•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കഥ

ബോധശലഭങ്ങള്‍

  • ഡോ. മായാ ഗോപിനാഥ്
  • 5 October , 2023

മഞ്ഞയിലകള്‍ അടര്‍ന്നു വീണുകിടന്ന ഒരു വയസ്സന്‍പ്ലാവിന്റെ ചുവട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്ത് വേണു പുറത്തിറങ്ങി പിന്നിലെ ഡോര്‍ തുറന്നു.
നിശ്ശബ്ദയായി സീറ്റില്‍ ചാരി യിരുന്ന അമ്മയെ കൈപിടിച്ചിറക്കിയപ്പോള്‍ത്തന്നെ മിരാന്‍ഡ ഓടിവന്നു. ഒരു കെയര്‍ ടേക്കറിന്റെ സ്വാഭാവികമായ ശുഷ്‌കാന്തിയോടെ അമ്മയെ ചേര്‍ത്തുപിടിച്ചു മുന്നോട്ടു നടന്നു.
ഓഫീസിലെ നടപടികളൊക്കെ നേരത്തേ ചെയ്തിരുന്നതിനാല്‍ അമ്മയെ അവര്‍ നേരേ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.
നടുത്തളത്തില്‍ പഴമയുടെ മുഖമുദ്രയായി ഒരു ആട്ടുകട്ടിലും ദിവാന്‍കോട്ടും വല്ലാത്തൊരു നിശ്ചലത പേറി വെറുതെ കിടന്നു.
അമ്മയ്ക്കു പിന്നാലെ നടക്കുമ്പോള്‍ ഡോക്ടര്‍ വേണുവിന്റെ കാലുകള്‍ വല്ലാതെ കഴച്ചു.  അമ്മയെപ്പോലെ അയാളുടെ ഓര്‍മകള്‍ ചിതലരിക്കാത്തതിനാല്‍ നെഞ്ചില്‍ പലതും ഒരു ചൂണ്ടയിലെന്നവണ്ണം കൊരുത്തു കിടന്നു വേദനിച്ചു.
മുറിയില്‍ ഇരുളും വെളിച്ചവും ഇടകലര്‍ന്നു കിടന്നിരുന്നു.
ദേഷ്യമോ വിഷാദമോ സംശയമോ ഏതുമില്ലാതെ അമ്മയുടെ മുഖം ശാന്തമായിരുന്നു.
അമ്മ പെട്ടെന്ന് മേശമേലിരുന്ന താക്കോലെടുത്തു തിരിച്ചും മറിച്ചും നോക്കി. പിന്നെ പൊയ്‌പ്പോയ ഓര്‍മകളുടെ പൂട്ട് തുറക്കാനെന്നവണ്ണം വലത്തെ കൈകൊണ്ട് അതെടുത്ത് ഇടത്തെ കൈയുടെ മധ്യത്തിലിട്ടു തിരിച്ചു.
ചലനശേഷി നശിച്ചിട്ടില്ലെങ്കിലും, ഒന്നും ചെയ്യേണ്ടതെങ്ങനെയെന്നറിയാത്ത ഒരു മറവി. ശുചിമുറിയില്‍ കയറിയാല്‍പോലും എന്തിനെന്നു മറന്നുപോകും.
കണ്ണുനനയ്ക്കുന്ന അതികഠിനമായ മറവി അമ്മയെ ബാധിച്ചിട്ടു മൂന്നാലു കൊല്ലമായി.
വീട്ടില്‍ ഭാര്യയുടെ അവഗണയ്ക്കും നിരാര്‍ദ്രതയ്ക്കും മുന്നില്‍ ബോധശലഭങ്ങള്‍ പറന്നകന്ന അമ്മ ഒരര്‍ഥത്തില്‍ നരകിക്കുകയായിരുന്നു.
അല്‍ഷിമേഴ്‌സിന്റെ ജനറ്റിക് സാധ്യതകള്‍ ഭാര്യയെ ചകിതയാക്കി. അവള്‍ അമ്മയെ ഒരു ദുര്‍ഭൂതം കണക്കെ വെറുത്തുതുടങ്ങിയിരുന്നു.
അന്‍പതാണ്ട് അച്ഛനോടൊപ്പം ജീവിച്ച വീട്ടില്‍ കിടന്ന് ഓര്‍മയുടെ കാന്തിയോടെ മുക്തി നേടാന്‍ വിശ്വേശ്വരന്‍ അമ്മയ്ക്കു യോഗം നല്‍കിയില്ല.
മിരാന്‍ഡയുടെ കെയര്‍ ഹോമിലേക്ക് അമ്മയെ കൊണ്ടുവന്നത് അമ്മയുടെ ശിഷ്ടജീവിതത്തില്‍ അല്പം ശാന്തി തേടിയാണ്.
അമ്മയുടെ കൈയിലെ താക്കോല്‍ വാങ്ങി മേശമേല്‍ വച്ച് അമ്മയെ തലയണ ഉയര്‍ത്തി വച്ച് അതിലേക്കു ചാരിയിരുത്തി മിരാന്‍ഡ.
''ഇനി വേറേ പേപ്പേഴ്‌സ് ഒന്നും ചെയ്യാനില്ല. ഇന്‍ കേസ് ഓഫ് എനി എമര്‍ജന്‍സി,              ഐ ഷാല്‍ കോണ്‍ടാക്ട് യു.''
 പൊക്കിള്‍ക്കൊടിഭാഗത്ത് ഒരു വിങ്ങല്‍ അറ്റുവീണ് ചോര ചിന്തി.
അമ്മയുടെ നെറുകയില്‍ ഒരുമ്മ നല്കി പുറത്തേക്കിറങ്ങുമ്പോള്‍ മിരാന്‍ഡ അമ്മയുടെ കൈകള്‍ ചേര്‍ത്തുപിടിച്ചിരുന്നു.
വാതില്‍ക്കല്‍ എത്തിയപ്പോഴാണ് സപ്തനാഡിയും തളരും പോലെ അമ്മ ശബ്ദിച്ചത്:
''നീ വല്ലതും കഴിച്ചോ?''
ഏതു സ്മൃതിഭ്രംശത്തിനിടയിലും അമ്മമനസ്സിലെ സൂക്ഷ്മതന്തുക്കളില്‍ നെയ്തുവച്ച ചോദ്യം.
മകന്റെ പേരുപോലും മറന്ന  മസ്തിഷ്‌കത്തിന്റെ ഏത് അറയിലായിരിക്കും ഈ ചോദ്യം അമ്മ  ഒളിപ്പിച്ചുവച്ചിരിക്കുക?
സ്തംഭിച്ചുപോയ ഒരു നിമിഷത്തിനപ്പുറം മിരാന്‍ഡയോടു ക്ഷമ പറഞ്ഞ് അന്ധനും ബധിരനും മൂകനുമായി വേണു പടിയിറങ്ങുമ്പോള്‍ കാറ്റിന്റെ കൊമ്പില്‍ നിന്ന് കുറെയേറെ ഓര്‍മയിലകള്‍ ചിതറിച്ചു താഴെയിട്ട വയസ്സന്‍പ്ലാവില്‍ അച്ഛന്റെ ഛായയുള്ള നരച്ച ഒരു കാക്കമാത്രം ഒറ്റയ്ക്കിരുന്നു.
മറവിയിലാണ്ട പ്രിയപ്പെട്ടവരെ സ്‌നേഹത്തൂവലുകളാല്‍ തഴുകാന്‍ മറക്കല്ലേ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)