എണ്‍പതിന്റെ നിറവിലെത്തിയ പ്രമുഖചിന്തകനും വിദ്യാഭ്യാസപ്രവര്‍ത്തകനും മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍വൈസ് ചാന്‍സലറും സര്‍വോപരി, തികഞ്ഞ ഗാന്ധിയനുമായ ഡോ. സിറിയക് തോമസുമായി പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥികളായ ലിഡ ജോണ്‍സണ്‍, മരിയ ലൂക്കോസ്, നിമ്മി ട്രീസാ സിബി, ജോസ് പി. ജോബി, ഫാ. ജെയിംസ് ചൊവ്വേലിക്കുടിയില്‍ എന്നിവര്‍ നടത്തിയ അഭിമുഖം.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിര്‍ണായകസംഭാവനകള്‍ നല്കിയ ഒരു കുടുംബത്തിലെ അംഗം എന്ന നിലയില്‍, ഒരു ഗാന്ധിയന്‍ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതില്‍ അത് എത്രത്തോളം അങ്ങയെ സ്വാധീനിച്ചു?
* എന്റെ മാതാപിതാക്കള്‍ (ആര്‍.വി. തോമസ്, ഏലിക്കുട്ടി തോമസ്) അന്നത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. അക്കാലത്തെ പ്രമുഖ നേതാക്കന്മാരായ പട്ടംതാണുപിള്ള, അക്കാമ്മ ചെറിയാന്‍, ടി.എം. വര്‍ഗീസ് തുടങ്ങിയവരുടെ വാത്സല്യത്തിന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. പ്രൈമറിസ്‌കൂള്‍ കാലഘട്ടംമുതല്‍ സമരമുഖങ്ങളുടെ വീറും ആവേശവും കണ്ടുവളര്‍ന്ന ഞാന്‍, പലപ്പോഴും അര്‍ഥമറിയാതെയാണ് 'സര്‍ സി.പി. ഗോ ബാക്ക്!' മുതലായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചിരുന്നത്. വീട്ടില്‍ ആണ്‍കുട്ടികള്‍ ഖദര്‍കുപ്പായമാണു ധരിച്ചിരുന്നത്. പിന്നീട് അതെന്റെ "part of anatomy''. ആയി മാറി.
അധ്യാപകന്‍, പ്രഭാഷകന്‍, ഭരണാധികാരി, ഗ്രന്ഥകര്‍ത്താവ്, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് സാര്‍. തിരിഞ്ഞുനോക്കുമ്പോള്‍ ഇവയില്‍ ഏതു മേഖലയിലാണ് അങ്ങേക്ക് പൂര്‍ണ ആത്മസംതൃപ്തി ലഭിച്ചിട്ടുള്ളത്?
* അധ്യാപനംതന്നെ. തീര്‍ച്ചയായും. ""For me, teaching is not a job, it’s a mission.'' വര്‍ഷങ്ങള്‍ക്കുശേഷവും ശിഷ്യന്മാരുമായി ഞാന്‍ ആത്മബന്ധം പുലര്‍ത്തിപ്പോരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു കുട്ടിയെ ക്ലാസില്‍നിന്നു പുറത്താക്കുന്നത് അധ്യാപകന്റെ പരാജയമാണ്. അതിനാല്‍ത്തന്നെ, കളങ്കമേശാത്ത ഒരു അധ്യാപനജീവിതമാണു നയിച്ചതെന്ന് അഭിമാനപൂര്‍വം എനിക്കു പറയാന്‍ സാധിക്കും.
വര്‍ഗീയത വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രസക്തിയെക്കുറിച്ചു സാറിന്റെ അഭിപ്രായം എന്താണ്?
* താനൊരു ഹിന്ദുവാണെന്നു കൂടക്കൂടെ പറഞ്ഞിരുന്ന ഗാന്ധിജി, ഇന്ത്യയുടെ ശക്തി വിവിധ മതങ്ങളുടെ ഐക്യത്തിലാണെന്നു വിശ്വസിച്ചിരുന്നു. അഴീക്കോട് മാസ്റ്റര്‍ നിരന്തരം പറഞ്ഞിരുന്ന ഒരു കാര്യമാണ് 'ഡിസ്‌കവറി ഓഫ് ഇന്ത്യ' രചിച്ചത് നെഹ്‌റുവാണെങ്കിലും യഥാര്‍ഥത്തില്‍ 'ഇന്ത്യയുടെ കണ്ടെത്തല്‍' നടത്തിയത് ഗാന്ധിജിയാണെന്ന്. ഹിന്ദുവും മുസ്‌ലീമും ക്രിസ്ത്യനും സിക്കുകാരനും എല്ലാം ഐക്യത്തില്‍ കഴിഞ്ഞെങ്കിലേ ഭാരതത്തിനു നിലനില്പുള്ളൂ എന്ന സത്യം അദ്ദേഹം ആദ്യമേ തിരിച്ചറിഞ്ഞു.
അഴീക്കോട് മാഷുമായി ഒരു ആത്മബന്ധം സാറിനുണ്ടായിരുന്നല്ലോ. അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മകള്‍ എന്തെല്ലാമാണ്?
* അഴീക്കോട് മാസ്റ്ററിന്റെ പ്രസംഗങ്ങളുടെ ഒരു ആരാധകനായിരുന്നു ഞാന്‍. പഠിച്ചുകൊണ്ടിരുന്ന കാലംമുതല്‍ കോട്ടയത്തും പൊന്‍കുന്നത്തും ഒക്കെ പോയി മാഷിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുമായിരുന്നു. അങ്ങനെയിരിക്കേ ഒരുനാള്‍ അഴീക്കോട് മാസ്റ്റര്‍, സ്ഥിരമായി സമ്മേളനങ്ങളില്‍ കാണാറുണ്ടല്ലോ എന്നു പറയുകയും എന്നെ പരിചയപ്പെടുകയും ചെയ്തു. കൂടാതെ, 1981 ല്‍ കോട്ടയത്ത് ഡി.സി. കിഴക്കേമുറിയുടെ നേതൃത്വത്തില്‍ സുഗതകുമാരിറ്റീച്ചര്‍ വൈസ് പ്രസിഡന്റും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായി ഒരു അക്രമരഹിതസാംസ്‌കാരികവേദി രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ നേതൃത്വനിരയിലേക്ക് അഴീക്കോട് മാസ്റ്ററിനെ ക്ഷണിക്കുകയും അദ്ദേഹം അതിന്റെ പ്രസിഡന്റായി വരികയും ചെയ്തു. അങ്ങനെ വര്‍ഷങ്ങളോളം കേരളത്തിലുടനീളം അഴീക്കോട് മാസ്റ്ററിനൊപ്പം സഞ്ചരിക്കാനും പതിനായിരത്തോളം പ്രസംഗങ്ങള്‍ കേള്‍ക്കാനും എനിക്കു സാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസകുടിയേറ്റത്തെക്കുറിച്ച് സാറിന്റെ കാഴ്ചപ്പാട് എന്താണ്?
* ഞാന്‍ അക്കാദമിക് ഫീല്‍ഡില്‍ ആക്ടീവായിരുന്ന കാലത്തു തൊഴിലവസരങ്ങള്‍ ലഭിച്ചിരുന്നത് മെറിറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍, ഇപ്പോളത് കൂടുതല്‍ രാഷ്ട്രീയസ്വാധീനത്തിന്റെ പിടിയിലായി. വിദേശവിദ്യാഭ്യാസം അറിവുനേടുക എന്നതിനെക്കാള്‍ സാമ്പത്തികനേട്ടങ്ങള്‍ക്കുവേണ്ടിമാത്രമായി. കൂടാതെ, ഇന്നത്തെ തലമുറ ഇവിടെയുള്ള അവസരങ്ങള്‍ വിനിയോഗിക്കുന്നതില്‍ വിമുഖത പുലര്‍ത്തുന്നു. ഇവിടെ ചെയ്യാന്‍ മടിയുള്ള ജോലികള്‍ വിദേശത്തു പോയി ചെയ്യുന്നതില്‍ താത്പര്യം പുലര്‍ത്തുന്ന ഒരു തലമുറയെ കാണുന്നു. ഒരു പരിധിവരെ വിദേശവിദ്യാഭ്യാസത്തെ ഞാന്‍ അനുകൂലിക്കുന്നു. പക്ഷേ, ധനസമ്പാദനംമാത്രമായി ജീവിതലക്ഷ്യം ഒതുങ്ങിക്കൂടി സ്വാര്‍ഥരായി, ആഡംബരപ്രിയരായി യുവാക്കള്‍ മാറരുത്.
ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ സാര്‍ വളരെയധികം അറിയപ്പെടുന്ന ഒരു വ്യക്തിയാണല്ലോ. പ്രസംഗകലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സാറിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള പ്രസംഗകര്‍ ആരൊക്കെയാണ്?
* ഇംഗ്ലീഷ് പ്രസംഗങ്ങളില്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് രാജാജി (സി. രാജഗോപാലാചാരി) ആണ്. 1962 ല്‍ അദ്ദേഹം പാലാ കൊട്ടാരമറ്റത്ത് ഒരു പ്രസംഗം നടത്തുകയുണ്ടായി. കെ.എം. ചാണ്ടിസാറിനോടൊപ്പം ഞങ്ങള്‍ ചെറുപ്പക്കാരായ കുറച്ച് അധ്യാപകരും പ്രഭാഷണം കേള്‍ക്കാനായി അവിടെ ഉണ്ടായിരുന്നു. രാജാജിയുടെ പ്രസംഗത്തോടു പൂര്‍ണനീതി പുലര്‍ത്തിയ തര്‍ജമ തത്സമയം അന്നു നല്‍കിയ കെ.എം. റോയിയും അവിസ്മരണീയമായ ഒരു ഓര്‍മയാണ് സമ്മാനിച്ചത്. പ്രസംഗത്തിനുശേഷം കെ.എം. ചാണ്ടിസാര്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു: ""Rajaji’s speech was brilliant. Equally brilliant was Roy’s translation'' ഡോ. എസ്. രാധാകൃഷ്ണന്റെയും ഇംഗ്ലീഷ് പ്രസംഗങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തില്‍ അഴീക്കോട് മാഷിന്റെയും ജി. ശങ്കരക്കുറുപ്പിന്റെയും പ്രസംഗങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. ജി. ശങ്കരക്കുറുപ്പിന്റെ പ്രസംഗം തടസ്സമില്ലാത്ത ഒഴുക്കുപോലെയുള്ള 'ഗദ്യകവിത'യുടെ സൗന്ദര്യം നിറഞ്ഞതായിരുന്നു.
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവുമായി വളരെ അടുത്തിടപഴകിയ വ്യക്തിയാണല്ലോ സാര്‍. അദ്ദേഹവുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?
* പാലാ സെന്റ് തോമസ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്നപ്പോള്‍മുതല്‍ വയലില്‍ പിതാവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ക്ലാസില്‍ കരഞ്ഞുകൊണ്ടിരുന്ന എന്നെ പഞ്ചസാര തന്ന് ആശ്വസിപ്പിച്ച വൈദികന്‍ കുറെവര്‍ഷങ്ങള്‍ക്കുശേഷം പാലായുടെ പ്രഥമ മെത്രാനായി മാറി. എന്റെ ആദ്യത്തെ പുസ്തകമായ 'ബിഷപ് വയലില്‍: ഒരു കാലഘട്ടത്തിന്റ കഥ' പിതാവിന്റെ 31 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുസ്തകത്തിന്റെ രചനയില്‍ എന്നെ സഹായിക്കാന്‍ വയലില്‍ പിതാവുതന്നെ മുന്‍കൈ എടുത്തതിന്റെ ഫലമായി ഏതാനും വാരാന്ത്യങ്ങള്‍ ഞാനും പിതാവും പീരുമേട്ടിലെ പാലാ ഭവനിലും മറ്റും താമസിച്ച് ഡയറിക്കുറിപ്പുകള്‍ വായിച്ചു തീര്‍ക്കുകയുണ്ടായി. അക്കാലത്തെ ഏറ്റവും മികച്ച പ്രഭാഷകന്മാരില്‍ ഒരാളായിരുന്നു പിതാവ്. വിമോചനസമരമധ്യേ അങ്കമാലിയില്‍ പൊലീസ് വെടിവയ്പില്‍ ഏഴുപേര്‍ രക്തസാക്ഷികളായി. അവരുടെ സംസ്‌കാരകര്‍മങ്ങള്‍ക്കിടയില്‍ പിതാവ് നടത്തിയ പ്രഭാഷണം കേട്ട് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോന്‍ പറഞ്ഞുവത്രേ: ''ആളുകള്‍ ഇതുവരെ എന്നെ പറഞ്ഞുവിശ്വസിപ്പിച്ചതും ഞാന്‍ വിശ്വസിച്ചതും കേരളത്തിലെ ഒന്നാമത്തെ പ്രഭാഷകന്‍ ഞാനാണെന്നായിരുന്നു. എന്നാല്‍, ഇന്ന് നിങ്ങളുടെ ഈ ബിഷപ് എന്നെ തോല്പിച്ചിരിക്കുന്നു.''
നമ്മുടെ ഇന്നത്തെ സമൂഹം നേരിടുന്ന വലിയ സാമൂഹികവിപത്തുകളില്‍ ഒന്നാണല്ലോ വര്‍ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം. ഈ വിഷയത്തെ സര്‍ എങ്ങനെയാണു നോക്കിക്കാണുന്നത്?
* അന്നും ഇന്നും സമൂഹത്തിന് വലിയൊരു ആപത്താണ് ലഹരി. പ്രത്യേകിച്ച്, നമ്മുടെ യുവാക്കളെ അതു സാരമായി ബാധിക്കുന്നു. പണ്ടുകാലത്ത് കോളജുകളിലൊക്കെ കള്ളുകുടിക്കുക എന്നതായിരുന്നു വലിയ ലഹരി എന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഇന്നു മയക്കുമരുന്നുകളും മറ്റു മാരകമായ ലഹരിവസ്തുക്കളും വ്യാപകമായ രീതിയില്‍ നമ്മുടെ യുവാക്കളില്‍ എത്തുന്ന സ്ഥിതിയാണുള്ളത്.
വിദ്യാര്‍ഥികളോടുള്ള സാറിന്റെ മനോഭാവം എങ്ങനെയായിരുന്നു?
* എന്റെ മുന്നിലിരിക്കുന്ന കുട്ടികള്‍ ഒരിക്കലും ഒരേ തരക്കാരാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. അവരില്‍ നന്നായിട്ടു പഠിക്കുന്നവരുണ്ടാകാം, നല്ല ഭരണാധികാരികളുണ്ടാകാം. നന്നായി വരയ്ക്കുന്നവരുണ്ടാകാം, നല്ല പ്രഭാഷകരുണ്ടാകാം. ബൈബിളിലെ താലന്തുകളുടെ ഉപമപോലെ ഓരോരുത്തര്‍ക്കും ഓരോ കഴിവുകളായിരിക്കും ഉണ്ടാവുക. കുട്ടികളിലുള്ള ഈ കഴിവുകളെ തിരിച്ചറിഞ്ഞ് അവരെ ശരിയായ വഴിക്കു നയിക്കേണ്ട ഉത്തരവാദിത്വമാണ് അധ്യാപകര്‍ക്കുള്ളത്.
നിലവിലുള്ള വിദ്യാഭ്യാസരീതിയെക്കുറിച്ച് സാറിന്റെ അഭിപ്രായമെന്താണ്?
* വിദ്യാഭ്യാസപ്രക്രിയ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ലോകവും ശാസ്ത്രവും മാറ്റങ്ങള്‍ക്കു വിധേയമാകുന്നതോടൊപ്പം അതിനനുസരിച്ചുള്ള വിദ്യാഭ്യാസമാണ് ഇന്ന് ആവശ്യം. കുട്ടികളോടൊപ്പംതന്നെ അധ്യാപകരും അനുദിനം പഠിക്കേണ്ടിയിരിക്കുന്നു. പുതിയ അറിവുകളെക്കുറിച്ച് ബോധവാന്മാരായെങ്കിലേ അധ്യാപകര്‍ക്ക് അവ തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കാനാവൂ.