നിലമുഴുതു വിത്തിട്ടു കൃഷി ചെയ്തു ജീവിക്കുന്ന കര്‍ഷക സമൂഹവും ചെറുജോലികളിലൂടെ ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരുമെല്ലാം അതിജീവനപ്രതിസന്ധി നേരിടുന്ന നാളുകളിലൂടെയാണ് നാടും രാജ്യവും കടന്നുപോകുന്നത്. ഉത്പാദനച്ചെലവിനും അധ്വാനത്തിനുമനുസരിച്ചു പ്രതിഫലം ലഭിക്കാതിരിക്കുന്നതും നട്ടുനനച്ചുണ്ടാക്കുന്ന വിളകള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ക്കു മുന്നില്‍ നിസ്സഹായതയോടെ നില്‍ക്കേണ്ടിവരുന്നതുമൊക്കെ ഇന്നു നമ്മുടെ നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളാണ്. ഇതിനിടയിലാണ് ബാങ്കുകള്‍ വായ്പ നിഷേധിച്ചതിനെത്തുടര്‍ന്നുള്ള നിസ്സഹായരായ മനുഷ്യരുടെ ആത്മഹത്യകള്‍ സംസ്ഥാനത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കൃഷിക്കു ബാങ്ക്‌വായ്പ നിഷേധിച്ചതിലുണ്ടായ വിഷമത്തില്‍ ആലപ്പുഴയിലെ തകഴിയില്‍ പ്രസാദ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തതു കഴിഞ്ഞദിവസമാണ്. തൊട്ടടുത്ത ദിവസംതന്നെ 'ജീവിതത്തില്‍ പരാജയപ്പെട്ടവനു ജീവിക്കാന്‍ അര്‍ഹതയില്ല; അതുകൊണ്ടു ഞാന്‍ പോകുന്നു' എന്നെഴുതിവച്ച് പത്തനംതിട്ട ഓമല്ലൂര്‍സ്വദേശി ഗോപി എന്ന എഴുപത്തിമൂന്നുവയസ്സുള്ള ലോട്ടറിക്കച്ചവടക്കാരനും ആത്മഹത്യ ചെയ്തു.
പി.ആര്‍.എസ്. കുടിശ്ശിക കൃഷിക്കാരെ ബാധിക്കില്ലെന്നു കൃഷിമന്ത്രി പി. പ്രസാദും സര്‍ക്കാരും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളത്. ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത പ്രസാദിനു വായ്പ കിട്ടാന്‍ തടസ്സമായത് പി.ആര്‍.എസ്.വായ്പയല്ല എന്നു സര്‍ക്കാര്‍ പറയുന്നു. പക്ഷേ, പി. ആര്‍.എസ്. വായ്പയും മറ്റു വായ്പകള്‍ക്കു തടസ്സമായി സിബില്‍ സ്‌കോറില്‍ പ്രതിഫലിക്കുമെന്നു ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നെല്ലിന്റെ വില കര്‍ഷകര്‍ക്കു നേരിട്ടു നല്‍കാതെ ബാങ്കുവായ്പയായി നല്‍കുന്ന സര്‍ക്കാര്‍രീതിയാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നതെന്ന പരാതികളേറെയാണ്. സംഭരിച്ച നെല്ലിന്റെ വില ബാങ്കുവായ്പയായി വാങ്ങേണ്ടിവരുന്ന അവസ്ഥയാണു പ്രശ്‌നങ്ങളുനാക്കുന്നത്. അതു സര്‍ക്കാര്‍ യഥാസമയം തിരിച്ചടച്ചില്ലെങ്കില്‍ പ്രതിസ്ഥാനത്തു വരുന്നത് കര്‍ഷകരാണ്. കുടിശ്ശികക്കാരനു വായ്പ കിട്ടാത്ത സാഹചര്യമുണ്ടാവും. പാടത്തു പണി ചെയ്തു വിളവുണ്ടാക്കിയ കര്‍ഷകനാണോ അയാളുടെ നെല്ലു വാങ്ങി വിലയ്ക്കു പകരം വായ്പ തരപ്പെടുത്തിക്കൊടുത്തു തിരിച്ചടവു മുടക്കുന്ന സര്‍ക്കാരാണോ കുറ്റക്കാരനെന്നതാണ് ഉയരുന്ന ചോദ്യം.
നെല്ലു സംഭരിച്ച പണം വായ്പയായി ബാങ്കുവഴി നല്‍കുന്നതു കര്‍ഷകരെ കെണിയിലാക്കുമെന്നു കര്‍ഷകരും സംഘടനകളും കോടതിയുമൊക്കെ പറഞ്ഞതും ഓര്‍മിപ്പിച്ചതുമാണ്. തന്റെ മരണത്തിനു കാരണം ബാങ്കുകളും സര്‍ക്കാരുമാണെന്നു പ്രസാദ് പറഞ്ഞത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്.
കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. പെന്‍ഷന്‍ ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ
പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കു വന്‍തുക ചെലവിടുന്നു. ആഘോഷങ്ങള്‍ക്കായി പണം ധൂര്‍ത്തടിക്കുന്നു. പാവപ്പെട്ട കര്‍ഷകനും സ്ത്രീകളും ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്. കടക്കെണിമൂലം കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിച്ചിട്ടും പരിഹാരം കാണാനുള്ള നടപടിയില്ല. നെല്ലിന്റെ വിലയായി ലഭിക്കേണ്ട കേന്ദ്രവിഹിതം സംസ്ഥാനത്തിനു നല്‍കിയെന്നാണു മനസ്സിലാക്കുന്നത്. എന്നിട്ടും കര്‍ഷകന് എന്തുകൊണ്ട് പണം ലഭിച്ചില്ലെന്നതു പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരാണോ ഇക്കാര്യത്തില്‍ കുറ്റക്കാരെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്നിരുന്നാലും, സംസ്ഥാനസര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുമ്പോള്‍ കര്‍ഷകരടക്കം ബുദ്ധിമുട്ടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.കടുത്ത സാമ്പത്തികപ്രതിസന്ധിയിലും സര്‍ക്കാര്‍ കോടികള്‍ വാരിയെറിഞ്ഞ് 'കേരളീയം'പോലുള്ള ധൂര്‍ത്തുകള്‍ക്കു പിന്നാലെ പോകുമ്പോള്‍ സാധാരണ
ജനം ജീവിതം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുകയാണ്.ലൈഫ്പദ്ധതിയില്‍ ലഭിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ പണം ലഭിക്കാത്ത വിഷമത്തിലായി
രുന്നു ഓമല്ലൂരില്‍നിന്നുള്ള ഗോപിയുടെ ആത്മഹത്യ. സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതി എന്നറിയപ്പെടുന്ന ലൈഫ് പദ്ധതിയില്‍ പണമില്ലാത്തതുകൊണ്ട് 1.25 ലക്ഷം വീടുകളുടെ പണി മുടങ്ങിക്കിടക്കുകയാണെന്നാണ് അറിയുന്നത്. ജീവനൊടുക്കിയ ഗോപി ഉള്‍പ്പെടുന്ന ഓമല്ലൂര്‍ പഞ്ചായത്തില്‍മാത്രം 35 വീടുകളുടെ പണി പൂര്‍ത്തിയാക്കാനുണ്ട്. മിക്ക പഞ്ചായത്തുകളുടെയും സ്ഥിതി ഇതുതന്നെയാണ്.
കുട്ടനാട്ടില്‍മാത്രം അടുത്തനാളുകളില്‍ രണ്ടു കര്‍ഷകര്‍ ജീവനൊടുക്കിയെന്നത് ഗൗരവമേറിയ പ്രശ്‌നമാണ്. നെല്ലുവില പൂര്‍ണമായി കിട്ടാത്തതുമൂലമുള്ള സാമ്പത്തികപ്രതിസന്ധിയില്‍ മനംനൊന്ത് അമ്പലപ്പുഴ സ്വദേശിയായ കെ.ആര്‍. രാജപ്പന്‍ എന്ന എണ്‍പത്തെട്ടുകാരന്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണു ജീവനൊടുക്കിയത്. കര്‍ഷകനെ ചേര്‍ത്തുനിറുത്തുന്ന സമീപനമാണു സ്വീകരിക്കുന്നതെന്നും പി.ആര്‍.എസ്. കുടിശ്ശിക കൃഷിക്കാരെ ബാധിക്കില്ലെന്നും സര്‍ക്കാരും കൃഷിമന്ത്രിയും ആവര്‍ത്തിച്ചു പറയുന്നതിനിടയിലും എന്തുകൊണ്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്ന വിഷയം കാണാതിരിക്കാനാവില്ല.
കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് നടന്‍ ജയസൂര്യ അടുത്ത നാളില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചതു ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഭരിച്ച നെല്ലിന്റെ കുടിശിക സപ്ലൈകോ നല്‍കാത്തതിനാല്‍ തിരുവോണനാളിലും പട്ടിണിസമരത്തിനു നിര്‍ബന്ധിതരായ ഒരു കൂട്ടം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സര്‍ക്കാര്‍നിലപാട് ശരിയല്ലെങ്കിലും കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോഴും പ്രതിപക്ഷകര്‍ഷക സംഘടനകള്‍ പ്രതിഷേധസമരംപോലും നടത്തുന്നില്ലെന്ന പരാതിയുമുണ്ട്. അല്ലെങ്കില്‍ത്തന്നെ പ്രത്യേക ന്യൂനപക്ഷവോട്ടു ബാങ്ക് ലക്ഷ്യമാക്കിയുള്ള പ്രീണനരാഷ്ട്രീയത്തിലാണല്ലോ ഇപ്പോള്‍ കേരളത്തിലെ ഭരണപ്രതിപക്ഷകക്ഷികളുടെ കണ്ണ്. കര്‍ഷകരുടെ ദുരിതപൂര്‍ണമായ അവസ്ഥയില്‍ പ്രതിഷേധിക്കാനോ സംസ്ഥാനതലത്തില്‍ ഈ വിഷയം ഏറ്റെടുക്കാനോ പ്രതിപക്ഷപ്പാര്‍ട്ടികളോ കര്‍ഷകസംഘടനകളോ ഇനിയും തയ്യാറായിട്ടില്ല.
കേരളത്തില്‍മാത്രമല്ല, രാജ്യത്താകെയും കര്‍ഷകര്‍ ദുരിതത്തിലാണ്. രാജ്യത്തെ തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന കാര്‍ഷികമേഖലയുടെ നേര്‍ച്ചിത്രമാണ് ഓരോ കര്‍ഷക ആത്മഹത്യയും. വിളനഷ്ടവും കടബാധ്യതകളുംമൂലം ഓരോ ദിവസവും 31 പേര്‍ വീതം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യ ചെയ്യുന്നതായാണു കണക്കുകള്‍. നാഷണല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം 5,563 കര്‍ഷകര്‍ രാജ്യത്തു ജീവനൊടുക്കി. കടക്കെണിയെത്തുടര്‍ന്ന് 2020, 21 വര്‍ഷങ്ങളിലായി 10,897 കര്‍ഷകരാണ് രാജ്യത്തു ജീവനൊടുക്കിയത്. ഇക്കാലയളവില്‍ കേരളത്തില്‍ 91 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരേതര സംഘടന സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ സ്ഥിതി കുറച്ചൊക്കെ ഭേദമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സാഹചര്യങ്ങള്‍ അത്ര പന്തിയല്ല എന്നാണ് മനസ്സിലാവുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവത്കരണ നയങ്ങള്‍ കുത്തകകള്‍ക്കും ഇടനിലക്കാര്‍ക്കും ഗുണം ചെയ്യുകയും കര്‍ഷകരെ ദ്രോഹിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം പണ്ടേയുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന കാര്യം ഓര്‍മപ്പെടുത്തുമ്പോള്‍ത്തന്നെ ഇത്തരം സാഹചര്യങ്ങളിലേക്ക് എന്തുകൊണ്ട് കാര്യങ്ങള്‍ എത്തിപ്പെടുന്നു എന്നതിലേക്കു സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ പതിയേണ്ടതുണ്ട്. കടത്തെക്കുറിച്ചും അതു വീട്ടുന്നതിനെക്കുറിച്ചുമുള്ള ബോധവത്കരണം ചെറുകിടകര്‍ഷകരുടെ ഇടയില്‍ നടത്തേണ്ടതുണ്ടെന്ന് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ജീവന്‍ കളഞ്ഞു നേരിടേണ്ടതല്ല കടബാധ്യതകള്‍ എന്ന കാര്യം കര്‍ഷകരും ജനസമൂഹവും തിരിച്ചറിയണം. ജീവന്‍ നഷ്ടമാക്കി എന്തിനു പ്രിയപ്പെട്ടവരെ വീണ്ടും കണ്ണീരിലാഴ്ത്തണം?
കര്‍ഷകരുള്‍പ്പെടുന്ന സാധാരണ ജനത കണ്ണീരോടെ നീതിക്കായി നിലവിളിക്കുമ്പോള്‍ ഭരണത്തിലിരിക്കുന്നവരും അതിനെ പിന്താങ്ങുന്നവരും അതു കണ്ടില്ലെന്നു നടിക്കരുത്.