•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

അമ്പിളിമുറ്റത്ത് സ്വപ്‌നസാക്ഷാത്കാരം

  • തോമസ് കുഴിഞ്ഞാലിൽ
  • 14 September , 2023

ചന്ദ്രയാന്‍ 3 നു പിന്നാലെ ആദിത്യ എല്‍ 1 ബഹിരാകാശത്ത്

മനുഷ്യദൃഷ്ടികള്‍ക്കുമപ്പുറം കാണാമറയത്തായിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായെത്തിയ ചന്ദ്രയാന്‍ 3 ലെ റോവര്‍ ചാന്ദ്രപര്യവേക്ഷണത്തിനു തുടക്കംകുറിച്ചു. കുഴികളും പാറക്കെട്ടുകളും വലിയ ഗര്‍ത്തങ്ങളുമുള്ള ചന്ദ്രോപരിതലത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി സാവകാശം നീങ്ങുന്ന പ്രഗ്യാന്‍ റോവര്‍  ആദ്യദിവസംതന്നെ 8 മീറ്റര്‍ ദൂരം സഞ്ചരിച്ചുവെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു.
ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സ്പര്‍ശിച്ചതോടെ ബഹിരാകാശചരിത്രത്തില്‍ ഇന്ത്യ സുവര്‍ണചരിത്രമെഴുതി. ഇന്ത്യന്‍ ജനതയും ശാസ്ത്രലോകവും അഭിമാനനിമിഷത്തിന്റെ അത്യാഹ്ലാദത്തിലാണ്.
മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത നേട്ടം കൈവരിച്ച ഇന്ത്യന്‍ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്രകാരം 
പറഞ്ഞു: ''ഈ ചരിത്രവിജയത്തിനായി കഠിനാദ്ധ്വാനം ചെയ്ത നിങ്ങളെ ഞാന്‍ ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു. ചന്ദ്രയാന്‍ 3 ന്റെ ചാന്ദ്രദൗത്യം വിജ
യിച്ച സമയത്ത് വിദേശത്തായിരുന്നെങ്കിലും എന്റെ മനസ്സ് ഇവിടെയായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഈ വിജയത്തില്‍ നിങ്ങളോടൊപ്പം ഞാനും അഭിമാനിക്കുന്നു. ഇതൊരു സുവര്‍ണകാലഘട്ടത്തിന്റെ തുടക്കമാണ്. നമ്മള്‍ ഭൂമിയില്‍ സങ്കല്പിച്ചു, ചന്ദ്രനില്‍ യാഥാര്‍ഥ്യമാക്കി.'' ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിറങ്ങിയ ഓഗസ്റ്റ് 23 'ദേശീയ ബഹിരാകാശദിന'മായി മോദി പ്രഖ്യാപിച്ചു. ലാന്‍ഡര്‍ ചന്ദ്രനില്‍ കാലുകുത്തിയ സ്ഥലം ഇനിമുതല്‍ ''ശിവശക്തി പോയിന്റ്'' എന്നും ചന്ദ്രയാന്‍ 2 തകര്‍ന്നുവീണ സ്ഥലം 'തിരംഗ പോയിന്റ്' എന്നുമായിരിക്കും അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 1 വീണ സ്ഥലത്തിന് 'ജവാഹര്‍ പോയിന്റ്' എന്നും മോദി പേരു നല്‍കി.
കാണാപ്പുറങ്ങള്‍ തേടിയുള്ള ജൈത്രയാത്ര

ഓഗസ്റ്റ് 23-ാം തീയതി വൈകുന്നേരം 6.04 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ കാലുകുത്തിയ ലാന്‍ഡറിനെ, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഇപ്പോഴും തുടരുന്ന ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററിലെ ഹൈ ഡെവല്യൂഷന്‍ കാമറകള്‍ കണ്ടെത്തി. ലാന്‍ഡറിന്റെ റാംപിലൂടെ റോവര്‍ പുറത്തിറങ്ങി മുന്‍പോട്ടു നീങ്ങുന്നതിന്റെയും സോളാര്‍ പാനല്‍ പ്രവര്‍ത്തിക്കുന്നതിന്റെയും റോവറിന്റെ ചക്രങ്ങളില്‍  പതിച്ച അശോകസ്തംഭം മണ്ണില്‍ പതിയുന്നതിന്റെയും വീഡിയോചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. റോവറിലുള്ള ആല്‍ഫാ പാര്‍ട്ടിക്കിള്‍, എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍, ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക് ഡൗണ്‍ സ്‌പെക്‌ട്രോസ്‌കോപ് എന്നീ പേലോഡുകളും (ശാസ്ത്രീയോപകരണങ്ങള്‍) പ്രവര്‍ത്തിച്ചുതുടങ്ങി. വിവിധ പേലോഡുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ലഭിച്ചുതുടങ്ങിയതായി വിഎസ്എസ്‌സി (വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) ഡയറക്ടര്‍ ഡോ എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍ അറിയിച്ചു. ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്ത് 10 സെന്റീമീറ്റര്‍ ആഴത്തില്‍ കുഴിച്ച് താപനിലയുടെ ഉയര്‍ച്ചതാഴ്ചകള്‍ പരിശോധിച്ചുതിട്ടപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തറനിരപ്പിലെ താപനില  55 ഡിഗ്രി 
സെല്‍ഷ്യസാണെങ്കില്‍ 2 സെന്റീമീറ്റര്‍ താഴ്ത്തിയപ്പോള്‍ 40 ഡിഗ്രി സെല്‍ഷ്യസായി താണു. എന്നാല്‍, 7 സെന്റീമീറ്റര്‍ കുഴിച്ചപ്പോള്‍ താപനില പൂജ്യമായി കുറഞ്ഞു. എട്ടു സെന്റീമീറ്ററില്‍ മൈനസ് 10 ഡിഗ്രി സെല്‍ഷ്യസായി.
ഭൂമിയിലേതുപോലുള്ള അന്തരീക്ഷം ഇല്ലാത്ത ചന്ദ്രോപരിതലത്തിലെ താപനില വളരെ പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യുന്നുണ്ടെന്നാണ് ഈ പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് ഉണ്ണിക്കൃഷ്ണന്‍നായര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം വി എസ് എസ് സിയുടെ കീഴിലുള്ള സ്‌പേയ്‌സ് ഫിസിക്കല്‍ ലബോറട്ടറിയും അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയും ചേര്‍ന്നു തയ്യാറാക്കിയ 'ചന്ദ്രാസ് തെര്‍മോ ഫിസിക്കല്‍ എക്‌സ്‌പെരിമെന്റാ'ണ് താപനില അളന്നു തിട്ടപ്പെടുത്തിയത്. 
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഉപരിതലതാപനിലയിലുള്ള വ്യതിയാനത്തെക്കുറിച്ച് ശാസ്ത്രലോകത്തിനു ലഭിക്കുന്ന ആദ്യവിവരങ്ങളാണിവയെന്ന് ഐ എസ്ആര്‍ ഒ വ്യക്തമാക്കി. രണ്ടാഴ്ച വീതം ഇരുളും വെളിച്ചവും മാറിമാറി പതിക്കുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യപ്രകാശം പതിക്കുന്ന സ്ഥലത്തെ താപനിലയിലുള്ള വ്യതിയാനമാണിത്. സൂര്യപ്രകാശം ഇല്ലാത്തപ്പോള്‍ താപനില മൈനസ് 180 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും.
ആദ്യ 14 ദിവസത്തെ ദൗത്യം കഴിഞ്ഞുള്ള രണ്ടാഴ്ച ഇരുട്ടാകുമ്പോള്‍ തണുപ്പ് വീണ്ടും വര്‍ദ്ധിക്കുമെന്നതിനാല്‍ ലാന്‍ഡറിനെയും റോവറിനെയും ഇപ്പോള്‍ സ്‌ളീപ്പിംഗ് മോഡിലാക്കി. കൊടുംതണുപ്പില്‍ ബാറ്ററിയും സര്‍ക്യൂട്ടുകളും തകര്‍ന്നുപോകാത്തപക്ഷം, 14 ദിവസത്തിനുശേഷം  സൂര്യപ്രകാശം തിരികെയെത്തുമ്പോള്‍ കംപ്യൂട്ടര്‍ സ്വയം പ്രവര്‍ത്തിച്ച് 14 ദിവസംകൂടി സജീവമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. റോവറില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ചില ചിത്രങ്ങള്‍ക്കു വ്യക്തതയില്ലാത്തതിനാല്‍ കൂടുതല്‍ വെളിച്ചമുള്ളിടത്തേക്കു റോവറിനെ നീക്കി ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, നാലു മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തത്തിനടുത്തെത്തിയ റോവറിന്റെ ഗതിമാറ്റി പുതിയ സഞ്ചാരപാതയിലൂടെ തിരിച്ചുവിട്ടതായി വാര്‍ത്തയുണ്ട്. റോവര്‍ പകര്‍ത്തിയ ഗര്‍ത്തത്തിന്റെയും റോവര്‍ ഗതിമാറി നീങ്ങുന്നതിന്റെയും ചിത്രങ്ങളും ഐ എസ് ആര്‍ ഒ പുറത്തുവിട്ടു. റോവറിന്റെ ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ കാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് ഡിജിറ്റല്‍ എലിവേഷന്‍ മോഡില്‍ (ഡി ഇ എം) സൃഷ്ടിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് റോവര്‍ മുന്നോട്ടു നീങ്ങുന്നത്. ചിത്രങ്ങളെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് റിലേ ചെയ്യുന്നത്.
ദക്ഷിണധ്രുവത്തില്‍ ജലസാന്നിധ്യമുറപ്പിച്ചു
ലാന്‍ഡറിലെയും റോവറിലെയും എല്ലാ പേലോഡുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, റോവര്‍ ചലിച്ചുതുടങ്ങാന്‍ അല്പം വൈകിയതൊഴിച്ചാല്‍ മറ്റു കുറവുകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അറിയിച്ചു. അദ്ദേഹം തുടര്‍ന്നു: ''യു എസും, റഷ്യയും, ചൈനയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാന്‍ പരാജയപ്പെട്ടിടത്താണ് നമുക്കു വിജയിക്കാനായതെന്നതില്‍ അഭിമാനമുണ്ട്. രണ്ടു കിലോമീറ്ററിലേറെ ഉയരമുള്ള കുന്നുകളും ആഴമേറിയ ഗര്‍ത്തങ്ങളും ദക്ഷിണധ്രുവത്തിലുണ്ട്. ഇവയുടെ സ്ഥിരംനിഴല്‍പ്രദേശങ്ങളില്‍ ജലസമാനമായ പദാര്‍ഥമുണ്ടെന്ന് 1961 ല്‍ ഭൗതികശാസ്ത്രജ്ഞനായ കെന്നത്ത് വാള്‍ട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള സ്ഥിരീകരണമുണ്ടായത്  2018 ലാണ്. ചന്ദ്രയാന്‍ 1 ലെ മൂണ്‍ മിനറോളജി മാപ്പില്‍നിന്നുള്ള ഡേറ്റ ഖരാവസ്ഥയിലുള്ള ജലത്തിന്റെ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. നാസ നടത്തിയ പര്യവേക്ഷണങ്ങളിലൊന്നും വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.'' ധ്രുവപ്രദേശങ്ങളില്‍ ഇരുമ്പ്, കാത്സ്യം, ക്രോമിയം, മഗ്നീഷ്യം, സിലിക്കണ്‍, അലൂമിനിയം, അമോണിയം, ടൈറ്റാനിയം, സള്‍ഫര്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളും മാത്രമല്ല, ജലസാന്നിധ്യവുമുണ്ടെന്ന് മുന്‍പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള മൂലകങ്ങളുടെ കണ്ടെത്തല്‍ ഹൈഡ്രജന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള  സൂചനയാണ്. ഓക്‌സിജനും ഹൈഡ്രജനുമുണ്ടെങ്കില്‍ ആ മൂലകങ്ങള്‍ ചേരുന്ന ജലസാന്നിധ്യം ഉറപ്പിക്കാനാകും.
രാസപദാര്‍ഥങ്ങളില്‍ സള്‍ഫറിന്റെ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. അഗ്നിപര്‍വതസ്‌ഫോടനങ്ങളിലൂടെ പുറന്തള്ളപ്പെടുന്ന ലാവാപ്രവാഹങ്ങളിലൂടെയാണ് സള്‍ഫര്‍ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥങ്ങള്‍ പുറത്തുവരുന്നത്. ഭൂമിയിലേതിനു സമാനമായ അഗ്നിപര്‍വതസ്‌ഫോടനങ്ങള്‍ ചന്ദ്രനിലും ഉണ്ടായിരുന്നുവെന്നതിനു തെളിവാണ് സള്‍ഫറിന്റെ സാന്നിധ്യമെന്നാണ് വിലയിരുത്തല്‍. 
'ഗഗന്‍യാന്‍' ദൗത്യം 2024 ല്‍
മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മലയാളികൂടിയായ എസ് സോമനാഥ് ഇപ്രകാരമാണ് മറുപടി പറഞ്ഞത്: ''തികച്ചും സ്വദേശീയമായ സാങ്കേതികവിദ്യകളുപയോഗിച്ച് ഒരാളെ ചന്ദ്രനിലേക്കയയ്ക്കുക പ്രധാനമാണ്. ആളെ അയയ്ക്കുന്നതിലല്ല, സുരക്ഷിതമായി തിരികെയെത്തിക്കുന്നതിലാണ് ഊന്നല്‍. ഇതിനു മുന്നോടിയായി ഈ വര്‍ഷം തന്നെ ആളില്ലാത്ത ഒരു ബഹിരാകാശവാഹനം സുരക്ഷിതമായി കടലില്‍ തിരിച്ചിറക്കും. അടുത്തവര്‍ഷം മനുഷ്യനെപ്പോലെ തന്നെ പെരുമാറുന്ന 'വ്യോമിത്ര' എന്ന പെണ്‍റൊബോട്ടിനെ ബഹിരാകാശത്തേക്കയയ്ക്കും. ഈ ദൗത്യവും വിജയിച്ചാല്‍ 2024 അവസാനത്തോടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന 'ഗഗന്‍യാന്‍' ദൗത്യം ഏറ്റെടുക്കും.
സൂര്യപര്യവേക്ഷണത്തിന് തുടക്കം
സൂര്യനെ നിരീക്ഷിച്ച് പഠനം നടത്താന്‍ ഉദ്ദേശിക്കുന്ന ആദ്യദൗത്യം 'ആദിത്യ എല്‍ 1' സെപ്റ്റംബര്‍ രണ്ടിന് ശനിയാഴ്ച രാവിലെ 11.50 ന് വിക്ഷേപിച്ചു. വിക്ഷേപണത്തിനു മുന്നോടിയായുള്ള പരിശോധനകളും റിഹേഴ്‌സലുകളും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിലായിരുന്നു. സൂര്യന്റെ ചുറ്റുമുള്ള അന്തരീക്ഷം, സൗരക്കാറ്റിന്റെ ഗതിവിഗതികള്‍, സൂര്യന്റെ 'കൊറോണ' എന്നിവയെക്കുറിച്ചു പഠിക്കാനുള്ള 7 പേ ലോഡുകളില്‍ നാലെണ്ണം സൂര്യനെക്കുറിച്ചു നേരിട്ടും മൂന്നെണ്ണം 'ലഗ്രാഞ്ച്യന്‍ പോയിന്റിലെ എല്‍ 1 ഓര്‍ബിറ്റി'നെക്കുറിച്ചും പഠിക്കും. ആദ്യഘട്ടത്തില്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കു കടന്നശേഷം, ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥം ചുറ്റി ഭൂമിയുടെ ആകര്‍ഷണവലയം ഭേദിക്കും. തുടര്‍ന്ന്, ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച്യന്‍ പോയിന്റിലെ എല്‍ 1 ഭ്രമണപഥത്തിലെത്തും. ഇവിടെനിന്ന് തടസ്സംകൂടാതെ സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനും സാധിക്കും. ഭൂമിയില്‍നിന്ന് 9 കോടി മൈല്‍ (ഏകദേശം 15 കോടി കിലോമീറ്റര്‍) അകലെയാണ് സൂര്യന്‍ സ്ഥിതിചെയ്യുന്നത്.
ഭൂമിക്കു പുറത്ത് ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും യാത്ര ചെയ്യാനുള്ള ഒരു ഇടത്താവളമായി ചന്ദ്രനെ മാറ്റാനുള്ള സാധ്യതകളും ഐ എസ് ആര്‍ഒ യിലെ ശാസ്ത്രജ്ഞര്‍ പഠിച്ചുവരുകയാണ്. ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണാവസരത്തില്‍ എസ്  സോമനാഥ് ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞിരുന്നു: ''ചന്ദ്രനില്‍ നമുക്കൊരിടം വേണം.'' അദ്ദേഹത്തിന്റെ ആ സ്വപ്നമാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. ഭൂമിയില്‍നിന്നു ചന്ദ്രനിലേക്കുള്ള  സ്ഥിരംയാത്രാപദ്ധതിക്കൊരുങ്ങുന്ന നാസയുടെ 'ആര്‍ട്ടിമിസ്' ഉപഗ്രഹത്തിന്റെ മൂന്നാം ദൗത്യത്തില്‍ മനുഷ്യര്‍ വീണ്ടും ചന്ദ്രനിലെത്തും. ഇതിന്റെ ഭാഗമായി ബഹിരാകാശത്ത് 'ഗേറ്റ്‌വേ' എന്ന ചാന്ദ്രനിലയവും സൃഷ്ടിക്കും. ചന്ദ്രയാന്‍ 3 വഴി ലഭ്യമാകുന്ന വിവരങ്ങള്‍ ആര്‍ട്ടിമിസ് പദ്ധതിക്കു കൈമാറുകവഴി മാനവരാശിക്കു മാര്‍ഗദീപമായി മാറും. ചന്ദ്രയാന്‍ 3 ദൗത്യത്തിന് 615 കോടി രൂപയാണു ചെലവായതെങ്കില്‍ ആര്‍ട്ടിമിസ് ദൗത്യത്തിന് 7.72 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതായി നാസയുടെ ഔദ്യോഗികവക്താവ് വെളിപ്പെടുത്തുകയും ചെയ്തു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)