•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കഥ

ഡെയ്‌സി

  • ജോര്‍ജ് നെയ്യശ്ശേരി
  • 14 September , 2023

ഇന്നു ഞങ്ങളുടെ പൂര്‍വവിദ്യാര്‍ഥിസംഗമമാണ്. അരനൂറ്റാണ്ടുമുമ്പാണ് ഞങ്ങള്‍ എസ്.എസ്.എല്‍.സി. കഴിഞ്ഞ് ഈ വിദ്യാലയത്തോടു വിടപറഞ്ഞത്.
ഇതിനുമുമ്പ് ഞങ്ങളാരും ഇങ്ങനെയൊരു സംഗമത്തെക്കുറിച്ചു ചിന്തിച്ചില്ല. ജോലിത്തിരക്കില്‍ അതേക്കുറിച്ചു ചിന്തിക്കാന്‍ സമയം കിട്ടിയില്ല എന്നതാണു സത്യം. അതുകൊണ്ടാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കാതെ ഗോള്‍ഡണ്‍ജൂബിലി ആഘോഷിക്കുന്നത്.
ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറുപത്തഞ്ചു കഴിഞ്ഞതുകൊണ്ട് പറയത്തക്കജോലിയൊന്നുമില്ല. അപ്പോള്‍ ഒന്നോ രണ്ടോ സംഗമം വയ്ക്കാം.
അന്നു ഞാനായിരുന്നു സ്‌കൂള്‍ ലീഡര്‍. അതുകൊണ്ട് ഞാന്‍തന്നെ സംഗമത്തിനു മുന്‍കൈ എടുത്തു.
സായാഹ്നത്തില്‍നിന്നും അസ്തമയത്തിലേക്കു ദൂരം കുറവാണ്. മരണത്തിന്റെ കാലൊച്ച അടുത്തുവരുന്നതിനുമുമ്പ് ഒരിക്കല്‍ക്കൂടി ഡെയ്‌സിയെ കാണാന്‍ മോഹം.
ഞങ്ങളുടെ ക്ലാസില്‍ മുപ്പത്തെട്ടുപേരായിരുന്നു. നാലുപേര്‍ ഈ ലോകത്തോടു വിടപറഞ്ഞു. ശേഷിക്കുന്ന മുപ്പത്തിനാലു പേരും ലോകത്തിന്റെ പല ഭാഗത്താണ്.
ഇരുപത്തെട്ടു പേരുടെ ഫോണ്‍നമ്പര്‍ കിട്ടി. ശേഷിക്കുന്ന പതിന്നാലുപേരെക്കുറിച്ച് ഒരെത്തും പിടിയുമില്ല. 
ഞങ്ങളില്‍ വ്യാപാരി വ്യവസായികളും കൃഷിക്കാരും റിട്ട. ഉദ്യോഗസ്ഥരും വീട്ടമ്മമാരും ഉണ്ട്.
''രണ്ടുമാസം കൂടിയുണ്ട് ഓഗസ്റ്റ് ഇരുപത്തെട്ടിന്. മുന്‍കൂട്ടി വിളിക്കുന്നത് എങ്ങനെയും എത്തണമെന്നു പറയാനാ.''
''ഇപ്പോ പൂര്‍വവിദ്യാര്‍ഥിസംഗമം ഒളിച്ചോടല്‍വേദിയായി മാറിയിട്ടുണ്ട്. വല്ല പ്ലാനുമുണ്ടോ?''
ചിരിയുടെ അകമ്പടിയോടെ ജയകൃഷ്ണന്‍ ചോദിച്ചു. 
''ഒണ്ടല്ലോ. അന്നു മൊട്ടിട്ട പ്രണയം അന്‍പതുവര്‍ഷം കഴിഞ്ഞും പുഷ്പിക്കാം. ഒന്നു പോ ഇഷ്ടാ. ഈ പ്രായത്തില്‍ ഒളിക്കാതെയും ഓടാതെയും പോകാം. ഒരു ശല്യം ഒഴിഞ്ഞുപോയതായേ മക്കളും ഭാര്യയും കരുതൂ.''
ഇരുവരും ചിരിച്ചു.
''അതെല്ലാം പോട്ടെ. ഡെയ്‌സി വരുമോ?''
എല്ലാവരും ആ ചോദ്യം ചോദിച്ചു.
അന്‍പതുവര്‍ഷം കഴിഞ്ഞും ഡെയ്‌സി അവരുടെ ഹൃദയത്തില്‍ ജീവിക്കുന്നത് അദ്ഭുതമായി തോന്നിയില്ല. അതായിരുന്നു ഡെയ്‌സി. ഞങ്ങളുടെ കിലുക്കാംപെട്ടിയും ചിരിക്കുടുക്കയും.
ഡെയ്‌സിയെക്കുറിച്ചു സ്‌കൂള്‍ പഠനശേഷം ഒന്നും അറിയില്ല. അവര്‍ ദൂരെയുള്ള കോളജില്‍ ഹോസ്റ്റലില്‍നിന്നാണ് പഠിക്കുന്നതെന്നുമാത്രം അറിഞ്ഞിരുന്നു.
സ്‌കൂളില്‍നിന്നു രണ്ടുകിലോമീറ്റര്‍ അകലെയായിരുന്നു തന്റെ വീട്. സ്‌കൂളില്‍നിന്നു വരുന്നതും പോകുന്നതും നാല്‍വര്‍ സംഘം ഒരുമിച്ചാണ്. വിലാസിനി, ഡെയ്‌സി, ജോര്‍ജ്, പിന്നെ ഞാനും. നാലുപേരും ഒന്നാംക്ലാസുമുതല്‍ പത്താംക്ലാസ്‌വരെ ഒരേ ക്ലാസില്‍.
പരസ്പരം കളിയാക്കിയും തമാശകള്‍ പങ്കിട്ടും ഇണങ്ങിയും പിണങ്ങിയും പത്തുവര്‍ഷങ്ങള്‍.   
പാടവരമ്പുകളും കൈത്തോടും മുറിച്ചുകടന്ന് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സ്‌കൂളിലെത്തുന്നത് അറിയുകയേയില്ല.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ സ്‌കൂള്‍ ലീഡറായി. ഡെയ്‌സി ജനറല്‍ സെക്രട്ടറി. ഡെയ്‌സി നന്നായി പാടും പ്രസംഗിക്കും. കെ.സി.എസ്.എലി ന്റെയും ഡി.സി.എലിന്റെയും ക്യാമ്പുകളിലേക്ക് ഒരുമിച്ചുള്ള യാത്ര.
പേരരിയാത്തൊരു സന്തോഷം മനസ്സില്‍വന്നു നിറയുമായിരുന്നു ഡെയ്‌സിയെ കാണുമ്പോഴും സംസാരിക്കുമ്പോഴും. എന്നും സ്‌കൂളിലേക്കു പോരുന്നതിനുമുമ്പായി കണ്ണാടിയില്‍ നോക്കുമായിരുന്നു. ''ഏയ് നീയൊന്നും ഡെയ്‌സിക്കു ചേരില്ല. നിന്നെക്കാള്‍ സൗന്ദര്യവും സമ്പത്തും ഉള്ള ആളെ ഡെയ്‌സിക്കു കിട്ടും.''
കണ്ണാടിയിലെ പ്രതിബിംബം എന്നോടു പറഞ്ഞു. ഞാനതു വേദനയോടെ അംഗീകരിച്ചു. എന്റെ കണ്ണുകളില്‍നിന്ന് കണ്ണീര്‍ത്തുള്ളികള്‍ അടര്‍ന്ന് കണ്ണാടിയിലെ പ്രതിബിംബത്തില്‍ പതിച്ചു.
ഡെയ്‌സിയുടെ ഫോണ്‍ നമ്പര്‍ ലഭിക്കാനായി ഞാന്‍ അവളുടെ കസിന്‍ ഗ്രേസിറ്റീച്ചറെ വിളിച്ചു.
''ഡെയ്‌സിക്കു മൊബൈലൊന്നുമില്ല സാറേ. ഞാനവളെ കണ്ടിട്ടു കുറെ വര്‍ഷങ്ങളായി. ഇന്നത്തെക്കാലത്ത് മൊബൈലില്ലാത്ത ആരെങ്കിലുമുണ്ടോ? അവള്‍ സ്വാതന്ത്ര്യത്തോടെയാണോ ജീവിക്കുന്നതെന്ന് ആ ഒരു കാര്യംകൊണ്ടുതന്നെ മനസ്സിലാകുമല്ലോ.''
''ബി.എഡ്. കഴിഞ്ഞതേ അവളുടെ കല്യാണം കഴിഞ്ഞു. സമ്പത്തും ജോലിയും മാത്രമേ പേരപ്പന്‍ യോഗ്യതയായി നോക്കിയുള്ളൂ. അധ്യാപികയായി ജോലി നോക്കണമെന്ന ആഗ്രഹംകൊണ്ടാ അവള്‍ ബി.എഡിനു പോയത്. പക്ഷേ, കെട്ടിയവന്‍ അവളെ പുറത്തിറക്കിയിട്ടു വേണ്ടേ. സ്വന്തം വീട്ടില്‍പ്പോലും അവള്‍ വരാറില്ല. അങ്ങനെയുള്ള അവളെ സംഗമത്തിനൊന്നും വിടുമെന്ന് എനിക്കു തോന്നുന്നില്ല. പുള്ളിക്കാരന്റെ നമ്പര്‍ ഞാന്‍ തരാം. സാറൊന്നു വിളിച്ചു നോക്ക്.''
എന്റെ മനസ്സിന് തളര്‍ച്ചയനുഭവപ്പെട്ടു. അയാളെ വിളിക്കുമ്പോള്‍ എന്തായിരിക്കും പ്രതികരണം? രണ്ടുംകല്പിച്ച് ഞാന്‍ അയാളെ വിളിച്ചു.
''സാര്‍,  ഞാന്‍ കൊടുവേലിയില്‍നിന്നു വിളിക്കുകയാ. ഞങ്ങളുടെ എസ്.എസ്.എല്‍.സി. ബാച്ചിന്റെ ഗോള്‍ഡന്‍ ജൂബിലിയാ ഓഗസ്റ്റ് ഇരുപത്തിയെട്ടിന്. അതിനു ഡെയ്‌സിയെ ക്ഷണിക്കാനാ വിളിച്ചത്.''
ഞാന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
''എത്രമണിക്കാ?'' അയാള്‍ ചോദിച്ചു.
''പതിനൊന്നു മണിക്കാ സാര്‍.''
''ശരി. ഞാന്‍ ഡെയ്‌സിയോടു പറഞ്ഞേക്കാം.'
അയാള്‍ ഫോണ്‍ വച്ചു.
ഞാന്‍ ആശ്വാസമുതിര്‍ത്തു. ഏതായാലും ചാടിക്കടിച്ചൊന്നുമില്ലല്ലോ.
അവള്‍ വരുമോ? അയാള്‍ അവളെ വിടുമോ? അന്നുമുതല്‍ എനിക്കതു മാത്രമായിരുന്നു ചിന്ത. 
ഓഗസ്റ്റ് ഇരുപത്തെട്ട്. 
അന്നു നല്ല തെളിഞ്ഞ പ്രഭാതമായിരുന്നു. പത്തുമണിയായപ്പോള്‍ ഞാന്‍ സ്‌കൂളിലെത്തി. മാനേജരോടു മുന്‍കൂട്ടി കാര്യങ്ങള്‍ പറഞ്ഞിരുന്നതുകൊണ്ട് പ്യൂണ്‍വന്ന് ക്ലാസ്മുറി തുറന്നു തന്നു. 
ഓര്‍മകള്‍ ഓടിക്കളിക്കുന്ന ക്ലാസ്മുറിയില്‍ കാലെടുത്തു വച്ചപ്പോള്‍ എന്നില്‍നിന്നൊരു ദീര്‍ഘനിശ്വാസം പുറത്തേക്കുവന്നു.
അമ്പതുവര്‍ഷംമുമ്പു പഠിച്ച അതേ ക്ലാസ് മുറി. പഴയ ബഞ്ചും ഡെസ്‌കുമെല്ലാം മാറ്റി ക്ലാസ്മുറി ഹൈടെക് ആക്കിയിരിക്കുന്നു. ചെയറും ടേബിളും പ്‌ളാറ്റ് ഫോമും മൈക്കും ഫാനുമെല്ലാം ഉണ്ട്.
ഞാന്‍ വെറുതെ ഒരു ചെയറില്‍ ഇരുന്നു. ഡെയ്‌സി വരാതിരിക്കുമോ? വന്നില്ലെങ്കില്‍ ഇനിയൊരിക്കലും തമ്മില്‍ കാണാന്‍ സാധിക്കില്ല എന്ന ചിന്ത എന്നെ മഥിച്ചുകൊണ്ടിരുന്നു. 
കേറ്ററിങ് ടീം വന്ന് ഒരു ടേബിളില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് നിരത്തി. 
ഓണാവധി ആയതുകൊണ്ട് സ്‌കൂളും പരിസരവും കനത്ത നിശ്ശബ്ദതയിലാണ്.
ഞങ്ങളുടെ അധ്യാപകരില്‍ മൂന്നുപേര്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. അവരാണെങ്കില്‍ ശാരീരികാസ്വാസ്ഥ്യം ഉള്ളവരും.
പത്തര കഴിഞ്ഞപ്പോള്‍ കാറുകളും മോട്ടോര്‍ ബൈക്കുകളും സ്‌കൂട്ടറുകളും സ്‌കൂള്‍ ഗേറ്റ് കടന്നുവന്നു.
പാന്റ്‌സിട്ടവരും മുണ്ടുടുത്തവരും സാരിയുടുത്തവരും ചുരിദാറിട്ടവരും ക്ലാസ് മുറിയിലേക്കു വന്നു.
ഡൈ ചെയ്തവരും ചെയ്യാത്തവരും. പഴയ ക്ലാസ്മുറിക്കു ജീവന്‍ വച്ചു.
ഞങ്ങളില്‍ ചിലര്‍ ഇടയ്ക്കിടെ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് എല്ലാവരും അപരിചിതത്വത്തിന്റെ മൂടുപടത്തിനുള്ളിലായിരുന്നില്ല.
അന്‍പതു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും തമ്മില്‍ കാണാത്തവര്‍ തപ്പിത്തടഞ്ഞു. ചിലര്‍ തമ്മില്‍ തിരിച്ചറിയാന്‍ പാടുപെട്ടു. പേരുപോലും മറന്നു പോയവര്‍.
''നീ ബാലകൃഷ്ണനല്ലേ.''
''അല്ല ഞാന്‍ കൃഷ്ണകുമാറാ.''
ക്ലാസില്‍ കൂട്ടച്ചിരി മുഴങ്ങി.
''നീ ലളിതയാ... എന്നെ പറ്റിക്കാന്‍ നോക്കണ്ട.''
''പിന്നെ നിനക്കു നന്നായി അറിയാം. ഞാന്‍ ഗ്രേസിയാ ഡൈ ചെയ്തിട്ടില്ലെന്നേ ഉള്ളൂ.''
പൊട്ടിച്ചിരികള്‍ക്കിടയില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് എടുത്ത് ഓരോരുത്തരും കുടിച്ചു. പതിനൊന്നു മണിയായപ്പോഴേക്കും ഇരുപതു പേര്‍ എത്തി.
ഇന്‍പത്തൊന്നാമനായി പാന്റ്‌സിട്ട നരച്ച താടിയുള്ള ഒരാള്‍ ഹാളിലേക്കു കടന്നുവന്നു. അയാള്‍ വന്ന് ക്ലാസ് മുറിയിലെ ബാക്കിലെ ചെയറില്‍ ഇരുന്നു.
''നീ രാമകൃഷ്ണനല്ലേ.'' ്യൂഞാന്‍ അടുത്തുചെന്നു ചിരിച്ചുകൊണ്ടു ചോദിച്ചു.
അയാള്‍ മന്ദഹസിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
''ഇവന്‍ അനില്‍കുമാറാ. ഇവന്‍ മുമ്പും ആരോടും ഒന്നും മിണ്ടാത്തവനാ. ഇവനൊരു മാറ്റവും വന്നിട്ടില്ല.''
വിലാസിനി ഞങ്ങളുടെ അടുത്തേക്കുവന്നു പറഞ്ഞു. ''ഡെയ്‌സി വരില്ലേ. എന്തെങ്കിലും വിവരം അവളെക്കുറിച്ചു കിട്ടിയോ?''
കലപിലയ്ക്കിടയില്‍ ഓമന എന്നോടു വിളിച്ചു ചോദിച്ചു. എല്ലാ കണ്ണുകളും എന്റെ മേല്‍ വീണു. ''വിളിച്ചപ്പോള്‍ ഹസ്ബന്റാ ഫോണെടുത്തത്. പറഞ്ഞേക്കാമെന്നാ പറഞ്ഞത്.''
എല്ലാ കണ്ണുകളും പ്രതീക്ഷയോടെ ക്ലാസ്മുറിയുടെ വാതില്‍ക്കലേക്കു നീണ്ടു ചെന്നു.
ക്ലാസ് വല്ലാതെ നിശ്ശബ്ദതയിലായി. എല്ലാ മുഖങ്ങളിലും നിരാശയുടെ നിഴലുകള്‍. പതിനൊന്നര ആയിട്ടും ഡെയ്‌സി വന്നില്ല. 
''ഇനി നമുക്ക് ആരംഭിക്കാം.''
എന്റെ വാക്കുകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 
''എനിക്കു നിന്നോടു ചിലതു ചോദിക്കാനുണ്ട്.'' വിലാസിനി എഴുന്നേറ്റുനിന്ന് എന്റെ നേരേ വിരല്‍ ചൂണ്ടി. 
ക്ലാസ്മുറി അമ്പരപ്പിന്റെ ആവരണത്തിലായി ''നീയും ഡെയ്‌സിയും തമ്മില്‍ ഇഷ്ടമായിരുന്നെന്ന് നമ്മുടെ ക്ലാസിലെ എല്ലാവര്‍ക്കുമറിയാമായിരുന്നു. അതറിയാത്ത പൊട്ടനായിരുന്നോ നീ? ഞാന്‍ കരുതി നീ അവളെ കല്യാണം കഴിക്കുമെന്ന്. നീയാ ആ പാവത്തിനെ ആ ദുഷ്ടന്റെ കൈയിലേക്കു കൊടുത്തത്.'' അവളുടെ കറുത്ത മുഖം ഒന്നുകൂടി കറുത്തു. 
''ഞാനെന്തു ചെയ്യാനാ. ഞാനന്നു കുട്ടിയല്ലാര്‍ന്നോ.'' എന്റെ വാക്കുകളില്‍ നിസ്സഹായതയും ദുഃഖവും.
''ഞാനും ഗംഗാധരനും പത്തിലൊന്നിച്ചു പഠിച്ചവരല്ലേടാ. ഞങ്ങക്കു കല്യാണം കഴിക്കാമെങ്കി നിനക്കെന്താടാ പാടില്ലായിരുന്നോ.''
ക്ലാസില്‍ കൂട്ടച്ചിരി.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.
''ഡെയ്‌സി ശുദ്ധപാവം. അവക്കടെ കെട്ടിയോന്‍ ദ്രോഹിയാ. അവളെക്കുറിച്ചു ഞാന്‍ ചിലതെല്ലാം അറിഞ്ഞു. ഡെയ്‌സി വീട്ടില്‍ വന്നെന്നറിഞ്ഞ് ഒരിക്കല്‍ ഞാന്‍ കാണാന്‍ ചെന്നതാ. അവള്‍ക്കാരെയും കാണണ്ട എന്നു പറഞ്ഞ് അകത്തു കയറി കതകടയ്ക്കുകയാ ആ പാവം ചെയ്തത്. എന്റെ കൂട്ടുകാരി എനിക്കു ജീവനായിരുന്നു. അവളുടെ ചോറ്റുപാത്രത്തില്‍നിന്നാ ഞാന്‍ ഉച്ചയ്ക്കു വിശപ്പടക്കിയിരുന്നത്.'' - വിലാസിനി മുളചീന്തുംപോലെ കരഞ്ഞു. വിലാസിനി കരഞ്ഞപ്പോള്‍ ഞങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞു.
കൂട്ടുകാരികള്‍ വിലാസിനിയെ ആശ്വസിപ്പിച്ചു. അവള്‍ കരച്ചിലടക്കി കണ്ണുകള്‍ തുടച്ചു. 
പിന്നെയവള്‍ വീറോടെ പറഞ്ഞു: ''അവളുടെ സ്ഥാനത്ത് ഞാനെങ്ങാനുമായിരിക്കണം. ഗംഗാധരന്‍ അങ്ങനെ പെരുമാറിയാല്‍ ഞാന്‍ ഗംഗാധരനിട്ടു പൊട്ടിക്കും.''
ക്ലാസില്‍ കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
ഗംഗാധരന്‍ ചൂളിപ്പോയി.
വിലാസിനി ഗംഗാധരനെ ഒളികണ്ണാല്‍ നോക്കിച്ചിരിച്ചു. പിന്നെ കൂട്ടച്ചിരിയുടെകൂടെ ഗംഗാധരനും വിലാസിനിയും ചിരിച്ചു.
ഈശ്വരപ്രാര്‍ഥനയ്ക്കുശേഷം  ഞങ്ങള്‍ സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍നിലേക്കു കടന്നു.
ഓരോരുത്തരായി പ്‌ളാറ്റ് ഫോമിലേക്കു കയറി മൈക്കിലൂടെ പരിചയപ്പെടുത്തി.
''ഞാന്‍ കൃഷ്ണന്‍ സി.സി വില്ലേജോഫീറായിരുന്നു, ഭാര്യ സ്‌കൂള്‍ റ്റീച്ചറായിരുന്നു. മോന്‍ യു.കെ.യിലും മോള്‍ കാനഡയിലുമാണ്. ഞാനും ഭാര്യയും കോടിക്കുളത്താണ് താമസം.''
ചിലര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തു.
''ഞാന്‍ ലക്ഷ്മി കെ.ആര്‍.ഹൗസ് വൈഫ്. ഹസ്ബന്റ് പോലീസിലായിരുന്നു. മോന്‍ യു.എസിലാണ്. ഞങ്ങള്‍ തൊടുപുഴയില്‍ താമസിക്കുന്നു.''
ഞാന്‍ രാമകൃഷ്ണനെന്നു സംബോധന ചെയ്ത ആളാണ് അവസാനം സെല്‍ഫ് ഇന്‍ട്രൊഡക്ഷനു വന്നത്.
''ഞാന്‍ രാമകൃഷ്ണനോ അനില്‍കുമാറോ അല്ല, ഞാന്‍ അലക്‌സാണ്ടറാണ്. ഞാന്‍ നിങ്ങളുടെ ക്ലാസ്‌മേറ്റല്ല. ഞാന്‍  ഇപ്പോഴാ നിങ്ങളെ ആദ്യമായി കാണുന്നത്. നിങ്ങള്‍ ദുഷ്‌നെന്നും ദ്രോഹിയെന്നും സംബോധന ചെയ്തത് എന്നെയാ. ഞാന്‍ നിങ്ങടെ ഡെയ്‌സിയുടെ ഹസ്ബന്റാ.''
ക്ലാസിലെ കുട്ടികള്‍ അവിശ്വസനീയതയോടെ പരസ്പരം  നോക്കി. ക്ലാസില്‍ മൊട്ടുസൂചി വീണാല്‍ അറിയാവുന്ന നിശ്ശബ്ദത. ശ്വാസംപോലും വിടാതെ എല്ലാവരും അലക്‌സാണ്ടറെ നോക്കി. 
''അരനൂറ്റാണ്ടു പിന്നിട്ടിട്ടും നിങ്ങള്‍ക്ക് ഡെയ്‌സിയോട് എന്തുമാത്രം സ്‌നേഹമുണ്ടെന്ന് എനിക്കും ഡെയ്‌സിക്കും മനസ്സിലായി. ഞാന്‍ ക്ലാസിലേക്കു കയറിപ്പോള്‍ മുതല്‍ എന്റെ മൊബൈല്‍ ലൈവിലാ. അവള്‍ എല്ലാം കേള്‍ക്കുന്നുണ്ട്. 
''അവള്‍ക്ക് ഇങ്ങോട്ടു വരണമെന്നു വലിയ ആഗ്രഹമായിരുന്നു. പക്ഷേ, ഇന്ന് എന്തോ ക്ഷീണക്കൂടുതല്‍. പത്തുവര്‍ഷമായി അവള്‍ കാന്‍സറിന്റെ പിടിയിലാ.'' 
അയാളൊന്നു തേങ്ങി.
ഞങ്ങളും തേങ്ങിപ്പോയി. ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
''ദുഷ്ടനെന്നും ദ്രോഹിയെന്നുമുള്ള നിങ്ങളുടെ സംബോധനയ്ക്കു തികച്ചും അനുയോജ്യമായ രീതിയിലാ ഞാന്‍ ഡെയ്‌സിയോടു പെരുമാറിക്കൊണ്ടിരുന്നത്.''
''വിവാഹത്തിനുശേഷം നീണ്ട മുപ്പതുവര്‍ഷം ഞാന്‍ അവള്‍ക്കു സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും നല്കിയില്ല. കാന്‍സറാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ അവള്‍ക്ക് എല്ലാ സ്‌നേഹവും നല്‍കുന്നുണ്ട്. പത്തുവര്‍ഷമായി ഞാന്‍ എന്നും അവളുടെ കൂടെത്തന്നെയുണ്ട്. ഞാനെങ്ങോട്ടും മാറാതെ സ്‌നേഹവും ശുശ്രൂഷയും നല്‍കുന്നു. ഇന്നുമാത്രം അടുത്തുള്ളൊരു സ്ത്രീയെ അവളുടെ അടുത്താക്കി ഞാന്‍ ഇങ്ങോട്ടു പോന്നു. ഡെയ്‌സിക്കു നിര്‍ബന്ധം ഞാന്‍ പങ്കെടുക്കണമെന്ന്. എല്ലാവരും അവളെക്കുറിച്ച് എന്താണു പറയുന്നതെന്നറിയാന്‍ അതിയായ മോഹം. 
''എനിക്കൊരിക്കലും ചെളിക്കുണ്ടിലെ ജീവിതത്തില്‍നിന്നു മോചനം ലഭിക്കില്ലെന്നാണു കരുതിയത്. ഡെയ്‌സിയുടെ പ്രാര്‍ഥനയാണ് എന്നെ പുതിയ മനുഷ്യനാക്കിയത്. ഞങ്ങള്‍ക്കൊരു മോള്‍. അവളും ഭര്‍ത്താവും കോയമ്പത്തൂരാണ്. സെന്‍ട്രല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരാണ്. ഞങ്ങള്‍ക്കു രണ്ടു പേരക്കുട്ടികള്‍.
''എന്റെ റിട്ടയര്‍മെന്റിന് ഒരു വര്‍ഷം ബാക്കിനില്‍ക്കേയാണ് ഡെയ്‌സിക്കു കാന്‍സറാണെന്നറിഞ്ഞത്. ട്രീറ്റ്‌മെന്റിനിടയില്‍ അവളൊരു ധ്യാനം കൂടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
അവളുടെ അവസാന ആഗ്രഹമല്ലേ സാധിച്ചുകൊടുത്തേക്കാം എന്നു കരുതി മനസ്സില്ലാമനസ്സോടെയാണ് ഞാന്‍ ഡെയ്‌സിയെയുംകൂട്ടി ധ്യാനത്തിനു പോയത്. ഒരാഴ്ചത്തെ ധ്യാനം കഴിഞ്ഞു തിരിച്ചുവന്ന ഞാന്‍ പഴയ മനുഷ്യന്റെ കുപ്പായം ഉരിഞ്ഞുമാറ്റി പുതിയ കുപ്പായം ധരിച്ചു.''
ക്ലാസില്‍ 'കുട്ടികളില്‍' ആരോ കൈയടിച്ചു.
പിന്നീട് എല്ലാവരും കൈയടിച്ചു.
''ശരിയാണ് വിലാസിനി പറഞ്ഞത്. എന്റെ ഡെയ്‌സി ഇത്രപാവമായിരുന്നതുകൊണ്ടാണ് എന്നേപ്പോലൊരു ദുഷ്ടനെ ഇത്രയുംനാള്‍ സഹിച്ചത്. വിലാസിനിയെപ്പോലൊരു ഭാര്യയായിരുന്നെങ്കില്‍ എന്നും ഞാന്‍ ഈരണ്ടെണ്ണം വാങ്ങിയേനെ.'' 
ക്ലാസില്‍ കൂട്ടച്ചിരി മുഴങ്ങി.
''പ്രണയമെന്നു പറഞ്ഞാല്‍ പിണ്ണാക്കാണോ എന്നു ചോദിച്ചിരുന്നവനാ ഞാന്‍. പരിശുദ്ധമായ അനുരാഗത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവരാ ഇന്നു ഞങ്ങള്‍. ഡെയ്‌സിയെ സ്‌നേഹിച്ചും ശുശ്രൂഷിച്ചും മതിയായില്ല എനിക്ക്.''
''കാന്‍സറിന്റെ  നീരാളിപ്പിടിത്തത്തില്‍ സൗന്ദര്യത്തിന്റെ ശോഭ കെടുമെന്നു കേട്ടിട്ടുണ്ട്. പക്ഷേ, ഔഷധങ്ങളുടെ കൂടെ എന്റെ സ്‌നേഹവും ചേര്‍ത്തുകൊടുത്തപ്പോള്‍ അവളുടെ സൗന്ദര്യം വര്‍ധിക്കുകയാണ് ചെയ്തത്.
''അവളുടെ മുഖത്ത് ഇപ്പോള്‍ എപ്പോഴും ചിരിയുണ്ട്. കാന്‍സറിനെ ഞങ്ങള്‍ പൊരുതിത്തോല്പിക്കും. അതിനു നിങ്ങളുടെ പ്രാര്‍ഥനയുണ്ടാകണം. എല്ലാവരെയും കാണാന്‍ സാധിച്ചതില്‍ സന്തോഷം.'' അലക്‌സാണ്ടര്‍ കണ്ണുകള്‍ തുടച്ച് ഇരിപ്പിടത്തിലേക്കു മടങ്ങി.
''എനിക്കു ഡെയ്‌സിയെ കാണണം.''
കണ്ണീരോടെ വിലാസിനി പറഞ്ഞു.
''എനിക്കും കാണണം.''
''എനിക്കും.''
എല്ലാവരും ആവര്‍ത്തിച്ചു.
''നിങ്ങള്‍ വരണം. നിങ്ങളെ കാണാന്‍ അവള്‍ക്കു വലിയ ആഗ്രഹമുണ്ട്.''
അലക്‌സാണ്ടര്‍ എഴുന്നേറ്റുനിന്ന് എല്ലാവരോടുമായി പറഞ്ഞു.
ഒരു ഫോണ്‍കോള്‍ വന്നപ്പോള്‍ അലക്‌സാണ്ടര്‍ പുറത്തേക്കു പോയി.
കുറച്ചുസമയം കഴിഞ്ഞും അദ്ദേഹം മടങ്ങിവരാത്തതുകൊണ്ട് ഞാന്‍ പുറത്തേക്കു ചെന്നു.
പുറത്ത് അപ്പോള്‍ നൂല്‍മഴ പെയ്യുന്നുണ്ടായിരുന്നു. സ്‌കൂള്‍ വരാന്തയുടെ സ്റ്റെപ്പില്‍ തല കുമ്പിട്ടിരുന്നു വിങ്ങിക്കരയുന്നു അലക്‌സാണ്ടര്‍.
''സാര്‍, എന്തു പറ്റി.''
ഞാന്‍ അദ്ദേഹത്തിന്റെ തോളില്‍പ്പിടിച്ച് ചേര്‍ന്നിരുന്നു ചോദിച്ചു. 
''എന്റെ ഡെയ്‌സി പോയി.''
അദ്ദേഹം മുഖമുയര്‍ത്താതെ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
എന്റെ കണ്ണുകളില്‍ അപ്പോള്‍ ദുഃഖത്തിന്റെ ഉരുള്‍. കണ്ണീര്‍പ്പാടയ്ക്കുള്ളിലൂടെ ഞാന്‍ കണ്ടു - ഡെയ്‌സിയുടെ ചിരിക്കുന്ന മുഖം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)