•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ചോരയിലും കണ്ണീരിലും കുതിര്‍ന്ന് മണിപ്പുര്‍

  • തോമസ് കുഴിഞ്ഞാലിൽ
  • 10 August , 2023

മണിപ്പുരില്‍ പരിപൂര്‍ണ ഭരണത്തകര്‍ച്ചയെന്ന് പരമോന്നതകോടതി

സ്വാതന്ത്ര്യാനന്തരഭാരതം എങ്ങനെ ആയിരിക്കണമെന്ന ചിന്തയില്‍ രാഷ്ട്രപിതാവായ മഹാത്മഗാന്ധി താലോലിച്ചിരുന്ന ചില സ്വപ്‌നങ്ങളുണ്ടായിരുന്നു. അവയില്‍ ഒന്ന്; ''ഒരു രാജാവിനും പണക്കാരനും കിട്ടുന്നത്ര ജീവിതസുഖങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ നല്കുന്ന ഒരു രാജ്യമാണ് എന്റെ സ്വപ്‌നങ്ങളിലെ ഭാരതം.'' രണ്ട്; ''ഒരു സ്ത്രീക്ക് ഏത് അര്‍ധരാത്രിയിലും നിര്‍ഭയം വഴിനടക്കാന്‍ കഴിയുന്ന ഒരു ഇന്ത്യയാണ് എന്റെ  സ്വപ്‌നങ്ങളിലെ ഭാരതം.'' അദ്ദേഹത്തിന്റെ രണ്ടു സ്വപ്‌നങ്ങളും അവമതിക്കപ്പെടുന്നുവെന്ന് ഇപ്പോള്‍ നാമറിയുന്നു.
വിഭജനകാലത്ത് അവിഭക്തബംഗാളില്‍ ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുണ്ടായ കലാപം  കെട്ടടങ്ങാതെ വന്നപ്പോള്‍ കൊല്‍ക്കൊത്തയ്ക്കടുത്തുള്ള നവ്ഖാലിയിലും സമീപഗ്രാമങ്ങളിലും  നാലു മാസത്തോളം നഗ്‌നപാദനായി നടന്ന് സമാധാനത്തിനായി കേണപേക്ഷിച്ച മഹാത്മജിയുടെ മാതൃക  സ്വീകരിക്കാന്‍ നേതാക്കള്‍ തയ്യാറായാല്‍ കലാപബാധിതമേഖലകളില്‍ സമാധാനം  പുനഃസ്ഥാപിക്കാന്‍ കഴിയും. തങ്ങളുടെ കൈവശമുള്ള മാരകായുധങ്ങള്‍ താഴെ വയ്ക്കാത്തപക്ഷം  താന്‍ മരണംവരെ ഉപവസിക്കാനും മടിക്കില്ലെന്ന മഹാത്മജിയുടെ ഉറച്ച തീരുമാനം രണ്ടു കൂട്ടരും ഒരേ മനസ്സോടെ സ്വീകരിച്ചതും, ആയുധങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അടിയറവച്ചതും സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായി എണ്ണപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ മേയ് മാസം മൂന്നാം തീയതി തുടങ്ങിയ മണിപ്പുരിലെ വംശീയകലാപം രാക്ഷസാകാരം പൂണ്ടു ക്രൂരതയുടെ എല്ലാ പരിധികളും അതിലംഘിച്ചിരിക്കുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെക്കാള്‍ ഭീതിദമായ അവസ്ഥയാണിവിടെ സംജാതമായിരിക്കുന്നത്. യുദ്ധഭൂമിയില്‍പ്പോലും നടക്കാത്തത്ര അതിക്രമങ്ങള്‍ അരങ്ങേറുന്നതായി വാര്‍ത്തകള്‍ വരുന്നു. മെയ്‌തെയ്കളുടെയും കുക്കി/സുമി/നാഗാ വംശജരുടെയും ഇടയില്‍വീണ വിദ്വേഷത്തിന്റെയും ഭിന്നതയുടെയും കനലുകള്‍ തീര്‍ത്താല്‍ തീരാത്ത പകയിലേക്കും നിഷ്ഠുരമായ ക്രൂരതകളിലേക്കും വഴിമാറുകയായിരുന്നു. സംവരണത്തിന്റെയും കുടിയേറ്റത്തിന്റെയും പേരിലുണ്ടായിരുന്ന അകല്‍ച്ചയില്‍ മതം ഒരു ഘടകമേ ആയിരുന്നില്ലെങ്കിലും മതവിദ്വേഷവും ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നു. കലാപത്തില്‍ ഭരണാധികാരികളില്‍നിന്നുണ്ടായ മൗനം കൃത്യമായി ആസൂത്രണം ചെയ്ത വംശഹത്യയാണ് നടക്കുന്നതെന്നതിന്റെ തെളിവാണ്.
വംശീയകലാപത്തിന്റെ നാള്‍വഴി
മേയ് 3: ഹിന്ദുവംശജരായ മെയ്‌തെയ് വിഭാഗക്കാര്‍ക്ക് 
പട്ടികവര്‍ഗപദവി നല്കാന്‍ ശിപാര്‍ശ ചെയ്ത ഹൈക്കോടതിയുത്തരവിനെതിരേ തലസ്ഥാനമായ ഇംഫാലില്‍ കുക്കി/സുമി/നാഗാ ഗോത്രവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പ്രതിഷേധറാലി. നഗരവീഥികളില്‍ പലയിടങ്ങളിലും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം. 
ഏറ്റുമുട്ടലിലുണ്ടായ വെടിവയ്പില്‍ തലയ്ക്കു പരിക്കേറ്റ കുക്കി വംശജനായ എട്ടു വയസ്സുകാരനെ അസം
റൈഫിള്‍സിന്റെ അഭയകേന്ദ്രത്തിലെത്തിക്കുന്നു.
മേയ് 4: പരിക്കേറ്റ കുട്ടിയുമായി ക്യാമ്പില്‍നിന്ന്  ആശുപത്രിയിലേക്കു പോയ ആംബുലന്‍സ് വഴിയില്‍ തടയുന്നു. ചുറ്റുംകൂടിയ ആള്‍ക്കൂട്ടം ആംബുലന്‍സില്‍ മണ്ണെണ്ണയൊഴിച്ചു  തീ കൊളുത്തുന്നു-കുട്ടിയോടൊപ്പ
മുണ്ടായിരുന്ന മെയ്‌തെയ് വംശജയായ അമ്മയും വണ്ടിക്കുള്ളില്‍ കത്തിയമര്‍ന്നു (അവളുടെ ഭര്‍ത്താവ് 
ഒരു കുക്കി ക്രൈസ്തവനായിരുന്നു.)
സംഘടിതരായി തെരുവിലിറങ്ങിയ മെയ്‌തെയ്കള്‍ പൊലീസ്  സ്റ്റേഷനുകളും ആയുധപ്പുരകളും ആക്രമിച്ച് നാലായിരത്തോളം തോക്കുകളും അഞ്ചു ലക്ഷം വെടിയുണ്ടകളും കൈവശപ്പെടുത്തിയതായി വാര്‍ത്ത. സായുധരായി നീങ്ങിയ കലാപകാരികള്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ വീടുകളും കടകളും വിദ്യാ
ഭ്യാസസ്ഥാപനങ്ങളും ആതുരാലയങ്ങളും ആരാധനാലയങ്ങളും തിരഞ്ഞുപിടിച്ചു തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നു.
മുഖ്യമന്ത്രി ബീരേന്‍ സിങ്ങിനെ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശിച്ചുവെന്ന കുറ്റംചുമത്തി അറസ്റ്റു ചെയ്ത ചുരാചന്ദ്പൂര്‍ സ്വദേശിയായ ഹാങ്ങ്‌ലാന്‍മുവാന്‍ വായ്‌ഫെയ് എന്ന ഇരുപത്തൊന്നുകാരനെ കോടതിയില്‍നിന്നു പൊലീസ് ജീപ്പില്‍ ജയിലിലേക്കു കൊണ്ടുപോകുംവഴി ജനക്കൂട്ടം ആക്രമിക്കുന്നു. നാലുവശത്തേക്കും ചിതറിയോടിയ പൊലീസുകാ
രുടെ ആയുധങ്ങള്‍ കൈക്കലാക്കിയ കലാപകാരികള്‍ വായ്‌ഫെയിയെ അടിച്ചുകൊല്ലുന്നു.
ഇംഫാല്‍ നഗരത്തിലെ ഒരു കാര്‍ വാഷിങ് സെന്ററിലെ ജീവനക്കാരായ 21 ഉം 24 ഉം വയസ്സുള്ള രണ്ടു യുവതികളെ കാണാനില്ലെന്ന വാര്‍ത്ത പരക്കുന്നു. ക്രൂരമായ പീഡനത്തിനു വിധേയരായ രണ്ടുപേരും  കൊല്ലപ്പെട്ടുവെന്നാണ്  പിന്നീടു കേട്ടത്. (രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിയിട്ട് മൂന്നു മാസം തികയുന്നു.)
ബിപൈന്യം എന്ന ഗോത്രവര്‍ഗഗ്രാമത്തില്‍ അക്രമത്തിനിരയായ ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ 
മുന്നോട്ടുവന്ന വ്യക്തിയെ കൊലപ്പെടുത്തുന്നു.
ഇതേ ഗ്രാമത്തിലെ മൂന്നു സ്ത്രീകളെ നഗ്‌നരാക്കി അപമാനിച്ച് ഒരു കിലോമീറ്ററോളം നടത്തിയശേഷം രണ്ടുപേരെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. പീഡനത്തിരയായ ഒരു യുവതി അസം റൈഫിള്‍സിലെ മുന്‍ സുബൈദാറായിരുന്ന കാര്‍ഗില്‍ സൈനികന്റെ ഭാര്യയാണ്. മൂന്നു യുവതികളിലെ ഏറ്റവും പ്രായംകുറഞ്ഞവളുടെ അച്ഛനും മകനും എതിര്‍ത്തുനിന്നെങ്കിലും അവരെ ജനക്കൂട്ടം കൊല്ലുന്നു.
ഇംഫാല്‍ നഗരഹൃദയത്തിലുള്ള സെന്റ്‌പോള്‍സ് ഇടവകദൈവാലയവും സമീപത്തുള്ള സെമിനാരിയും കൊള്ളയടിക്കുകയും പെട്രോളും ഗ്യാസ് സിലിണ്ടറുകളുമുപയോഗിച്ച് തീയിട്ടുനശിപ്പിക്കുകയും ചെയ്യുന്നു. ക്രൂശിതരൂപവും ചിത്രങ്ങളും സക്രാരിയും തകര്‍ത്ത് നിലത്തിട്ടു ചവിട്ടുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇരുന്നൂറിലധികം ആരാധനാലയങ്ങളും നിരവധി സ്ഥാപനങ്ങളും അഗ്നിക്കിരയായതായി ഇംഫാല്‍ അതിരൂപത വക്താവ് വെളിപ്പെടുത്തുന്നു. ഇക്കൂട്ടത്തില്‍ 12 ഹൈന്ദവക്ഷേത്രങ്ങളുമുണ്ടെന്നും  മാധ്യമറിപ്പോര്‍ട്ട്. 
വംശീയകലാപത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളിലെ മരണസംഖ്യ ഔദ്യോഗികകണക്കുപ്രകാരം എഴുപതിലേറെ പേരാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലെ പട്ടാളനടപടികളില്‍ ഒട്ടേറെപ്പേര്‍ മരിച്ചതായും വാര്‍ത്ത. അവശ്യ
വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതായി വാര്‍ത്ത പരക്കുന്നു. പെട്രോളിനും ഗ്യാസ് സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമം. ഒരു ലിറ്റര്‍ പെട്രോളിന് 250 രൂപ വരെ വിലയുയര്‍ന്നു. രണ്ടാംദിവസം വൈകുന്നേരം നടന്ന ആക്രമണത്തിനു നേതൃത്വം നല്കിയ ആരം
ഭായി പ്രവര്‍ത്തകര്‍ വസ്തുവകകള്‍ കൊള്ളയടിക്കുകയും കാട്ടില്‍ ഒളിച്ചിരുന്ന എട്ടു സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. അരുതെന്നു കരഞ്ഞുവിളച്ചപേക്ഷിച്ച രണ്ടുപേരെ ഇരുമ്പുവടി
കൊണ്ട് തലയ്ക്കടിച്ചുകൊന്നു. 
മേയ് 15: കറുത്തവേഷമണിഞ്ഞ നാല് ആരം
ഭായ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് 18 വയസ്സുകാരിയെ തട്ടിക്കൊനുപോയി ബലാത്സംഗം ചെയ്യുന്നു. (സംഭവത്തിനുശേഷം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ട  പെണ്‍കുട്ടി രണ്ടു മാസത്തിനുശേഷമാണ്  പൊലീസ് 
സ്റ്റേഷനിലെത്തി  പരാതിപ്പെടുന്നത്) 'മെയ്‌രാ പായ്ബിസ്' (വിളക്കേന്തിയ വനിതകള്‍) എന്ന സംഘ
ടനയിലെ ഒരുകൂട്ടം സ്ത്രീകളാണ് തന്നെ കലാപകാരികള്‍ക്ക് ഏല്പിച്ചുകൊടുത്തതെന്നും അവള്‍ വെളിപ്പെടുത്തി.
ജൂണ്‍ 4: കലാപംതുടങ്ങി ഒരു മാസത്തിനുശേഷം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ സംസ്ഥാനസന്ദര്‍ശനം. പൊലീസ്‌സ്റ്റേഷനുകളിലും ആയുധപ്പുരകളിലുംനിന്നു കടത്തിക്കൊണ്ടുപോയ എ.കെ. 47 തോക്കുകളും വെടിയുണ്ടകളും തിരികെയെത്തിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ അഭ്യര്‍ഥന. കലാപത്തിന് അറുതി വരുത്തണമെന്നും രാഷ്ട്രീയപരിഹാരത്തിനു വഴിയൊരുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചുവെങ്കിലും അതിക്രമങ്ങളും വെടിവയ്പും മുടക്കമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സംസ്ഥാനത്തെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയകലാപമാണ് മണിപ്പൂരിലേതെന്നും, സായുധഗ്രൂപ്പുകള്‍ക്കെതിരേയുള്ള നടപടിയല്ല ഉണ്ടായതെന്നും അമിത് ഷായും മണിപ്പൂര്‍ സര്‍ക്കാരിന്റെ മുഖ്യോപദേഷ്ടാവും സി ആര്‍ പി എഫ് മുന്‍ ഡയറക്ടര്‍ ജനറലുമായ കുല്‍ദീപ് സിങും. സര്‍ക്കാര്‍നടപടികളെല്ലാം  സംസ്ഥാനത്തെ ലഹരിമാഫിയായ്‌ക്കെതിരേയാണെന്നും കുക്കികള്‍ക്കെതിരേയല്ലെന്നും മുഖ്യമന്ത്രി ബിരേന്‍സിങ്ങിന്റെ പ്രസ്താവന. സുരക്ഷാസേനയും കുക്കി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 40 കുക്കികളെ വധിച്ചെന്നും മുഖ്യമന്ത്രി ബിരേന്‍സിംങ്ങിന്റെ അറിവോടെ പോപ്പിച്ചെടികള്‍ കൃഷി ചെയ്യുന്നത് മെയ്‌തെയ്കളാണെന്നും കുറ്റം മുഴുവന്‍ കുക്കികളുടെയും നാഗാവംശജരുടെയുംമേല്‍ കെട്ടിവച്ച് ഭൂമി മുഴുവന്‍ കൈയടക്കാനുള്ള മെയ്തികളുടെ തന്ത്രമാണെന്നും എതിര്‍വാദം.
ജൂലൈ 19: മൂന്നു കുക്കിയുവതികളെ നഗ്നരാക്കി നടത്തുന്നതിന്റെയും ദേഹോദ്രപമേല്പിച്ച് അപമാനിക്കുന്നതിന്റെയും വീഡിയോ, സംഭവം നടന്ന് 77 ദിവസങ്ങള്‍ക്കുശേഷം പുറത്തുവരുന്നു.
ജൂലൈ 20: മണിപ്പൂരിലെ സംഭവവികാസങ്ങള്‍ ക്രൂരവും ഭീകരവും ലോകത്തിനുമുഴുവന്‍ അപമാനകരവുമാണെന്നും യൂറോപ്യന്‍ പാര്‍ലമെന്റും ഫ്രാന്‍സും യുഎസും. എല്ലാവിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യം.
മണിപ്പുരിലെ സംഭവവികാസങ്ങളില്‍ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടല്‍. കലാപം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടിവരുമെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്.
''കുറ്റവാളികളെ വെറുതെ വിടില്ല. അവര്‍ക്കു മാപ്പില്ല'' പ്രധാനമന്ത്രി മോദിയുടെ പ്രതികരണം.
''സംഭവം വേദനാജനകവും ക്രൂരവുമാണ്, പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും'' മുഖ്യമന്ത്രി ബിരേന്‍സിങ്.
ജൂലൈ 21: യുവതികളെ നഗ്‌നരായി നടത്തി അപമാനിച്ച സംഭവത്തില്‍ 19 വയസ്സുകാരന്‍ ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റിലെന്നു വാര്‍ത്ത. മറ്റു14 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് വെളിപ്പെടുത്തല്‍.
ജൂലൈ 22: ''സ്ത്രീകളെ നഗ്നരാക്കി നടത്തിയതും ക്രൂരമായി പീഡിപ്പിച്ചതും മനുഷ്യത്വരഹിതവും ഞെട്ടിക്കുന്നതുമാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എന്നെ കണ്ണീരണയിച്ചു. കലാപത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് മനഃപൂര്‍വമാണ്. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി  അടിയന്തരമായി ഇടപെടണം, മുഖ്യമന്ത്രി ജനങ്ങളോടു മാപ്പു  പറയുകയുംവേണം. സംസ്ഥാനത്തെ 60 എംഎല്‍എമാരെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി ചര്‍ച്ച ചെയ്ത് കലാപത്തിന് അറുതിവരുത്തണം.'' മെയ്‌തെയ് വംശജയും മനുഷ്യാവകാശപ്രവര്‍ത്തികയുമായ ഇറോം ശര്‍മിളയുടെ പ്രതികരണം മാധ്യമങ്ങളില്‍.
ജൂലൈ 25: ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ ഔദ്യോഗികസന്ദര്‍ശനം.  കലാപം തുടങ്ങിയതിനുശേഷം സര്‍ക്കാര്‍തലത്തിലുള്ള ആദ്യ അന്വേഷണം. സംസ്ഥാന പൊലീസ്  മേധാവിയെയും മെയ്‌തെയ് - കുക്കി വനിതാസംഘടനാനേതാക്കളെയും അപമാനിതരായ യുവതികളെയും സന്ദര്‍ശിക്കുന്നു. തങ്ങളെ ജനക്കൂട്ടത്തിനു കൈമാറിയത് പൊലീസാണെന്ന് അതിജീവിതയുടെ മൊഴി.
ജൂലൈ 26: മണിപ്പൂരിനെചൊല്ലി പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന് അനുമതി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും മണിപ്പൂരിനു സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം.
രണ്ടു ബസുകള്‍ക്കും 30 വീടുകള്‍ക്കും മൊറെ ജില്ലയിലെ ഫോറസ്റ്റു ഗസ്റ്റ് ഹൗസിനും തീയിട്ടതായി വാര്‍ത്ത.
മൂന്നു മാസമായിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കുമെതിരേ സുപ്രീംകോടതിയുടെ വിമര്‍ശനം. വിഷയത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ. 
ജൂലൈ 27: കലാപത്തില്‍ 140 പേര്‍  മരിച്ചുവെന്നും 54,000 പേര്‍ പലായനം ചെയ്തുവെന്നും ഔദ്യോഗികറിപ്പോര്‍ട്ട്.
ജൂലൈ 31: 16 പ്രതിപക്ഷ  പാര്‍ട്ടികളിലെ എം പിമാര്‍ കലാപബാധിതമേഖലകള്‍ സന്ദര്‍ശിക്കുന്നു.
ഓഗസ്റ്റ് 1:  മണിപ്പുരിലെ സംഭവവികാസങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലെ അതിക്രമങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് സുപ്രീം കോടതി. കേരളത്തിലടക്കം സമാന അക്രമമെന്ന ബിജെപി അഭിഭാഷികയുടെ വാദം തള്ളി. 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)