•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ആമസോണ്‍ വിരിച്ച അമ്മത്തണല്‍

  • തോമസ് കുഴിഞ്ഞാലിൽ
  • 29 June , 2023

നമ്മുടെ പൊതുഭവനമായ ഭൂമി, നമുക്കു സഹോദരിയെപ്പോലെയും നമ്മെ പുണരാനായി കരങ്ങള്‍ നീട്ടുന്ന അമ്മയെപ്പോലെയും നമ്മെ പരിചരിക്കുന്നവളും ഭരിക്കുന്നവളും വര്‍ണാഭമായ പുഷ്പങ്ങളും സസ്യങ്ങളുംകൊണ്ടു ഫലം തരുന്നവളുമാണ്  (ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അങ്ങേക്കു സ്തുതി എന്ന ചാക്രികലേഖനം, പേജ്-28).

വിമാനാപകടത്തില്‍പ്പെട്ട് ആമസോണ്‍  കാടുകളില്‍ വീഴുകയും ഒടുവില്‍ 41-ാം ദിവസം കണ്ടെത്തുകയും ചെയ്ത ഒരു കുടുംബത്തിലെ നാലു കുട്ടികളുടെ അതിജീവനവാര്‍ത്ത കേട്ടപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ''സൂര്യകീര്‍ത്തനം'' എന്ന പ്രാര്‍ഥനയിലെ മേല്‍വിവരിച്ച വാക്കുകളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. തങ്ങളോടൊപ്പം വിമാനത്തിലുണ്ടായിരുന്ന അമ്മ മരണത്തിനു കീഴടങ്ങിയെങ്കിലും ആ കുഞ്ഞുങ്ങള്‍ക്ക് നാല്പതു ദിവസത്തോളം സഹോദരിയും അമ്മയുമായി വര്‍ത്തിച്ചത് നമ്മുടെയെല്ലാം പൊതുഭവനമായ ഭൂമിതന്നെയായിരുന്നു.
'അമ്മസോണ്‍ ആ മക്കളെ കാത്തു' എന്നായിരുന്നു ജൂണ്‍ 11-ാം തീയതി ഞായറാഴ്ച പുറത്തിറങ്ങിയ ഒരു പ്രമുഖ ദിനപത്രത്തിന്റെ പ്രധാന തലക്കെട്ട്. ലോകത്തിലെ ഏറ്റവും വലിയ നദിയായി എണ്ണപ്പെടുന്ന ആമസോണിന്റെ ജപുറ, റയോ നീഗ്രോ തുടങ്ങിയ പോഷകനദികളുടെ  ഇരുകരകളിലുമായി വ്യാപിച്ചുകിടക്കുന്ന കൊടുംകാടുകളില്‍നിന്നാണ് 40 ദിനരാത്രങ്ങളിലെ കഠിനാധ്വാനത്തിനൊടുവില്‍ നൂറ്ററുപതോളം വരുന്ന സുരക്ഷാസൈന്യവും തദ്ദേശീയരും ചേര്‍ന്ന് നാലു കുഞ്ഞുങ്ങളെ വീണ്ടെടുത്തത്.
ഇക്കഴിഞ്ഞ മേയ് മാസം ഒന്നാം തീയതിയിലെ ഒരു വിമാനാപകടത്തിലാണ് നാലു കുട്ടികളെയും കാണാതാകുന്നത്. പത്തു മാസങ്ങള്‍ക്കുമുമ്പ് അജ്ഞാതകാരണങ്ങളാല്‍ വീട്ടില്‍നിന്ന് അകന്നുകഴിഞ്ഞിരുന്ന പിതാവിന്റെ ആഗ്രഹപ്രകാരം അദേഹത്തിന്റെ അടുക്കലേക്കുള്ള യാത്രയിലായിരുന്നു അമ്മയും മക്കളും. തെക്കേ അമേരിക്കന്‍രാജ്യമായ കൊളംബിയയിലെ അരരാക്കുവരയില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള സനോസെ ഡെല്‍ ഗോമിയാറെ  പട്ടണം  ലക്ഷ്യമാക്കി പറന്നുയര്‍ന്ന സെസ്‌ന 206 എന്ന ചെറുവിമാനം  കാകെറ്റ പ്രവിശ്യയിലെ ഉള്‍ക്കാടുകളില്‍ തകര്‍ന്നുവീഴുകയായിരുന്നു. 
രണ്ടാഴ്ചത്തെ തിരച്ചിലിനൊടുവില്‍ സുരക്ഷാസേനാംഗങ്ങള്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുമ്പോള്‍ അമ്മ മഗ്ദലീന മക്കറ്റൈ, പൈലറ്റ് ഫെര്‍നാണ്ടോ മര്‍സിയ മൊറാലിസ്, ഗോത്രവര്‍ഗനേതാവ്  ഹെര്‍മന്‍ മെന്‍ഡോസ ഫെര്‍ണാണ്ടസ് എന്നിവരുടെ മൃതദേഹങ്ങള്‍ കിട്ടിയെങ്കിലും അവരോടൊപ്പമുണ്ടായിരുന്ന നാലു കുട്ടികളും അടുത്തെങ്ങും  ഇല്ലായിരുന്നു. ''മഗ്ദലീനയുടെ നാലു കുട്ടികളും രക്ഷപ്പെട്ടിരിക്കുന്നു'' എന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ നടത്തിയ പ്രഖ്യാപനം ലോകം ആശ്വാസത്തോടെയാണു ശ്രവിച്ചതെങ്കിലും അവരെ കണ്ടെത്തിയിരുന്നില്ല. ഒടുവില്‍ 41-ാം ദിവസം ഒന്നും നാലും ഒന്‍പതും പതിമ്മൂന്നും വയസ്സുള്ള നാലു കുട്ടികളെയും കാടിന്റെ വന്യതയില്‍നിന്ന് നാടിന്റെ വെളിച്ചത്തിലേക്കു തിരികെയെത്തിക്കാന്‍ സുരക്ഷാസേനാംഗങ്ങള്‍ക്കു കഴിഞ്ഞു. 
സൈനികരെ സഹായിക്കാനെത്തിയ ഗോത്രവര്‍ഗക്കാരോടൊപ്പം ബെല്‍ജിയന്‍ ഷെപ്പെഡ് ഇനത്തില്‍പ്പെട്ട തിരച്ചില്‍നായ്ക്കളും തുണയായി നിന്നു. കുട്ടികളുപയോഗിച്ച ഹെയര്‍ബാന്‍ഡും വെള്ളക്കുപ്പികളുമൊക്കെ കണ്ടെത്തിയത് നായ്ക്കളാണ്. ഇവയില്‍ ഇടയ്ക്കുവച്ചു കൂട്ടംതെറ്റിയ വിന്‍സണ്‍  എന്ന നായയുടെ തിരോധാനം ദുരൂഹമായിത്തുടരുന്നു. കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അവരുടെ മുത്തശ്ശിയുടെ ശബ്ദസന്ദേശം മെഗാഫോണില്‍ കേള്‍പ്പിച്ചുകൊണ്ട് ഒരു ഹെലികോപ്ടര്‍ ആകാശത്ത് താഴ്ന്നുപറന്നു. കാട്ടിലെ ജീവിതരീതി വിവരിക്കുന്ന ലഘുലേഖകള്‍ വിതറുകയും പലയിടങ്ങളിലായി ഭക്ഷണപ്പൊതികള്‍ ഇട്ടുകൊടുക്കുകയും ചെയ്തു.  എവിടെയായിരുന്നാലും കാണാന്‍ കഴിയുംവിധമുള്ള സെര്‍ച്ചുലൈറ്റുകള്‍ രാത്രിമുഴുവന്‍ ആകാശത്തേക്ക് ഇടതടവില്ലാതെ പ്രകാശിപ്പിച്ചുകൊണ്ടുമിരുന്നു.
ആഴ്ചകളോളം കഠിനാധ്വാനം ചെയ്തിട്ടും കുട്ടികളെ കണ്ടെത്താന്‍ കഴിയാഞ്ഞത് ആശയക്കുഴപ്പവും പിരിമുറുക്കവും കൂട്ടാന്‍ കാരണമായി. ഒരു വിവരവും കിട്ടാത്തത് കുട്ടികള്‍ ജീവനോടെ ഉണ്ടെന്നതിനു തെളിവാണെന്നായിരുന്നു അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച ബ്രിഗേഡിയര്‍ പെട്രോ സാഞ്ചെസിന്റെ വാദം. മരിച്ചിരുന്നെങ്കില്‍ എവിടെനിന്നെങ്കിലും മൃതദേഹങ്ങള്‍ കിട്ടുമായിരുന്നുവത്രേ! 
കാടിനെ തൊട്ടറിഞ്ഞവര്‍
'ഓപ്പറേഷന്‍ ഹോപ്പ്' എന്നു  പേരിട്ട രക്ഷാദൗത്യം  ഏറ്റെടുത്ത സൈനികരുടെ പത്തു പേരടങ്ങുന്ന ഓരോ യൂണിറ്റിനുമൊപ്പം കാടറിയുന്ന ഗോത്രവാസികളും കുട്ടികളെ തേടിയിറങ്ങി. തിരച്ചില്‍സംഘത്തോടൊപ്പമുണ്ടായിരുന്ന കുട്ടികളുടെ പിതാവ് റണോക് മാനുവലിന് കുട്ടികളെ കണ്ടെത്താനാകുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. ''കുട്ടികള്‍ ജീവനോടെയുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഈ ഭൂമി അവരെ കാക്കുന്നുണ്ട്. വൈകാതെതന്നെ നമുക്ക് അവരെ കണ്ടെത്താനാകും'' ശുഭാപ്തിവിശ്വാസത്തോടെ മാനുവല്‍ പറഞ്ഞു. അരരാക്കുവരയിലെ ഗോത്രത്തലവനായ ഡോണ്‍ റൂബിയോയും പ്രതീക്ഷയിലായിരുന്നു. ''കുട്ടികളെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഞങ്ങള്‍ക്കു കിട്ടിയിട്ടുണ്ട്. അവരെ നാളെ കണ്ടെത്തും.''
പരസ്പരം പോരടിക്കുന്ന സായുധസംഘങ്ങളും ഹിംസ്രജന്തുക്കളും വിഷപ്രാണികളും കാട്ടുറുമ്പുകളും അനക്കോണ്ട  ഉള്‍പ്പെടെയുള്ള ഭീമന്‍ പാമ്പുകളും ധാരാളമുള്ള ഇരുണ്ടുമൂടിയ ആമസോണ്‍ കാടുകളില്‍ ദീര്‍ഘനാള്‍ അതിജീവിക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞത് കുഞ്ഞുനാളിലെ അവര്‍ക്കു പകര്‍ന്നുകിട്ടിയ കാട്ടറിവുകളാണ്. നിബിഡവനങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ചു  ഭക്ഷ്യയോഗ്യമായ ഇലകളും കായ്കളും പഴങ്ങളും ശേഖരിക്കാനും വിഷമുള്ളവയെ വേര്‍തിരിച്ചറിയാനുമുള്ള പരിജ്ഞാനം മാതാപിതാക്കളില്‍നിന്ന് ഇളംതലമുറയ്ക്കു കൈമാറിക്കിട്ടിയിരുന്നു. 17-ാം നൂറ്റാണ്ടില്‍ കൊളംബിയയില്‍ ധാരാളമുണ്ടായിരുന്ന  'ഹുയിറ്റാട്ടോ' ആദിവാസിവിഭാഗത്തില്‍പ്പെട്ട മാനുവല്‍ റണോക്കിന്റെയും മഗ്ദലീന മക്കറ്റൈയുടെയും മക്കളാണ് ചരിത്രത്തില്‍  ഇടംകണ്ടെത്തിയത്. നാലുപേരില്‍ ഏറ്റവും ഇളയവനായ ക്രിസ്റ്റ്യന്‍ നെരിമാന്‍ റണോക് മക്കറ്റൈ തന്റെ ഒന്നാം ജന്മദിനം കൊടുങ്കാട്ടില്‍ ചെലവഴിക്കേണ്ടിവന്ന ഹതഭാഗ്യനാണ്. അമ്മയുടെ മടിയിലിരുന്ന്  സഹോദരങ്ങളോടൊപ്പം പിതാവിന്റെയടുത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ക്രിസ്റ്റ്യന് 11 മാസം മാത്രമായിരുന്നു പ്രായം. 4 വയസ്സുകാരി നോറിയേല്‍ റണോക് മക്കറ്റൈയും സൊലെയിനി  റണോക് മക്കറ്റൈ എന്ന 9 വയസ്സുകാരിയും 13 കാരിയായ ലെസ്‌ലി ജക്കോബ് ബോണ്‍ ബെയിയുമാണ് ക്രിസ്റ്റ്യന്റെ മൂത്ത സഹോദരങ്ങള്‍. ടിവി പരമ്പരകളിലെ കുട്ടികളുടെ ഇഷ്ടകഥാപാത്രമായ 'മോഗ്‌ളി'യുടെ വീരസാഹസികകഥകളോടു കിടപിടിക്കുന്ന അനുഭവങ്ങള്‍  ലെസ്‌ലിക്കും പങ്കുവയ്ക്കാനുണ്ടാകും. ദിവസത്തില്‍ 16 മണിക്കൂറും ഇരുണ്ടുമൂടിക്കിടക്കുന്ന ആമസോണ്‍  മഴക്കാടുകളിലെ പ്രതികൂലസാഹചര്യങ്ങളിലും ഒരു വയസ്സുമാത്രം പ്രായമുള്ള ക്രിസ്റ്റ്യനെയും ഒക്കത്തിരുത്തി ഇളയ രണ്ടു സഹോദരങ്ങളെയും നാല്പതു ദിവസവും കാത്തുപരിപാലിച്ച ലെസ്‌ലിയെ കൊളംബിയന്‍ ജനത ദൈവതുല്യയായി കണ്ടുതുടങ്ങിയിട്ടുണ്ട്.
അദ്ഭുതം പിറക്കുന്നു
അപകടസ്ഥലത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു അന്വേഷണസംഘത്തിന്റെ ആദ്യതിരച്ചില്‍. കുട്ടികള്‍ നടന്നെത്തുമെന്നു കരുതിയതിന്റെ ഇരട്ടിദൂരം എന്ന കണക്കായിരുന്നു തിരച്ചില്‍ സംഘത്തിന്റെ മനസ്സിലുണ്ടായിരുന്നത്. പല തവണ കാട് അരിച്ചുപെറുക്കി 300 കിലോമീറ്റര്‍വരെ സഞ്ചരിച്ച അന്വേഷണസംഘങ്ങളുമുണ്ട്. പല സൈനികരുടെയും തൂക്കം 10 കിലോ വരെ കുറഞ്ഞു. ചിലര്‍ക്കു വീണു  പരിക്കേറ്റു. ഒരാളുടെ കണ്ണില്‍ കാട്ടുചെടിയുടെ മുള്ളു തറച്ചുകയറി. മറ്റൊരാള്‍ക്ക് അലര്‍ജിയുടെ അസ്വസ്ഥത. അതിശൈത്യവും കനത്ത മഴയും വന്യമൃഗങ്ങളും കൊതുകുകളും കാട്ടുറുമ്പുകളുമെല്ലാം തിങ്ങിനിറഞ്ഞ പ്രകൃതി. ''ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ ആ പാവം കുട്ടികള്‍ എത്രമാത്രം സഹിച്ചിട്ടുണ്ടാകും? അവര്‍ക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ പ്രായമല്ലേയുള്ളൂ? അവരെ കണ്ടെത്തുകതന്നെവേണം'' - ഒരു സൈനികന്റെ ഉറച്ച തീരുമാനമായിരുന്നു അത്.
ഒടുവില്‍, ഇക്കഴിഞ്ഞ ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സൈന്യത്തിന്റെ റേഡിയോയിലൂടെ ഒരു വാര്‍ത്ത പരന്നു; ''മിലാഗ്രോ!'' സ്പാനീഷ് ഭാഷയില്‍ 'മിലാഗ്രോ' എന്ന വാക്കിന് അദ്ഭുതം എന്നാണ് അര്‍ഥം. ഇതിനു മുമ്പ് പല തവണ കണ്ടു മടങ്ങിയ തുറസ്സായ സ്ഥലത്തേക്ക് തിരക്കിട്ടോടിയ ഒരു ബെല്‍ജിയന്‍ ഷെപ്പേഡിന്റെ പിന്നാലെയെത്തിയ പത്തു സൈനികരും എട്ടു ഗോത്രവര്‍ഗക്കാരുമടങ്ങിയ തിരച്ചില്‍സംഘമാണ് നാലു കുട്ടികളെയും കണ്ടെത്തിയത്.
മഹാദ്ഭുതം - ആമസോണ്‍
തെക്കേ അമേരിക്കയിലെ ഒമ്പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോണ്‍  മഴക്കാടുകള്‍ക്ക് 67 ലക്ഷം  ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. (ഇന്ത്യയുടെ ഇരട്ടിയിലധികം, ഇന്ത്യയുടെ വിസ്തൃതി 32 ലക്ഷം ചതുരശ്രകിലോമീറ്റര്‍) ജൈവവൈവിധ്യത്തിന്റെ കലവറകൂടിയായ ആമസോണ്‍ കാടുകളില്‍ 16,000 ഇനങ്ങളിലായി 39,000 കോടി വൃക്ഷങ്ങളും 30 ലക്ഷം ജീവജാലങ്ങളുമുണ്ട്. 'ഭൂമിയുടെ ശ്വാസകോശം' ആയി അറിയപ്പെടുന്ന വിസ്തൃതമായ ഈ വനപ്രദേശത്തിന്റെ 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം  കൊളംബിയയിലും ബാക്കിഭാഗങ്ങള്‍ ബൊളീവിയ, ഇക്വഡോര്‍, ഗയാന, സൂറിനാം, വെനസ്വേല എന്നീ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഇപ്പോള്‍ അനുഭവപ്പെടുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ മുഖ്യകാരണം ആമസോണ്‍ മഴക്കാടുകളുടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ വ്യാപകമായ നശീകരണമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)