വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യകപ്പലായ ഷെന്‍ഹുവ എത്തിയതോടെ കേരളത്തിന്റെ വികസന സ്വപ്‌നങ്ങളും വാനോളം പറക്കുകയാണ്. കേവലം ഒരു തുറമുഖപദ്ധതി എന്നതിനെക്കാള്‍ ഉപരിയായി ടൂറിസം, വ്യവസായം, വാണിജ്യം, ഗതാഗതം തുടങ്ങിയ രംഗങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന സ്വപ്‌നപദ്ധതിയാണ് വിഴിഞ്ഞത്തു ചിറകുവിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖചരിത്രം
ദൈവത്തിന്റെ സ്വന്തംനാടിനു പ്രകൃതി കനിഞ്ഞുനല്‍കിയ വരദാനമാണ് അറബിക്കടലിന്റെ തീരത്തുള്ള മനോഹരഗ്രാമമായ വിഴിഞ്ഞം. വിഴിഞ്ഞത്തിന് കേരളചരിത്രത്തില്‍ വളരെയേറെ പ്രസക്തിയുണ്ട്. കേരളസര്‍വകലാശാലയിലെ ഗവേഷകസംഘം നടത്തിയ പഠനത്തില്‍ വിഴിഞ്ഞം പുരാതനകേരളത്തിലെ പ്രധാന തുറമുഖമായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. റോമിലെയും മെസപ്പെട്ടോമിയയിലെയും സഞ്ചാരികള്‍ അവരുടെ കുറിപ്പുകളില്‍ വിഴിഞ്ഞത്തെ പരാമര്‍ശിക്കുന്നുണ്ട്. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അജ്ഞാതനായ നാവികന്റെ 'പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ' എന്ന യാത്രാവിവരണത്തിലും വിഴിഞ്ഞത്തെക്കുറിച്ചു പരാമര്‍ശമുണ്ട്.
ആയ് രാജാക്കന്‍മാരുടെ തുറമുഖനഗരമായിരുന്ന വിഴിഞ്ഞം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രധാന സൈനികകേന്ദ്രവും. എ ഡി 990 കാലഘട്ടത്തില്‍ ഈ പ്രദേശം രാജരാജ ചോളന്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും രാജേന്ദ്രചോളപട്ടണം എന്നു നാമകരണം ചെയ്യുകയും ചെയ്തു. മദ്രാസ് മ്യൂസിയത്തില്‍ ലഭ്യമായിട്ടുള്ള ഏടില്‍ 781 ല്‍ പാണ്ഡ്യചക്രവര്‍ത്തിയായ നെടുംചടയന്‍ വേണാട് ആക്രമിക്കുകയും രാജാവിനെ വധിച്ചു തലസ്ഥാനമായിരുന്ന വിഴിഞ്ഞം നഗരവും കോട്ടയും സമ്പത്തും കീഴടക്കിയതായും പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രയാകുന്നതിനുമുമ്പുതന്നെ വിഴിഞ്ഞത്തു തുറമുഖം വേണമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ഇതിനു മുന്‍കൈ എടുത്തെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല.
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുന്നു
2015 ഓഗസ്റ്റില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് തുറമുഖനിര്‍മാണത്തിന് അദാനി പോര്‍ട്സുമായി കരാര്‍ ഒപ്പുവച്ചത്. ആ വര്‍ഷം ഡിസംബറില്‍ നിര്‍മാണമാരംഭിക്കുകയും ചെയ്തു. നാലുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാരും അദാനിഗ്രൂപ്പും തമ്മിലുള്ള കരാര്‍. പാറക്ഷാമം, ഓഖി, കൊവിഡ്, പ്രദേശത്തെ സമരം തുടങ്ങി വിവിധ കാരണങ്ങളാല്‍ നിര്‍മാണം വൈകുകയായിരുന്നു. 2024 മേയില്‍ തുറമുഖനിര്‍മാണം പൂര്‍ത്തിയാക്കി ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണു പ്രതീക്ഷ.
പൊതു-സ്വകാര്യപങ്കാളിത്തത്തോടെയാണ് 'വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് തിരുവനന്തപുരം' സജ്ജമാകുന്നത്. കേരള സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, അദാനി പോര്‍ട്‌സ് എന്നിവ സംയുക്തമായാണ് ഈ അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖം ഒരുക്കുന്നത്. അദാനി പോര്‍ട്സാണ് നിര്‍മാണച്ചുമതല നിര്‍വഹിക്കുന്നത്. 40 വര്‍ഷത്തേക്കു തുറമുഖത്തിന്റെ നടത്തിപ്പുചുമതല അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് ആയിരിക്കും. ലഭിക്കുക. 15-ാം വര്‍ഷംമുതല്‍ ആകെ വരുമാനത്തിന്റെ ഒരു ശതമാനം തുക ലഭിക്കും. ഓരോ വര്‍ഷവും ഒരു ശതമാനംവീതം വര്‍ധിക്കും.
പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാജ്യത്തെ ചരക്കുനീക്കത്തില്‍ നിര്‍ണായകസാന്നിധ്യമായി മാറാനൊരുങ്ങുകയാണ് ഈ തുറമുഖം. അതുവഴി കേരളവും ലോകസമുദ്രയാനഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും.
കാത്തിരിക്കുന്നത് വലിയ വികസനമുന്നേറ്റം
കേരളത്തിന്റെമാത്രമല്ല, ഇന്ത്യയുടെ മൊത്തം ചരക്കുനീക്കത്തിന്റെ തലവരതന്നെ മാറ്റിയെഴുതാന്‍ വിഴിഞ്ഞത്തു സജ്ജമാകുന്ന മേജര്‍ തുറമുഖത്തിനു കഴിയുമെന്നാണു വിലയിരുത്തല്‍. 18 മീറ്റര്‍ സ്വാഭാവിക ആഴമുണ്ടെന്നതുതന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ മുഖ്യസവിശേഷതയാണ്.
ലോകത്തെ ഏതു വമ്പന്‍ കപ്പലിനും വിഴിഞ്ഞത്ത് അടുക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു. 24,000 ടി.ഇ.യു വരെ കണ്ടെയ്നര്‍ കൈകാര്യശേഷിയുള്ള കപ്പല്‍ വിഴിഞ്ഞത്ത് അടുപ്പിക്കാനാകും.
നിലവില്‍ ഇന്ത്യയുടെ മൊത്തം ചരക്കുനീക്കത്തിന്റെ 70 ശതമാനവും കടല്‍വഴിയാണ്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരക്കുനീക്കത്തിന്റെ 75 ശതമാനംവരെ ഇവിടെ കൈകാര്യം ചെയ്യാനാകുമെന്നും അധികൃതര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ഏകദേശം 15 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വിഴിഞ്ഞത്തിനുണ്ടാവുക. രണ്ടാംഘട്ടത്തില്‍ ഇത് 25 ലക്ഷത്തിലേക്കും മൂന്നാംഘട്ടത്തില്‍ 30 ലക്ഷത്തിലേക്കും ഉയര്‍ത്തും.
അന്താരാഷ്ട്ര കപ്പല്‍ചാലില്‍നിന്ന് പത്തു നോട്ടിക്കല്‍ മൈല്‍മാത്രം അകലെയാണ് വിഴിഞ്ഞം രാജ്യാന്തരതുറമുഖം. നാലു ലെയ്‌നുകളുള്ള എന്‍.എച്ച്-66 ദേശീയപാത കണക്റ്റിവിറ്റി, തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിന്റെ സാമീപ്യം, നിര്‍ദിഷ്ട റെയില്‍ ചരക്ക് ഇടനാഴി എന്നിവ വിഴിഞ്ഞം തുറമുഖത്തിനു മുതല്‍ക്കൂട്ടാകും.
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ 650 പേര്‍ക്കു നേരിട്ടും 5000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിന്റെ സാമ്പത്തികരംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി എന്നതില്‍ സംശയമില്ല. രാജ്യത്തെ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്റിന്റെ വാതായനമായി വിഴിഞ്ഞം മാറുകയും, ഇപ്പോള്‍ ദുബായ്, സിംഗപ്പൂര്‍, കൊളംബോ, സലാല എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടെയ്‌നര്‍ വ്യവസായം, വിഴിഞ്ഞം പദ്ധതിയിലൂടെ കേരളത്തെ ആശ്രയിച്ചുതുടങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാത്രമല്ല, സംസ്ഥാനത്തെ സേവനമേഖലകളില്‍, പ്രത്യേകിച്ച് ടൂറിസം, വാണിജ്യം, ഗതാഗതം തുടങ്ങിയ രംഗങ്ങളില്‍ വന്‍പുരോഗതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ഉണ്ടാകാന്‍ പോകുന്നത്. പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇന്ത്യയിലെ മറ്റു തുറമുഖങ്ങളിലേക്കുള്ള കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തെത്തും. ഇവിടെനിന്ന് ഇവ രാജ്യത്തെ മറ്റു തുറമുഖങ്ങളിലേക്കു നീക്കാനും കഴിയും. ഇത് ഇന്ത്യയിലെ മറ്റു തുറമുഖങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമാകും.
ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ക്രൂയിസ് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും വിഴിഞ്ഞം വിപുലമായ സാധ്യത തുറക്കുന്നുണ്ട്. ലോകടൂറിസംഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം വിഴിഞ്ഞം കൂടുതല്‍ ശോഭനമാക്കും. വിഴിഞ്ഞത്തെ ഒരു മാസ്റ്റര്‍ തുറമുഖമായിക്കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും ചെറുകിട തുറമുഖങ്ങളോടനുബന്ധിച്ചു പുതിയ വ്യവസായങ്ങള്‍ വികസിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.