ഓണം എന്ന സാംസ്‌കാരികാനുഭവത്തിന്റെ ചരിത്രയാഥാര്‍ഥ്യം സരളലളിതമായി വ്യാഖ്യാനിക്കാവുന്ന ഒന്നല്ല. പുരാവൃത്തവും ഐതിഹ്യവും കെട്ടുകഥകളും ചരിത്രവും പ്രാക്തനസ്മൃതി സംസ്‌കാരധാരകളുമെല്ലാം തമ്മില്‍ കലര്‍ന്നും തമ്മിലിടഞ്ഞും വൈരുധ്യസങ്കുലമായും വൈവിധ്യപൂര്‍ണമായും അതില്‍ സന്നിഹിതമായിരിപ്പുണ്ട്. ഗോത്രാചാരമായും ക്ഷേത്രാചാരമായും തെഴുക്കുന്ന ഗാര്‍ഹികമായും ഗ്ലോബലായും വ്യാപ്തികൊള്ളുന്ന, പ്രതിരോധാത്മകമായ പ്രാദേശിക സ്വത്വമായും പ്രതിലോമപരമായ പ്രത്യയശാസ്ത്രമായും നിലകൊള്ളുന്ന ഒരു സങ്കീര്‍ണത ഓണത്തില്‍ നിലീനമായിക്കിടപ്പുണ്ട്. അതുകൊണ്ടാണ് ഒടുക്കമില്ലാത്ത സംവാദങ്ങള്‍ക്കുശേഷവും മാവേലിപ്പൊരുളും വാമനച്ചുരുളും നിവര്‍ന്നുകിട്ടാത്തത്. അതുകൊണ്ടുതന്നെയാണ് മഹാബലി കേരളം ഭരിച്ചിരുന്നോ എന്ന കൗശലം നിറഞ്ഞ ചോദ്യം ഉയര്‍ന്നുവരുന്നത്.
തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമെന്നു പറയുമെങ്കിലും അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു കൂട്ടര്‍ തട്ടുതട്ടായ തറയില്‍ പൂക്കളിടുമ്പോള്‍ മറ്റൊരു കൂട്ടര്‍ പൂക്കളത്തിനു നടുവില്‍ തൃക്കാക്കരയപ്പനെ സങ്കല്പിച്ച് സ്തൂപികാകൃതിയില്‍ മണ്‍ശില്പമൊരുക്കുന്നു. ചവിട്ടിയവനെയും ചവിട്ടുകൊണ്ടവനെയും ഒരേ ഉത്സവസന്ദര്‍ഭത്തില്‍, ഒരേ സംസ്‌കാരത്തില്‍ ആദരിക്കുന്നത് നമ്മുടെ ദേശീയോത്സവത്തിന്റെ മാത്രമല്ല നമ്മുടെതന്നെ ആന്തരവൈരുധ്യത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു.
മലയാളഭാഷപോലെ ലോകമലയാളികള്‍ സവിശേഷമായി പങ്കുവയ്ക്കുന്ന അനുഭവമാണ് ഓണമെന്ന് നമ്മള്‍ ഊറ്റംകൊള്ളുന്നു. അത് നമ്മുടെ കാര്‍ഷികോത്സവമാണെന്നും പോയകാലത്തിന്റെ ഓര്‍മകള്‍ പൂക്കുന്ന സ്‌നേഹോത്സവമാണെന്നും നാം ആഹ്‌ളാദിക്കുന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രത്യാശാഭരിതമായ ജീവിതത്തിന്റെയും പ്രതീകമാണെന്നു കരുതുന്നു. മനുഷ്യരെല്ലാരും സമന്‍മാരാകുന്ന സ്‌നേഹസുരഭിലവും ശാന്തസുന്ദരവുമായ ഒരു കാലത്തെ ഓണം വാഗ്ദാനം ചെയ്യുന്നു. കള്ളമില്ലാത്ത, ചതിയില്ലാത്ത, പൊളിവചനമില്ലാത്ത - മനുഷ്യന്‍ മനുഷ്യനെ വിലമതിക്കുന്ന നല്ല നാളെയെ പ്രതീക്ഷിക്കാന്‍ ഓണം പഠിപ്പിക്കുന്നു. അപ്പോഴും ഓണത്തിന്റെ പിന്നിലെ പുരാവൃത്തത്തിലെ വൈരുധ്യം പരിഹരിക്കപ്പെടാതിരിക്കുകയും നിക്ഷിപ്തതാത്പര്യക്കാര്‍ ഓരോ കാലത്തും അവര്‍ക്കാവശ്യമായ തരത്തില്‍ അതു സംബന്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഓണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ കഥ മഹാബലിച്ചക്രവര്‍ത്തിയുടേതാണ്. മഹാബലിയുടെ ഭരണകാലം കേരളീയരുടെ ഓണത്തെക്കുറിച്ചുള്ള സങ്കല്പത്തിന്റെ ആധാരമായി കല്ലിച്ചു നില്ക്കുന്ന പുരാവൃത്തമാണ്. വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മഹാബലി ഭൂമിയില്‍ തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസം എന്ന് അതു പറയും. തൃക്കാക്കര ഭരിച്ച മാവേലിയുടെ കഥയും മഹാബലിയുടെ പുരാവൃത്തവും പല ചരിത്രഘട്ടത്തിലൂടെ കടന്ന്, കലര്‍ന്ന്, - സ്റ്റോറി ഏതാണ് ഹിസ്റ്ററി ഏതാണ് എന്ന സന്ദിഗ്ധാവസ്ഥയില്‍ നില്ക്കുന്നു. ഉച്ചപുരാവൃത്തവും higher myth) അവച പുരാവൃത്തവും (lower myth) പല ചരിത്രസന്ദര്‍ഭങ്ങളിലും പല താത്പര്യങ്ങള്‍ക്കായും അന്യോന്യം ചേരുംപടി ചേരുന്ന പ്രവണതയുണ്ട്. മാവേലി എന്ന പ്രാദേശികത മഹാബലി എന്ന പൗരാണികതയിലേക്കു സംലയിക്കുന്നതിന്റെ പെരുളും മറ്റൊന്നല്ല. ജാര്‍ഖണ്ഡിലെ വാനരദൈവം ഹനുമാനാകുന്നതും കുട്ടിച്ചാത്തന്‍ എന്ന നാടോടിദേവത ശിവാംശമാകുന്നതും മുത്തപ്പന്‍ വിഷ്ണുവാകുന്നതും നാം കണ്ടതാണ്. കേരളോത്പത്തിയില്‍ പക്ഷേ, പരശുരാമനുമായാണ് മാവേലിക്കു ബന്ധം. ബ്രഹ്‌മഹത്യ ശാപം തീരാന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച്, പരശുരാമന്‍ അത് ബ്രാഹ്‌മണര്‍ക്കു ദാനമായി കൊടുക്കുന്നു. എന്തോ കാരണത്താല്‍ പരശുരാമന്‍ ബ്രാഹ്‌മണരോടു പിണങ്ങുന്നു. പിണക്കം മാറ്റാന്‍ ബ്രാഹ്‌മണര്‍ മാപ്പുപറഞ്ഞെങ്കിലും അദ്ദേഹം നില്ക്കുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കര വന്നോളാം എന്ന ഉറപ്പില്‍ പരശുരാമന്‍ പോവുകയും തിരികെവരുന്ന ദിവസം ഓണമായി ആഘോഷിക്കുകയും ചെയ്യുന്നു.
ചേരമാന്‍ പെരുമാള്‍ മക്കത്തു പോയ ദിവസമാണ് തിരുവോണനാള്‍ എന്ന വാദവും നിലവിലുണ്ട്. വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ ഇക്കാര്യം വിശദീകരിക്കുന്നു. ബ്രഹ്‌മഹത്യാകുറ്റാരോപിതനായി, ജാതിഭ്രഷ്ടനാക്കപ്പെട്ട ചേരമാന്‍ പെരുമാള്‍ നാടുവിടുന്ന സന്ദര്‍ഭം. തൃക്കാക്കരയില്‍ ഭരിച്ച പ്രജാവല്‍സലനായ അദ്ദേഹത്തിന്റെ അഭാവം ജനങ്ങള്‍ക്കു താങ്ങാനാവാത്തതുകൊണ്ട് അന്നു കൊടുത്ത വാഗ്ദാനമാണ് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കര സന്ദര്‍ശിച്ചോളാമെന്നത്.
ബുദ്ധമതവുമായി ഓണത്തിനുള്ള ബന്ധം സവിശേഷമാണ്. സിദ്ധാര്‍ത്ഥന്‍ ബോധോദയം നേടി ശ്രമണപദത്തിലേക്കു വന്നത് ശ്രാവണമാസത്തിലെ തിരുവോണദിവസത്തിലാണെന്ന് ബുദ്ധചരിതം പറയും. ശ്രാവണം എന്നത് പാലിഭാഷയിലെ സാവണവും ആവണവുമാവുകയും അതു പില്‍ക്കാലത്ത് ഓണമായിത്തീരുകയും ചെയ്തു. ശ്രീബുദ്ധനെ ശ്രവണന്‍ എന്നും ബുദ്ധശിഷ്യരെ ശ്രവണന്‍മാര്‍ എന്നുമാണു വിളിക്കാറുള്ളത്. ബൗദ്ധര്‍ക്കു പ്രിയപ്പെട്ട മഞ്ഞനിറമാണ് ഓണപ്പൂവിനുള്ളത് എന്നതുമാത്രമല്ല, അതിന്റെ അഞ്ചിതള്‍ ശ്രീബുദ്ധന്റെ പഞ്ചശീലതത്ത്വങ്ങളെ സൂചിപ്പിക്കുന്നവയുമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ബുദ്ധമതത്തിനുംമുമ്പ് ഏറ്റവും പ്രാക്തനമായ കേരളീയകൂട്ടായ്മയുടെ കാര്‍ഷികാഘോഷത്തിലേക്കു വെളിച്ചംവീശുന്ന ഒരു സങ്കല്പം ഡോ. പി. രഞ്ജിത്ത് മുന്നോട്ടുവയ്ക്കുന്നുണ്ട്. അത് മണ്ണപ്പന്‍ എന്ന ആശയമാണ്. കൃഷിഭൂമിയിലെ പശിമയാര്‍ന്ന ചെമ്മണ്ണ് കുഴിച്ചെടുത്തു കുഴച്ച് ചതുഷ്‌കോണാകൃതിയില്‍ നിര്‍മിച്ചതും വിത്തിന്റെ പ്രതീകവുമായ മണ്‍ശില്പമാണത്. ഈ മണ്ണപ്പനെ പില്‍ക്കാലത്ത് ബുദ്ധമതം സ്വാംശീകരിക്കുന്നു. ആര്യാധിനിവേശകാലത്ത് വൈദികപാരമ്പര്യം മണ്ണപ്പനെ കൂടെക്കൂട്ടി. അതാണ് വാമനപൂജ എന്ന നിലയില്‍ സവര്‍ണഗൃഹാങ്കണങ്ങളില്‍ തൃക്കാക്കരയപ്പനായി മാറ്റി പ്രതിഷ്ഠിക്കപ്പെട്ടത്. സവര്‍ണപാരമ്പര്യങ്ങളില്‍ പലതും ഇപ്രകാരം കീഴാളജനതകളില്‍നിന്ന് അപരിഹരിക്കപ്പെട്ടതാണെന്നു തിരിച്ചറിയാവുന്നതാണ്.
ഓണം പ്രാദേശികമായ ഉത്സവാവിഷ്‌കാരമാണെങ്കിലും അത് സാര്‍വലൗകികതയോളം - പല ലോകങ്ങളില്‍ പല കാലങ്ങളില്‍ പടര്‍ന്നുപോകുന്ന സാംസ്‌കാരികവ്യവഹാരമാണ്. അസീറിയ ഭരിച്ച ചക്രവര്‍ത്തിമാരുടെ സ്ഥാനപ്പേര് ബലിയാണെന്നു വിസ്മയത്തോടെ നമ്മള്‍ ഓര്‍ക്കുന്നു. സംഘകാലത്തും മറ്റും ദക്ഷിണേന്ത്യ മുഴുവനും ഓണം ആഘോഷിച്ചിരുന്നു. സംഘകാലകൃതിയായ മധുരൈക്കാഞ്ചിയില്‍ ഓണത്തെക്കുറിച്ചു പറയുന്നുണ്ട്. വിളവെടുപ്പുത്സവമായും വ്യാപാരോത്സവമായും പല ചരിത്രഘട്ടങ്ങളില്‍ പലനിലയില്‍ പങ്കുവഹിച്ച ഓണം തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കു സംക്രമിച്ചതാണെന്ന വാദവും നിലനില്ക്കുന്നുണ്ട്.
കാസര്‍ഗോട്ടെ ഓണം ചിങ്ങത്തിലല്ല, തുലാത്തിലാണ്. പൊലിയന്ത്രം എന്നാണു പറയുക. ബലീന്ദ്രനാണത്. കാര്‍ഷിക സ്മൃതിയായും സസ്യാരാധനയായും പൊലിമയോടെ ആഘോഷിക്കുന്ന ഒന്നാണത്. തൃക്കാക്കരയില്‍ മുമ്പ് ഇരുപത്തെട്ടു ദിവസത്തെ ഓണാഘോഷം പതിവുണ്ടായിരുന്നു. കേരളത്തിലെ പഴയ രാജാക്കന്‍മാരെല്ലാം ആവണി ഓണത്തില്‍ പങ്കുകൊള്ളാന്‍ അവിടെ എത്തിച്ചേര്‍ന്നുവെന്നു ചരിത്രം രേഖപ്പെടുത്തുന്നു. കൊച്ചി രാജാവും സാമൂതിരിരാജാവും അടുത്തകാലംവരെ അത്തച്ചമയം എന്ന പേരില്‍ ചടങ്ങുകള്‍ നടത്തിവന്നിരുന്നു. ഓണാഘോഷം പലയിടത്തും പല തരത്തിലാണ്. അത് ബഹുസ്വരമാണ്. കാടോരത്തെയും കടലോരത്തെയും തെക്കന്‍കേരളത്തിലെയും വടക്കന്‍ കേരളത്തിലേയും ഓണത്തിന്റെ ആവിഷ്‌കാരങ്ങള്‍ വൈവിധ്യപൂര്‍ണമാണ് ഓണത്താറ്, ഓണേശ്വരന്‍ അല്ലെങ്കില്‍ ഓണപ്പൊട്ടന്‍ എന്നത് ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഉത്തരകേരളത്തിലെ കലാപ്രകടനങ്ങളാണ്.
പ്രചലിതമായ ഏതു സാംസ്‌കാരികാനുഭവവും നിശ്ചലമായി നില്ക്കുന്ന ഒന്നല്ല. ജനതയുടെ സകല ആവിഷ്‌കാരങ്ങളും കാലത്തിനും ജീവിതത്തിനുമനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ഓണവും അപ്രകാരം തന്നെ. 'ഓണമൊക്കെ പണ്ടല്ലേ, ഇന്നെന്തോണം' എന്ന നൊസ്റ്റാള്‍ജിയപോലെ അസംബന്ധമാണ് ഓണത്തിന്റെ വൈവിധ്യത്തെ നിഷേധിക്കുന്നതും അതിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാതിരിക്കുന്നതും. ഓണം സവര്‍ണമാണെന്ന അതിവാദംപോലെതന്നെ ജീവിതവിരുദ്ധമാണ് ഓണത്തിന്റെ ബഹുസ്വരതയെ പരിഗണിക്കാതിരിക്കലും. മഹാബലി കേരളം ഭരിച്ചിരുന്നോ എന്ന ചോദ്യം അത്രമേല്‍ നിഷ്‌കളങ്കമാണെന്നു തോന്നുന്നില്ല. അതില്‍ മിത്തും യാഥാര്‍ഥ്യവുംവച്ചുള്ള ചതുരംഗക്കളി മാത്രമല്ല, പ്രതിലോമപരവും വരേണ്യവും ചരിത്രവിരുദ്ധവുമായ പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഗോത്രവര്‍ഗജനതയുടെ മണ്ണപ്പന്‍ എങ്ങനെ തൃക്കാക്കരയപ്പനായി എന്ന അന്വേഷണം പ്രാദേശിക പ്രതിരോധാത്മകവും ചരിത്രപരവുമാണ്.
ജാതി മത പ്രദേശവ്യത്യാസങ്ങള്‍ക്കപ്പുറം നമ്മള്‍ മലയാളികള്‍ സവിശേഷമായി ആഘോഷിക്കുകയും നമ്മുടെതന്നെ ആത്മബോധത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ആധുനികമായ ഓണം സുപ്രധാനമാണ്. സമത്വസുന്ദരമായ ജീവിതം സ്വപ്നം കാണുന്ന ലോകത്തെവിടെയുമുള്ള മലയാളിയുടെ ഭാസുരസുന്ദരസങ്കല്പമാണത്. ഹൃദയഹാരിയായ സൗഹൃദവും സാഹോദര്യവും നൂറു പൂക്കള്‍ വിടര്‍ത്തുന്ന ആവണിപ്പൊന്നോണം കടന്നുവരുമ്പോള്‍ പ്രിയപ്പെട്ട എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.