വടക്കുകിഴക്കന്‍ ലിബിയയില്‍ വെറും അമ്പത്തിമൂന്നു വര്‍ഷം മുമ്പു പണി തീര്‍ത്ത അബു മന്‍സൂര്‍, ദെര്‍ണ എന്നീ രണ്ടു ഡാമുകള്‍ ഇക്കഴിഞ്ഞ പതിനൊന്നാം തീയതി വെളുപ്പിനു തകര്‍ന്നപ്പോള്‍ ദെര്‍ണനഗരത്തില്‍ മരിച്ചത് പതിനോരായിരത്തിലേറെപ്പേരാണ്; കാണാതായത് പതിനായിരത്തോളം പേരെയും! തൊണ്ണൂറായിരം മനുഷ്യരാണ് ആ പ്രദേശത്തു താമസിച്ചിരുന്നത്. അവരില്‍ ഇരുപതിനായിരം പേര്‍ ഇന്നില്ല!
230 ലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് 74 മീറ്റര്‍ ഉയരമുള്ള അബു മന്‍സൂറില്‍ സംഭരിച്ചിരുന്നത്. പട്ടണത്തില്‍നിന്ന് 14 കി.മീ. ദൂരത്താണ് അബു മന്‍സൂര്‍ സ്ഥിതിചെയ്തിരുന്നത്; പതിനഞ്ചു ലക്ഷം ക്യുബിക് മീറ്റര്‍ ജലം സംഭരിച്ചിരുന്ന ദെര്‍ണ ഡാമോ, പട്ടണത്തോടു ചേര്‍ന്നും.
ലിബിയന്‍ ദുരന്തത്തിന്റെ വെളിച്ചത്തില്‍ 17-ാം തീയതിയിലെ ദി ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം, അടുത്തതായി തകരാന്‍ സാധ്യതയുള്ള പഴയ ഡാമുകളെക്കുറിച്ചുള്ള വാര്‍ത്തയില്‍ ഒന്നാമതായി പരാമര്‍ശിച്ചിരിക്കുന്നത് നൂറ്റിയിരുപത്തെട്ടു വര്‍ഷം പഴക്കമുള്ള നമ്മുടെ സ്വന്തം മുല്ലപ്പെരിയാര്‍ ഡാമിനെയാണ്!
365.85 മീറ്റര്‍ നീളവും 53.66 മീറ്റര്‍ ഉയരവുമുള്ള മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവിലുള്ള ജലത്തിന്റെ അളവ് 2991 ലക്ഷം ക്യുബിക് മീറ്ററാണ് - അബു മന്‍സൂറിന്റെ പത്തിരട്ടി! മുപ്പത്തഞ്ചു ലക്ഷം മനുഷ്യരാണ് ബൃഹത്തായ ഈ ഡാമിനു കീഴില്‍ കഴിയുന്നത്. അതായത്, മധ്യകേരളത്തിന്റെ നല്ലൊരു പങ്കും അറബിക്കടലിലേക്ക് ഒഴുകിപ്പോകാം, ലക്ഷക്കണക്കിനു മനുഷ്യര്‍ ചത്തുമലരാം എന്നൊക്കെ അര്‍ഥം!
മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്യാന്‍ ശിപാര്‍ശ ചെയ്തുകൊണ്ട് 2010 കാലഘട്ടത്തില്‍ റൂര്‍ക്കെ കകഠയും ഡല്‍ഹി കകഠയും സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടുകള്‍ ഇപ്പോഴും ഏതോ ഫയല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ ഉറങ്ങുകയാണ്. ഡീക്കമ്മീഷന്‍ ചെയ്യേണ്ട പഴക്കംചെന്ന ഡാമുകളുടെ പട്ടികയില്‍ മുല്ലപ്പെരിയാറും ഉള്‍പ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്രസംഘടനയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പഠനം 2021 ജനുവരി 22ന് പുറത്തുവന്നിട്ടും കേരളത്തില്‍ ഭരണകൂടം കൂര്‍ക്കംവലിക്കുകയാണ്. മലയാളികള്‍ക്ക് ഇനി ചെയ്യാനാകുന്നത്, തങ്ങള്‍ ഉറങ്ങുമ്പോള്‍ ദുരന്തം സംഭവിക്കരുതേ എന്നു ദൈവത്തോടു പ്രാര്‍ഥിക്കുകമാത്രമാണ്.