•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

ഇങ്ങനെയുമുണ്ട് ചില കാര്യങ്ങള്‍:: അദ്ഭുതപ്പെടുത്തുന്ന ചില യാദൃച്ഛികസംഭവങ്ങള്‍

മുപ്പതു വര്‍ഷമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു സതീര്‍ഥ്യന്‍ പെട്ടെന്നൊരിക്കല്‍  നിങ്ങളുടെ സ്മരണയില്‍ തെളിയുകയും താമസിയാതെതന്നെ അതേയാള്‍ നിങ്ങളുടെ ഭവനത്തില്‍ എത്തുകയും ചെയ്താല്‍ എന്തായിരിക്കും നിങ്ങളുടെ അദ്ഭുതം?
മറ്റൊരുകഥ ഇങ്ങനെയാണ്: രവിയുടെ  അപ്പൂപ്പനു പഠിക്കുന്ന കാലത്ത്  ഒരു ഉറ്റ ചങ്ങാതിയുണ്ടായിരുന്നു. ഒരേ ക്ലാസ്സില്‍, ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ചവരായിരുന്നു  അവര്‍. അപ്പൂപ്പന്‍ എപ്പോഴും ആ പഴയകഥകളും അന്നത്തെ വീരകൃത്യങ്ങളുമൊക്കെ രവിയോടു പറയുമായിരുന്നു. കൗതുകത്തോടെ രവി അതെല്ലാം  കേട്ടിരിക്കും. അപ്പൂപ്പന്റെ സ്‌നേഹിതന്‍ ഇപ്പോള്‍ മക്കളോടൊപ്പം ദുബെയിലാണ്.
ഒരു രാത്രി രവി ഒരു സ്വപ്നം കണ്ടു. ഒരു പന്ത്രണ്ടാം തീയതിയായിരുന്നു സംഭവം. അപ്പൂപ്പന്റെ സുഹൃത്ത് രവിയുടെ കട്ടിലിനരുകില്‍ വന്നുനിന്നു പറയുകയാണ്: ''മോനേ, ഞാന്‍ മരിക്കാന്‍ തുടങ്ങുകയാണ്. നാളെത്തന്നെ നീയിത് അപ്പൂപ്പനോടു പറയണം. ഞാന്‍ നേരിട്ടു പറഞ്ഞാല്‍ നിന്റെ അപ്പൂപ്പനതു  താങ്ങാനായി എന്നു വരികയില്ല.''
പിറ്റേന്നു രാവിലെ ഉണര്‍ന്നപ്പോള്‍  രവി വല്ലാത്ത ഒരവസ്ഥയിലായിരുന്നു. ഇതു പറഞ്ഞാല്‍ അപ്പൂപ്പനു വലിയ ഷോക്കായിപ്പോകും. ഈ സ്വപ്നത്തിന്റെ കഥ രവി തന്റെ സുഹൃത്തുക്കളോടൊക്കെ പറഞ്ഞെങ്കിലും വീട്ടില്‍ പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞ്  അവന്റെ ഇ-മെയിലില്‍ ഒരു മെസേജു കിടക്കുന്നു: ''ഞങ്ങളുടെ വത്സലപിതാവ് കഴിഞ്ഞ പന്ത്രണ്ടാം തീയതി  ഹൃദയാഘാതംമൂലം മരണമടഞ്ഞിരിക്കുന്നു.'' അതായത്, രവി സ്വപ്നം കണ്ട അതേ രാത്രി! വിശ്വസിക്കാനാകുമോ?
അമ്മമേരിയെക്കുറിച്ചു പ്രസിദ്ധമായ പുസ്തകമെഴുതിയ മോന്റ്ഫോര്‍ട്ടിന്റെ കൈയെഴുത്തുപ്രതി  എങ്ങനെയോ കാണാതായി-സാത്താന്റെ കുസൃതി എന്നുവേണം കരുതാന്‍. 126  വര്‍ഷം കഴിഞ്ഞപ്പോള്‍ ഫ്രാന്‍സിലെ ഒരു വൈദികന്‍ ഏതോ പഴയ മരപ്പെട്ടിയില്‍നിന്ന് ഇതു കണ്ടെടുത്തു. ഇന്നു ലോകം മുഴുവന്‍ കത്തോലിക്കര്‍ വായിക്കുന്ന ഈ വിശിഷ്ടഗ്രന്ഥം 140 ഭാഷകളില്‍ ലോകത്തെവിടെയും ലഭിക്കും.
പ്രസിദ്ധ ഹോളിവുഡ് നടന്‍ ആന്റണി ഹോപ്കിന്‍സ് തന്റെ സിനിമയ്ക്കാധാരമായ നോവല്‍ ഒരു വട്ടം വായിക്കാന്‍ ലണ്ടനിലെ ഓരോ  ബുക്ഷോപ്പിലും അരിച്ചുപെറുക്കിയിട്ടും അതിന്റെ കോപ്പി കിട്ടിയില്ല. നിരാശനായി സ്വഭവനത്തിലേക്കു  പോകുമ്പോള്‍ ഒരു കൊച്ചു റെയില്‍വേസ്റ്റേഷനിലെ ബെഞ്ചില്‍ ഇതേ പുസ്തകം ആരോ ഉപേക്ഷിച്ച മട്ടില്‍ കിടക്കുന്നു. അയാള്‍ അതെടുത്തുപിടിച്ച്  അദ്ഭുതപരതന്ത്രനായി നിന്നു. പിന്നീടാണ് എഴുത്തുകാരന്‍ തന്റെ ഒരേയൊരു കോപ്പി വഴിക്കു നഷ്ടപ്പെട്ടുപോയ കഥ പറയുന്നത്.
പാട്ടെഴുത്തുകാരന്‍ സെപ്‌ലൈന്‍ 'കറുത്ത പട്ടി' എന്നപേരില്‍ ഒരു പാട്ടു രചിച്ചു പ്രസിദ്ധനായി.  ഇതിനിടയില്‍ വല്ലാത്ത മദ്യപാനം കാരണം ആള്‍ വേഗം മരിച്ചുപോയി. അദ്ദേഹത്തെ ആദരിക്കാന്‍ ചില പത്രപ്രവര്‍ത്തകര്‍ ഒരു ലേഖനം തയ്യാറാക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഒരു  ഫോട്ടോയെടുക്കാന്‍ ഒരു തണുപ്പുള്ള പ്രഭാതത്തില്‍ ഫോട്ടോഗ്രാഫര്‍ എത്തുമ്പോള്‍  അദ്ഭുതം! ഒരു കറുമ്പന്‍ പട്ടി കാലും പൊക്കിനിന്ന്  സെപ്ലൈനിന്റെ കല്ലറയിലേക്ക് ഒരു 'മാനേഴ്‌സും'  ഇല്ലാതെ മൂത്രമൊഴിക്കുന്നു. (പത്രക്കാരന്റെ നര്‍മബുദ്ധി എന്നു പറഞ്ഞു നാം തള്ളിക്കളഞ്ഞാലും ഇതിലെവിടെയോ ഒരു സംഭാവ്യത കണ്ടു കൂടായ്കയില്ല.)
കാക്കനാട് പ്രസാദ് എന്നു പേരുള്ള  ഒരു മനുഷ്യനുണ്ടായിരുന്നു. ഇടവിടാതെ പനി  വന്നപ്പോള്‍ സ്വയം കാറോടിച്ച് ഒരു വലിയ ആശുപത്രിയിലേക്കു പോയി. ദൗര്‍ഭാഗ്യവശാല്‍ അപ്പോള്‍ത്തന്നെ അവിടെ അഡ്മിറ്റാകേണ്ടിവന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം  അവിടെക്കിടന്നു  കൃത്യം  11.10  ന് അദ്ദേഹം മരിക്കുന്നു. അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലെ ക്ലോക്ക് നിലച്ചതും ആ കൃത്യം 11.10 നായിരുന്നു.
ഏതോ ഒരു വാരികയില്‍ മേരി ഒരു കഥ വായിക്കുന്നു. തനിക്കു നിത്യപരിചിതയായ ഇന്ദിരയുമായി തികച്ചും സാദൃശ്യമുള്ള ഒരു കഥാപാത്രമായിരുന്നു  കഥയിലുണ്ടായിരുന്നത്. അവളെക്കുറിച്ചു ധ്യാനിച്ചങ്ങനെ സോഫയില്‍ ഇരിക്കുമ്പോള്‍  അപ്രതീക്ഷിതമായി ഒരു ഫോണ്‍ കാള്‍! വര്‍ഷങ്ങള്‍ക്കുശേഷം അതേ ഇന്ദിര വിളിക്കുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എന്തൊക്കെയോ അദൃശ്യവും നിഗൂഢവുമായതു സംഭവിച്ചതുപോലെ നമുക്കനുഭവപ്പെടും. എവിടെയൊക്കെയോ ഏതൊക്കെയോ ബിന്ദുക്കളില്‍നിന്ന്  ഏതൊക്കെയോ ശക്തികള്‍ പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്നതുപോലെ.
കോളജില്‍ എന്റെ റോള്‍ നമ്പര്‍ 1107  ആയിരുന്നു. ആദ്യമായി ഞാന്‍ ജോലി തേടി   ഗുജറാത്തിലെത്തുമ്പോള്‍ എനിക്കു കിട്ടിയ മുറിയുടെ നമ്പര്‍ 107. പിന്നീട് അങ്ങോട്ട് ഞാന്‍ യാത്രയിലായിരിക്കുമ്പോള്‍ പലപ്പോഴും ഹോട്ടലുകളില്‍  എനിക്ക് ഇതേ നമ്പര്‍ മുറി ചോദിക്കാതെതന്നെ കിട്ടിയിട്ടുണ്ട്.
പലേ സംഭവങ്ങളും  ആകസ്മികമായി സംഭവിക്കുക എന്നത്  ലോകത്തിന്റെ നിയമമാണ്. നമ്മുടെ ബ്രെയിന്‍ ചിലപ്പോള്‍ ഇതിനൊക്കെ ചില ക്രമങ്ങളും അര്‍ഥങ്ങളുമൊക്കെ വരച്ചിടാന്‍ ശ്രമിക്കും. 'അസംഭാവ്യതാതത്ത്വം' എന്നു ചിലര്‍ അതിനെ വിളിക്കുന്നു.
സ്റ്റീഫന്‍ ഹാക്കിങ്, ഗലീലിയോ മരിച്ചു മുന്നൂറു  വര്‍ഷം തികയുന്ന നാളില്‍ ജനിക്കുകയും ഐന്‍സ്റ്റീന്റെ ജന്മദിനത്തിന്റെ 139-ാം വാര്‍ഷിക ദിനത്തില്‍ മരിക്കുകയും ചെയ്തു എന്ന വസ്തുതയും ജനങ്ങള്‍ അദ്ഭുതത്തോടെ കാണുന്നുണ്ട്.
ടൈറ്റാനിക്, ബ്രിട്ടാനിക്, ഒളിമ്പിക്  എന്നീ മൂന്നു കപ്പല്‍യാനങ്ങളുടെ തകര്‍ച്ചകളെ അതിജീവിച്ച വയലറ്റ് എന്ന നേഴ്‌സിനെ 'അണ്‍ സിങ്കബിള്‍' അതായത്, വെള്ളത്തില്‍ താഴാത്തവള്‍ എന്നാണു വിശേഷിപ്പിക്കുക. അതുപോലെ, മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ രണ്ട് അപകടങ്ങള്‍ ഒഴിവാക്കിയ ഒരാളുണ്ട്. 2019ല്‍ യുക്രെയിനിനു മുകളില്‍ വെടിവച്ചു വീഴ്ത്തപ്പെട്ട ഒരു വിമാനം. മറ്റൊന്ന്, അതേവര്‍ഷംതന്നെ ഇന്ത്യന്‍സമുദ്രത്തിനുമേലേ അപ്രത്യക്ഷമായ മറ്റൊരു വിമാനം. മാര്‍ട്ടിന്‍ ജോംഗ് ഈ രണ്ടു വിമാനങ്ങളിലും യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ആളായിരുന്നു. അവസാനനിമിഷമാണ് അത് കാന്‍സല്‍ ചെയ്തു മറ്റു വിമാനങ്ങളില്‍ കയറിയത്.
വൈകാരികമായ മനഃസാമീപ്യം
നാം സ്‌നേഹിക്കുന്ന ഒരാളുടെ വേദന അകലെ എവിടെയോ ഇരുന്നു മറ്റൊരാള്‍ അനുഭവിക്കുക എന്നൊരു പ്രതിഭാസമുണ്ട്. ശാസ്ത്രത്തിനോ മതത്തിനോ ഒന്നും വിശകലനം ചെയ്യാനാവാത്ത  ഒരു കാര്യമാണിത്. എവിടെയോ ഒരു മാനസികാന്തരീക്ഷമുണ്ട്-അതിലൂടെ അവര്‍ എത്രതന്നെ അകലെയായിരുന്നാലും, വേദനയും ഊര്‍ജവുമെല്ലാം രണ്ടു പേര്‍ക്കും പരസ്പരം പങ്കുവയ്ക്കാം.
ബെയ്ത് മാന്‍  എന്ന മനഃശാസ്ത്രജ്ഞന്‍  ഈ പ്രതിഭാസം വിശദമാക്കാന്‍ ഒരു കൊച്ചുകഥ പറയുന്നുണ്ട്. ഒരു യുവാവ് ജീവിതനൈരാശ്യത്താല്‍  തളര്‍ന്നു, വിജനമായ ഒരു കുളത്തിനരുകില്‍ നില്‍ക്കുകയാണ്. അവന്‍ വെള്ളത്തിലേക്കു ചാടാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ അവിടെ പെട്ടെന്ന് ഒരു കാര്‍ വന്നു നിന്നു. അവന്റെ ചേട്ടനായിരുന്നു വന്നത്. അവനെ  അയാള്‍ രക്ഷപ്പെടുത്തി. പിന്നീട് കാറില്‍ വന്ന സഹോദരന്‍ പറഞ്ഞതിതാണ്: എനിക്കറിയില്ല എന്താണു സംഭവിച്ചതെന്ന്. ആരോ എന്നോടു ചെവിയില്‍ മന്ത്രിക്കുകയായിരുന്നു, ഈ ദിശയില്‍ വാഹനമോടിക്കാന്‍! എവിടേക്ക് എന്തിന് എന്നൊന്നും എനിക്കറിയില്ലായിരുന്നു.
ഇത്തരം ആകസ്മികസംഭവങ്ങള്‍ എന്തൊക്കെയോ അലൗകികവും നിഗൂഢമായതുമായതിനെ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും ഇതൊക്കെ സര്‍വസാധാരണംതന്നെയാണ്. പുരാണേതിഹാസങ്ങളും നാടോടിക്കഥകളും കേട്ടു വളര്‍ന്ന നമ്മുടെ മനസ്സ് ഇതിനെയൊക്കെ ഏതെങ്കിലും ഒരു മൂശയിലിട്ടു രൂപപ്പെടുത്താന്‍ നോക്കുന്നു എന്നുമാത്രം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)