•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

സ്വാതന്ത്ര്യത്തിന്റെ വിലയറിയാത്തവര്‍

  • *
  • 24 August , 2023

ഡോ. ബി. സന്ധ്യയുടെ സ്വാതന്ത്ര്യദിനചിന്തകള്‍ കാലോചിതമായി. ദേശാഭിമാനപ്രചോദിതയായി അവര്‍ പറഞ്ഞുവയ്ക്കുന്ന കാര്യങ്ങള്‍ അര്‍ഥവത്താണ്. ചെറുതെങ്കിലും ഏറെ ആഴങ്ങളുള്ള ഒരു ലേഖനമായിരുന്നു അത്. സ്‌കൂള്‍ ജീവിതകാലത്തെ ഓര്‍ത്തെടുത്തുകൊണ്ട്, ഒരുനാള്‍ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ചാച്ചാനെഹ്‌റുവായി വേഷമിട്ടതിനെക്കുറിച്ച് അവര്‍ പുളകംകൊള്ളുന്നു. അത്തരം നല്ല ഓര്‍മകള്‍ ഏതു ദേശസ്‌നേഹിക്കും അഭിമാനമുണര്‍ത്തുന്ന കാര്യങ്ങളാണ്. 
പോയകാലങ്ങളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ചൈതന്യം ഇന്നുണ്ടോ? ഔപചാരികചടങ്ങുകള്‍ നാടെങ്ങും അരങ്ങേറിയെന്നതു നേര്. പക്ഷേ, മുന്‍കാലങ്ങളിലെ ഹൃദയശുദ്ധി നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്നില്ല? എല്ലാവരും സ്വാര്‍ഥപ്രേരിതരായിരിക്കുന്നു. സാഹോദര്യമെന്ന വാക്കിന് അര്‍ഥം നഷ്ടപ്പെട്ടിരിക്കുന്നു. ആരെ വഞ്ചിച്ചും കൊന്നും എങ്ങനെ പത്തു കാശുണ്ടാക്കാമെന്ന ചിന്തയാണ് ഇന്ന് ആളുകളെ ഭരിക്കുന്നത്. സാമൂഹികരാഷ്ട്രീയവ്യവസ്ഥിതിയില്‍ നിലനില്ക്കുന്ന ക്രമക്കേടുകള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. സത്യത്തിനും നീതിക്കും വിലയില്ലാതെ വരുമ്പോള്‍ നേരുള്ളവനും അടിപതറുന്നു.
ആരെയും ഹനിക്കാത്ത അഹിംസയെന്ന സമരായുധത്തിലൂടെയാണ് മഹാത്മജി നമുക്കു സ്വാതന്ത്ര്യം നേടിത്തന്നതെന്ന കാര്യമേ ആളുകള്‍ ഇന്നു മറന്നുപോയിരിക്കുന്നു. അന്നത്തെ നേതാക്കള്‍ക്കെല്ലാംതന്നെ ചില മൂല്യസങ്കല്പങ്ങളുണ്ടായിരുന്നു. ആ മൂല്യസങ്കല്പങ്ങള്‍ ഇന്നെവിടെ?
തനിക്കിഷ്ടമില്ലാത്തവരെയും തന്റെ തോന്ന്യാസങ്ങള്‍ക്കു കൂട്ടുനില്ക്കാത്തവരെയും തന്റെ രാഷ്ട്രീയഗൂഢലക്ഷ്യങ്ങള്‍ക്കു തടസ്സം നില്ക്കുന്നവരെയും തേജോവധം ചെയ്തു നശിപ്പിക്കുകയെന്നതാണ് പലരുടെയും ഇന്നത്തെ സ്വാതന്ത്ര്യസങ്കല്പം. വികസനത്തിന്റെ പേരില്‍ ഞെളിഞ്ഞു നില്ക്കുന്നതിനു മാത്രമായി പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുന്നതിന് ഭരണകര്‍ത്താക്കള്‍ക്കും ഒരു കൂസലുമില്ലായെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. ഇവരെയൊക്കെ സ്വാതന്ത്ര്യത്തിന്റെ വിലയറിയാത്തവരെന്നോ അതോ സ്വാതന്ത്ര്യത്തിനു വില കല്പിക്കാത്തവരെന്നോ വിളിക്കേണ്ടത്?

ജോര്‍ജ് ജോസഫ്  തിടനാട്

 

പുതുമയുള്ള നോവല്‍

പ്രമേയപശ്ചാത്തലം പഴയതാണെങ്കിലും തേക്കിന്‍കാട് ജോസഫിന്റെ നോവല്‍ പുതുമ പകരുന്നുണ്ട്. നോവലിലെ കഥാപാത്രങ്ങളുടെ പേരുകളൊക്കെ പരിചയത്തിലാകാന്‍ അല്പം സമയമെടുത്തു. ഏറെ സാമ്യമുള്ളവയാണല്ലോ പേരുകള്‍ പലതും. എങ്കിലും നോവലിലെ കഥാപാത്രങ്ങള്‍ വലിയ പുരുഷശരീരികളായും ഒത്ത മഹിളാമണികളായും വായനക്കാരുടെ മനസ്സില്‍ ഉയിര്‍ത്തെഴുന്നേറ്റു നില്‍ക്കുന്നു.
വിശാലമായ കാന്‍വാസിലാണ് നോവലിസ്റ്റ് കഥ പറയുന്നത്. കൃതഹസ്തനായ ഒരു എഴുത്തുകാരനുമാത്രം സാധിക്കുന്ന കാര്യമാണിത്. 
ഏതായാലും ഒരു വിദൂരഭൂതകാലത്തെ ഇക്കാലഘട്ടത്തിലേക്കു പ്രത്യാനയിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. നോവലിസ്റ്റിനും ദീപനാളത്തിനും അഭിനന്ദനങ്ങള്‍. 

കൊച്ചുറാണി അഗസ്റ്റിന്‍ കുറുമണ്ണ്

 

തൊഴില്‍മാഹാത്മ്യം

അഡ്വ. വി.സി. സെബാസ്റ്റ്യന്റെ ലേഖനം (കേരളത്തെ രക്ഷിക്കാന്‍ ഇനി ആരു വരും?  - നാളം 22) കാലികവും ചിന്തോദ്ദീപകവുമായിരുന്നുവെന്നു പറയട്ടെ. ശമ്പളവും ബോണസും കൊടുക്കാനേ ഖജനാവില്‍ പണമുള്ളൂ എന്ന സ്ഥിതി, ഈ സര്‍ക്കാരിന്റേതെന്നല്ല മിക്ക സര്‍ക്കാരുകളുടെയും അവസ്ഥയാണ്.
കാര്യങ്ങള്‍ ഇഴപിരിച്ചു പരിശോധിച്ചാല്‍ ശമ്പളക്കാര്യത്തില്‍ വലിയ അനീതി സമൂഹത്തില്‍ നിലനില്ക്കുന്നതു തിരിച്ചറിയാന്‍ കഴിയും. സോഷ്യലിസം പ്രസംഗിക്കുന്ന ആരും അങ്ങോട്ടു തിരിഞ്ഞുനോക്കാറേയില്ല. അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്നവരുടെ കാര്യം പോട്ടെ. സംഘടിതമേഖലയില്‍ ജോലി ചെയ്യുന്നവന്റെ ശമ്പളം ഗ്രേഡനുസരിച്ചാണ്. എന്നാല്‍, വാങ്ങുന്ന ശമ്പളത്തിനനുസരിച്ചുള്ള കൂറ് പൊതുജനങ്ങളോടുണ്ടോ? വാസ്തവത്തില്‍, ശമ്പളം കൂടുന്നതനുസരിച്ചു ജോലിഭാരം കുറയുകയാണ്. പക്ഷേ, അവര്‍ക്ക് ഉത്തരവാദിത്വം കൂടുതലാണെന്നും പ്രായം ചെല്ലുന്നതനുസരിച്ച് അധ്വാനശേഷി കുറയുമെന്നുമുള്ള ന്യായം അവര്‍ക്കു കൂട്ടിനുണ്ട്. അതു വകവച്ചുകൊടുക്കാമെന്നു വയ്ക്കാം. 
ചോദ്യമതല്ല. ജോലിഭാരമനുസരിച്ച് നീതിയുക്തമായാണോ ഇവിടെ ശമ്പളം വിതരണം ചെയ്യുന്നത്? ഈയിടെ കെ. ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. മന്ത്രി ശിവന്‍കുട്ടിയെ സ്റ്റേജിലിരുത്തിക്കൊണ്ട്, അധ്യാപകരുടെ ശമ്പളവും പൊലീസുകാരുടെ ശമ്പളവും തമ്മിലുള്ള അന്തരവും അതിലെ കടുത്ത അനീതിയും ചൂണ്ടിക്കാട്ടി ഒന്നാന്തരമായി പ്രതികരിക്കുന്ന ഒരു വീഡിയോ യൂട്യൂബില്‍ കാണാനിടയായി. എത്രയോ വലിയ സത്യമാണത്! മഴയെന്നോ വെയിലെന്നോ ഇല്ലാതെ ഇരുപത്തിനാലുമണിക്കൂറും പണിയെടുക്കുന്ന പൊലീസുകാര്‍. ഈ പാവം പൊലീസുകാരുടെ കഷ്ടപ്പെടും ശമ്പളവും അവധിയും മറ്റാനുകൂല്യങ്ങളുമെല്ലാം അധ്യാപകരുടേതുമായി ഒന്നു താരതമ്യം ചെയ്തു നോക്കാനാണ് ഗണേഷ് കുമാര്‍ പറയുന്നത്. ഇതൊന്നും കാണാന്‍ സംഘടിതശക്തികള്‍ക്കു വിടുപണി ചെയ്യുന്ന സര്‍ക്കാരുകള്‍ക്കു കണ്ണില്ല. 

ബീനാ ജോസഫ് കാഞ്ഞിരപ്പള്ളി

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)