എന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങുമ്പോള്‍ ഏതൊരെഴുത്തുകാരനും എഴുതാന്‍ പോകുന്നതിനെപ്പറ്റി ഏതാണ്ടൊരു രൂപം ഉള്ളിലുണ്ടാകും. എഴുതിവരുമ്പോള്‍ മാറ്റങ്ങള്‍ വന്നേക്കാം, ഒട്ടും വിചാരിക്കാത്ത വഴിയിലൂടെ എഴുത്തങ്ങു പോയെന്നുംവരാം.
എഴുതിത്തുടങ്ങുമ്പോള്‍ വിചാരിച്ചതൊന്നുമല്ല എഴുതിത്തീര്‍ത്തത്, എഴുതാനാഗ്രഹിച്ചതൊന്നും എഴുതാതെ വേറെന്തോ എഴുതി... എന്നൊക്കെയും എഴുത്തില്‍ സംഭവിക്കാം. എഴുത്തുകാര്‍ക്കെല്ലാം ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകും.
'ഒരു കഥയെഴുതുമ്പോള്‍, സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണ്ണരൂപം മനസ്സില്‍ എഴുതിയിട്ടേ എഴുതാനിരിക്കാറുള്ളൂ' എന്നു മലയാളത്തിലെ എഴുത്തുകാരുടെ പെരുന്തച്ചന്‍ എം. ടി. പറഞ്ഞിട്ടുണ്ട്.
പക്ഷേ, എല്ലാ എഴുത്തുകാര്‍ക്കും അതു കഴിയുമെന്നു തോന്നുന്നില്ല. എം. ടി. തന്നെ അങ്ങനെ പറഞ്ഞതു നൂറു ശതമാനം ശരിയാകണമെന്നുമില്ല. കാരണം, എഴുത്തുകാരന്‍ ഉദ്ദേശിക്കാത്ത വഴികളിലൂടെ ചിലപ്പോള്‍ എഴുത്തു പോകുമെന്ന് ഒട്ടുമിക്ക എഴുത്തുകാര്‍ക്കും അനുഭവമുണ്ടാകും.
മനോഹരമായ ഒരു പദപ്രയോഗം, ഒരു വാക്ക്, ഒരു സംഭവം, കഥയിലൊരു അപ്രതീക്ഷിതവഴിത്തിരിവ്, ഇതൊക്കെ എഴുത്തില്‍ സംഭവിക്കാറുണ്ട്.
ന്യൂഡല്‍ഹി സിനിമയിലെ ക്ലൈമാക്‌സ് രംഗം, (സുമലത ദേവനെ വെടിവയ്ക്കുന്ന രംഗം) നേരത്തേ എഴുതിവച്ചതുമായി ഒരു ബന്ധവുമില്ലാത്ത ഒന്നായി ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് പെട്ടെന്നുണ്ടായതാണെന്ന് നടന്‍ ദേവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആ പടത്തിലെ ഏറ്റവും ഉദ്വേഗമുണര്‍ത്തിയ ദൃശ്യവും അതുതന്നെ.
എഴുത്ത് ചിലപ്പോഴൊക്കെ തനിയെ രൂപപ്പെടുന്നതാണ് എന്നര്‍ഥം. എഴുത്തുകാരിയാകാന്‍ ആഗ്രഹിക്കുകയോ അതിനായി പരിശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാള്‍ പെട്ടെന്നൊരുനാള്‍ എഴുതാന്‍ തുടങ്ങുക, എഴുത്തില്‍ ചരിത്രം സൃഷ്ടിക്കുക, പുസ്തകമിറങ്ങിയ ദിവസംതന്നെ, അച്ചടിച്ച ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റു പോകുക, മുഴുവന്‍ കോപ്പികളും ആദ്യദിവസം തീരുക, ഒരു പുസ്തകം വാങ്ങാന്‍ ജനങ്ങള്‍ തെരുവില്‍ ക്യൂ നില്‍ക്കുക, എഴുത്തുകാര്‍ക്കിടയില്‍ ഇന്നേവരെ ആര്‍ക്കും കഴിയാത്തത്ര സമ്പത്ത് എഴുത്തുവഴി സ്വന്തമാക്കുക എന്നൊക്കെ പറയുമ്പോള്‍ എഴുത്തിനെപ്പറ്റി നാം ഇന്നുവരെ കരുതിവച്ചതിനും കേട്ടതിനുമൊന്നും വലിയ കഴമ്പില്ല എന്നല്ലേ അര്‍ഥം? ജെ.കെ. റൗളിങ്ങിന്റെ കാര്യമാണ്, അവര്‍ സൃഷ്ടിച്ച ഹാരി പോട്ടറിന്റെ കാര്യമാണു പറഞ്ഞത്.
'ഒരു സങ്കീര്‍ത്തനംപോലെ' എന്ന നോവല്‍ എഴുതുമ്പോള്‍ ഒരു പാതിരാനേരത്ത്, ഡോസ്റ്റെയെവ്‌സ്‌കിയുടെ ജീവിതത്തിലെ വികാരവിക്ഷുബ്ധമായ രംഗങ്ങള്‍ മനസ്സില്‍ക്കണ്ട് എഴുതുന്നതിനിടെ കിട്ടിയ ഒരു വെളിപാടാണ് 'ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ളവന്‍' എന്ന വിശേഷണം എന്നു പെരുമ്പടവം ശ്രീധരന്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. മിന്നല്‍പ്പിണര്‍പോലെ പെട്ടെന്ന് വീണുകിട്ടിയ ആ വാക്കുകള്‍ എഴുതിക്കഴിഞ്ഞ് അതിന്റെ ഉന്മാദലഹരിയില്‍ ഏറെനേരം എങ്ങലടിച്ചു കരഞ്ഞുവെന്നും അദ്ദേഹം കുമ്പസാരിച്ചിട്ടുണ്ട്.
സത്യത്തില്‍, 'സമയം എന്ന വിസ്മയം' എന്ന തലക്കെട്ട് കുറിച്ചിട്ട്, ഉദ്ദേശിച്ച കാര്യവുമായി വലിയ ബന്ധമില്ലാത്ത 'എഴുത്ത്' എന്ന വിഷയത്തിലേക്ക്' ഈ എഴുത്ത് പോയതെങ്ങനെയെന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. ഇങ്ങനെ എഴുതാന്‍വേണ്ടി ഞാന്‍ ബോധപൂര്‍വം ഈ എഴുത്തുവണ്ടി വഴിതിരിച്ചു വിട്ടതല്ല.
സമയം എന്ന വിസ്മയം. അതാണു വിഷയം.
ഓരോ സമയത്ത് ഓരോന്നു സംഭവിക്കുകയാണല്ലോ. 'എല്ലാത്തിനും ഒരു സമയമുണ്ട്' എന്നത് വെറുമൊരു സിനിമാ ഡയലോഗായി കാണേണ്ടതല്ല. അതൊരു ശുദ്ധ നിത്യസത്യമാണ്. വിതയ്ക്കാനൊരു സമയം, പൂവിടാനും കായ്ക്കാനും വിളവെടുക്കാനുമൊക്കെ ഓരോ സമയമുണ്ട്.
'ഉത്കണ്ഠകൊണ്ട് ആയുസ്സിന് ഒരു മുഴം കൂട്ടാന്‍ നിങ്ങളിലാര്‍ക്കു കഴിയും' എന്ന് യേശു ചോദിക്കുമ്പോള്‍, ദൈവം ഓരോരുത്തര്‍ക്കും ഭൂമിയില്‍ അനുവദിച്ചിരിക്കുന്ന അജ്ഞാതമായ സമയത്തിന്റെ സൂചനയാണല്ലോ.
വിലകൊടുത്തു വാങ്ങാന്‍ കിട്ടാത്ത രണ്ട് അമൂല്യരത്‌നങ്ങളുണ്ട്: സമയവും സമാധാനവും. ദൈവം അനുവദിച്ചിരിക്കുന്ന സമയത്തിനപ്പുറം ഒരു നിമിഷംപോലും വാങ്ങാനോ കടമെടുക്കാനോ കവര്‍ന്നെടുക്കാനോ ആര്‍ക്കും കഴിയില്ല. അനുവദിച്ചിരിക്കുന്ന സമയം എത്രയുണ്ടെന്ന് ആര്‍ക്കുമറിയില്ല എന്നതാണ്, അഥവാ ആയുസ്സിന്റെ അനിശ്ചിതത്വമാണ്, ജീവിതത്തെ ആസ്വാദ്യമാക്കുന്നത്.
സത്യത്തില്‍, എന്നാണു മരിക്കുന്നതെന്നു മുന്നേ അറിഞ്ഞാല്‍, അതു നൂറു വര്‍ഷം കഴിഞ്ഞിട്ടായാല്‍ പോലും, ജീവിതം ഒട്ടും സുഖകരമാകാനിടയില്ല.
'ഓ, ഇനിയൊരു തൊണ്ണൂറു വര്‍ഷമുണ്ടല്ലോ, എണ്‍പതു വര്‍ഷമുണ്ടല്ലോ' എന്നൊക്കെയായിരിക്കും ആര്‍ക്കും ആദ്യം തോന്നുക. പക്ഷേ, പിന്നീടത് വല്ലാത്തൊരു ഭീകരഭാവത്തില്‍ തിരിഞ്ഞുനില്‍ക്കും. 'അയ്യോ ഇനി വെറും പത്തു കൊല്ലം, ഇനി അഞ്ചു കൊല്ലം, ഒരു കൊല്ലം, ആറു മാസം, ങ്ങേ! ഒരു മാസം, ഒരാഴ്ച,. ശ്ശോ ശ്ശോ, നാളെ... അയ്യോ തീര്‍ന്നോ,.. കഴിഞ്ഞോ ദേ കഴിഞ്ഞു...?
ഹാ, എന്തൊരു ദുരന്തമാണ് അങ്ങനെയൊരു ജീവിതവും ജീവിതാന്ത്യവും! മരിക്കുകയാണ് എന്നറിഞ്ഞുകൊണ്ടുള്ള മരണംപോലെ മറ്റൊരു ദുരന്തമില്ല എന്നാണു പറയപ്പെടുന്നത്. കാരണം, ആരും മരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതുതന്നെ. ആത്മഹത്യ ചെയ്യുന്നവര്‍പോലും ആ അവസാനശ്വാസത്തിനു മുമ്പുള്ള ഒരു മിന്നല്‍പ്പൊടിനേരത്ത് തങ്ങളെടുത്ത തീരുമാനത്തില്‍ ഖേദിക്കും. ഈ കടുംകൈയ്ക്ക് തീരുമാനമെടുത്തത് ജീവിതത്തെ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല, ജീവിക്കാന്‍ വയ്യാഞ്ഞിട്ടാണ്, അറിവില്ലാഞ്ഞിട്ടാണ് എന്ന് ഓര്‍ത്തുപോകും.
സാംബശിവന്റെ 'ഒഥല്ലോ' കഥാപ്രസംഗത്തില്‍ വില്ലന്‍ ഇയാഗോ, മണ്ടന്‍ റോഡ്രിഗോയെ വാളിനിരയാക്കുന്ന ഒരു രംഗമുണ്ട്. ആ നിമിഷത്തിലെ റോഡ്രിഗോയെ സാംബശിവന്‍ ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്:
'അയ്യോ, അയ്യയ്യോ, നാട്ടുകാരേ, ദേ എന്നെ കൊല്ലാന്‍ പോകുന്നേ, അയ്യോ എന്നെ കൊല്ലുന്നേ... ദാ കൊന്നേ'
കൊലയാണ് സീന്‍. എന്നാലും എന്നെ കൊന്നേ എന്ന പ്രയോഗത്തില്‍ കേള്‍വിക്കാര്‍ ചിരിക്കും. 'മരണവെപ്രാളം' എന്നത് ഇതൊക്കെയായിരിക്കും.
സുബോധത്തോടെ മരിക്കുന്ന അനേകരുണ്ട്. അവസാനനിമിഷംവരെ മസ്തിഷ്‌കത്തിന് അല്പം പോലും ക്ഷയമില്ലാത്തവര്‍. നല്ല ഓര്‍മയോടും തിരിച്ചറിവോടുംകൂടി, മിണ്ടിപ്പറഞ്ഞിരിക്കുമ്പോള്‍ ഉറക്കത്തിലേക്കെന്നപോലെ, എന്നേക്കുമായി യാത്ര പോകുന്നവര്‍.
അങ്ങനെയൊരാളോട്, 'തിരിഞ്ഞുനോക്കുമ്പോള്‍ ഈ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും ഖേദം തോന്നുന്നുണ്ടോ, എന്താണിപ്പോള്‍ നിങ്ങളുടെ മനസ്സിനെ ഏറ്റവും വിഷമിപ്പിക്കുന്നത്' എന്നു ചോദിച്ചാല്‍ എന്തായിരിക്കും മറുപടിയെന്ന് ആലോചിച്ചിട്ടുണ്ടോ?
അന്ത്യാഭിലാഷമായി ഓരോരുത്തര്‍ക്കും ഓരോന്നു തോന്നാമല്ലോ.
ഇതൊരു ഭാവനയല്ല. ഇക്കാര്യത്തില്‍ അനേകം പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്.
കണ്ടെത്തിയ ആസന്നമരണദുഃഖങ്ങളില്‍ ചിലത് ഇങ്ങനെയൊക്കെയാണ്:
- മറ്റുള്ളവരെ തൃപ്തിപ്പെടുത്താനല്ലാതെ എന്റേതായ ഒരു ജീവിതം ജീവിക്കേണ്ടതായിരുന്നു,
- കുറച്ചുകൂടി ക്ഷമിക്കാമായിരുന്നു.
- പ്രിയപ്പെട്ടവരോടൊപ്പം കുറച്ചുകൂടി സമയം ചെലവഴിക്കാമായിരുന്നു.
- ജീവിതപങ്കാളിയെ തിരഞ്ഞെടുത്തതില്‍ തെറ്റുപറ്റി.
- അടുത്ത നിമിഷംപോലും നമ്മുടേതാണോ എന്ന് ഉറപ്പില്ലാഞ്ഞിട്ടും അനന്തരതലമുറകള്‍ക്കുവേണ്ടി പണമുണ്ടാക്കാന്‍ പാഞ്ഞുനടന്നപ്പോള്‍ മൂല്യമേറിയ പലതും മറന്നുപോയി. ബന്ധങ്ങള്‍ നഷ്ടമായി.
- ഉറ്റവരെ ഒട്ടുവളരെ ദ്രോഹിച്ചു, വേദനിപ്പിച്ചു.
- ആയകാലത്ത് അലസനായും ധൂര്‍ത്തടിച്ചും ഉത്തരവാദിത്വമില്ലാതെയും ഒത്തിരി സമയം പാഴാക്കി.
***
എനിക്ക് പത്തു വയസുള്ളപ്പോഴാണ് ഞങ്ങളുടെ ഇച്ചാച്ചന്‍ (പപ്പായുടെ അപ്പന്‍ പുല്ലാട്ട് മാണിച്ചേട്ടന്‍) 74-ാം വയസ്സില്‍ മരിച്ചത്. അറുപതേക്കര്‍ കൃഷിഭൂമി സ്വന്തം. നാട്ടിലൊരു പ്രമാണി. കരുത്തന്‍. പക്ഷേ, ഒന്നാംതരം മദ്യപനായിരുന്നു ഇച്ചാച്ചന്‍. അതേസമയം നല്ലവനുമായിരുന്നു. രോഗിയായി ഏറെ നാള്‍ കിടപ്പിലായി.
എട്ടു മക്കളില്‍ ഏറ്റവും മൂത്തവനായ മത്തായി (എന്റെ പപ്പാ) ഒന്‍പതു മക്കള്‍ ഉണ്ടാകുന്നതുവരെ (ഞാനാണ് ഒന്‍പതാമന്‍) തറവാട്ടില്‍, അപ്പന്റെ സ്ഥാനത്തുനിന്ന് വീട്ടുകാര്യങ്ങള്‍ നോക്കി സഹോദരങ്ങളെ പഠിപ്പിച്ചു വളര്‍ത്തി.
ഇച്ചാച്ചനു രോഗം കലശലായിക്കിടക്കുമ്പോള്‍ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും എപ്പോഴും വീട്ടിലുണ്ട്. 'ഇന്ന് പൊടിയരിക്കഞ്ഞി വേണം, മത്തങ്ങാ ചാറുകറി വേണം, കൂണു കറി വേണം' എന്നൊക്കെ ഇച്ചാച്ചന്‍ ഓരോരോ ആഗ്രഹങ്ങള്‍ പറയും. മമ്മാ അതൊക്കെ ഉണ്ടാക്കിക്കൊടുക്കും.
ഒരു രാത്രിയില്‍ ഇച്ചാച്ചന്റെ കട്ടിലിനരികില്‍ നിന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ഇച്ചാച്ചന്‍ മൂത്ത മകനോട് (എന്റെ പപ്പായോട് ) പറഞ്ഞു: 'കുഞ്ഞേ, നീയെന്നെ ഒന്ന് എണീപ്പിച്ചേ.'
പപ്പാ ഇച്ചാച്ചന്റെ രണ്ടു കക്ഷത്തിലൂടെ കൈ കടത്തി കിടപ്പില്‍നിന്നു പതിയെ ഉയര്‍ത്തി.
ഇച്ചാച്ചന്‍ പറഞ്ഞു,
'എന്നെ നിന്റെ മടിയിലൊന്നിരുത്തിക്കേ.'
വീര്‍പ്പുമുട്ടി പപ്പാ ഇച്ചാച്ചനെ എടുത്തു മടിയിലിരുത്തി. അടുത്തുനിന്ന ആരൊക്കെയോ സഹായിച്ചു.
പിന്നെ ഇച്ചാച്ചന്‍ പറഞ്ഞു: 'നീ എന്നെയൊന്നു കെട്ടിപ്പിടിച്ചേ.'
ഇതുവരെ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലാത്ത ഇച്ചാച്ചന്‍ ഇപ്പോഴിങ്ങനെ...?
പപ്പായുടെ കണ്ണു നിറഞ്ഞൊഴുകുകയാണ്. ചുറ്റുമുള്ളവരൊക്കെ വല്ലാതായി വീര്‍പ്പടക്കി നില്‍ക്കുന്നു.
കരുത്തുറ്റ നെഞ്ചില്‍ ഇച്ചാച്ചനെ ചാരിക്കിടത്തി പിന്നിലൂടെ പപ്പാ കെട്ടിപ്പിടിച്ചു. തൃപ്തിയാകാത്തപോലെ ഇച്ചാച്ചന്‍ പറഞ്ഞു: 'ഒന്നൂടെ മുറുക്കെ കെട്ടിപ്പിടിച്ചേ.'
നെഞ്ചിലെ ചൂടു മുഴുവന്‍ പകരുന്നതുപോലെ പപ്പാ ഇറുക്കി കെട്ടിപ്പിടിച്ചു.
ഇച്ചാച്ചന്‍ പറഞ്ഞു:
'കുഞ്ഞേ, ഞാന്‍ നിന്നെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്. നീയെന്നോടു ക്ഷമിക്കണം.' ഒരു അണക്കെട്ടു തകര്‍ന്നതുപോലെ പപ്പാ പൊട്ടിക്കരഞ്ഞു. അവിടെ നിന്നവരൊക്കെ പൊട്ടിക്കരഞ്ഞു. ചിലര്‍ പുറത്തിറങ്ങി.
കരുത്തനായ പപ്പാ കരയുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്. രംഗത്തിന്റെ ഗൗരവം മുഴുവനായി പിടി കിട്ടിയില്ലെങ്കിലും എന്റെ കണ്ണുകള്‍ നിറഞ്ഞു.
ഇച്ചാച്ചന്‍ പറഞ്ഞു:
'മതി. ഇനി കിടത്തിയേക്ക്.'
പപ്പായും അടുത്തുനിന്ന മറ്റു മക്കളും ചേര്‍ന്ന് ഇച്ചാച്ചനെ പതിയെ കിടത്തി.
ബന്ധുവായ കുട്ടിച്ചേട്ടന്‍ ഇച്ചാച്ചന്റെ ചെവിയില്‍ ചൊല്ലിക്കൊടുത്തു, 'ഈശോ... മറിയം... യൗസേപ്പ് കൂട്ടുണ്ടായിരിക്കട്ടെ...'
പിന്നെ ശാന്തം. ഒന്നും മിണ്ടിയില്ല. കണ്ണു തുറന്നില്ല. പതിയെ ഇച്ചാച്ചന്‍ നിശ്ചലനായി.
***
മരണക്കിടക്കയില്‍നിന്നു മോചനം കിട്ടി വീണ്ടും ജീവിതം പച്ചപിടിച്ചാല്‍,
(അങ്ങനെയും സംഭവിക്കാമല്ലോ) മേല്പറഞ്ഞ നഷ്ടങ്ങള്‍ പലതും വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം.
ഒന്നൊഴികെ.
സമയം, പാഴാക്കിയ സമയം.
നമ്മുടെ സമയം, നമ്മുടെമാത്രമായ സമയം, ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഏറ്റവും ചെറുപ്പത്തിലേ തുടങ്ങേണ്ട പരിശീലനം.
മരണതീരത്തു നില്‍ക്കുന്ന ഒരാളോട്, പത്തുകോടി രൂപ വേണോ പത്തു മണിക്കൂര്‍കൂടി ആയുസ്സ് വേണോ എന്നു ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം?