•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

അഭികാമ്യമോ ഏകവ്യക്തിനിയമം?

  • ജോര്‍ജ് കള്ളിവയലില്‍
  • 13 July , 2023

നീതിബോധവും സഹോദരസ്‌നേഹവും ഉള്ളവര്‍ തല്‍ക്കാലം യുസിസിയെ കണ്ണുമടച്ച് എതിര്‍ക്കുകയോ അനുകൂലിക്കുകയോ വേണ്ട. യുസിസിയുടെ ഗുണദോഷങ്ങള്‍ വേര്‍തിരിക്കപ്പെടട്ടെ. സ്വാതന്ത്ര്യം, നീതി, തുല്യത തുടങ്ങിയവ സമവായത്തിലൂടെ ഉറപ്പാക്കുകയാണു പ്രധാനം. ഭൂരിപക്ഷമതവും സംസ്‌കാരവും ആചാരങ്ങളും നിയമങ്ങളും ഭാഷയും രാഷ്ട്രീയവുമൊക്കെ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്നത് ഇന്ത്യയുടെ സ്വത്വത്തിനും ഭരണഘടനയുടെ സാരാംശത്തിനും എതിരാണ്. പാര്‍ലമെന്റിലും നിയമസഭകളിലും ബന്ധപ്പെട്ട എല്ലാ മത, ഗോത്ര, രാഷ്ട്രീയനേതാക്കള്‍ക്കിടയിലും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യവും നാം കാത്തുപരിപാലിക്കണം. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ഊര്‍ജവും ശക്തിയും.

ഏകവ്യക്തിനിയമം എന്ന യൂണിഫോം സിവില്‍ കോഡ് (യുസിസി) വലിയ ചര്‍ച്ചയിലും വിവാദത്തിലുമാണിപ്പോള്‍. ഏകവ്യക്തിനിയമം നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യപ്രസ്താവനയെത്തുടര്‍ന്നാണു ചര്‍ച്ച സജീവമായിരിക്കുന്നത്. മണിപ്പൂര്‍ കത്തിയെരിയുമ്പോഴും മൗനം തുടരുന്ന പ്രധാനമന്ത്രിയാണ് വ്യക്തിനിയമത്തെക്കുറിച്ചു വാചാലനാകുന്നത്. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വോട്ടുകളുടെ ധ്രുവീകരണം മോദി ലക്ഷ്യമിടുന്നുവെന്നതില്‍ സംശയിക്കാനില്ല. ഏതായാലും രാജ്യത്തെ രാഷ്ട്രീയ, മത, ഗോത്ര നേതാക്കളും സാധാരണക്കാരുംവരെ യുസിസിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. പക്ഷം ചേരാത്തവരും ഏറെയുണ്ട്. മണിപ്പൂരില്‍ ക്രൈസ്തവരെ വംശഹത്യ വരുത്താന്‍ തുടങ്ങിയിട്ടു രണ്ടു മാസം പിന്നിടുമ്പോഴും ജനങ്ങള്‍ക്കു സുരക്ഷയും സംരക്ഷണവും ആശ്വാസവും നല്‍കേണ്ട പ്രധാനമന്ത്രിയുടെ മൗനം ദുഃഖകരവും അപകടകരവുമാണ്. ക്രൈസ്തവരെ മാത്രമല്ല, അവരുടെ ദേവാലയങ്ങള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവ തിരഞ്ഞുപിടിച്ചു തകര്‍ക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്യുമ്പോഴും നിയമപാലകരും പട്ടാളക്കാരുംപോലും അക്രമികളെ പരോക്ഷമായും നേരിട്ടും സഹായിക്കുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുംപോലും കുക്കി ഗോത്രത്തില്‍പ്പെട്ട നാലു ക്രൈസ്തവരെ കൊന്നു. ഒരാളുടെ തലയറുത്തു വേലിയില്‍ വച്ചതുപോലുള്ള കൊടുംക്രൂരതകളാണ് മേയ് മൂന്നിനു തുടങ്ങിയ കലാപം ജൂലൈയിലേക്കു കടക്കുമ്പോഴും ഉണ്ടായത്.
ലക്ഷ്യവും മാര്‍ഗവും ഒന്നാകണം
ജാതി മത വര്‍ഗ ലിംഗ വ്യത്യാസമില്ലാതെ രാജ്യത്താകെ ഒരേ വ്യക്തിനിയമം നടപ്പാക്കുകയാണ് യുസിസിയുടെ ലക്ഷ്യം. ഇന്ത്യയിലാകെ ഒരു ഏകീകൃത സിവില്‍ കോഡിന് ഭരണകൂടം ശ്രമിക്കണമെന്നു ഭരണഘടനയുടെ 44-ാം അനുച്ഛേദം നിര്‍ദേശിച്ചിട്ടുമുണ്ട്. പക്ഷേ, നിര്‍ബന്ധമായും നടപ്പാക്കേണ്ട നിയമങ്ങളില്‍നിന്ന് ഏകവ്യക്തിനിയമത്തെ ഭരണഘടനാശില്പികള്‍ ഒഴിവാക്കിയിരുന്നു. പകരം, ഇതൊരു നിര്‍ദേശകതത്ത്വംമാത്രമാണ്. അനുച്ഛേദം 37 ല്‍ ഇതു വ്യക്തമാക്കുന്നുണ്ട്. മാര്‍ഗനിര്‍ദേശതത്ത്വങ്ങള്‍ നടപ്പാക്കാന്‍ കോടതികള്‍ക്കും കഴിയില്ല. 
ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യമോ അഭികാമ്യമോ അല്ലെന്ന് 21-ാം നിയമ കമ്മീഷന്‍ 2018 ല്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, വ്യക്തിനിയമങ്ങളിലെ വിവേചനവും അസമത്വവും പരിഹരിക്കുന്നതിനു നിലവിലുള്ള കുടുംബനിയമങ്ങള്‍ പരിഷ്‌കരിക്കാനും ക്രോഡീകരിക്കാനും ഇതേ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. യുസിസി പ്രശ്‌നത്തില്‍ വീണ്ടും പരിശോധന വേണമെന്ന് പാര്‍ലമെന്ററി പാനലിനുമുമ്പാകെ കഴിഞ്ഞ തിങ്കളാഴ്ച നിയമക്കമ്മീഷന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ, തെലുങ്കാനയിലെ ബിആര്‍എസ്, മുസ്‌ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളും ഏകവ്യക്തിനിയമനീക്കത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. 
ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്നു നിയമക്കമ്മീഷന്‍ശിപാര്‍ശ ഉണ്ടായിട്ടും കൂടിയാലോചന തുടങ്ങിയ പാര്‍ലമെന്ററി സമിതിയുടെ നീക്കം ബിജെപിയുടെ രാഷ്ട്രീയനീക്കമാകും. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് സമിതിയുടെ അധ്യക്ഷന്‍. നിയമം നീതി, ഉദ്യോഗസ്ഥര്‍, പൊതുപരാതികള്‍ എന്നിവയെക്കുറിച്ച് പരിശോധിക്കുന്ന സമിതിയാണിത്. എന്നാല്‍ സുശീല്‍ മോദി അധ്യക്ഷനായ ഇതേ സമിതിയിലെ ചില നിര്‍ദേശങ്ങളില്‍ രാഷ്ട്രീയം വ്യക്തമാണ്.
ഒഴിവാക്കിയാല്‍ ഏകീകൃതമാകില്ല 
രാജ്യത്താകെയുള്ള ആദിവാസിസമൂഹങ്ങളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും നിര്‍ദ്ദിഷ്ട ഏകവ്യക്തിനിയമത്തിന്റെ പരിധിയില്‍നിന്നൊഴിവാക്കാനാണു ബിജെപിക്കു ഭൂരിപക്ഷമുള്ള സമിതിയിലെ ചര്‍ച്ച. ചില വിഭാഗങ്ങള്‍ക്കും  ഗ്രൂപ്പുകള്‍ക്കും അവരുടെ ആചാരങ്ങള്‍ പിന്തുടരാന്‍ സഹായിക്കുന്നതിനു ചില ഒഴിവാക്കലുകള്‍ അനുവദിക്കണമെന്നാണു നിര്‍ദേശം. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവരുടെ സമ്മതമില്ലാതെ കേന്ദ്രനിയമങ്ങള്‍ ബാധകമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. 
തങ്ങളുടെ തനതായ ആചാരങ്ങളും പരമ്പരാഗതനിയമങ്ങളും തുടച്ചുനീക്കപ്പെടുമെന്നും യുസിസി അംഗീകരിക്കില്ലെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും സഖ്യകക്ഷികളും രേഖാമൂലം വ്യക്തമാക്കിയിട്ടുï്. ആദിവാസിഭൂമി മുതല്‍ പലതിലും മറ്റുള്ളവര്‍ കൈകടത്താനും തട്ടിയെടുക്കാനും ശ്രമിക്കുന്നുവെന്ന പരാതി വ്യാപകമാണ്. നാഗാലാന്‍ഡ്, മിസോറാം, മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളില്‍ യുസിസിക്കെതിരേ പ്രതിഷേധം ശക്തമാണ്. ഹിന്ദുവിഭാഗങ്ങളില്‍പോലും ഏകരൂപം ഇല്ലെന്നതു രഹസ്യവുമല്ല. ഏകവ്യക്തിനിയമം ആദ്യം ഹിന്ദുക്കള്‍ക്കിടയില്‍ നടപ്പാക്കട്ടേയെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവനയില്‍ ഇതു വ്യക്തം.
ആരെയെങ്കിലുമൊക്കെ ഒഴിവാക്കിയാല്‍ പിന്നെ എങ്ങനെയാണ് ഏകീകൃത സിവില്‍ നിയമം ആകുന്നതെന്ന ചോദ്യത്തിന് ഉത്തരമുണ്ടാകില്ല. വോട്ടുബാങ്കും സമുദായവും പരിഗണിച്ചാണു നിയമനീക്കം എന്നതാണു ദുരന്തം. ബിജെപിക്കു പുറമേ ശിവസേനയുടെ ഉദ്ധവ്, ഷിന്‍ഡെ വിഭാഗങ്ങളും മായാവതിയുടെ ബിഎസ്പിയും യുസിസിയെ പിന്തുണയ്ക്കുമെന്നാണു സൂചന. ആം ആദ്മി പാര്‍ട്ടി, ബിജെഡി, ടിഡിപി, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളും ബില്‍ പാസാക്കാന്‍ സഹായിച്ചേക്കും. 
ഏകനീതി വേണം; പക്ഷേ...
വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം, അനന്തരാവകാശം എന്നിവയ്ക്ക് രാജ്യത്താകെ ഒരു പൊതുനിയമം എന്നതാണു യൂണിഫോം സിവില്‍ കോഡ്. മതം, ജാതി, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, ലിംഗവ്യത്യാസം എന്നിവയൊന്നും പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരേ നിയമം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ വ്യക്തിനിയമങ്ങള്‍ക്കു പകരമാണിത്.
നിലവില്‍ 1956 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമപ്രകാരമാണ് ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനര്‍, സിക്കുകാര്‍ എന്നിവരുടെ പിന്തുടര്‍ച്ചാവകാശങ്ങള്‍. ക്രൈസ്തവര്‍, പാഴ്‌സികള്‍, ജൂതര്‍ എന്നിവര്‍ക്ക് 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമമാണു ബാധകം. ഇതനുസരിച്ച്, പൂര്‍വികസ്വത്ത് അടക്കം മാതാപിതാക്കളുടെ സ്വത്തില്‍ വിവാഹിതരും അവിവാഹിതരുമായ മക്കള്‍ക്കു തുല്യാവകാശമുണ്ട്. എന്നാല്‍, മുസ്‌ലിം വ്യക്തിനിയമത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. മുസ്‌ലിം പെണ്‍മക്കള്‍ക്ക് ആണ്‍മക്കളുടെ ഒപ്പം വിഹിതം ലഭിക്കുന്നില്ല. മക്കളുടെ എണ്ണം അടക്കമുള്ളവ അനുസരിച്ചാണു ഭര്‍ത്താവിന്റെ സ്വത്തിന്മേലുള്ള മുസ്‌ലിം സ്ത്രീകളുടെ അര്‍ഹത. 
മുത്തലാക്ക് നിരോധനംപോലെ യുസിസിയെ സ്വാഗതം ചെയ്യുന്ന മുസ്‌ലിം സ്ത്രീകളുണ്ടായതിനു കാരണമിതാണ്. വിവിധ മതവിഭാഗങ്ങളില്‍ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും വ്യത്യസ്തമാണ്, ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും മറ്റും വിവാഹം പവിത്രമായൊരു കൂദാശയും ജീവിതാവസാനം വരെയുള്ള ഉടമ്പടിയുമാണ്. മുസ്‌ലിംകള്‍ക്കാകട്ടെ വിവാഹം ഒരു കരാറാണ്. ചില കാര്യങ്ങളിലെങ്കിലും മുസ്‌ലിംസ്ത്രീകള്‍ക്കു വിവേചനം തുടരുന്നതാണു പല മുസ്‌ലിം പണ്ഡിതരുടെയും പാര്‍ട്ടികളുടെയും നിലപാട്.
തിടുക്കം രാഷ്ട്രീയലാക്കിന്
ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പുള്ള അനാവശ്യതിടുക്കത്തിനുപിന്നില്‍ രാഷ്ട്രീയദുഷ്ടലാക്ക് ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. ഏകവ്യക്തിനിയമത്തില്‍ എന്തൊക്കെ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയാലേ ചര്‍ച്ചകള്‍ക്കു പ്രസക്തിയുള്ളൂ എന്നു മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനും എംപിയും പറഞ്ഞതാണു ശരി. എല്ലാ വ്യക്തിനിയമങ്ങളും ഒന്നാക്കാന്‍ കഴിയുമോ? യുസിസി നിര്‍ദേശം എന്താണെന്നു വ്യക്തമാക്കാതെ നടത്തുന്ന ചര്‍ച്ചകള്‍ വൃഥാവിലാണ്. യുസിസിയെക്കുറിച്ച് പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാരോ ഒരു കാര്യവും പറഞ്ഞിട്ടില്ല. 
ഗോവയില്‍ വ്യത്യസ്തനിയമമാണുള്ളത്. കേരളത്തിലെ നായര്‍കുടുംബങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അനന്തരാവകാശരീതികള്‍ വ്യത്യസ്തമാണ്. കേരളത്തിലെ നായര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഖാസികള്‍, ഗാരോ മലകളിലെ ഗോത്രവര്‍ഗക്കാര്‍ തുടങ്ങിവരില്‍ മാതൃവംശീയരീതികളാണ് ഇപ്പോഴുമുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ യുസിസിയില്‍നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞ തിങ്കളാഴ്ചകൂടിയ പാര്‍ലമെന്ററിസമിതിയില്‍ ബിജെപിതന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. ഏകവ്യക്തിനിയമത്തിനെതിരേ മിസോറാം നിയമസഭ കഴിഞ്ഞ ഫെബ്രുവരി 14 ന് പ്രമേയം പാസാക്കുകയും ചെയ്തു. 
ആചാരങ്ങള്‍ ഒന്നാക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ഭരണഘടനയുടെ അനുച്ഛേദം 13 അനുസരിച്ച്, ആചാരങ്ങളും നിയമങ്ങളാകുമെന്നു കപില്‍ സിബല്‍ ഓര്‍മിപ്പിക്കുന്നു. യുസിസി എന്നാല്‍ എന്താണെന്നും നിയമത്തിന്റെ കരട് എന്താണെന്നും ആദ്യം സര്‍ക്കാര്‍ വ്യക്തമാക്കട്ടെ. ഹിന്ദു പിന്തുടര്‍ച്ചാവകാശം അനുസരിച്ച് പിതൃസ്വത്തിനും ഒരു വ്യക്തി ആര്‍ജിച്ച സ്വത്തിനും വ്യത്യസ്താവകാശമുണ്ട്. ലിംഗനീതി ഉണ്ടാകുമെന്ന അടിസ്ഥാനതത്ത്വംപോലും പ്രധാനമന്ത്രിയോ സര്‍ക്കാരോ ഇനിയും പറഞ്ഞിട്ടില്ല. 
മണിപ്പൂരിലെ മൗനം അപായം
മുസ്‌ലിം സംഘടനകളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗക്കാരുമാണു പ്രധാനമായും ഏകവ്യക്തിനിയമത്തെ നിശിതമായി എതിര്‍ക്കുന്നത്. സ്വത്തവകാശം, ദത്തവകാശം, ബഹുഭാര്യാത്വം അടക്കം പലതിലും സര്‍ക്കാര്‍ കൈകടത്തുന്നുവെന്ന ആശങ്ക മുസ്‌ലിംകളിലുണ്ട്. ഏകതയല്ല, ഏകതയുടെ മറവില്‍ ന്യൂനപക്ഷ, ഗോത്രവര്‍ഗ, ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമം എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനുമാകില്ല.
ഇന്ത്യയ്ക്ക് ഏകീകൃത സിവില്‍ കോഡ് ആവശ്യമില്ലെന്ന് ആര്‍എസ്എസിനെ 35 വര്‍ഷം നയിച്ച ഗുരുജി ഗോള്‍വാള്‍ക്കര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടത് ഹിന്ദു-മുസ്‌ലിം സാഹോദര്യമാണെന്ന് 1972 ലെ ഒരഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എതിര്‍ക്കുന്നവരെയെല്ലാം രാജ്യവിരുദ്ധരാക്കി മുദ്രകുത്തുന്ന വര്‍ഗീയരാഷ്ട്രീയം ആപത്താണ്. പുറമേ പറയുന്നതല്ല യഥാര്‍ഥത്തില്‍ ബിജെപിയുടെ ലക്ഷ്യമെന്നതാണു പ്രശ്‌നം. ഏകനിയമത്തിന്റെ പേരു പറഞ്ഞു ഭൂരിപക്ഷവോട്ടുകളുടെ ധ്രുവീകരണത്തിനാണു ബിജെപി ശ്രമിക്കുന്നതെന്നു വ്യക്തം. 
മണിപ്പൂരിലെ വംശഹത്യയെ അപലപിക്കുകയോ, അക്രമികളെ ഒതുക്കുകയോ ചെയ്യാത്ത പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യുസിസിക്കായി രംഗത്തിറങ്ങിയതിനെ സംശയിക്കാതെ തരമില്ല. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനും കലാപത്തിലെ ഇരകളെ സഹായിക്കാനും ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും മൗനവും വീഴ്ചകളും അനാസ്ഥയും രാജ്യത്താകെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതില്‍നിന്ന് ഒളിച്ചോടാനും ശ്രദ്ധ തിരിക്കാനും കൂടിയാണ് യുസിസി ചര്‍ച്ചയെന്നും സംശയിക്കാം. 
വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്വേഷ കുറ്റകൃത്യങ്ങള്‍, കാര്‍ഷിക-വ്യവസായ പ്രതിസന്ധി, ചൈനയുടെ കടന്നുകയറ്റങ്ങള്‍, തീവ്രവാദം, ഭീകരത തുടങ്ങി രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകട്ടെ മുന്‍ഗണന. ഒപ്പം, ആദിവാസി, ദളിത്, പട്ടികജാതിവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പട്ടിണിപ്പാവങ്ങളും നേരിടുന്ന വിവേചനങ്ങളും അനീതികളും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതും പ്രധാനമാണ്. സാമ്പത്തിക, ജാതി, ലിംഗ വിവേചനങ്ങള്‍ക്കു മതപരമായ വേര്‍തിരിവുകള്‍ കുറവാണെന്നതും വിസ്മരിക്കരുത്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ അത് ആരുടേതായാലും കവരാതെ നോക്കേണ്ടതുമുണ്ട്. 
വേണ്ടതു സമവായം, ഐക്യം
നീതിബോധവും സഹോദരസ്‌നേഹവും ഉള്ളവര്‍ തല്‍ക്കാലം യുസിസിയെ കണ്ണുമടച്ച് എതിര്‍ക്കുകയോ അനുകൂലിക്കുകയോ വേണ്ട. യുസിസിയുടെ ഗുണദോഷങ്ങള്‍ വേര്‍തിരിക്കപ്പെടട്ടെ. സ്വാതന്ത്ര്യം, നീതി, തുല്യത തുടങ്ങിയവ സമവായത്തിലൂടെ ഉറപ്പാക്കുകയാണു പ്രധാനം. വിപുലമായ കൂടിയാലോചനകള്‍ നടത്തി സമവായം ഉണ്ടാകണം. വനിതകള്‍ക്കു നീതി ലഭ്യമാക്കേണ്ട വനിതാസംവരണബില്‍പോലും പാസാക്കാതെ കളിക്കുന്ന കേന്ദ്രസര്‍ക്കാരാണ് ഭരണഘടനാ ശില്പികള്‍പോലും നിര്‍ബന്ധമാക്കാതിരുന്ന ഒരു നിയമം നടപ്പാക്കാന്‍ തിടുക്കം കൂട്ടുന്നത്. സ്വേച്ഛാധിപത്യനടപടികള്‍ ഗുണത്തെക്കാളേറെ ദോഷകരമാകും. 
വ്യക്തിസ്വാതന്ത്ര്യം, തുല്യനീതി, സമത്വം എന്നിവ എല്ലാവര്‍ക്കും ഉറപ്പാക്കേണ്ടതുമുണ്ട്. പക്ഷേ, എത്ര നല്ല ആശയമായാലും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാകരുത്. ഭൂരിപക്ഷവാദം പ്രകടമായ ഭീഷണിയാണ്. ഭൂരിപക്ഷമതവും സംസ്‌കാരവും ആചാരങ്ങളും നിയമങ്ങളും ഭാഷയും രാഷ്ട്രീയവുമൊക്കെ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്നത് ഇന്ത്യയുടെ സ്വത്വത്തിനും ഭരണഘടനയുടെ സാരാംശത്തിനും എതിരാണ്. പാര്‍ലമെന്റിലും നിയമസഭകളിലും ബന്ധപ്പെട്ട എല്ലാ മത, ഗോത്ര, രാഷ്ട്രീയനേതാക്കള്‍ക്കിടയിലും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. 
ഏകതയെക്കാളും ഐക്യമാണു ശക്തി. ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യവും നാം കാത്തുപരിപാലിക്കണം. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ഊര്‍ജവും ശക്തിയും.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)