•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ക്രിസ്തീയദൗത്യവും ജീവിതവും പ്രാദേശികസഭയിലും സമൂഹത്തിലും

പാലാ രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി നവംബര്‍ 21, 22, 23 തീയതികളില്‍ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ചു നടക്കുകയാണ്. പാലാ രൂപതയുടെ പ്രഥമാധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ ഓര്‍മദിനമായ നവംബര്‍ 21 നാണ് അസംബ്ലി ആരംഭിക്കുന്നത്. രൂപതയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ള ഒരു കൂടിവരവാണ് അസംബ്ലി. രൂപതാംഗങ്ങളെല്ലാവരുടെയും സ്വരം കേള്‍ക്കാനുള്ള അവസരമാണിത്. പൗരസ്ത്യകാനന്‍നിയമപ്രകാരം രൂപതയിലെ വിവിധ ശുശ്രൂഷാമേഖലകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട അല്മായരും സമര്‍പ്പിതരും വൈദികരും രൂപതയിലെ ദൈവജനത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ അസംബ്ലിയില്‍ പങ്കെടുക്കുന്നു. ആകെ 237 അംഗങ്ങളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. രൂപത അതിന്റെ പ്ലാറ്റിനം ജൂബിലിയിലേക്കു പ്രവേശിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഈ അസംബ്ലിക്ക് സവിശേഷമായ പ്രാധാന്യവുമുണ്ട്. സ്‌നേഹനിധിയായ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവ് തന്റെ മേലധ്യക്ഷശുശ്രൂഷകളുടെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വര്‍ഷവുമാണല്ലോ ഇത്.
'ക്രിസ്തീയദൗത്യവും ജീവിതവും പ്രാദേശികസഭയിലും സമൂഹത്തിലും' എന്നതാണ് മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ വിഷയം. എല്ലാ ഇടവകകളിലും സന്ന്യാസഭവനങ്ങളിലും രൂപതയുടെ ഇതരസ്ഥാപനങ്ങളിലും സംഘടനകളിലും 2023 ജൂലൈമാസം പഠനത്തിനും ചര്‍ച്ചയ്ക്കുമായി നല്‍കിയ മാര്‍ഗരേഖയുടെ വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞ വിലയിരുത്തലുകളും പ്രായോഗികനിര്‍ദേശങ്ങളുമടങ്ങിയ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട കോര്‍കമ്മിറ്റി സസൂക്ഷ്മം ക്രോഡീകരിച്ചു തയ്യാറാക്കിയതാണ് അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയാവതരണരേഖ. ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി ക്രിസ്തീയദൗത്യം സഭയിലും സമൂഹത്തിലും ഏറ്റവും ഫലപ്രദമായ രീതിയില്‍ നിര്‍വഹിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്കു രൂപംകൊടുക്കുക എന്നതാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നവരുടെ ദൈവികമായ നിയോഗം. അസംബ്ലിയിലെ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പുതിയ കര്‍മപദ്ധതി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും 2024 ജനുവരിമുതല്‍ രൂപതയില്‍ നടപ്പാക്കുന്നതുമാണ്.
ഒക്‌ടോബര്‍ 24 ന് അവസാനിച്ച മെത്രാന്മാരുടെ പതിനാറാമതു സിനഡില്‍ പരിശുദ്ധ ത്രിത്വത്തിലും വിശുദ്ധ കുര്‍ബാനയിലും അധിഷ്ഠിതമായ സ്‌നേഹമാണ് അടിസ്ഥാനകാര്യമെന്നു പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ഊന്നിപ്പറയുന്നു. കഴിഞ്ഞവര്‍ഷം  പരിശുദ്ധ പിതാവ് പറഞ്ഞിരുന്നു; സിനഡുകളുടെ (അസംബ്ലികളുടെ) ലക്ഷ്യം പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കയല്ല; മറിച്ച്, സ്വപ്നങ്ങള്‍ മെനഞ്ഞെടുക്കുക, പ്രവചനങ്ങളും കാഴ്ചപ്പാടുകളും രൂപീകരിക്കുക, പ്രത്യാശ വളരാന്‍ അനുവദിക്കുക, പരസ്പരവിശ്വാസം ഉറപ്പുവരുത്തുക, മുറിവുകള്‍ സൗഖ്യമാക്കുക, ബന്ധങ്ങള്‍ ആഴപ്പെടുത്തുക, പരസ്പരം പഠിക്കുക, എല്ലാവരുടെയും മനസ്സും ഹൃദയവും ബലപ്പെടുത്താന്‍വേണ്ട ശക്തിസ്രോതസ്സുകള്‍ നല്‍കുക, നമ്മുടെ കരങ്ങളെ ബലപ്പെടുത്തുക' എന്നതാണ്. തര്‍ക്കിക്കുകയല്ല, പരസ്പരം ശ്രവിക്കുകയാണു വേണ്ടത് എന്നാണ് പരിശുദ്ധ പിതാവു പഠിപ്പിക്കുന്ന അടിസ്ഥാനവേദപാഠം. വിശ്വാസികളുടെ പൊതു അഭിപ്രായം അറിയണമെന്ന് പരിശുദ്ധ പിതാവ് നിരന്തരമായി ആവശ്യപ്പെടുന്നു. മക്കളെ കേള്‍ക്കുമ്പോള്‍ അമ്മയായ സഭ സന്തോഷിക്കുകയാണ് 
എപ്പാര്‍ക്കിയല്‍ അസംബ്ലി എന്ന ആശയം നമ്മുടെ പുരാതന പള്ളിയോഗത്തോട് ഏറെ ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്. ഇന്ത്യയിലെ നസ്രാണികള്‍ക്കു പള്ളിയോഗം എന്ന പദം ഏറ്റവും പ്രിയപ്പെട്ടതാണ്. പള്ളിയോഗം പള്ളിയുടെ അല്ലെങ്കില്‍ സഭയുടെ യോഗമാണ്, ഒന്നിച്ചുചേരലാണ്. ഐക്യത്തിലേക്കു പ്രവേശിക്കുകയാണ് എന്നാണര്‍ഥം. ചില പണ്ഡിതന്മാര്‍ പള്ളിയോഗത്തെ 'ക്രിസ്ത്യന്‍ റിപ്പബ്ലിക്' എന്നാണു വിശേഷിപ്പിച്ചത്. ക്രിസ്ത്യന്‍ എന്ന വിശേഷണം ഈ യോഗത്തെ വ്യതിരിക്തമാക്കുന്നു. ഈ റിപ്പബ്ലിക്കിന്റെ അടിസ്ഥാനസ്വഭാവം ഈശോയുടെ സ്വഭാവംതന്നെയായിരിക്കണം. ഈശോയെ മാറ്റിനിര്‍ത്തിയുള്ള ഒരു ജനാധിപത്യസംവിധാനമല്ല ഇത്. ഈശോയുടെ ഹിതം ജനകീയമായി അംഗീകരിക്കുകയും നടപ്പാക്കുകയുമാണ് ഈ യോഗത്തിന്റെ ധര്‍മം. സഭ കാതോലികവും സാര്‍വത്രികവുമാകുന്നത് ഈശോയുടെ കാതോലിക സാര്‍വത്രികമാനത്തില്‍നിന്നാണ്. ദേശത്തുപട്ടക്കാരനായ ഇടവകവികാരി (കത്തനാര്‍) തന്റെ ശുശ്രൂഷയ്ക്കായി ഏല്പിക്കപ്പെട്ടിരിക്കുന്ന കുടുംബങ്ങളിലെ തലവന്‍മാരുമായി ആലോചിച്ചു പള്ളിയുടെ ഭരണശുശ്രൂഷകള്‍ ചെയ്യുന്ന ക്രമത്തിനാണു പള്ളിയോഗം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ക്രിസ്ത്യന്‍ റിപ്പബ്ലിക്കിനു ലോകത്തിന്റെ ജനാധിപത്യവുമായി വലിയ വ്യത്യാസമുണ്ട്. ദൈവികജനാധിപത്യമാണിത്. കൂട്ടായ്മയാണ് ഇതിന്റെ അളവുകോല്‍. ദൈവത്തിന്റെ ത്രിത്വാത്മകസ്വഭാവവും ഐക്യവും പ്രകടിപ്പിക്കുന്ന സംവിധാനമാണിത്. സഭയിലെ കൂട്ടായ്മയുടെ കാരണം പരി. ത്രിത്വം എന്ന കൂട്ടായ്മയാണ്. 
പള്ളിയോഗം രൂപപ്പെടുന്ന കാലത്ത് മന്റങ്ങളും ക്ഷേത്രഭരണസംവിധാനങ്ങളും കല്‍ദായസഭയുടെ ഭരണസംവിധാനങ്ങളുമൊക്കെ സ്വാധീനിച്ചിട്ടുണ്ടാവാം. എന്നാല്‍, ഈ ഭരണസംവിധാനത്തിന്റെ അടിസ്ഥാനം പഴയനിയമ ദൈവജനത്തിന്റെയും പുതിയനിയമസഭയുടെയും ഭരണക്രമംതന്നെയാണ്. ഒരുപക്ഷേ, നമ്മുടെ നാട്ടിലെ ചില ഭരണക്രമങ്ങളെ, പ്രത്യേകിച്ച് മന്റങ്ങളെ അനുകരിച്ചാവാം പള്ളിയോഗവും മൂന്നുതലത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. അതായത്, ഇടവകയോഗം, പ്രാദേശികയോഗം, മഹായോഗം എന്നീ തലങ്ങളില്‍. ഇന്നത്തെ എപ്പാര്‍ക്കിയല്‍ അസംബ്ലി പ്രാദേശികയോഗത്തിന്റെ സ്ഥാനത്താണെന്നു പറയാം. മഹായോഗം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയെ പ്രതിനിധാനം ചെയ്യുന്നു. എപ്പാര്‍ക്കിയല്‍ അസംബ്ലി (പ്രാദേശികയോഗം) നമ്മെ ചില പ്രധാന കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്: 
ഇത് ഇടവകകള്‍ തമ്മിലുള്ള ഐക്യത്തെ പ്രകാശിപ്പിക്കുന്നു.
ഗൗരവതരമായ വിഷയങ്ങളിലും ഒരു വിശ്വാസിക്കു സമൂഹത്തെ പ്രതിനിധാനം ചെയ്യാന്‍ സാധിക്കുന്നു.
  ഇത് മുമ്പു സൂചിപ്പിച്ച ക്രിസ്ത്യന്‍ റിപ്പബ്ലിക്കിന്റെ ഏറ്റവും സുന്ദരമായ പ്രകാശനമാണ്. 
     പള്ളിയോഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളും അവകാശങ്ങളും നാം മനസ്സിലാക്കണം.
1) പള്ളിയുടെ ഭൗതികവസ്തുക്കളുടെ ഭരണം നിര്‍വഹിച്ചിരുന്നതു പ്രധാനമായും പള്ളിയോഗമാണ്. തീര്‍ച്ചയായും വികാരിയായിരിക്കുന്ന കത്തനാരുടെ മേല്‍നോട്ടത്തിലാണത്. പള്ളിയോഗത്തിന്റെ ഉത്തരവാദിത്വത്തിലാണ് പള്ളിയുടെ നിര്‍മാണങ്ങളും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുമൊക്കെ നടത്തിയിരുന്നത്. ഈ ശൈലിയാണല്ലോ പ്രതിനിധിയോഗത്തിലൂടെ നമ്മള്‍ തുടര്‍ന്നുകൊണ്ടുപോകുന്നത്.
2) പള്ളിയോഗത്തിന്റെ അംഗീകാരം ഒരു വ്യക്തിക്കു പുരോഹിതപട്ടങ്ങള്‍  (ശംശാന, കശ്ശീശാ പട്ടങ്ങള്‍) നല്‍കുന്നതിന് അനിവാര്യമായിരുന്നു. പള്ളിയോഗത്തിന്റെ ദേശക്കുറി അവരുടെ അംഗീകാരത്തിന്റെ അടയാളമായിരുന്നു. ഇത് വൈദികരും വിശ്വാസികളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇപ്പോഴും തിരുപ്പട്ടസ്വീകരണത്തിനുമുമ്പ് സ്വന്തം ഇടവകയില്‍ ഇക്കാര്യം അറിയിക്കുന്ന ക്രമം നാം തുടര്‍ന്നുകൊണ്ടാണിരിക്കുന്നത്. സ്വജാതീയമെത്രാന്മാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സഭയിലെ മഹായോഗത്തിനു നിര്‍ണായകമായ പങ്കുണ്ടായിരുന്നു. 
3) വൈദികരുടെ സംരക്ഷണച്ചുമതല യോഗത്തിന്റെ ഉത്തരവാദിത്വമായിരുന്നു. 
4) പ്രധാന തിരുനാളിനോടനുബന്ധിച്ചുള്ള സ്‌നേഹവിരുന്നു ക്രമീകരിച്ചിരുന്നതും പള്ളിയോഗത്തിന്റെ ഉത്തരവാദിത്വത്തിലായിരുന്നു. 
5) മാര്‍ത്തോമ്മായുടെ നിയമത്തിന്റെ യഥാര്‍ഥ സംരക്ഷണച്ചുമതല പള്ളിയോഗത്തിന്റെതായിരുന്നു.
   നമ്മുടെ സഭയുടെ ശ്ലൈഹികപാരമ്പര്യവും ആരാധനക്രമവും സുറിയാനിഭാഷയും ഇതില്‍നിന്ന് ഉരുത്തിരിഞ്ഞ മറ്റനേകം പ്രാദേശികപാരമ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ പ്രാദേശികപള്ളിയോഗങ്ങള്‍ നല്ല ശ്രദ്ധ കൊടുത്തിരുന്നു. സുറിയാനിഭാഷയുടെ ഗ്രാമറും നിഘണ്ടുവും ടെക്സ്റ്റ്ബുക്കുകളുമൊക്കെ രചിച്ചവരില്‍ ഏറ്റവും മുമ്പില്‍ നിന്നിരുന്നത് നമ്മുടെ രൂപതയില്‍നിന്നുള്ള പണ്ഡിതന്മാരായ കത്തനാര്‍മാരായിരുന്നു. അന്ത്രയോസ് മല്പാന്‍, കുടക്കച്ചിറ അന്തോണിച്ചന്‍, ബഹു. തോമസ് അരയത്തിനാല്‍, ഫാ. എമ്മാനുവേല്‍ തെള്ളിയില്‍ തുടങ്ങിയവര്‍ അവരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. അവര്‍ക്കെല്ലാം പ്രചോദനം ലഭിച്ചത് പാറേമ്മാക്കല്‍ തോമാക്കത്തനാരില്‍നിന്നും നിധീരിക്കല്‍   മാണിക്കത്തനാരില്‍നിന്നുമായിരുന്നു. സുറിയാനിഭാഷാപണ്ഡിതന്മാരായ ഒരുപറ്റം കത്തനാര്‍മാര്‍ പാലായുടെ വലിയ സമ്പത്തായിരുന്നു. 
6) സഭയെ സംബന്ധിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും യോഗങ്ങള്‍ കൂടിയിരുന്നുവെന്നതു ചരിത്രവസ്തുതയാണ്. സഭയുടെ ഐക്യം സംരക്ഷിക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനും പള്ളിയോഗം പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. പരസ്യപാപികളായിട്ടുള്ളവരെ തിരുത്തുന്നതിനും ശിക്ഷണനടപടികള്‍ സ്വീകരിക്കുന്നതിനും സാമൂഹികതിന്മകള്‍ക്കെതിരേ പോരാടുന്നതിനും പള്ളിയോഗങ്ങള്‍ തയ്യാറായിരുന്നു. നമ്മുടെ എല്ലാ ഫൊറോനകളിലും ഈ അടുത്തനാളില്‍ നമ്മള്‍ രൂപീകരിച്ച ജാഗ്രതാസമിതികള്‍ സാമൂഹികതിന്മകള്‍ക്കെതിരേ പോരാടാനുള്ള ശക്തമായ ക്രമീകരണങ്ങളാണല്ലോ.
7) ഉപവിപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതില്‍ യോഗം നിര്‍ണായകപങ്കു വഹിച്ചിരുന്നു. നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹക്കാര്യത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നമ്മുടെ ഹോം പാലാ പ്രോജക്ട്‌വഴിയും പാലാ കാരിത്താസ്‌വഴിയും കുടുംബസഹായനിധിവഴിയും ഇടവകകളും രൂപതാകേന്ദ്രവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. രൂപതയുടെ സാമൂഹികക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റ്‌വഴി ഒട്ടനവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ നമുക്കു കഴിയുന്നുണ്ട്.
മുകളില്‍ പറഞ്ഞ പള്ളിയോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികളെ സഹോദരീസഹോദരന്മാരുടെ ഒരു സമൂഹമാക്കി. വര്‍ത്തമാനപ്പുസ്തകത്തിലെ ജ്യേഷ്ഠാനുജന്മാര്‍' എന്ന പ്രയോഗം ഈ വസ്തുതയ്ക്കു സാക്ഷ്യം വഹിക്കുന്നു. സഭ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു കൂട്ടായ്മയാണ്. സ്‌നേഹമില്ലാത്ത നിയമത്താല്‍ ഭരിക്കപ്പെടുന്ന ഒരു സമൂഹമല്ല. മാമ്മോദീസായിലൂടെ വീണ്ടും ജനിക്കുന്ന വിശ്വാസികള്‍ തമ്മില്‍ ബഹുമാനത്തിന്റെ കാര്യത്തിലും പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഒരു സമാനതയുണ്ട്. ഓരോരുത്തരും തങ്ങളുടെ കൃപയ്ക്കനുസരിച്ചു പള്ളിയെ പടുത്തുയര്‍ത്തുന്നു.
എപ്പാര്‍ക്കിയല്‍ അസംബ്ലിയിലെ ചര്‍ച്ചകളും തത്ഫലമായി രൂപംകൊള്ളുന്ന കര്‍മപദ്ധതിയും കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ടു ക്രിസ്തീയദൗത്യം സഭയിലും സമൂഹത്തിലും ഏറ്റവും ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ഓരോരുത്തരെയും പ്രാപ്തരാക്കുമെന്നും അതുവഴി, പ്രാദേശികസഭയായ നമ്മുടെ രൂപത കൂടുതലായി ആത്മീയവളര്‍ച്ച നേടുമെന്നും വിശ്വാസത്തില്‍ ആഴപ്പെടുമെന്നും പ്രത്യാശിക്കുന്നു. 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)