മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലുങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുപ്രചാരണം കൊടുമ്പിരിക്കൊള്ളുകയാണ്. ലോക്സഭാതിരഞ്ഞെടുപ്പിനു മാസങ്ങള്‍മാത്രം ശേഷിക്കേ, സെമിഫൈനലായി വിലയിരുത്തപ്പെടുന്ന അഞ്ചു സംസ്ഥാനനിയമസഭാതിരഞ്ഞെടുപ്പുകള്‍ ബിജെപിക്കും പ്രതിപക്ഷ മുന്നണിയായ ''ഇന്ത്യ''യ്ക്കും ഒരുപോലെ നിര്‍ണായകമാണ്. വനിതാസംവരണബില്‍ പാസാക്കിയതും നരേന്ദ്ര മോദിയെന്ന ഇമേജും ഉയര്‍ത്തിക്കാട്ടിയാണ് ലോക്സഭാഫലത്തിലേക്കുള്ള സൂചനകള്‍ നല്‍കുന്ന തിരഞ്ഞെടുപ്പിനു ബിജെപി നീങ്ങുന്നത്. എന്നാല്‍, ജാതിസെന്‍സസ് തുറുപ്പുചീട്ട് പുറത്തെടുത്ത ''ഇന്ത്യ'' മുന്നണി ബിജെപിക്കെതിരായി അതിശക്തമായ പോരാട്ടമാണു നടത്തുന്നത്. ജാതിസെന്‍സസ്, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളല്‍, 200 യൂണിറ്റുവരെ സൗജന്യവൈദ്യുതി തുടങ്ങിയവ കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ ''മോദി കി ഗ്യാരന്റി 2023'' എന്ന പേരിലാണ് ബിജെപിയുടെ പ്രകടനപത്രിക.
സംസ്ഥാനവിഷയങ്ങള്‍ക്കൊപ്പം കേന്ദ്രഭരണ നയങ്ങളുടെയും വിലയിരുത്തലിനു വേദിയാകുന്ന നിയമസഭാതിരഞ്ഞെടുപ്പുകള്‍, മോദിസര്‍ക്കാരിന്റെ ഹിതപരിശോധനയ്ക്കുകൂടി വഴിയൊരുക്കും. ബി.ജെ.പി.ക്കെതിരായ 'ഇന്ത്യ'സഖ്യത്തിന്റെ ആദ്യപ്രധാന പരീക്ഷണംകൂടിയാവും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകള്‍. സഖ്യം രൂപംകൊണ്ടശേഷം ആറു സംസ്ഥാനങ്ങളിലെ ഏഴു സീറ്റിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലും 'ഇന്ത്യ' മുന്നണി നേടിയിരുന്നു. 'ഇന്ത്യ' മുന്നണിയുടെ അനിഷേധ്യമായ നേതൃസ്ഥാനത്തിന് കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പുകളില്‍ ആധികാരികമായ വിജയം അനിവാര്യമാണ്.
പഞ്ചയുദ്ധത്തിലെ സാധ്യതകള്‍
മിസോറാമില്‍ നവംബര്‍ ഏഴിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢില്‍ രണ്ടു ഘട്ടമായിട്ടാണു നടക്കുക. ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാംഘട്ടം നവംബര്‍ 17നും നടക്കും. ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23 നു നടക്കും. ഏറ്റവുമൊടുവില്‍ വോട്ടെടുപ്പു നടക്കുന്നത് തെലുങ്കാനയിലാണ്. നവംബര്‍ 30 നാണ് വോട്ടെടുപ്പ്.
കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. 200 അംഗനിയമസഭയില്‍ 108 സീറ്റുമായി കോണ്‍ഗ്രസാണ് നിലവിലെ ഭരണകക്ഷി. ഇത്തവണ കോണ്‍ഗ്രസിനും ബിജെപിക്കും തുല്യസാധ്യതയാണ് അഭിപ്രായസര്‍വേകള്‍ കല്പിക്കപ്പെടുന്നത്. രാജസ്ഥാനില്‍ നേതൃബാഹുല്യമാണ് ബിജെപി നേരിടുന്ന തലവേദന. വസുന്ധര രാജയും മറ്റു നേതാക്കളും മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി ഉയര്‍ത്തുന്ന ഗ്രൂപ്പുപോരാണ് ബിജെപിയുടെ മുമ്പിലെ വെല്ലുവിളി. അതിനാല്‍, മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരത്തിനിറങ്ങുന്നത്. ഭരണവിരുദ്ധവികാരം ഗെഹ്‌ലോട്ടുസര്‍ക്കാരിനെ വീഴ്ത്തുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാല്‍, ഭരണം നിലനിര്‍ത്താന്‍ ക്ഷേമപദ്ധതികള്‍ വാരിക്കോരി നല്‍കിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതിലെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് അഭിമാനപ്പോരാട്ടമായി കാണുന്ന മധ്യപ്രദേശില്‍ അഭിപ്രായസര്‍വേകളില്‍ കോണ്‍ഗ്രസിനാണു മുന്‍തൂക്കം. 2018 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍, 22 എംഎല്‍എമാര്‍ ജ്യോതിരാദിത്യസിന്ധ്യയോടൊപ്പം കൂറുമാറി ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനു ഭരണം നഷ്ടമായി. ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാരിനെതിരായി കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപി മധ്യപ്രദേശില്‍ നേരിടുന്നത്. ബിജെപി സര്‍ക്കാരിന്റെ വീഴ്ചയായി തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ കോണ്‍ഗ്രസ് പറയുമ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി കമല്‍നാഥിനു പിന്നില്‍ അണിനിരക്കുന്നത് വലിയ ആത്മവിശ്വാസമാണു കോണ്‍ഗ്രസിനു നല്‍കുന്നത്.
ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനു ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണു പ്രവചനങ്ങള്‍. ഛത്തീസ്ഗഢില്‍ പാര്‍ട്ടിയുടെ മുഖങ്ങളായി നില്‍ക്കാന്‍ നേതാക്കളില്ലെന്നതാണ് ബി.ജെ.പി.യുടെ ക്ഷീണം. നടപ്പാക്കിയ കര്‍ഷകക്ഷേമപദ്ധതികളുടെ ബലത്തില്‍ അധികാരത്തില്‍ തുടരാമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെയും കോണ്‍ഗ്രസിന്റെയും പ്രതീക്ഷ. തിരഞ്ഞെടുപ്പിനിടയില്‍ ഇഡി നടത്തുന്ന ഇടപെടലുകളാണ് ബിജെപിക്കു പ്രതീക്ഷ നല്‍കുന്നത്. ജനകീയനായ ഭൂപേഷ് ബാഗേലിനെതിരായി ഇഡി അവസാനനിമിഷം നടത്തുന്ന അന്വേഷണങ്ങള്‍ തിരിച്ചടിക്കുമോ എന്ന ഭയവും ബിജെപിക്കുണ്ട്.
രാജ്യം ഏറെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് കെ. ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള ബി ആര്‍എസ് നയിക്കുന്ന തെലുങ്കാനയിലേത്. കുടുംബഭരണം, അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ ബിആര്‍എസിനെതിരേ ഉയരുന്നു. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരായി കടുത്ത ഭരണവിരുദ്ധവികാരമാണു നിലനില്‍ക്കുന്നത്. തെലുങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് എല്ലാ സര്‍വേകളും പ്രവചിക്കുന്നത്. കര്‍ണാടകതിരഞ്ഞെടുപ്പുവിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ അതിശക്തമായ പോരാട്ടമാണു തെലുങ്കാനയില്‍ കോണ്‍ഗ്രസ് നടത്തുന്നത്. വലിയ മുന്നേറ്റം നടത്തുമെന്ന് അവകാശവാദം മുഴക്കിയിരുന്ന് ബിജെപി ഇപ്പോള്‍ പിന്‍വലിഞ്ഞ മട്ടാണ്.
എന്‍ഡിഎ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടാണ് മിസോറാമില്‍ നിലവില്‍ അധികാരത്തിലുള്ളത്. ഏതു വിധേയനെയും ഭരണം നിലനിര്‍ത്താന്‍ എംഎന്‍എഫും ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. അതേസമയം, പ്രാദേശികപാര്‍ട്ടികളെ ഉള്‍പ്പെടുത്തി സോറം പീപ്പിള്‍സ് മൂവ്മെന്റ് മുന്നണിയും രംഗത്തുണ്ട്. മണിപ്പുരില്‍ മാസങ്ങളായി നടക്കുന്ന സംഘര്‍ഷം മിസോറാമില്‍ തിരഞ്ഞെടുപ്പുവിഷയമാകുമെന്നതില്‍ സംശയമില്ല. എന്‍ഡിഎയുടെ ഭാഗമായിട്ടും ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) അവിശ്വാസപ്രമേയത്തിനിടെ ബിജെപിക്കെതിരേ വോട്ടു ചെയ്ത മിസോറാമില്‍ കടുത്ത ബിജെപിവിരോധമാണു നിലനില്‍ക്കുന്നത്. നരേന്ദ്രമോദി പ്രചാരണത്തിനെത്താത്ത ഏകസംസ്ഥാനമാണ് മിസോറാം.
ഫലങ്ങള്‍ ദേശീയരാഷ്ട്രീയത്തിനു നിര്‍ണായകം
പാര്‍ലമെന്റുതിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍മാത്രം ബാക്കിയുള്ളതിനാല്‍ അഞ്ചു സംസ്ഥാനതിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റുതിരഞ്ഞെടുപ്പുകളിലും സമ്മതിദായകര്‍ വ്യത്യസ്തമായി വോട്ടു ചെയ്യുമെന്നതു സത്യമാണെങ്കിലും അത് ദേശീയരാഷ്ട്രീയത്തെ സംബന്ധിച്ച് ചില നിര്‍ണായകസൂചനകള്‍ നല്‍കും. 2014 മുതല്‍ മോദി നേരിട്ടു പ്രചാരണം നയിക്കുന്ന പരീക്ഷണം കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്‍, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അതേ പരീക്ഷണം ആവര്‍ത്തിക്കുകയാണ് ബിജെപി. അതേസമയം, ഭാരത് ജോഡോ യാത്രയെത്തുടര്‍ന്ന് നവ ഊര്‍ജം കൈവരിച്ച കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി നേതൃത്വങ്ങളിലാണു പ്രതീക്ഷ പുലര്‍ത്തുന്നത്. കമല്‍നാഥ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, രേവന്ത് റെഡ്ഢി തുടങ്ങിയ ജനകീയരായ സംസ്ഥാനനേതാക്കള്‍ കോണ്‍ഗ്രസിനു കരുത്തുകൂട്ടുന്നു. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലുള്ള രാഹുലിന്റെ പ്രതിച്ഛായയും നേതൃത്വവും കര്‍ണാടകയില്‍ നല്‍കിയ വിജയം രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലുങ്കാനയിലും മിസോറാമിലും ആവര്‍ത്തിക്കുമെന്നാണു കോണ്‍ഗ്രസ് കരുതുന്നത്.