•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
അഭിമുഖം

പ്രകൃതിപാഠം ജീവമന്ത്രമാക്കിയ അധ്യാപകന്‍

  • പ്രഫ. സിജു ജോസഫ്
  • 14 September , 2023

സംസ്ഥാന അധ്യാപകപുരസ്‌കാരജേതാവ് ശ്രീ. മാത്യു എം. കുര്യാക്കോസുമായി ദീപനാളം നടത്തിയ അഭിമുഖം

 ? മറ്റു പല ജോലിസാധ്യതകളുമുപേക്ഷിച്ച് അധ്യാപകവൃത്തിയിലേക്കെത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു.
 പല കാരണങ്ങളുണ്ട്. അധ്യാപനം ദൈവികമായ ഒരു ശുശ്രൂഷയാണ് എന്ന ബോധ്യമാണ് എന്നുമെനിക്കുള്ളത്. അതുകൊണ്ടുതന്നെയാണ്, പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള ലോകത്തിലേക്കു സഞ്ചരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്. കുട്ടികളുടെ മാനസികലോകത്തേക്കുകൂടി സഞ്ചരിക്കാന്‍ നാം ശ്രദ്ധിക്കുമ്പോള്‍, വിദ്യാര്‍ഥിയുടെ വീടിനെയും സാഹചര്യങ്ങളെയും നേരിട്ടറിഞ്ഞു വിദ്യ പകരാന്‍ ശ്രമിക്കുമ്പോള്‍ പ്രകൃതിയിലേക്കും നല്ല മനുഷ്യരിലേക്കും അവരെ കൈപിടിച്ചു നയിക്കാന്‍ താത്പര്യമെടുക്കുമ്പോള്‍മാത്രമാണ് അധ്യാപനത്തിലെ ദൈവികധര്‍മം നിറവേറ്റപ്പെടുന്നതെന്നാണ് എന്റെ ബോധ്യം. അതു സംഭവിക്കാത്തയിടങ്ങളില്‍ ബൗദ്ധികമായ വികാസം മാത്രമാണു സംഭവിക്കുന്നത്.
തലയോലപ്പറമ്പ് ഡി.ബി. കോളജില്‍ എന്റെ ഗുരുനാഥയായിരുന്ന ശ്രീകുമാരി റ്റീച്ചറിനെപ്പോലെയുള്ളവരുടെ സ്വാധീനവും അധ്യാപനത്തെ ഇഷ്ടപ്പെടാന്‍ എനിക്കു പ്രചോദനമായിട്ടുണ്ട്. ഡിഗ്രിപഠനത്തിനുശേഷം കേരളത്തിനു വെളിയില്‍ സ്വകാര്യകമ്പനിയിലെ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ജോലിയുറപ്പിച്ചിരുന്ന എന്നെ വഴിതിരിച്ചുവിട്ടത് റ്റീച്ചര്‍ എനിക്കയച്ച ഒരു കത്തായിരുന്നു. ആ കത്തിന്റെ ആത്മബലത്തിലാണ് അന്യനാട്ടില്‍നിന്നു കേരളത്തിലേക്കു  തിരികെയെത്തിയതും രണ്ടാം റാങ്കോടെ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയതും എന്നതു നന്ദിയോടെ ഞാന്‍ ഓര്‍ക്കുന്നു. ആ ബന്ധം ഇപ്പോഴും ഹൃദ്യമായി തുടരുന്നു എന്നത് അതിലേറെ സന്തോഷകരം. റ്റീച്ചര്‍ കഴിഞ്ഞ ദിവസം സകുടുംബം എത്തുകയും അഭിനന്ദനമറിയിക്കുകയും ചെയ്തു.
 ? ​ സഹോദരങ്ങളടക്കമുള്ള ബന്ധുക്കള്‍ പലരും അക്കാലത്തു വിദേശത്തുണ്ടായിരുന്നിട്ടും അത്തരം സാധ്യതകള്‍ വേണ്ടെന്നുവച്ചതില്‍ എന്നെങ്കിലും നഷ്ടബോധം ഉണ്ടായിട്ടുണ്ടോ.
~ഒരിക്കലുമില്ല. 1996 ലാണ് പാലാ സെന്റ് തോമസ് കോളജില്‍ എനിക്കു ജോലി ലഭിക്കുന്നത്. അതിനുമുമ്പ് ബിഎഡ് പഠനത്തിനുശേഷം തലയോലപ്പറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, ഭാവന്‍സ് കോളജിലുമൊക്കെ കുറച്ചുകാലം പഠിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഗേറ്റ് എക്‌സാം നേടണമെന്ന ലക്ഷ്യം മനസ്സിലുണ്ടാകുന്നത്. വൈക്കത്തു മുറി വാടകയ്‌ക്കെടുത്ത് മിനക്കെട്ടിരുന്നു പഠിച്ചു. പരീക്ഷ പാസായി. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം ചെയ്യാന്‍ അവസരം ലഭിച്ചു. ഗവേഷണത്തിനിടയിലാണ് സഹോദരീഭര്‍ത്താവുവഴി ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി നേടാനുള്ള അവസരമൊരുങ്ങുന്നത്. അക്കാലത്ത് മുപ്പതിനായിരം രൂപ പ്രതിമാസശമ്പളമുള്ള ജോലി വേണ്ടെന്നു വച്ചത് അധ്യാപനത്തോടും ഗവേഷണത്തോടുമുള്ള താത്പര്യംകൊണ്ടുമാത്രമായിരുന്നു. ഇഷ്ടമുള്ള വഴി സ്വീകരിക്കാന്‍ സ്വാതന്ത്ര്യം തന്ന മാതാപിതാക്കളും ഈ ഘട്ടത്തില്‍ തുണയായി. ഒരുപാടു പ്രാര്‍ഥിച്ചെടുത്ത ഒരു തീരുമാനമായിരുന്നു അത്. ഏകദേശം അതേസമയത്തുതന്നെയാണ് സെന്റ് തോമസ് കോളജിലെ ജോലിക്കപേക്ഷിക്കുന്നതും ദൈവാനുഗ്രഹത്താല്‍ നിയമനം ലഭിക്കുന്നതും. നാം ഓരോരുത്തരെയുംകുറിച്ച് ദൈവത്തിന് കൃത്യമായ പദ്ധതിയുണ്ടെന്നു തിരിച്ചറിഞ്ഞ അനേകം സന്ദര്‍ഭങ്ങളിലൊന്നായിരുന്നു അത്. എറണാകുളം രൂപതാംഗമായിരുന്ന ഞാന്‍ വലിയ പ്രതീക്ഷയോടെയൊന്നുമായിരുന്നില്ല  ഇന്റര്‍വ്യൂവിന് എത്തിയത്.
പ്രീഡിഗ്രി നിറുത്തലാക്കിയതോടെ 1998 മുതല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകനായതും പ്രിന്‍സിപ്പലായി ജോലി ചെയ്തതുമെല്ലാം ഇതേ ദൈവനിയോഗത്തിന്റെ ഭാഗമായി കരുതാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
 ?  വ്യക്തിജീവിതത്തിലും അധ്യാപനമേഖലയിലും സാമൂഹികരംഗത്തും ആത്മീയമേഖലകളിലുമെല്ലാം സാറില്‍ പ്രതിഫലിച്ചുകാണുന്ന സവിശേഷഘടകങ്ങളിലൊന്ന് സൂക്ഷ്മവും കൃത്യവുമായ പാരിസ്ഥിതികബോധമാണ്. എന്നു മുതലാണ് ഈ യാത്ര ആരംഭിക്കുന്നത്.
 KFRI  ല്‍ ഗവേഷണം ചെയ്യുന്ന കാലത്തു നടത്തിയ വനയാത്രകളാണ് ഇതിലേറ്റവും സ്വാധീനം ചെലുത്തിയത്. കേരളത്തിലെ മുഴുവന്‍ വനമേഖലകളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു ഗവേഷണമേഖല. അതുകൊണ്ടുതന്നെ, ആഴമേറിയ പാരിസ്ഥിതികാനുഭവം സ്വന്തമാക്കിയ നാളുകളായിരുന്നു അവ. ആദിവാസി-ഗോത്രവിഭാഗത്തില്‍പ്പെട്ട മനുഷ്യരായിരുന്നു അന്നു സഹായികളായി ഉണ്ടായിരുന്നത്. പ്രകൃതിയെ തെല്ലുപോലും മുറിവേല്പിക്കാതെയുള്ള അവരുടെ ജീവിതത്തില്‍നിന്ന് നാമെന്തെല്ലാം പഠിക്കേണ്ടിയിരിക്കുന്നുവെന്ന് അന്നും ഇന്നും ഒരുപോലെ ഓര്‍ക്കാറുണ്ട്.
കാണപ്പെട്ട ദൈവങ്ങള്‍ എന്നു നാം വിശേഷിപ്പിക്കുന്നത് മാതാപിതാക്കളെയും അധ്യാപകരെയുമാണ്. എന്നാല്‍, അതിനൊപ്പമോ അതിലുപരിയോ ആയി ദൈവികസാന്നിധ്യം തിരിച്ചറിയാന്‍ മനുഷ്യനു മുന്നിലുള്ള മാധ്യമമാണ് പ്രകൃതി എന്ന തിരിച്ചറിവാണ് നമുക്കിന്നുണ്ടാകേണ്ടത്. ആഹാരവും വെള്ളവും വായുവും ദൈവം മനുഷ്യര്‍ക്ക് യഥേഷ്ടം നല്കുന്ന ഒരു മാധ്യമമായി പ്രകൃതിയെ നാം കണ്ടേ തീരൂ.  അതുകൊണ്ടുതന്നെ, പ്രകൃതിയെ കളങ്കപ്പെടുത്തുന്ന ഓരോ പ്രവൃത്തിയും പാപമാണെന്നും ദൈവത്തിനും മനുഷ്യനുമെതിരേയുള്ള തിന്മയാണെന്നുമുള്ള  കാഴ്ചപ്പാടിന് ഇനിയുള്ള കാലത്താണ് പ്രസക്തിയേറാന്‍ പോകുന്നതെന്നും  ഞാന്‍ വിശ്വസിക്കുന്നു. ഒന്നോര്‍ത്തു നോക്കൂ, മനുഷ്യനല്ലാതെ മറ്റേതൊരു ജീവിയാണ് അന്നത്തില്‍ വിഷം ചേര്‍ക്കുന്നത്?
  ?  ചേര്‍പ്പുങ്കലും പാലായിലും പ്ലാശനാലും അറക്കുളത്തുമെല്ലാം പേരുകൊണ്ടുമാത്രമല്ല, പ്രവര്‍ത്തനപദ്ധതികള്‍കൊണ്ടും വ്യത്യസ്തമായിരുന്നു മാത്യുസാര്‍ നേതൃത്വം കൊടുത്ത നേച്ചര്‍ ക്ലബുകള്‍. അവയെക്കുറിച്ച് എന്താണു പറയാനുള്ളത്.
 Eco-1-Eco  എന്നായിരുന്നു സെന്റ് തോമസ് എച്ച്. എസ്.എസ്.എസിലെ നേച്ചര്‍ ക്ലബിന്റെ പേര്. Ecology is Economy എന്ന സുന്ദര്‍ലാല്‍ ബഹുഗുണ ഉയര്‍ത്തിയ മുദ്രാവാക്യത്തെ ഓര്‍മപ്പെടുത്തുന്നത് "anbm ama' എന്ന ഇറ്റാലിയന്‍ പദമാണ്. അറക്കുളം സ്‌കൂളില്‍ നേച്ചര്‍ ക്ലബിനു നല്കിയത് 'എന്റെ അമ്മ' എന്നര്‍ഥം. കൗതുകമുണര്‍ത്തുന്ന പേരായിരുന്നു പ്ലാശനാല്‍ സ്‌കൂളിലേത്."a H h'(മരം ഒരു വരം എന്നതിന്റെ ചുരുക്കപ്പേര്.)
സസ്യജാലങ്ങളെ സൂചിപ്പിക്കുന്ന എഹീൃമ എന്ന പദവും ജീവജാലങ്ങളെ സൂചിപ്പിക്കുന്ന എമൗിമ എന്ന പദവും സമന്വയിപ്പിച്ചാണ് ചേര്‍പ്പുങ്കല്‍ സ്‌കൂളില്‍ നേച്ചര്‍ ക്ലബിന് ഫ്‌ളോണ എന്ന പേരിട്ടത്. പേരില്‍നിന്നുതന്നെ ഒട്ടേറെ തിരിച്ചറിവുകളിലേക്കെത്താന്‍ കുട്ടികള്‍ക്കു കഴിയുന്നുണ്ട്.
മനുഷ്യര്‍ക്കൊപ്പവും പ്രകൃതിക്കൊപ്പവും ഈശ്വരനൊപ്പവും സഞ്ചരിക്കാനുള്ള അവസരം നേച്ചര്‍ ക്ലബുകള്‍വഴി നമ്മുടെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നുണ്ട്. അവര്‍ പാടത്തിറങ്ങി ചെളിയില്‍ ചവിട്ടി പണിയെടുക്കുന്നു. വഴിയോരത്ത് തണല്‍മരങ്ങള്‍ നട്ടുവളര്‍ത്തുന്നു.
പ്ലാശനാല്‍ സ്‌കൂളിനു സമീപത്തും പാലായില്‍ റിവര്‍വ്യൂ റോഡിന്റെ ഓരത്തും വിദ്യാര്‍ഥികള്‍ നട്ട മരങ്ങള്‍ ഇപ്പോഴും തണലേകി നില്ക്കുന്നു. സെന്റ് തോമസ് കോളജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറായിരുന്ന സമയത്ത് ബഹുമാനപ്പെട്ട പി.ഡി. ജോര്‍ജ് സാറിനൊപ്പം കൊട്ടാരമറ്റത്തെ പാതയോരത്തു നട്ട മരങ്ങളും മനുഷ്യര്‍ക്കനുഗ്രഹമാണ്.
 ?  കൃഷിയിലെ ആത്മീയതയെക്കുറിച്ച്.
 കര്‍ഷകന്റെയുള്ളില്‍ ആദിമമായ ഒരു ഈശ്വരബോധം കുടികൊള്ളുന്നുണ്ട്. എത്ര അധ്വാനിച്ചാലും ഫലം തരുന്നത് ദൈവമാണെന്ന ബോധ്യം. പ്രതിസന്ധികള്‍ നേരിടേണ്ടത് ദൈവത്തെ കൂട്ടുപിടിച്ചായിരിക്കണം എന്ന തിരിച്ചറിവ്. ഈ തിരിച്ചറിവിന്റെ തുടര്‍ച്ച പുതുതലമുറയ്ക്ക് അന്യമാകുന്നതാണ് നാമിന്നു നേരിടുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനകാരണം.
നെല്ലറിവ് - നല്ലറിവ് എന്ന പേരില്‍ ചേര്‍പ്പുങ്കലില്‍ നാലു പാടശേഖരങ്ങളിലായി സെന്റ് തോമസിലെ നേച്ചര്‍ ക്ലബ് അംഗങ്ങള്‍ നടത്തിയ ജൈവകൃഷിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും ഏറെ സന്തോഷമാണ്. ഉഴുതുമറിച്ചതും വിത്തു വിതച്ചതും കളപറിച്ചതുമുള്‍പ്പെടെ മുഴുവന്‍ പണികളും ചെയ്തത് വിദ്യാര്‍ഥികളാണ്. രാസവളം ഉപയോഗിക്കാത്തതുകൊണ്ടാവാം  നെല്‍ച്ചെടികള്‍ക്ക് മഞ്ഞപ്പുരോഗം ഉണ്ടായതെന്നും രാസവളം അല്പമെങ്കിലും ഇട്ടില്ലെങ്കില്‍ കുട്ടികളുടെ അധ്വാനമത്രയും പാഴായിപ്പോകുമെന്നും പലരും ഓര്‍മിപ്പിച്ചു. മാനസികമായി വല്ലാതെ ബുദ്ധിമുട്ടിയ ആ ദിവസങ്ങളിലാണ് യാദൃച്ഛികമായി അനുജന്‍ ജോസ്, യു. കെ.യില്‍ നിന്നു വിളിക്കുന്നതും ആത്മീയമായ പിന്തുണയേകുന്നതും. പ്രാര്‍ഥനയില്‍മാത്രം ആശ്രയിക്കാന്‍ ധൈര്യം  ലഭിച്ച സന്ദര്‍ഭമായിരുന്നു അത്. പ്രതിസന്ധികളില്‍ ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞതിന്റെ ആനന്ദം ഞങ്ങളൊക്കെ ആവോളം ആസ്വദിച്ച ദിവസങ്ങളായി അവ മാറിയെന്നതാണ് വാസ്തവം. അഭിവന്ദ്യ മുരിക്കന്‍ പിതാവിന്റെയും ആകാശവാണി വയലും വീടും പരിപാടിയിലൂടെ സുപരിചിതനായ മുരളീധരന്‍ തഴക്കര സാറിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന വിളവെടുപ്പുമഹോത്സവം ഇന്നും എല്ലാവരുടെയും മനസ്സിലുണ്ട്.
അതുപോലെ, ഇര്‍ഫാന്‍ആലം, ഹരേക്ക്‌ള ഹജ്ജബ്ബ എന്നിവരെപ്പോലെ ഇച്ഛാശക്തികൊണ്ടും സാമൂഹികപ്രതിബദ്ധതകൊണ്ടും രാജ്യത്തിന്റെ ആദരവിനു പാത്രമായ വലിയ മനുഷ്യരെ നേരിട്ടു കാണാനും പ്രവര്‍ത്തങ്ങള്‍ കണ്ടറിയാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിയതിലും ചാരിതാര്‍ഥ്യമേറെയാണ്. 
ഠിക്കാറം മീണ, സി.ആര്‍. നീലകണ്ഠന്‍, സുധ വര്‍ഗീസ്, സന്തോഷ് കുളങ്ങര എന്നിങ്ങനെ പ്രചോദനമേകുന്ന പല വ്യക്തികളുമായും നേരിട്ടു സംവദിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞു.  ബൗദ്ധികവികാസത്തിനൊപ്പം സാമൂഹികവും സാംസ്‌കാരികവുമായ വികാസം കൂടി വിദ്യാര്‍ഥികളില്‍ സംഭവിക്കുന്നുണ്ടെന്ന് വിദ്യാലയങ്ങളും കലാലയങ്ങളും ഉറപ്പാക്കിയേ തീരൂ.
  ? ​ തിരക്കുകള്‍ക്കിടയിലും പ്രോലൈഫ്‌രംഗത്തു സാര്‍ സജീവമാണല്ലോ.
 അതീവപ്രാധാന്യത്തോടെ നാം ശ്രദ്ധ പുലര്‍ത്തേണ്ട ഒന്നാണ്, ജീവനെ ആദരിക്കാന്‍ അറിയാവുന്ന ഒരു തലമുറയെ രൂപപ്പെടുത്തുകയെന്നത്. അതുകൊണ്ടുതന്നെ, പാലാ രൂപത പ്രോലൈഫ് സമിതിയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതിലും എനിക്കേറെ സന്തോഷമുണ്ട്. അഞ്ചു മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും ജനിപ്പിച്ചു വളര്‍ത്തുകയെന്ന ഉത്തരവാദിത്വവും ഇതിനിടയില്‍ നിര്‍വഹിക്കാന്‍ കഴിയുന്നത് ദൈവത്തിന്റെ അനുഗ്രഹംകൊണ്ടുമാത്രമാണെന്ന ബോധ്യമുണ്ട്. പ്രീമാര്യേജ് കോഴ്‌സുകളില്‍ പങ്കെടുക്കുന്നവരോടു ഞങ്ങള്‍  സകുടുംബമായി എത്തി സംസാരിക്കുകയും വലിയ കുടുംബം ദൈവാനുഗ്രഹത്തിന്റെ ഇടമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യാറുണ്ട്.
  ? ​പുതിയ തലമുറയോടു  പറയാന്‍...
 ഇനി നാം അഭിമുഖീകരിക്കുന്ന മാരകമായ വിപത്ത് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വംശത്തിന്റെയുമൊക്കെ പേരിലുള്ള പോരാട്ടങ്ങളും മനുഷ്യക്കുരുതികളുമായിരിക്കും. വിശ്വാസത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ഒന്നും പേരില്‍ ഒരു മനുഷ്യന്റെപോലും ജീവനെടുക്കുകയില്ലെന്ന പ്രതിജ്ഞ പ്രൈമറി തലംമുതല്‍ നമ്മുടെ കുഞ്ഞുങ്ങളെ ചൊല്ലി പഠിപ്പിച്ച് അവരുടെ മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കണം. ചൊല്ലിച്ചൊല്ലി, അവര്‍ വളരുന്തോറും ഉറപ്പുള്ള ബോധ്യമായി ജീവന്റെ മഹത്ത്വം അവരില്‍ വേരുറയ്ക്കണം. ജീവനെടുക്കാനോ ജീവനൊടുക്കാനോ ഉള്ള അവകാശം മനുഷ്യനില്ലെന്ന തിരിച്ചറിവില്‍ ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ അവര്‍ക്കാകണം.
മാറിയ കാലത്തിനനുസരിച്ച് സജ്ജരാകാന്‍ അധ്യാപകര്‍ക്കുമാകണം. സാങ്കേതികതലത്തിലുള്ള സജ്ജമാകല്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്. നാല്പതോ അമ്പതോ കുട്ടികളെ ഒരധ്യാപകന്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന കാലം കഴിഞ്ഞു എന്ന ബോധ്യത്തിന്റെ വെളിച്ചത്തിലാണ് രമൃല 10 എന്ന പദ്ധതി ഞങ്ങള്‍ സ്‌കൂളില്‍ നടപ്പിലാക്കിയത്. ഒരധ്യാപകന്‍ എല്ലാ അര്‍ഥത്തിലും പത്തു വിദ്യാര്‍ഥികള്‍ക്ക് തണലും വെളിച്ചവും വഴികാട്ടിയുമൊക്കെയായി മാറുമ്പോള്‍ വിദ്യാര്‍ഥിയിലും  വിദ്യാലയത്തിലും ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കൊവിഡ് കാലത്ത് നടപ്പിലാക്കിയ School to Home പദ്ധതിയും ഞങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമായി.
ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിച്ച ഈ വര്‍ഷം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന പുതിയ സ്‌കൂള്‍ കെട്ടിടം അതിന്റെ പൂര്‍ണതയില്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതിലും  മാത്യുസാറിന് അഭിമാനിക്കാം. അന്നത്തെ സ്‌കൂള്‍ മാനേജര്‍ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ വെട്ടുകല്ലേലച്ചന്റെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയെ അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. കോര്‍പറേറ്റ് എജ്യുക്കേഷണല്‍ സെക്രട്ടറി ബഹുമാനപ്പെട്ട ബര്‍ക്കുമാന്‍സ് കുന്നുംപുറം അച്ചന്‍ നല്കിയ പിന്തുണയും പ്രോത്സാഹനവും വിസ്മരിക്കാവുന്നതല്ലെന്നും സാര്‍ വ്യക്തമാക്കുന്നു.
പാതയോരത്തു നട്ടുപിടിപ്പിച്ച തണല്‍മരങ്ങളില്‍,   ക്ലാസ്മുറികളിലെ ഉജ്ജ്വലമായ സംവേദനങ്ങളില്‍, സങ്കടങ്ങളുടെ നട്ടുച്ചകളെ ഒരു ചിരികൊണ്ടോ, 'സാരമില്ല കര്‍ത്താവിനോടു പറഞ്ഞാല്‍ മതിയെന്ന' ആശ്വാസവാക്കുകൊണ്ടോ മായിച്ചുകളയുന്ന ഹൃദ്യതയില്‍, പാരിസ്ഥിതികവും മാനവികവുമായ മൂല്യങ്ങളെക്കുറിച്ചുള്ള തീക്ഷ്ണമായ ഓര്‍മപ്പെടുത്തലുകളില്‍, അധ്യാപനത്തിന്റെ ആത്മീയമുദ്രകള്‍ സ്വകീയമായ ശൈലിയില്‍ അടയാളപ്പെടുത്തിയ മാത്യുസാറിനെ പാലാ രൂപതയും കെ.സി.ബി.സി. യും മികച്ച അധ്യാപകനുള്ള പുരസ്‌കാരം നല്കി ആദരിച്ചിട്ടുണ്ട്. ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ അധ്യാപകപുരസ്‌കാരവും സാറിനെ തേടിയെത്തുന്നതു കാണുമ്പോള്‍ അഭിമാനവും ആനന്ദവും മാത്രം. മാത്യുസാറിന്റെ ശിഷ്യനാകാന്‍ കഴിഞ്ഞതിലും ഒപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതിലും ഏറെ അഭിമാനവും സന്തോഷവും. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കൂടിയായ, മാത്യുസാറിന്റെ പ്രിയപത്‌നി ആഷ്‌ലിറ്റീച്ചറിന്റെയും മക്കളായ കൃപയുടെയും ഹൃദ്യയുടെയും ശ്രേയയുടെയും ജോഷിന്റെയും സേറയുടെയും പിന്തുണയില്‍, ഇനിയും ഒട്ടേറെ നന്മകള്‍ മാത്യുസാറില്‍നിന്നു സഭയ്ക്കും സമൂഹത്തിനും ലഭിക്കട്ടെ. അഭിനന്ദനങ്ങളും നന്മകളും നേരുന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)