•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

സഹനമൂല്യങ്ങളുടെ അര്‍ഥദീപ്തി അല്‍ഫോന്‍സാമ്മ

  • മാര്‍ തോമസ് തറയില്‍
  • 27 July , 2023

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം ക്രൈസ്തവവിശ്വാസത്തിന്റെ അനന്യത നമുക്കു കാട്ടിത്തരുന്നു. മറ്റു മതവിശ്വാസങ്ങളില്‍നിന്നു ക്രൈസ്തവികതയെ വ്യത്യസ്തമാക്കുന്നത് സഹനത്തിനു നല്കുന്ന രക്ഷാകരപ്രാധാന്യമാണ്. കുരിശ്, വണങ്ങാനും അണിയാനുമുള്ള അടയാളം മാത്രമല്ല, രക്ഷ പ്രാപിക്കുന്നതിനനിവാര്യമായ ജീവിതവഴികൂടിയാണ്. അല്‍ഫോന്‍സാമ്മയെ ''സഹനപുഷ്പ''മായി വിശേഷിപ്പിക്കുമ്പോള്‍ അവര്‍ സഹിച്ച രോഗപീഡകളോടുള്ള സഹതാപത്തെക്കാള്‍ നമ്മുടെ മനസ്സിലുണരേണ്ടത് രോഗപീഡകളെ എങ്ങനെ വിശുദ്ധിയിലേക്കുള്ള മാര്‍ഗമാക്കാമെന്നുള്ള ധ്യാനമാണ്.

'ദൈവസ്‌നേഹത്തെപ്രതി സഹനങ്ങളെ സ്വീകരിക്കാനും അവയില്‍ ആനന്ദിക്കാനുമാണ് ഈ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത്' എന്നുപറഞ്ഞ വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനങ്ങളെ ആനന്ദത്തോടെ വരവേല്ക്കാനുള്ള ഉത്തേജനമായി മാറുകയായിരുന്നു. ആത്മീയപിതാവിനെഴുതിയ കത്തില്‍ സഹിക്കാനുള്ള സന്നദ്ധത വിശുദ്ധ അറിയിക്കുന്നുണ്ട്: ''പ്രിയ അച്ചാ, എന്റെ നല്ല നാഥനായ ഈശോ എന്നെ ഏറെ സ്‌നേഹിക്കുന്നതുകൊണ്ട് ഈ രോഗശയ്യയില്‍ കിടന്നുകൊണ്ട് ഇതു മാത്രമല്ല, മറ്റെന്തും ലോകാവസാനംവരെ സഹിക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തെ ഒരു സഹനബലിയാക്കാനാണ് ദൈവം ആഗ്രഹിക്കുന്നത് എന്നതാണെന്റെ ബോധ്യം.''
സഹനങ്ങള്‍ ഒഴിവാക്കാനായി പരക്കംപായുന്ന നമുക്കു സഹനം രക്ഷാകരമാണെന്ന ബോധ്യം  ഉണ്ടാകുക എളുപ്പമല്ല. 'സുഖമായി കഴിയുക' എന്ന മാനുഷികചോദന ശാന്തമായി നിലനില്ക്കുന്നിടത്തോളം, സഹനങ്ങളിലൂടെയേ ദൈവികമഹത്ത്വം അഥവാ യഥാര്‍ഥ സന്തോഷം കണ്ടെത്താനാകൂ എന്ന ചിന്തതന്നെ നമ്മെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. അതുകൊണ്ട്, ദുഃഖവെള്ളിയാഴ്ച ഈശോയുടെ പീഡാനുഭവങ്ങളെയോര്‍ത്തു സഹതപിക്കാന്‍ നമുക്കിഷ്ടമാണെങ്കിലും ജീവിതത്തില്‍ സഹനങ്ങളെ സ്വീകരിക്കുക വിഷമമേറിയതാണ്.
സഹനങ്ങളില്ലാത്ത രക്ഷ ക്രൈസ്തവമോ?
ക്രൈസ്തവവിശ്വാസത്തെ മറ്റേതൊരു മതവുംപോലെ കാണാനാണു പൊതുവെ താത്പര്യം. പ്രാര്‍ഥിക്കുമ്പോള്‍ ഭക്തരില്‍ പ്രസാദിച്ച് എല്ലാ തടസ്സങ്ങളും വേദനകളും മാറ്റിക്കളയുന്ന ഒരു 'ദേവനാ'യി ഈശോയെയും കാണാനാണെളുപ്പം. എന്നാല്‍, വേദനകളെയും കുരിശുകളെയും സഹിക്കാന്‍ ശക്തി നല്കി സാധാരണജീവിതത്തെ അസാധാരണധീരതയോടെ നേരിടാന്‍ സഹായിക്കുന്ന ദൈവത്തെയാണു സുവിശേഷം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. അനേകര്‍ക്കു വേദനകളില്‍നിന്ന് ആശ്വാസം നല്കുമ്പോഴും നമ്മുടെ കര്‍ത്താവ് കുരിശിനെ ഉപേക്ഷിക്കുന്നില്ല. കുരിശില്‍നിന്നിറങ്ങാനും കുരിശിനെ ഒഴിവാക്കാനുമുള്ള പ്രലോഭനങ്ങളെ അവിടുന്നു നേരിട്ടു. പക്ഷേ, കുരിശിലൂടെയുള്ള മഹത്ത്വമാണ് രക്ഷയുടെ മാര്‍ഗമെന്നു കാട്ടിക്കൊടുക്കാന്‍ അവിടുന്നു തീവ്രമായി ആഗ്രഹിച്ചു.
ക്രൈസ്തവപാരമ്പര്യത്തില്‍ പാശ്ചാത്യമാകട്ടെ, പൗരസ്ത്യമാകട്ടെ, പുഷ്പിച്ച കുരിശുകള്‍ സമൃദ്ധമായി കാണാന്‍ കഴിയും. മുകുളങ്ങളുള്ള കുരിശ് പ്രത്യാശയുടെ ചിഹ്നമാണ്. നമ്മുടെ കര്‍ത്താവിന്റെ സഹനത്തെയും ഉത്ഥാനത്തെയും ഒരേസമയം ദ്യോതിപ്പിക്കുന്ന സ്ലീവാ നമ്മെ ഓര്‍മിപ്പിക്കുന്നതും കുരിശിലൂടെയാണു മഹത്ത്വം എന്ന രക്ഷാകരസത്യമാണ്. സഹനങ്ങളില്ലാത്ത രക്ഷ ക്രൈസ്തരക്ഷയല്ല എന്നതും നാം തിരിച്ചറിയണം.
'കുരിശിലൂടെയാണു രക്ഷ' എന്ന വിശ്വാസം നമ്മെ കൂടുതല്‍ ധീരരാക്കുന്നു. ബനഡിക്ട് പതിനാറാമന്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:''സ്വര്‍ഗീയപിതാവ് തനിക്കായി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാനുള്ള ഏകമാര്‍ഗം കുരിശാണെന്ന് അസാധാരണജീവിതം നയിച്ച അല്‍ഫോന്‍സാമ്മയ്ക്കറിയാമായിരുന്നു. അവളുടെ ധീരപുണ്യങ്ങളായ ക്ഷമയും സഹനശക്തിയും സ്ഥിരോത്സാഹവും നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്: ഏതൊരു പരീക്ഷണത്തെയും നേരിടാനുള്ള കരുത്ത് ഈശോ നമുക്കു നല്‍കുന്നു.''
ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരുടെ സഹനം
ബൈബിള്‍ വായിക്കുമ്പോള്‍ നാം കണ്ടുമുട്ടുന്ന എല്ലാ വ്യക്തികളുടെയും ജീവിതത്തില്‍ സഹനമുണ്ട്. ദൈവം ഏറ്റവുമധികം സ്‌നേഹിച്ചയാളാണു മോശ. അദ്ദേഹത്തെ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ അവിടുന്നു നയിച്ചു. ഒടുവില്‍, കാനാന്‍ദേശം കാണാനായില്ലെന്ന ദുഃഖത്തോടെ അദ്ദേഹം മരണം വരിച്ചു. ഒത്തിരി സ്‌നേഹിച്ചിട്ടും ജീവിതത്തിലെ സഹനങ്ങളൊന്നും കര്‍ത്താവു മാറ്റിക്കൊടുത്തില്ല. എന്നാല്‍, വലിയ പ്രതിസന്ധികളില്‍ കൂടെനിന്നു ശക്തിപ്പെടുത്തി. പൂര്‍വപിതാവായ യൗസേപ്പിനോട് സ്വന്തം സഹോദരങ്ങള്‍ ക്രൂരത കാട്ടിയപ്പോഴൊന്നും ആ സഹനങ്ങള്‍ കര്‍ത്താവു മാറ്റിക്കൊടുത്തില്ല. എല്ലാ വേദനകളിലൂടെയും അദ്ദേഹം കടന്നുപോയി. പക്ഷേ, 'കര്‍ത്താവ് അവനോടുകൂടെയുണ്ടായിരുന്നു.'  സഹനങ്ങളെ ഇല്ലാതാക്കാനല്ല, സഹനങ്ങളിലൂടെ ലക്ഷ്യത്തിലെത്തിക്കാനാണ് കര്‍ത്താവു കൂടെ നില്‍ക്കുന്നത്. പുതിയ നിയമത്തില്‍ സ്വപുത്രന്‍ കുരിശേറുമ്പോള്‍ ആ സഹനത്തിന്റെ പാനപാത്രം മാറ്റിക്കൊടുക്കുന്നില്ല. എന്നാല്‍, ഒരു മാലാഖ വന്ന് അവനെ ശക്തിപ്പെടുത്തി. മനുഷ്യരക്ഷയ്ക്ക്  സഹനങ്ങള്‍ ആവശ്യമായതുകൊണ്ട് ദൈവം അവ അനുവദിക്കുന്നു. സഹിക്കുന്ന മനുഷ്യനില്‍നിന്നു മാറിനില്ക്കുന്നവനല്ല, അവനെ ശക്തിപ്പെടുത്തുന്നവനാണ് നമ്മുടെ ദൈവം. പന്ത്രണ്ട് അപ്പസ്‌തോലന്മാരും പീഡനങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും കടന്നുപോയാണ് മരിച്ചത്. സഹനങ്ങള്‍ അവര്‍ ആനന്ദത്തോടെ ഏറ്റുവാങ്ങി.
ദൈവഹിതമനുസരിച്ചു ജീവിക്കുന്നവര്‍ക്ക് സഹനങ്ങളുണ്ടാകില്ല എന്നൊരു ധാരണ നമ്മുടെയെല്ലാം ഉള്ളിലുണ്ട്. എന്നാല്‍, സുവിശേഷത്തില്‍ കുരിശ് രക്ഷയിലേക്കുള്ള മാര്‍ഗമായിരിക്കുന്നിടത്തോളം സഹനങ്ങളെ ഒഴിവാക്കാനുള്ള   ആത്മീയത യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല. 'എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി  പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍'' (മത്താ. 5:11)
സഹനത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ അല്‍ഫോന്‍സാമ്മ
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നിഷ്‌കളങ്കമായ പ്രാര്‍ഥനാനുഭവവും വിശുദ്ധയാകാനുള്ള തീവ്രമായ ആഗ്രഹവും സഹനമെന്ന ദിവ്യരഹസ്യത്തിന്റെ ആഴങ്ങളിലേക്ക് അമ്മയെ നയിച്ചു. ചെറുപ്രായത്തില്‍ത്തന്നെ തന്റെ സഹനങ്ങളുടെ രക്ഷാകരമൂല്യം വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കു പകര്‍ന്നുകിട്ടിയിരുന്നിരിക്കണം. സഹനങ്ങള്‍ അമ്മയ്ക്ക് ആത്മീയാനുഭവങ്ങളായിരുന്നു.
സഹനങ്ങളെ രക്ഷാകരമായി സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ നമ്മുടെ മനസ്സിലും ആനന്ദം നിറയും. ധൈര്യത്തോടെ ജീവിക്കാന്‍ നമുക്കു കഴിയും. ലോകത്തെ ഭയപ്പെടാതെ, ആത്മരക്ഷ ലക്ഷ്യമാക്കി ജീവിക്കാന്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ നമുക്കു പ്രചോദനവും ശക്തിയും നല്കുന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)