•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

മംഗോളിയയുടെ മനംകവര്‍ന്ന് മാര്‍പാപ്പാ

സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശമുള്‍ക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പാ നടത്തിയ മംഗോളിയന്‍സന്ദര്‍ശനം ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നു.

റഷ്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള മംഗോളിയയില്‍ 33 ലക്ഷം വരുന്ന ജനസംഖ്യയുടെ 53 ശതമാനം ബുദ്ധമതവിശ്വാസികളാണ്. എയ്ഡ് ടു ദ് ചര്‍ച്ച് ഇന്‍ നീഡ് എന്ന കത്തോലിക്കാസംഘടനയുടെ കണക്കനുസരിച്ച്, മംഗോളിയയിലെ ക്രിസ്ത്യാനികള്‍ കേവലം രണ്ടു ശതമാനവും. ന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കലും സുവിശേഷപ്രഘോഷത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ. അദ്ദേഹത്തിനൊപ്പം ബുദ്ധസന്ന്യാസിമാരും മുസ്ലിം, ജൂത, ഹിന്ദുപ്രതിനിധികളും വേദി പങ്കിട്ടു. മംഗോളിയ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പാ എന്ന ഖ്യാതിയോടെയാണ് പാപ്പായുടെ മടക്കമെന്നതും ശ്രദ്ധേയമാണ്.
മംഗോളിയയുടെ മതസ്വാതന്ത്ര്യത്തിന്റെ പാരമ്പര്യത്തെ ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രശംസിക്കുകയും  അവിടത്തെ ചെറിയ കത്തോലിക്കാസമൂഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹം പ്രസിഡന്റ് ഉഖ്‌നാഗിന്‍ ഖുറെല്‍സുഖിനെ കാണുകയും മംഗോളിയന്‍സാമ്രാജ്യത്തിന്റെ കാലത്തുപോലും നിലനിന്ന മംഗോളിയയുടെ സഹിഷ്ണുതയുടെ ചരിത്രത്തോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. 1992 മുതല്‍ കത്തോലിക്കാസഭയ്ക്ക് മംഗോളിയയില്‍ കേവല സാന്നിദ്ധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിന്റെ വ്യാപനം വിപുലീകരിക്കുന്നതിന് സമഗ്രമായ ഒരു ഉഭയകക്ഷിക്കരാര്‍ തയ്യാറാക്കുന്നതിനുള്ള ശ്രമവും ഇവിടെ നടന്നു.
സ്‌നേഹത്തിനായുള്ള അന്വേഷണത്തിന്റെ  ഉത്തരമാണ് ക്രൈസ്തവവിശ്വാസമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. സഭയിലും ലോകത്തിലും വളര്‍ന്നുവരുന്ന പ്രത്യയശാസ്ത്രങ്ങളുടെ അടിമത്തത്തില്‍നിന്നു സ്വതന്ത്രരാകാന്‍ വിശ്വാസികള്‍ക്കു കടമയുണ്ടെന്ന് മാര്‍പാപ്പാ വിവിധ സന്ദേശങ്ങളില്‍ ഊന്നല്‍ നല്കി.
വേരുകളില്‍നിന്നു വരുന്ന ജീവപ്രവാഹത്തെ തടയുന്നതാണ് സഭയ്ക്കകത്തുള്ള പ്രത്യയശാസ്ത്രങ്ങളെന്നും അവ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുമെന്നും മാര്‍പാപ്പാ പറഞ്ഞു. ക്രൈസ്തവവിശ്വാസത്തിന്റെ ഉറവിടങ്ങളില്‍ നിലനില്ക്കാനുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശങ്ങളേറെയും.
ഏകാധിപത്യം പ്രത്യയശാസ്ത്രത്തെ അടിച്ചേല്പിക്കുമെന്നും സംസ്‌കാരത്തെ പ്രത്യയശാസ്ത്രമായി കാണുമ്പോള്‍ അതു വിഷമമായി മാറുമെന്നും സംസ്‌കാരത്തെയും പ്രത്യയശാസ്ത്രത്തെയും രണ്ടായി കാണണമെന്നും അദ്ദേഹം പറഞ്ഞു. മംഗോളിയയുടെ നാടോടിസംസ്‌കാരത്തില്‍നിന്നുള്ള ബിംബങ്ങള്‍ കടമെടുത്തുള്ളതായിരുന്നു  മാര്‍പാപ്പായുടെ പ്രസംഗത്തിന്റെ അധികപങ്കും. 'നാമെല്ലാം നാടോടികള്‍, സന്തോഷം തേടുന്ന തീര്‍ഥാടകര്‍, സ്‌നേഹദാഹികളായ സഞ്ചാരികള്‍'  മാര്‍പാപ്പാ പറഞ്ഞു. 'ബയ്ര്‍ശ' എന്നു മംഗോളിയന്‍ ഭാഷയില്‍ നന്ദിയര്‍പ്പിച്ച മാര്‍പാപ്പാ, മംഗോളിയയിലെ ചെറുവിശ്വാസിസമൂഹത്തിന് തന്റെ ഹൃദയത്തില്‍ എപ്പോഴും വലിയ സ്ഥാനമുണ്ടെന്നും പറഞ്ഞു.
മംഗോളിയക്കാര്‍ ഐസ് ഹോക്കി കളിക്കുന്ന ഇന്‍ഡോര്‍‌സ്റ്റേഡിയത്തിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പായുടെ കുര്‍ബാനയര്‍പ്പണം. രാജ്യത്ത് ആകെയുള്ള 1450 വിശ്വാസികളും മാര്‍പാപ്പായ്‌ക്കൊപ്പം തലസ്ഥാനമായ ഉലാന്‍ബാത്തറിലെ സ്റ്റെപ് എറീന സ്റ്റേഡിയത്തില്‍ ഒത്തുകൂടിയതോടെ കുര്‍ബാനയര്‍പ്പണം വിശ്വാസതീവ്രമായി. ചൈനയിലെ ഷിന്‍ജിയാങ്ങില്‍നിന്നുള്ള ചെറിയൊരു സംഘവും കുര്‍ബാനയ്‌ക്കെത്തിയിരുന്നു. ഹോങ്കോങ്ങിലെ നിയുക്ത കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗവും സന്നിഹിതനായിരുന്നു.
സഭയുടെ ജീവകാരുണ്യകേന്ദ്രവും ആശുപത്രിയും ഉദ്ഘാടനം ചെയ്തശേഷം ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാനിലേക്കു മടങ്ങി. ഈ യാത്രയില്‍ നടന്ന സര്‍വമതയോഗത്തില്‍ ജ്ഞാനികള്‍ക്കു ദാനം ആനന്ദമാണെന്ന ബുദ്ധസന്ദേശം ക്രിസ്തുവചനവുമായി ചേര്‍ത്തുവച്ച മാര്‍പാപ്പാ, ചൈനയിലെ കത്തോലിക്കാവിശ്വാസികള്‍ക്ക് നിര്‍ഭയരായി മുന്നേറാനുള്ള ധൈര്യം പകരാനും  മറന്നില്ല. ഭവനരഹിതര്‍ക്കും ഗാര്‍ഹികപീഡനത്തിനിരയായവര്‍ക്കും താത്കാലികാഭയം നല്‍കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന 'കരുണയുടെ ഭവനം' എന്ന ആലയം പാപ്പാ ആശീര്‍വദിക്കുകയും ചെയ്തു.
''മഹത്തായ റഷ്യ'' എന്നു  പറയാനിടയായ സാഹചര്യം മാര്‍പാപ്പാ വിശദീകരിച്ചു. റഷ്യന്‍ കത്തോലിക്കായുവജനങ്ങളുമായി സംവദിക്കവേ റഷ്യന്‍സംസ്‌കാരത്തിന്റെ മഹത്ത്വത്തെക്കുറിച്ചാണു താന്‍ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. 
ചെറിയ കത്തോലിക്കാസമൂഹമാണെങ്കിലും മംഗോളിയന്‍സഭയെ സന്ദര്‍ശിച്ചത് അവരെ ശക്തിപ്പെടുത്താനാണെന്നു മാര്‍പാപ്പാ പറഞ്ഞു. വിവിധ സംസ്‌കാരങ്ങളും രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സാഹോദര്യത്തിലേക്കു നയിക്കുമെന്ന ആശയത്തില്‍ ഊന്നിയാണ്  ഈ സന്ദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി.
വീല്‍ചെയറില്‍ സഞ്ചരിക്കുന്ന 86 കാരനായ മാര്‍പാപ്പായുടെ പൊതുപരിപാടി ലോകം കൗതുകത്തോടും അദ്ഭുതത്തോടുംകൂടിയാണ് നോക്കിക്കണ്ടത്. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി സഭയ്ക്കുവേണ്ടി ഇനിയും ഇത്തരം സന്ദര്‍ശനങ്ങളും സംവാദങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)