വിദ്യയുദിക്കാത്ത കുഞ്ഞുന്നാളില്‍
വിദ്യാര്‍ഥിയായിക്കഴിഞ്ഞനാളില്‍
അധ്യാപകര്‍തന്നെ ദേവതുല്യര്‍
സത്യത്തിലാരാധ്യദൈവദൂതര്‍!
നേരായ മാര്‍ഗങ്ങള്‍ നേരേകാട്ടി
നേര്‍വഴി തന്നിലൂടാനയിപ്പോര്‍
പാരിന്റെ പാത തെളിച്ചു നമ്മെ
പാരിലെ ജീവിതം ധന്യമാക്കും!
ആരിലുംമീതേ നമിച്ചിടേണ്ടോര്‍
നേരായ സ്വന്തം ഗുരുക്കള്‍ തീര്‍ച്ച;
മാരിവില്ലെന്നപോല്‍ മായുകില്ലാ
നാരായവേരുതാന്‍ അധ്യാപകര്‍!
സ്‌നേഹത്തിന്‍ ചാറില്‍ കുഴച്ചെടുത്ത
മോഹങ്ങളാര്‍ക്കും പ്രിയങ്കരം താന്‍;
അത്തരം മോഹങ്ങള്‍ ഹൃത്തില്‍ നിര്‍ത്താന്‍
ചിത്തമൊരുക്കണം ബാല്യകാലേ!
വിത്തിട്ടു നന്നായ് പരിചരിച്ചാല്‍
എത്തില്ലേ നാമെല്ലാം മാനം മുട്ടേ?
വിത്തുകള്‍ പാകുവോരാചാര്യന്മാര്‍
സത്തമന്മാരവര്‍ ജീവിതത്തില്‍!
ഉത്തമന്മാരാം ഗുരുക്കന്മാരെ
എത്തിച്ചു നല്‍കണം ശൈശവത്തില്‍;
ഉത്തുംഗചിന്ത ഉദിച്ചിടുന്നോര്‍
എത്തിടുംനന്മതന്‍ പാരമ്യത്തില്‍!
ഓരോരോ ഹൃത്തിലുമോര്‍മയില്ലേ
ആരാരു നിങ്ങളെ സ്വാധീനിച്ചോര്‍?
അത്തരക്കാരാം ഗുരുക്കന്മാരെ
ഇത്തവ്വിലോര്‍ക്കുവിന്‍ ഈദിനത്തില്‍!
കവിത
ദേവതുല്യര്‍
