•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

കൈക്കൂലിക്കു കൈകോര്‍ക്കാനോ ഈ ഉദ്യോഗം?

ദിവസങ്ങളില്‍ രാവിലെ പത്രമെടുത്താല്‍ മുഖ്യമായി കാണുന്ന വാര്‍ത്തയാണ് കൈക്കൂലി. എന്നും വായിക്കുന്നതുകൊണ്ട് പലര്‍ക്കും അതൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിയാവട്ടെ ആദ്യമൊക്കെ ഇക്കാര്യം തീരെ അവഗണിക്കുകയായിരുന്നു. ഒടുവില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനംകേട്ടു മടുത്ത് അദ്ദേഹം വാ തുറന്നു.
മുഖ്യമന്ത്രി സര്‍ക്കാരുദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചുകൂട്ടി. സത്യസന്ധരും കാര്യക്ഷമതയുള്ളവരുമായവരെ പ്രശംസിച്ചതിനുശേഷം അദ്ദേഹം കാര്യത്തിലേക്കു കടന്നു. സര്‍ക്കാരിനു മുഴുവനും ദുഷ്‌പേരുണ്ടാക്കുന്നവിധം കൈക്കൂലി വാങ്ങുന്നവരെ അദ്ദേഹം വെറുതെ വിട്ടില്ല. എല്ലാ ഡിപ്പാര്‍ട്ടമെന്റുകളില്‍നിന്നും അദ്ദേഹത്തിനു ലഭിച്ചത് പരാതികളുടെ ഒരു കൂമ്പാരമായിരുന്നു. താഴ്ന്ന ജോലിക്കാര്‍ മുതല്‍ നാലക്കശബളം കൈപ്പറ്റുന്ന മേലുദ്യോഗസ്ഥന്മാര്‍ വരെ കൈക്കൂലി വാങ്ങുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടത് റവന്യൂ ഡിപ്പാര്‍ട്ടമെന്റിലാണെന്ന് പരാതിയുണ്ടായി. പാവപ്പെട്ട ജനം ഒരു തുണ്ടു ഭൂമി സ്വന്തമായി കിട്ടാന്‍ എത്രയെത്ര ഓഫീസുകളാണ് കയറിയിറങ്ങുന്നത്! ഗതാഗതവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, ഇലക്ട്രിസിറ്റി, ജലവിതരണം, പൊലീസ്, ഇന്‍കംടാക്‌സ്, കസ്റ്റംസ് എന്നു തുടങ്ങി എല്ലാ വിഭാഗങ്ങളിലും ധാരാളം കൈക്കൂലിക്കാര്‍. ഇവരെല്ലാം കൈക്കൂലിക്കു ഡോക്ടറേറ്റു സമ്പാദിച്ചവരാണോ എന്നു തോന്നിപ്പോകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നീതിന്യായക്കോടതികളില്‍പോലും അന്യായം നടക്കുന്നു എന്നതാണ് പലരുടെയും അനുഭവം സാക്ഷിക്കുന്നത്. കിട്ടുന്ന ശമ്പളം പലരും കണക്കാക്കുന്നതേയില്ല. ഓപ്പറേഷനും മറ്റും നടത്താന്‍ ചില ഡോക്ടര്‍മാരെങ്കിലും കൈക്കൂലി ചോദിച്ചുവാങ്ങുന്നു.
കൈക്കൂലി എന്ന തിന്മ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പെഴുതിയ വിശുദ്ധ ബൈബിളിലും കൈക്കൂലിയെപ്പറ്റി പരാമര്‍ശമുണ്ട്. പ്രവാചകന്മാരില്‍ മുഖ്യനായ ഏശയ്യായുടെ വാക്കുകള്‍: ''തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!... കൈക്കൂലി വാങ്ങി കുറ്റവാളിയെ മോചിപ്പിക്കുകയും നിരപരാധര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! തീനാളത്തില്‍ വൈക്കോല്‍ത്തുരുമ്പുപോലെ, അഗ്നിജ്വാലയില്‍  ഉണക്കപ്പുല്ലുപോലെ അവരുടെ വേരു ജീര്‍ണിക്കും. അവരുടെ പുഷ്പങ്ങള്‍ പൊടിപോലെ പറന്നുപോകും. കാരണം, അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നിയമത്തെ നിരസിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ വചനത്തെ നിന്ദിക്കുകയും ചെയ്തു'' (ഏശയ്യാ. 5:20, 24).
തെറ്റായ വിധി പ്രസ്താവിക്കുന്ന ന്യായാധിപന്മാര്‍ പാപകരമായ കുറ്റമാണു ചെയ്യുന്നതെന്ന് മിശിഹായ്ക്കു  മുന്നോടിയായി വന്ന സ്‌നാപകയോഹന്നാന്‍ ഉദ്‌ബോധിപ്പിച്ചു. യോഹന്നാന്റെ പ്രസംഗം കേട്ടു മാനസാന്തരമുണ്ടായവര്‍ ഓരോരുത്തരായി അദ്ദേഹത്തിന്റെ അടുക്കലെത്തി തങ്ങളെന്താണ് ഉടന്‍ ചെയ്യേണ്ടതെന്നു ചോദിച്ചു. അക്കൂട്ടത്തില്‍ പടയാളികളുമുണ്ടായിരുന്നു. ''ഗുരോ, ഞങ്ങളെന്താണു ചെയ്യേണ്ടത്?'' അവര്‍ ചോദിച്ചു.
''നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുറ്റാരോപണം അരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം'' (ലൂക്കാ. 3:14). കൈക്കൂലി വാങ്ങുക അന്ന് പടയാളികളുടെ ഇടയില്‍ പതിവായിരുന്നു എന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. 
ഈശോയുടെ പുനരുത്ഥാനദിനത്തില്‍ ചില യഹൂദപ്രമാണികള്‍ പടയാളികളെ കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കുന്നതായും അവര്‍ പണം സ്വീകരിച്ചുകൊണ്ട് ഒരു വലിയ നുണ പ്രചരിപ്പിക്കുന്നതായും കാണാം. ഈശോയുടെ ശരീരം ഭദ്രമായി മൂടിയതിനുശേഷം, പീലാത്തോസിന്റെ അനുവാദത്തോടെ കല്ലറയ്ക്കു കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കാരണം, ഈശോയുടെ മൃതദേഹം അവന്റെ ശിഷ്യന്മാര്‍ മോഷ്ടിച്ചുകൊണ്ടു പോയേക്കുമെന്ന് പുരോഹിതപ്രമാണികള്‍ ശങ്കിച്ചിരുന്നു. പക്ഷേ, മുദ്രവച്ചടച്ച കല്ലറയ്ക്ക് ഈശോയെ മറച്ചുവയ്ക്കുവാന്‍ കഴിഞ്ഞില്ല. അവിടുന്ന് മുന്‍കൂട്ടി  അറിയിച്ചിരുന്നതുപോലെ ഉയിര്‍ത്തെഴുന്നേറ്റു. മൃതദേഹം കല്ലറയിലില്ലെന്നു മനസ്സിലാക്കി പടയാളികള്‍ ഭയപ്പെട്ടു. അവര്‍ നഗരത്തില്‍ചെന്ന് പ്രധാന പുരോഹിതന്മാരെ വിവരം അറിയിച്ചു. അവരും മറ്റു പ്രമാണികളുംകൂടി ആലോചിച്ചതിനുശേഷം പടയാളികള്‍ക്കു വേണ്ടത്ര പണം കൊടുത്തിട്ടു പറഞ്ഞു: ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ ശിഷ്യന്മാര്‍ വന്ന്  ആ മൃതദേഹം മോഷ്ടിച്ചുകൊണ്ടുപോയി എന്നു പറയുവിന്‍. ദേശാധിപതി അറിഞ്ഞാല്‍ ഞങ്ങള്‍ അവനെ സ്വാധീനിച്ച് നിങ്ങള്‍ക്ക് ഉപദ്രവം വരാതെ നോക്കിക്കൊള്ളാം. അവര്‍ പണം വാങ്ങി നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു(മത്താ. 28, 11-15).
കൈക്കൂലി വാങ്ങുന്നതില്‍ ഭരണാധികാരികള്‍പോലും തത്പരരാണെന്ന് അപ്പസ്‌തോലന്മാരുടെ നടപടിപ്പുസ്തകത്തില്‍ വായിക്കുന്നു. യഹൂദന്മാര്‍ പൗലോസിനെ തങ്ങളുടെ മുഖ്യശത്രുവായിട്ടാണ് കണ്ടത്. അദ്ദേഹത്തെ ശിക്ഷിക്കണം, വധിക്കണം എന്നായിരുന്നു അവരുടെ ഉദ്ദേശ്യം. അവര്‍ പൗലോസിനെ പിടിച്ചു ബന്ധിച്ച് റോമന്‍ ദേശാധിപതി ആയിരുന്ന ഫേസ്തൂസിന്റെ മുമ്പില്‍ ഹാജരാക്കി. പൗലോസിനെതിരേ പല കുറ്റങ്ങളും അവര്‍ ആരോപിച്ചു. ദേശാധിപതി കല്പിച്ചതനുസരിച്ച് അപ്പസ്‌തോലന്‍ തന്റെ വാദങ്ങള്‍ ഒന്നൊന്നായി നിരത്തി. യേശുവിലുള്ള നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും അദ്ദേഹം പറയുന്നതു കേട്ട ദേശാധിപതി ഭയപ്പെട്ടു. അയാള്‍ വിധിയൊന്നും പ്രസ്താവിച്ചിട്ടില്ല. പിന്നീട് സമയമുള്ളപ്പോള്‍ നിന്നെ വിളിക്കാമെന്ന് അധികാരി പറഞ്ഞു. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അയാള്‍ സ്ഥലം മാറിപ്പോയി. പൗലോസില്‍നിന്ന് കൈക്കൂലി കിട്ടുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നു (അപ്പ. നട. 24: 25-27).
അപ്പസ്‌തോലപ്രമുഖരായ പത്രോസിനെയും പൗലോസിനെയുംപോലും കൈക്കൂലിക്കെണിയില്‍ വീഴ്ത്താന്‍ ശ്രമം നടന്നു. അവരിരുവരും സമരിയായിലെത്തിയത് അവിടെയുള്ള ആദിമക്രൈസ്തവര്‍ക്ക് തങ്ങളുടെ കൈവയ്പുവഴി പരിശുദ്ധാത്മാവിനെ നല്‍കാനാണ്. അവിടത്തെ ആളുകള്‍ മുമ്പേതന്നെ ജ്ഞാനസ്‌നാനം സ്വീകരിച്ചവരായിരുന്നു. തദവസരത്തില്‍ ശിമയോന്‍ എന്നൊരാള്‍ ഒരപേക്ഷയുമായി ശ്ലീഹന്മാരെ സമീപിച്ചു. ഒരിക്കല്‍ മന്ത്രവാദം ചെയ്തിരുന്ന ആളായിരുന്നു ശിമയോന്‍. അയാള്‍, അവര്‍ക്കു പണം നല്‍കിക്കൊണ്ട് അഭ്യര്‍ഥിച്ചു. ''ഞാന്‍ ആരുടെമേല്‍ കൈകള്‍വച്ചാലും അവര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരിക.'' ഉടന്‍തന്നെ പത്രോസ് ഇപ്രകാരമാണ് ശിമയോനോടു പറഞ്ഞത്: ''നിന്റെ വെള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ. എന്തെന്നാല്‍ ദൈവത്തിന്റെ ദാനം പണംകൊടുത്തു വാങ്ങാവുന്നതാണെന്ന് നീ വ്യാമോഹിച്ചു. നിനക്ക് ഇക്കാര്യത്തില്‍ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുന്നതല്ല. കാരണം, നിന്റെ ഹൃദയം ദൈവന്നിധിയില്‍ ശുദ്ധമല്ല'' (അപ്പ. നട. 8: 19-21).
നമ്മുടെ ഉദ്യോഗസ്ഥന്മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ തെളിവുകള്‍ എത്രയെണ്ണം വേണമെങ്കിലും നിരത്തിവയ്ക്കാന്‍ കഴിയും. എല്ലാ മേഖലകളിലുമുള്ള സര്‍ക്കാര്‍ജീവനക്കാര്‍ സ്ത്രീപുരുഷഭേദമെന്യേ, കൈക്കൂലി വാങ്ങുന്ന വാര്‍ത്ത ഫോട്ടോസഹിതമാണ് പത്രങ്ങളിലടിച്ചുവരുന്നത്. ഈ ലേഖനം എഴുതിത്തുടങ്ങിയശേഷം സംഭവിച്ച രണ്ടു കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താം.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി നല്ല തുക ശമ്പളം പറ്റിയിരുന്ന ഉദ്യോഗസ്ഥന് അതുകൊണ്ടൊന്നും തൃപ്തിവന്നില്ല. തന്നെ സമീപിച്ച അപേക്ഷകനില്‍നിന്ന് പതിനായിരം രൂപ കിട്ടിയെങ്കിലേ കാര്യം സാധിച്ചു കൊടുക്കൂ. തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി ചീഫ് ഇന്‍സ്‌പെക്ടറായി പ്രൊമോഷനോടെ സ്ഥലം മാറാനിരുന്ന സമയത്താണ് ഈ ദുരന്തം. പുതിയ തസ്തികകളില്‍ കൈക്കൂലിക്കു കൂടുതല്‍ സാധ്യത ഉണ്ടെന്നും അയാള്‍ സ്വപ്നം കണ്ടിട്ടുണ്ടാവണം. പക്ഷേ, അപ്രതീക്ഷിതമായി വിജിലന്‍സിന്റെ പിടിയിലകപ്പെട്ടു.
''കൈക്കൂലി വാങ്ങുന്നതിനിയെ റവന്യൂ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍'' ജൂണ്‍ 5 ലെ ഒരു വലിയ വാര്‍ത്തയാണ്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടുന്നതിനായി ഒരു പാവപ്പെട്ട മനുഷ്യനോട് രണ്ടായിരം രൂപയാണ് ഈ ഉദ്യോഗസ്ഥന്‍ വാങ്ങിയത്. ഇപ്രകാരം കിട്ടിയ തുക പാന്റിന്റെ പോക്കറ്റില്‍ ഇട്ടതോടെ അവിടെ എത്തിയിരുന്ന വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന്, ഉദ്യോഗസ്ഥന്റെ പാന്റ് തെളിവിനായി അഴിച്ചുമാറ്റി മുണ്ടുടുപ്പിച്ചാണ് തുടര്‍നടപടികള്‍ തീര്‍ത്തത്.
കൈക്കൂലി എന്ന ദുര്‍ഭൂതത്തിന്റെ പിടിയില്‍നിന്ന് നമ്മുടെ നാട് എന്നു വിമുക്തമാകും? ആര്‍.ടി.ഒ. ഓഫീസില്‍ ജോലി കിട്ടിയ സത്യസന്ധനും സല്‍സ്വഭാവിയുമായ ഒരു യുവാവിനോട്, ജോലിയില്‍ പ്രവേശിച്ച് ഏതാനും മാസം കഴിഞ്ഞപ്പോള്‍, പണി എങ്ങനെ പോകുന്നു എന്ന് ഞാന്‍ വിവരം തിരക്കി. അപ്പോള്‍ അയാള്‍ പറഞ്ഞത്, 'കൈക്കൂലി വാങ്ങാതിരിക്കാന്‍ ഒരു നിവൃത്തിയുമില്ല. കാരണം, കൈക്കൂലി വാങ്ങാത്ത മറ്റാരും ആ ഓഫീസിലില്ല' എന്നാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)