•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

നിങ്ങള്‍ ദാസന്മാരല്ല, സ്‌നേഹിതരാണ്

ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകത്തെക്കുറിച്ചുള്ള പഠനം.

പതിനഞ്ചാം ഭാഗം

2011 ജൂണ്‍ 29-ാം തീയതി വിശുദ്ധ പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനു പുതിയ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപുമാര്‍ക്ക്''പാലിയം''   നല്കിയപ്പോള്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ ചെയ്ത പ്രസംഗത്തിലെ പ്രധാനഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ആദ്യമേതന്നെ, തന്റെ തിരുപ്പട്ടസ്വീകരണത്തിന്റെ അറുപതാം വാര്‍ഷികമാണെന്നും 1951  ജൂണ്‍ 29-ാം തീയതി മ്യൂണിക് ഫ്രയിസിങ് അതിരൂപതയുടെ മഹാനായ മെത്രാപ്പോലീത്താ കാര്‍ഡിനല്‍ മൈക്കിള്‍ ഫോണ്‍ ഫൗള്‍ഹാബര്‍, (1869-1952) 'ഞാന്‍ നിങ്ങളെ ഇനിമേല്‍ ദാസന്മാര്‍ എന്നു വിളിക്കുകില്ല, എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാര്‍ എന്നു വിളിച്ചിരിക്കുന്നു' (യോഹ. 15: 15) എന്ന വാക്കുകള്‍ നേര്‍ത്തതെങ്കിലും ഉറച്ച സ്വരത്തില്‍ നവവൈദികരെ അഭിസംബോധന ചെയ്തു പറഞ്ഞതിന്റെ പ്രതിധ്വനി ഇപ്പോഴും തന്റെ കര്‍ണപുടങ്ങളില്‍ മുഴങ്ങുന്നുണ്ടെന്നും ബനഡിക്ട് പിതാവ് ഓര്‍മിപ്പിച്ചു.
സ്‌നേഹിതര്‍ 
തിരുപ്പട്ടദാനശുശ്രൂഷയുടെ ഭാഗമായി കാര്‍മികന്‍ ഈ വാക്കുകള്‍ ഉച്ചരിച്ചപ്പോള്‍ താന്‍ പുരോഹിതന്‍ എന്ന നിലയില്‍ ഈശോയുടെ സ്‌നേഹിതരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടുകയാണെന്നു നവവൈദികനായ ജോസഫ് റാറ്റ്‌സിങ്ങര്‍ക്ക് അനുഭവപ്പെട്ടു.
'കര്‍ത്താവ് എന്നെ സ്‌നേഹിതന്‍ എന്നു വിളിക്കുന്നു. അതുവഴി,  അന്ത്യത്താഴസമയത്തു സ്‌നേഹിതന്മാര്‍ എന്ന് അഭിസംബോധന ചെയ്യപ്പെട്ട ശ്ലീഹന്മാരുടെ ഗണത്തിലാണ് എന്നെയും ഉള്‍പ്പെടുത്തുന്നത്' എന്ന അറിവും അനുഭവവുമാണ് അദ്ദേഹത്തിനുണ്ടായത്. ഈശോയുടെ നാമത്തില്‍ പാപങ്ങള്‍ മോചിക്കാനും വി. കുര്‍ബാനയില്‍ കൂദാശാവചനങ്ങള്‍ ഉച്ചരിക്കാനുമുള്ള അധികാരമാണ് താന്‍ ഏറ്റുവാങ്ങുന്നതെന്ന് ആ നവവൈദികനു വിറയലോടെ അനുഭവവേദ്യമാവുകയായിരുന്നു എന്നും പരിശുദ്ധപിതാവ് പ്രസ്താവിച്ചു.
'ഞാന്‍ നിന്റെ പാപങ്ങള്‍ മോചിപ്പിക്കുന്നു' എന്നു പുരോഹിതന്‍ പറയുമ്പോള്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ അനുതാപിയില്‍ സംഭവിക്കുന്ന മാറ്റത്തിനു പിന്നില്‍ നമ്മുടെ കര്‍ത്താവിന്റെ പീഡാസഹനമാണ് നമ്മള്‍ തിരിച്ചറിയേണ്ടതെന്ന് ബനഡിക്ട് പിതാവ് തുടര്‍ന്നു പ്രസ്താവിക്കുന്നു. ബനഡിക്ട് പിതാവിന്റെ പ്രസ്താവനകളുടെ ആഴവും തന്മയും പ്രകടമാകുന്ന ഇപ്രകാരമുള്ള വാക്യങ്ങള്‍ അദ്ദേഹത്തിന്റെ വചനസന്ദേശങ്ങളില്‍ സുലഭമാണ്. അദ്ദേഹം പറയുന്നു: പാപവിമോചനത്തിനു കര്‍ത്താവ് വിലയായി നല്കിയത് അവിടുത്തെ പീഡാസഹനവും കുരിശുമരണവുമാണ്. നമ്മുടെ പാപങ്ങള്‍ കാരണത്താലും അവയ്ക്കു പരിഹാരമായുമാണ് കര്‍ത്താവ് സഹിച്ചത്. മനുഷ്യന്റെ തിന്മയുടെ പാരമ്യവും ദൈവസ്‌നേഹത്തിന്റെ പാരമ്യവും ഇവിടെ വെളിവാകുന്നു.
മനസ്സിന്റെ താദാത്മ്യം
ഈശോ തന്റെ പുരോഹിതനെ സ്‌നേഹിതന്‍ എന്നു വിളിക്കുന്നു. സ്‌നേഹിതരുടെ പ്രത്യേകത അവര്‍ ഒരേ കാര്യങ്ങള്‍ ആഗ്രഹിക്കുന്നു; അതുപോലെ ഒരേവിധം ചില കാര്യങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നു എന്നതുമാണ്. ഒരേ ഇഷ്ടങ്ങളും ഒരേ അനിഷ്ടങ്ങളും എന്നര്‍ഥമുള്ള ഒരു ചൊല്ല് ലത്തീന്‍ഭാഷയിലുണ്ട് (കറലാ ഢലഹഹല, കറലാ ിീഹഹല). ഈശോ എന്നെ അറിയുന്നു, എന്നെ പേരുചൊല്ലി വിളിക്കുന്നു. ഞാനും ഈശോയെ അറിയണം. വിശുദ്ധലിഖിതങ്ങളും കൂദാശകളുടെ സ്വീകരണവും പ്രാര്‍ഥനയുമെല്ലാം ഈ സംസര്‍ഗം യാഥാര്‍ഥ്യമാക്കുന്നു. ഇതിലും ഉപരിയായി 'ഒരുവന്‍ തന്റെ സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല' (യോഹ. 15:13) എന്ന സന്ദേശമാണ് ഈശോ തന്റെ സ്‌നേഹിതര്‍ക്കു നല്കിയത്. 
'തനിക്കുവേണ്ടിത്തന്നെ ജീവിക്കാതെ, അങ്ങയോടൊപ്പം മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ' എന്നു പ്രാര്‍ഥിക്കാനാണ് ബനഡിക്ട് പാപ്പാ ഉപദേശിക്കുന്നത്. മുന്തിരിവള്ളിയും ശാഖകളുമായുള്ള ബന്ധമാണ് ഇവിടെ പ്രസക്തം. ഈശോ തന്റെ സ്‌നേഹിതരായ ശ്ലീഹന്മാരെ അയയ്ക്കുകയും ഫലം പുറപ്പെടുവിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഈശോ ആഗ്രഹിക്കുന്ന ഫലം ദൈവസ്‌നേഹവും പരസ്‌നേഹവുമാണ്. ഒറ്റയ്ക്കല്ല മറ്റുള്ളവരോടൊപ്പമാണ് ദൈവത്തിങ്കല്‍ എത്തേണ്ടതെന്നുള്ള മഹാനായ ഗ്രിഗറിയുടെ വാക്കുകളും ബനഡിക്ട് പിതാവ് ഓര്‍മിപ്പിക്കുന്നു.
'പ്രിയ സ്‌നേഹിതരേ, ഞാന്‍ ദീര്‍ഘനേരം എന്റെ പൗരോഹിത്യസ്വീകരണത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെ അനുസ്മരണം നിങ്ങളുമായി പങ്കുവച്ചു' എന്നു പ്രസ്താവിക്കുകയും ഈ തിരുനാള്‍ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പാലിയസ്വീകരണത്തെപ്പറ്റിയും പരിശുദ്ധപിതാവ് തുടര്‍ന്നു സംസാരിക്കുകയും ചെയ്തു.
ആശംസകള്‍
പത്രോസ് - പൗലോസ്  ശ്ലീഹന്മാരുടെ തിരുനാളിന്റെ ഈ അവസരത്തില്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തെലെമിയോ പ്രഥമനും അദ്ദേഹം അയച്ചിരുന്ന ഡെലഗേഷനും ബനഡിക്ട് പിതാവ് ആശംസകള്‍ അറിയിച്ചു. അതേത്തുടര്‍ന്ന്, അഭിവന്ദ്യ കര്‍ദിനാള്‍മാര്‍ക്കും മെത്രാന്മാര്‍ക്കും നയതന്ത്രപ്രതിനിധികള്‍ക്കും റോമിലെ സിവില്‍ അധികാരികളുടെ പ്രതിനിധികള്‍ക്കും പരിശുദ്ധ പിതാവ് ആശംസകള്‍ നേര്‍ന്നു. തന്റെ സഹോദരനുള്‍പ്പെടെ അദ്ദേഹത്തോടൊപ്പം തിരുപ്പട്ടം സ്വീകരിച്ച വൈദികര്‍ക്കും പരിശുദ്ധപിതാവ് പ്രത്യേകം ആശസകള്‍ അര്‍പ്പിച്ചു.
പാലിയം
കഴിഞ്ഞവര്‍ഷത്തെ പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനുശേഷം നിയമിതരായ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പുമാരെ ഉടനെതന്നെ പാലിയം ധരിപ്പിക്കുകയാണ്. 'എന്റെ നുകം മധുരവും ചുമട് ലഘുവുമാകുന്നു' (മത്താ: 11, 29) എന്ന കാര്യമാണ് പാലിയം ധരിപ്പിക്കപ്പെടുമ്പോള്‍ നിങ്ങള്‍ സ്മരിക്കേണ്ടത്. മിശിഹായുടെ നുകം സത്യത്തിന്റെയും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നുകമാണ്. അജപാലകന്‍ എന്ന നിലയില്‍ മറ്റുള്ളവരെ ഈ സ്‌നേഹവലയത്തിലേക്കു കൊണ്ടുവരാനുള്ള ചുമതലയാണ് ചുമലില്‍ അണിയിക്കപ്പെടുന്ന ഈ പാലിയം സൂചിപ്പിക്കുന്നത്. ഇത്രയും വിശദമാക്കിയതിനുശേഷം പാലിയത്തിന്റെ മറ്റൊരു ഉള്‍ക്കാഴ്ച ബനഡിക്ട് പിതാവ് പങ്കുവയ്ക്കുന്നു. 
ദൈവത്തിന്റെ കുഞ്ഞാട് 
വിശുദ്ധ ആഗ്നസിന്റെ തിരുനാളില്‍ (ജനുവരി 21) മാര്‍പാപ്പാ ആശീര്‍വദിക്കുന്ന ചെമ്മരിയാടുകളില്‍നിന്നു പാകമാകുമ്പോള്‍ കത്രിച്ചെടുക്കുന്ന ധവളരോമങ്ങള്‍കൊണ്ടു തയ്യാറാക്കുന്ന നൂലുകളാല്‍ നെയ്‌തെടുക്കപ്പെട്ട കമ്പിളികൊണ്ടാണ് പാലിയം എന്ന തിരുവസ്ത്രം തയ്‌ച്ചെടുക്കുന്നത്. ഈ ചുമതല നൂറ്റാണ്ടുകളായി റോമിലെ വിശുദ്ധ സിസിലിയായുടെ മഠത്തിലെ ബനഡിക്‌റ്റൈന്‍ സന്ന്യാസിനികള്‍ക്കാണ്. മനുഷ്യകുലത്തെ രക്ഷിക്കുവാനായി പെസഹാക്കുഞ്ഞാടിന്റെ സ്ഥാനത്ത് ബലിയര്‍പ്പിക്കപ്പെട്ട ഈശോമിശിഹായ്ക്ക് നമ്മോടുള്ള സ്‌നേഹമാണ് ഇവിടെ അനുസ്മരിക്കേണ്ടത്. മരുഭൂമിയിലും മലമ്പ്രദേശത്തും വഴി തെറ്റിയ ആടുകളെത്തേടി അലഞ്ഞ ഈശോ മനുഷ്യവംശത്തെ  തോളിലേറ്റി ദൈവത്തിന്റെ ആലയിലേക്കു തിരിച്ചെത്തിച്ചു. അജപാലകര്‍ എന്ന നിലയില്‍ നമ്മളും മറ്റുള്ളവരെ തോളിലേറ്റി കര്‍ത്താവിന്റെ പക്കലെത്തിക്കണം. കര്‍ത്താവിന്റെ അജഗണമാണത്. നമ്മുടെ അജഗണമായി മാറുന്നില്ല. 
പാലിയം സഭയിലെ മെത്രാന്മാര്‍ക്ക് മാര്‍പാപ്പായോടും അദ്ദേഹത്തിന്റെ പിന്‍ഗാമികളോടുമുള്ള ഐക്യത്തെയും സൂചിപ്പിക്കുന്നു. നമ്മള്‍ ആളുകളെ കര്‍ത്താവിങ്കലേക്കാണു നയിക്കുന്നത് എന്നതിന്റെ ഗാരന്റിയാണ് ഈ ഐക്യം.
തന്റെ പൗരോഹിത്യസ്വീകരണത്തിന്റെ അറുപതാം വാര്‍ഷികത്തെ അടിസ്ഥാനമാക്കി വളരെസമയം സംസാരിക്കാന്‍ കര്‍ത്താവ് തന്നെ പ്രേരിപ്പിച്ചു. അതുവഴി മെത്രാന്മാരും വൈദികരും വിശ്വാസികളുമായ നിങ്ങള്‍ക്കു കര്‍ത്താവ് എന്നെ തന്റെ സ്‌നേഹിതനാക്കിയതിലുള്ള നന്ദി പ്രകാശിപ്പിക്കാനും നിങ്ങള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കാനുമാണ് ഞാന്‍ ശ്രമിച്ചത്.
ഒരുനാള്‍ അനന്തനന്മസ്വരൂപിയായ കര്‍ത്താവ് നമ്മെ സ്വീകരിക്കുകയും സ്വര്‍ഗീയാനന്ദത്തില്‍ പങ്കുകാരാകുകയും ചെയ്യട്ടെ എന്ന  പ്രാര്‍ഥനയോടെയാണ് ബനഡിക്ട് മാര്‍പാപ്പാ തന്റെ പ്രസംഗം സമാപിപ്പിച്ചത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)