ഒരുകൂട്ടം യുവാക്കള്‍ ദൈവാലയത്തിനുമുന്നില്‍ തടിച്ചുകൂടിയിരിക്കയാണ്. ഏവരുടെയും കൈയില്‍ ഓ രോ ഉണങ്ങിയ ചുള്ളിക്കമ്പും. ഈ സമയത്താണ് യൗസേപ്പ് അതുവഴി വരുന്നത്. സ്വാഭാവികമായും ആള്‍ക്കൂട്ടമെന്തെന്ന് അറിയാനുള്ള ആകാംക്ഷ യൗസേപ്പിനുമുണ്ടായി. യൗസേപ്പും ആ യുവസഞ്ചയത്തിലേക്കു കയറിനിന്നു.
പരക്കെ അറിയപ്പെടുന്ന ഒരു തച്ചനായിരുന്നു യൗസേപ്പ്. തച്ചന്മാരുടെ പ്രധാനപണിയായുധമായിരുന്ന മുഴക്കോലും കൈയില്‍ പിടിച്ചുകൊണ്ടാണ് യൗസേപ്പ് യുവാക്കളുടെ ഇടയിലേക്കു കയറിനിന്നത്.
ഇത്തരമൊരു സാഹചര്യം താനേയുണ്ടായതല്ല; സൃഷ്ടിക്കപ്പെട്ടതാണ്. പുരോഹിതനായ സഖറിയായുടെ യുക്തിഭദ്രമായ ബുദ്ധി.
യുവതിയായ മറിയത്തിന് അനുരൂപനായ ഒരു വരനെ കണ്ടെത്തണം. യൊവാക്കീമിന്റെയും അന്നയുടെയും ജീവിതാഭിലാഷമായിരുന്നു അത്. മറിയത്തെ സംബന്ധിച്ച് അവളുടെ മാതാപിതാക്കള്‍ക്കുമുണ്ടായിരുന്നു ചില താത്പര്യങ്ങളും നിശ്ചയങ്ങളും. അവയില്‍നിന്നു വ്യതിചലിക്കാന്‍ അവര്‍ തയ്യാറുമായിരുന്നില്ല.
മറിയം വളര്‍ന്നു; യുവത്വമാര്‍ജിച്ചു. സുന്ദരിയായ തരുണി ഒരു കുടുംബിനിയാകാനുള്ള പ്രാപ്തിയൊക്കെ ആര്‍ജിച്ചെന്ന നിലയിലെത്തിയപ്പോള്‍ യൊവാക്കിമും അന്നയും സഖറിയ പുരോഹിതനെ സമീപിച്ച് തങ്ങളുടെ ആഗ്രഹം അറിയിച്ചു: ''മറിയത്തിനൊരു വരനെ കണ്ടെത്തണം.''
പുരോഹിതന്‍ നാടറിയുന്നവനാണ്. നാട്ടുകാരെ അറിയുന്നവനാണ്. സഖറിയാസ് വാക്കുകൊടുത്തു: ''മറിയത്തിന് നല്ലൊരു വരനെ നമുക്കു കണ്ടെത്താം.'' അങ്ങനെയാണ് സഖറിയാസിന്റെ 'ഉണക്കച്ചുള്ളിക്കമ്പ്' പദ്ധതി രൂപപ്പെട്ടത്.
ദൈവനിവേശിതമായ പദ്ധതിയായിരുന്നു സഖറിയാസിന്റേത്. തനിക്ക് ഒരു ദര്‍ശനം ഉണ്ടായി എന്ന് സഖറിയാസ് പറയുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ മണവാട്ടിയാവേണ്ടവളാണല്ലോ മറിയം. അതിനാല്‍ത്തന്നെ മറിയത്തിന്റെ കാര്യത്തില്‍ ഒരു ദൈവിക ഇടപെടല്‍ നടന്നിട്ടുണ്ട്. അതാണ് സഖറിയാസിനു ദര്‍ശനത്തിലൂടെ വെളിപ്പെടുത്തപ്പെട്ടത്.
ദൈവാലയത്തിലേക്കു പ്രവേശിക്കുമ്പോള്‍ യുവാവിന്റെ കൈയിലിരിക്കുന്ന ഉണക്കച്ചുള്ളിയില്‍ അദ്ഭുതകരമായ മാറ്റം സംഭവിക്കണം. അതായിരുന്നു ടെസ്റ്റ്.
യുവാക്കള്‍ ഓരോരുത്തരായി ദൈവാലയകവാടം കടന്ന് ഉള്ളിലേക്കു പ്രവേശിച്ചുകൊണ്ടിരുന്നു. ഓരോരുത്തനും തങ്ങളുടെ കമ്പുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരുന്നു. പക്ഷേ, ആ കമ്പുകളിലൊന്നിലും ഒരു മാറ്റവും സംഭവിച്ചു കണ്ടില്ല. സഖറിയാസും സംഘവും ആകാംക്ഷയോടെ ഓരോ യുവാവിനെയും സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു. അപ്പോഴതാ വരുന്നു കൈയില്‍ ഉയര്‍ത്തിപ്പിടിച്ച മുഴക്കോലുമായി ഒരു യുവാവ്.
പെട്ടെന്നതാ സഖറിയാസിന്റെയും സംഘത്തിന്റെയും കണ്ണുകള്‍ വിടര്‍ന്നു. അതാ ദൈവിക ഇടപെടല്‍ നടന്നിരിക്കുന്നു. തച്ചന്റെ കൈയിലിരുന്ന മുഴക്കോല്‍ ഹരിതാഭമായി. അതില്‍ മനോഹരമായ ലില്ലിപ്പൂക്കള്‍ വിരിഞ്ഞുവിലസുന്നു. മനോഹരമായി അലങ്കരിക്കപ്പെട്ട മുഴക്കോല്‍ കണ്ട് സഖറിയാസ് തീരുമാനിച്ചു; ഈ തച്ചന്‍തന്നെ മറിയത്തിന് അനുയോജ്യന്‍! അദ്ദേഹമത് ഉറക്കെ പ്രഖ്യാപിച്ചു: ''ഇതാ മറിയത്തിന്റെ വരന്‍.''
സഖറിയായുടെ പ്രഖ്യാപനംകേട്ട് യൗസേപ്പ് സ്തബ്ധനായിപ്പോയി. താനൊരു സാധാരണ മരപ്പണിക്കാരന്‍. സുന്ദരിയായ മറിയത്തിന്റെ ഭര്‍ത്താവാകാനുള്ള യോഗ്യത തനിക്കില്ല; എന്നു തന്നെയായിരുന്നു യൗസേപ്പിന്റെ ചിന്ത.
പക്ഷേ, ഇതു ദൈവഹിതമാണെന്ന് യൗസേപ്പിനെ ബോധ്യപ്പെടുത്തുന്നതില്‍ സഖറിയ പുരോഹിതന്‍ വിജയിച്ചു. ദൈവഹിതം, അതെന്തായാലും ശിരസ്സാവഹിക്കുക എന്നതായിരുന്നു യൗസേപ്പിന്റെ ജീവിതപ്രമാണം. മറിയവും ദൈവഹിതത്തോട് ഒത്തുപോകുന്ന ദൃഢനിശ്ചയക്കാരിയും. അങ്ങനെ ദൈവേച്ഛ നിറവേറപ്പെടുകയായിരുന്നു.
ഇതോടൊപ്പം നമ്മുടെ മനസ്സിലേക്കു കടന്നുവരുന്ന ചിന്താശകലം മത്തായി സുവിശേഷകന്റെ വാക്കുകള്‍ പിന്‍പറ്റിയാണ്. ഇവിടെ യൗസേപ്പിന്റെ ചിത്തം ചഞ്ചലപ്പെട്ടുവോ? ചഞ്ചലപ്പെട്ടു എന്നുതന്നെയാണ് നിഗമനം. വിവാഹനിശ്ചയം കഴിഞ്ഞിട്ട് യൗസേപ്പും മറിയവും സഹജീവിതം ആരംഭിച്ചിരുന്നില്ല എന്നിരിക്കേ, വധു ഗര്‍ഭിണിയായി എന്നറിഞ്ഞാല്‍ ആരായാലും ചഞ്ചലചിത്തനായിപ്പോകും. യൗസേപ്പും അതീതനായിരുന്നില്ല ഇക്കാര്യത്തില്‍. അദ്ദേഹവും സംഭ്രാന്തചിത്തനായി; സ്വാഭാവികം. പക്ഷേ, ഏതു പ്രക്ഷുബ്ധാവസ്ഥയിലും കൈവിടാത്ത മാന്യതയും കരുതലും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു.
അടുത്തഘട്ടം കാണുന്നത് ശാന്തനിലാവിന്റെ പരന്നൊഴുക്കാണ്, സൗമ്യവും ദീപ്തവുമായൊരു മനോനില കൈവരിച്ച യൗസേപ്പിന്റെ ഉദാത്തതയാണ്. തക്കസമയത്തുണ്ടായൊരിടപെടല്‍! അതാണു പ്രസക്തം. തക്കസമയത്ത് പറന്നെത്തി ഗബ്രിയേല്‍ ദൈവദൂതന്‍ സ്വപ്നത്തില്‍ ഓതിയ ദൂത്!
മറിയം അപമാനമുക്തയായി. ദൈവികപദ്ധതിയുമായുള്ള സമ്പൂര്‍ണസമരസപ്പെടല്‍; സമ്പൂര്‍ണസമര്‍പ്പണം. ആ സമര്‍പ്പണത്തിന്റെ കരുതലും കാവലുമാണു തുടര്‍ന്നങ്ങോളം.
തനിക്കു നേരേ എറിയപ്പെട്ട മുളങ്കമ്പുകള്‍ ഏശാതെ ദൂരത്തെറിക്കുന്നതു കണ്ടവരാണ് ലോകജനത. ആളിയെരിയുന്ന കനല്‍ക്കട്ടകള്‍ വെറുംകൈയാല്‍ വാരി മേലങ്കിയില്‍ ചുരുട്ടി നടക്കുന്ന മനുഷ്യന്‍ - ഇതെന്തു മനുഷ്യന്‍ എന്ന് ഇടയന്മാര്‍ അദ്ഭുതം കൂറിയപ്പോഴും ആ മനുഷ്യന്‍ ഒന്നുമറിഞ്ഞില്ല. പൊള്ളിയില്ല; മേലങ്കി പുകഞ്ഞില്ല. മനസ്സില്‍ ഒന്നുമാത്രം. കാലിത്തൊഴുത്തില്‍ തണുത്തുവിറകൊള്ളുന്ന കുഞ്ഞും അമ്മയും! അവര്‍ക്കല്പം താപമേകാന്‍ വഴിതേടി അലയുന്ന മനുഷ്യനു മറ്റെന്തു ചിന്ത? ഹെറോദേസിന്റെ പട്ടാളക്കുളമ്പടികള്‍ അകലുവോളം കണ്ണിമയ്ക്കാതെ ഉണ്ണിക്കും മാതാവിനും കാവലിരിക്കുന്ന യൗസേപ്പിന്റെ ജാഗ്രതയില്‍ വളര്‍ന്ന ലോകരക്ഷകന്‍ യേശുമിശിഹാ. തിരുക്കുടുംബനാഥന്‍, കുടുംബങ്ങളുടെ മധ്യസ്ഥന്‍!
ലോകത്തിന്റെ യൗസേപ്പിതാവ്.