രണ്ടു വീടുകളിലുമിന്ന്
കണ്ണുകള്‍ കലങ്ങുന്നു
കണ്ടുനിന്നവരില്‍ പല
ചുണ്ടുകള്‍ വിതുമ്പുന്നു.
രണ്ടു മതങ്ങളിലായ്
സ്പര്‍ദ്ധകളെരിഞ്ഞു
തമ്മില്‍ കോര്‍ത്തവര്‍
ചോരപ്പുഴ തീര്‍ത്തു.
പേറ്റുനോവുകള്‍ രണ്ടും
നാഭിക്കൊടികളറ്റുപോയ
നീറ്റലിന്‍ പാടുകളില്‍
പുത്രഗന്ധം പുരട്ടുന്നു.
രണ്ടു വരാന്തകളിന്നും
മധുരപ്പൊതി തേടുന്നു
അമ്മതന്‍ മടിത്തട്ടിലായ്
നിരാശക്കുഞ്ഞുറങ്ങുന്നു.
രണ്ടു വീടുകള്‍ തണല്‍ വറ്റുന്നു
രണ്ടു താലികളൂര്‍ന്നുപോകുന്നു
രണ്ടു വീടുകള്‍ക്കുള്ളു പുകയുന്നു
രണ്ടു വീടുകളുമകന്നു പോകുന്നു.