•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രാദേശികം

ഒരു ഭൂമി, ഒരു കുടുംബം ഒരു ഭാവി എന്ന ദര്‍ശനവാക്യവുമായി കാരിത്താസ് ഇന്ത്യ നാഷണല്‍ അസംബ്ലി സമാപിച്ചു

  • *
  • 26 October , 2023

പാലാ: കത്തോലിക്കാസഭയുടെ സാമൂഹികസേവനപ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ നൂറ്റിയെഴുപത്തിനാലു രൂപതകളുടെയും സോഷ്യല്‍ വര്‍ക്ക് വിഭാഗം ഡയറക്ടര്‍മാര്‍ സംഗമിക്കുന്ന പത്താമത് ദേശീയസമ്മേളനം ഒക്ടോബര്‍ 12, 13, 14 തീയതികളില്‍ കേരളത്തിലാദ്യമായി പാലായില്‍ നടന്നു. 
 അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാറ്റ്‌നാ അതിരൂപതാധ്യക്ഷനും കാരിത്താസ് ഇന്ത്യ ദേശീയ ചെയര്‍മാനുമായ മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുരയുടെ അധ്യക്ഷതയില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. സഭയുടെ കരുണയുടെ മുഖം മറ്റുള്ളവര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ കാരിത്താസ് ഇന്ത്യയ്ക്കു കഴിയുന്നതായി ബിഷപ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ നയസമീപനങ്ങള്‍, സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികള്‍, പ്രാദേശിക പ്രവര്‍ത്തനങ്ങള്‍, പാരീഷ് കാരിത്താസ് തുടങ്ങിയ കാര്യങ്ങള്‍ ത്രിദിനസമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. വസുധൈവകുടുംബകം എന്ന ഭാരതീയദര്‍ശനത്തിലൂന്നി ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് കാരിത്താസ് ഇന്ത്യയുടെ ദര്‍ശനവാക്യമെന്നും സാഹോദര്യത്തിനും മാനവീയതയ്ക്കുമായി ഒന്നിച്ചുമുന്നേറാന്‍ കാരിത്താസ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പോള്‍ മുഞ്ഞേലി പറഞ്ഞു.
തോമസ് ചാഴികാടന്‍ എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ജോസിന്‍ ബിനോ, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബി പുത്തന്‍പുരയ്ക്കല്‍, ബബിത പിന്റോ, ഡോ.വി.ആര്‍ ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാരിത്താസ് ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ദത്തന്‍ ഓണ്‍ലൈനായി സമ്മേളനത്തില്‍ പങ്കുചേര്‍ന്നു.
ദേശീയസമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ എക്‌സിബിഷന്റെ  ഉദ്ഘാടനം മാര്‍ ജോസഫ് കല്ലറങ്ങാട്ടും 'സജീവം' പ്രദര്‍ശനവിപണി മാണി സി. കാപ്പന്‍ എം.എല്‍.എ.യും വന്ദേഭാരത് മോഡല്‍ 'ആശാ കിരണം എക്‌സ്പ്രസ്സ്' എക്‌സ്‌പോ മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുരയും പ്രാചീന കര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു നടന്ന ഓപ്പണ്‍ സെഷന്‍ തിരുവല്ല രൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ദരിദ്രരിലേക്കും അവഗണിക്കപ്പെടുന്നവരിലേക്കും സഭയുടെ കാരുണ്യത്തിന്റെ കരങ്ങളാകാന്‍ കാരിത്താസ് ഇന്ത്യയ്ക്കു കഴിയുന്നതായി അദ്ദേഹം പറഞ്ഞു. മാറിവരുന്ന കാലഘട്ടത്തിണങ്ങുംവിധം സാമൂഹിക പ്രവര്‍ത്തനം പുനഃസജ്ജീകരിക്കേണ്ടതുണ്ടെന്നും ബിഷപ് തുടര്‍ന്നു. 
രണ്ടാം ദിനത്തിലെ ആദ്യസെഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി ബിഷ്പ് മാര്‍ ജോസഫ് പുളിക്കല്‍ ആഗോളീകരണത്തിന്റെ ഭാഗമായി സാര്‍വദേശീയ കമ്പോളത്തില്‍ വന്‍കിടനിക്ഷേപം നടത്തുന്ന മൂലധനശക്തികള്‍  വ്യാപകമായി അസമത്വം സൃഷ്ടിക്കുന്നതായി അഭിപ്രായപെട്ടു. രാഷ്ട്രീയഭരണ നയങ്ങളുടെ അനന്തരസൃഷ്ടിയായി യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും സൃഷ്ടിക്കുന്ന പുനര്‍നിര്‍മിതികള്‍ക്കും പുനരധിവാസത്തിനുമായി വന്‍കിട കമ്പനികള്‍ പുതിയ രൂപഭാവത്തില്‍ രംഗത്തുവരുന്നത് ഏറെ ആശങ്ക ഉണര്‍ത്തുന്നതാണെന്നും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും പേരില്‍ വിഭജനം സൃഷ്ടിച്ച് അതില്‍നിന്ന് അധികാരവും സാമ്പത്തികനേട്ടവും ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനങ്ങളാണ് ഇക്കാലത്ത് ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയതയുടെ പുതിയ വീഞ്ഞുവിളമ്പുന്ന നവസുവിശേഷവല്‍ക്കരണത്തിന്റെ ഭാഗമാവണം സാമൂഹികപ്രവര്‍ത്തനമെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു. സാമൂഹികനന്മയ്ക്കായുള്ള സഭയുടെ ഇടപെടലുകള്‍ മഹത്തരമാണന്നും ഈ രംഗത്ത് കാരിത്താസ് ഇന്ത്യയുടെ നേതൃത്വം മാതൃകാപരമാണന്നും ബിഷപ് തുടര്‍ന്നുപറഞ്ഞു.
കരുണയുടെ അനുഭവസാക്ഷ്യമാണ് കാരിത്താസ് ഇന്ത്യ നിര്‍വഹിക്കുന്നതെന്ന് വിജയപുരം രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ പറഞ്ഞു. പ്രാദേശിക കാരിത്താസിസം ഇന്നിന്റെ ആവശ്യമാണന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. കാരിത്താസ് ഇന്ത്യയുടെ ദേശീയസമ്മേളനത്തിന്റെ സമാപനദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്.
നാമമാത്ര, ഇടത്തരം കര്‍ഷകരെ ഓഹരി ഉടമകളാക്കി തൊഴിലവസരങ്ങളും വരുമാനവര്‍ദ്ധനവും ഉറപ്പുവരുത്തുന്ന കര്‍ഷക ഉത്പാദക കമ്പനികള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാലാ രൂപത രാജ്യത്തിനാകെ മാതൃകയാണന്ന് കാരിത്താസ് ഇന്ത്യ ദേശീയ സമ്മേളനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പാലാ രൂപതയുടെ ആദ്യത്തെ കര്‍ഷക ഉത്പാദക കമ്പനിയായ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി, മൂഴൂര്‍ മിത്രം പ്രൊഡക്ഷന്‍ യൂണിറ്റ്, കാര്‍ഷികോത്പന്ന സംസ്‌കരണ വിപണനകേന്ദ്രം, ചേര്‍പ്പുങ്കല്‍ മെഡിസിറ്റി, പാലാ സാന്തോം, ഹരിതം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍, സ്റ്റീല്‍ ഇന്‍ഡ്യ, ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിങ് കോളജ്, പാലാ അഗ്രിമ നഴ്‌സറി ആന്‍ഡ് ഇക്കോഷോപ്പ് എന്നീ കേന്ദ്രങ്ങള്‍ സമ്മേളനപ്രതിനിധികള്‍ വിവിധസംഘങ്ങളായി സന്ദര്‍ശിച്ചു.
പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികളായ ഫാ. തോമസ് കിഴക്കേല്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ജോര്‍ജ് വടക്കേതൊട്ടിയില്‍, ഡാന്റീസ് കൂനാനിക്കല്‍, പി.വി. ജോര്‍ജ് പുരയിടം, ജോയി മടിയ്ക്കാങ്കല്‍, സിബി കണിയാംപടി, സാജു വടക്കന്‍, മാനുവല്‍ ആലാനി, വിമല്‍ ജോണി, വിജയ്ഹരിഹരന്‍ എന്നിവര്‍ സമ്മേളനപരിപാടികള്‍ക്കു നേതൃത്വം കൊടുത്തു, 

പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക്
കാരിത്താസ് ഇന്ത്യയുടെ ആദരം

കാരിത്താസ് ഇന്ത്യ - നാഷണല്‍ അസംബ്ലിയുടെ സംഘാടനമികവും കാര്‍ഷികരംഗത്തെ മാതൃകാപ്രവര്‍ത്തനങ്ങളും പരിഗണിച്ച് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് കാരിത്താസ് ഇന്ത്യയുടെ ദേശീയസമ്മേളനത്തില്‍ പ്രത്യേക ആദരം ലഭിച്ചു. പാറ്റ്‌നാ അതിരൂപതാധ്യക്ഷനും കാരിത്താസ് ഇന്ത്യാ ദേശീയചെയര്‍മാനുമായ മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുര പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേലിനെയും അരുണാപുരം അല്‍ഫോന്‍സിയല്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ.ജോസ് തറപ്പേലിനെയും പൊന്നാട അണിയിച്ചു ആദരിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു.
സാമൂഹികരംഗത്തെ പ്രവര്‍ത്തനമികവു പുലര്‍ത്തിയ സംഘടനകള്‍ക്കുള്ള ഉപഹാരങ്ങള്‍ കാരിത്താസ് ഇന്ത്യ ദേശീയ ചെയര്‍മാന്‍കൂടിയായ പാറ്റ്‌നാ അതിരൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുര വിതരണം ചെയ്തു. രാജ്യത്തെ 174 രൂപതകളിലെ സാമൂഹികപ്രവര്‍ത്തനവിഭാഗം ഡയറക്ടര്‍മാര്‍ സംഗമിച്ച ത്രിദിനസമ്മേളനം വരുംവര്‍ഷങ്ങളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കു രൂപം കൊടുത്തു. രാജ്യത്തെ എല്ലാ ബിഷപ്പുമാരുടെയും ദേശീയസമ്മേളനത്തിന് പത്തു വര്‍ഷം മുമ്പ് ആതിഥ്യമരുളിയ പാലാ രൂപതയ്ക്ക് ഏറെ അഭിമാനിക്കാന്‍ കഴിയുന്നതായി മാറി കാരിത്താസ് ഇന്ത്യനാഷണല്‍ അസംബ്ലി.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)