിസബത്ത് നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കവേയാണ് ലൂയി കുരിശുയുദ്ധത്തിനായി പുറപ്പെട്ടത്. പൊട്ടിനുറുങ്ങിയ ഹൃദയവുമായി പരസ്പരം യാത്രാമൊഴികള്‍ ചൊല്ലി പിരിഞ്ഞപ്പോള്‍ തന്റെ ഭര്‍ത്താവ് അപകടത്തിലേക്കാണു പോകുന്നതെന്ന് അവളുടെ മനസ്സു മന്ത്രിച്ചു. കണ്ണീരോടെ പ്രാര്‍ഥനാനിരതയായി കാത്തിരിക്കവേ, ദക്ഷിണ ഇറ്റലിയില്‍വച്ച് ടൈഫോയ്ഡ് പിടിപെട്ട് ലൂയിരാജാവ് മരിച്ചുവെന്ന ദുഃഖവാര്‍ത്തയാണവള്‍ക്കു ലഭിച്ചത്. ഭര്‍ത്താവിന്റെ വേര്‍പാട് എലിസബത്തിനെ അതീവദുഃഖത്തിലാഴ്ത്തി. പിന്നീടുള്ള അവളുടെ ജീവിതത്തില്‍ അവള്‍ നേരിട്ട തിക്താനുഭവങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അവളെയും കുഞ്ഞുങ്ങളെയും കൊട്ടാരത്തില്‍നിന്നു പുറത്താക്കി. എന്നാല്‍, ദൈവസാന്നിധ്യം അവളോടൊപ്പമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ സ്‌നേഹിതന്മാര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എലിസബത്തിനു കൊട്ടാരത്തിലേക്കു തിരിച്ചുവരാന്‍ ഭാഗ്യം ലഭിച്ചു. മാതൃത്വത്തിന്റെ മധുരിമയില്‍ വൈധവ്യത്തിന്റെ നീറ്റല്‍ ലയിച്ചുചേര്‍ന്നെങ്കിലും ലൂയിയെക്കുറിച്ചുള്ള ഓര്‍മകള്‍ എലിസബത്തിനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചിരുന്നു.
തന്റെ നാലു മക്കളെയും ദൈവത്തിനു ഭരമേല്പിച്ചുകൊണ്ട് കൊട്ടാരം വിട്ട്, താന്‍ സ്ഥാപിച്ച ഒരു ആതുരാലയത്തില്‍ രോഗികളെ ശുശ്രൂഷിച്ച്, പ്രാര്‍ഥനകളും തപശ്ചര്യകളുമായി ജീവിച്ചുവരവേ അവള്‍ രോഗബാധിതയായി. 24-ാമത്തെ വയസ്സില്‍ എലിസബത്ത് ഈ ലോകത്തോടു വിട പറഞ്ഞു. ഹംഗറിനിവാസികള്‍ വാവിട്ടു നിലവിളിച്ചു. ആളുകള്‍ അവളെ കാണാനും പ്രാര്‍ഥിക്കാനുമായി ഓടിക്കൂടി. യൗവനത്തിന്റെ പ്രഭാതത്തില്‍ത്തന്നെ സ്വര്‍ഗത്തിലേക്കു പറന്നുയര്‍ന്ന ഈ മഹാവിശുദ്ധ ലോകത്തിന്റെ അതിരുകള്‍വരെ അനുഗ്രഹപ്പൂമഴ ചൊരിഞ്ഞുകൊണ്ടു സ്വര്‍ഗത്തില്‍ വിരാജിക്കുന്നു! അകാലത്തില്‍ കൊഴിഞ്ഞുവീണ ഈ പുണ്യസൂനത്തിന്റെ തിരുനാള്‍ നവംബര്‍ 17 ന് ലോകമെമ്പാടും ആചരിക്കുന്നു! ദൈവസ്‌നേഹത്തെപ്രതി സര്‍വം ത്യജിച്ച ഈ അഖിലലോകവിശുദ്ധ നമുക്കും മാര്‍ഗദര്‍ശിയാകട്ടെ!